Thursday, 5 December 2019

പെണ്ണിറങ്ങി നടക്കുമ്പോൾ


പെണ്ണിറങ്ങി നടക്കുമ്പോൾ !
തലക്കെട്ടിനു താഴെ ചുളിഞ്ഞ
നെറ്റിത്തടങ്ങൾക്ക് കുറുകെ..
അതിനു താഴെ
കാണാനറയ്ക്കുന്ന
നോട്ടങ്ങൾക്ക് കുറുകെ...
സഭ്യമല്ലാത്തതെന്തോ
ചുണ്ടിൽ  തിരുകുന്ന
ചൂളം വിളികൾക്ക് കുറുകെ..
നിയമത്തിന്റെ
താക്കോൽ പഴുതിലൂടെ പോലും
ഇഴഞ്ഞു കയറുന്ന,
വിഷനീല ഞെരമ്പുകൾ
മുഴച്ചു നിൽക്കുന്ന
കൈകൾക്കിടയിലൂടെ...
സദാചാരകുരുക്കിനറ്റത്ത്
നെഞ്ചിൻകൂട് തകർത്ത്
പുറത്തേക്കൊഴുകാൻ വെമ്പുന്ന
തൃഷ്ണകൾക്ക് കുറുകെ...
അടങ്ങിയിരിക്കാൻ
അവളോടുരയുമ്പോഴും
അടക്കമില്ലാതുഴറുന്ന
ആണടയാളങ്ങൾക്ക് കുറുകെ..
ഇരയ്ക്കു പുറകെ
കണ്ണുകളോടൊപ്പം
ഒച്ചയില്ലാതെ പായുന്ന
കാലുകൾക്ക് കുറുകെ..
സുരക്ഷയുടെ
സാധ്യതകളെയൊക്കെയും
കാൽപ്പന്ത് കണക്കെ
തട്ടിത്തെറിപ്പിക്കുന്ന
കാൽവേഗങ്ങൾക്കു കുറുകെ...
നിലാവെട്ടങ്ങൾക്ക് താഴെ
നിഴലുകൾ വീണുകിടക്കുന്ന
നിരത്തുകൾക്ക് കുറുകെ...
പെണ്ണിറങ്ങി നടക്കാതിരിക്കാൻ
വഴിയോരത്തൊക്കെയും
പേടികൾ നട്ടുവച്ച
രാത്രികൾക്ക് കുറുകെ...
അവൾക്കിനിയെന്നാണ്
ഒറ്റയ്ക്ക് നടക്കാനാവുക?
അസ്സമയത്ത്
ഒറ്റപ്പെടുന്നൊരുവൾക്കായി
ലോകമൊരുവഴി പോലും
ഒരുക്കി വച്ചിട്ടില്ലെന്നിരിക്കെ,
അരുതുകളുടെ വിലങ്ങുകളും
ആത്മരക്ഷയുടെ കവചങ്ങളുമില്ലാതെ
അവൾക്കിനിയെന്നാണ്
അവളായി നടക്കാനാവുക...? 

Wednesday, 27 November 2019

ഉച്ചവെയിലിന്റെ സൂര്യാ..
വിയർപ്പാറാത്ത
ഉഷ്ണകാലങ്ങളെ
മണ്ണുടലിൽ വരച്ചിട്ട്
മറഞ്ഞു നിൽക്കുന്നതെന്തിനാണ്?
എതിരുട്ടിലൊളിച്ചാലും
കരിമ്പടം തലവഴിമൂടിയാലും
തെളിഞ്ഞുകാണാമകലെ
തിളക്കമുള്ള നിന്റെ
കുപ്പായക്കുടുക്കുകൾ...
കുസൃതിയൊളിപ്പിച്ചു വച്ച
വെയിൽക്കണ്ണുകളും...

Wednesday, 13 November 2019

ചിലപ്പോൾ
കാലം തെളിക്കുന്ന വഴിയേ..
മറ്റുചിലപ്പോൾ
കാല്പനികതയുടെ
നിഴൽപറ്റി..
കാലമെത്ര നടന്നിട്ടും
കാടറ്റം കാണാതെ
ഓരോരോ ഭ്രാന്തുകളുടെ
കാട്ടുവള്ളികളിൽ കുരുങ്ങി
നമ്മളിങ്ങനെ...
ഇഷ്ടമതെപ്പോഴും
മറന്നുപോകും,
കുഞ്ഞു കുശുമ്പുകളുടെ
നനവിനെ
കണ്ണിലൊളിപ്പിക്കാൻ.. .
ഇത്തിരിപിണക്കങ്ങളുടെ
ഇളം ചുവപ്പിനെ
കവിളിലൊളിപ്പിക്കാൻ...
പരാതികുരുന്നുകളുടെ
കൊഞ്ചലുകളെ
നാവിലൊളിപ്പിക്കാൻ...
ചപ്പാത്തിക്കല്ലിൽ
വൃത്തമൊപ്പിച്ചൊരു
കവിതയെഴുതുന്ന സന്തോഷം..
കടുക് വറുക്കുന്ന മണത്തിൽ
കറികളെ വായിച്ചെടുക്കുന്ന
സന്തോഷം..
അങ്ങനെയങ്ങനെ,
കാച്ചിക്കുറുക്കിയ ഓരോ
പാൽപ്പുഞ്ചിരികളിലേക്കും
കാപ്പിപ്പൊടി പോലെ
അലിഞ്ഞു ചേരുന്ന
എന്റെ പ്രഭാതങ്ങൾ...

Monday, 11 November 2019

സെപ്റ്റംബര് 22 കേരള കൌമുദി ഞായറാഴ്ച പതിപ്പില് വന്നത്..
കൊച്ചു കൊച്ചു കാര്യങ്ങൾക്കും
ഇടം കൊടുക്കുന്ന
ഒരു വലിയ ചെവി !
കാലം കാരണമാകുന്ന
കാര്യങ്ങളെ കണ്ടില്ലെന്നു വക്കാം.
കാലത്തെ കരുവാക്കിയുള്ള 
കാരണം പറച്ചിലുകളില്ലേ...
കഴമ്പില്ലാത്ത കള്ളങ്ങൾ...
അതാണ്‌,
കൂടുതൽ മുറിവേൽപ്പിക്കുക...
കണ്ണിൽ തട്ടിയിട്ടും
കാണാത്ത മട്ടിൽ
പോകാനും
കരണമേതുമില്ലാതെയിങ്ങനെ
പിണങ്ങാനും മാത്രം
ഉറക്കമേ,
നമ്മൾ തമ്മിൽ
എന്താണ്...?
ഹൃദയം സ്നേഹത്താൽ
ഭാരപ്പെടുകയും
ഒരു വരിപോലും മൂളാതെ,
വെറുതെയൊരു പാട്ടിന്  ചെവിയോർത്തിരിക്കുകയും
ചെയ്യുന്ന നേരങ്ങൾ...
സന്തോഷമെന്തെന്നാൽ,
കാലമിതെത്രകണ്ട്
ശ്രമിച്ചാലും
വീണ്ടെടുക്കാവുന്ന
ഒരാഴത്തിലേക്കേ
മനസ്സ്
വീണു പോവാറുള്ളൂ
എന്നതാണ് !
ചിലപ്പോഴൊക്കെ,
അടിച്ചു നനയ്ക്കാൻ
തുടങ്ങുമ്പോഴാവും..
മറ്റുചിലപ്പോൾ
അലക്കുകല്ലിൽ നിന്ന്
അഴയിലേക്കുള്ള
യാത്രക്കിടെ...
ഈ മഴയുടെ
ഒരു കാര്യം..
അല്ലെങ്കിലും,
മഴക്കെന്തറിയാം
വെയിലുദിക്കാത്ത
ദിവസങ്ങളിലെ
വേവലാതികളെ കുറിച്ച്..
മഴതോരാത്ത
നാട്ടിലെ
അവസ്ഥകളെ കുറിച്ച്...

എന്തിനാണിങ്ങനെ..


നിനക്കെങ്ങനെയാണിങ്ങനെ
സ്നേഹത്തെക്കുറിച്ചെഴുതാനാവുന്നത്
മനസ്സിന്റെ മുൾവേലികൾ
തകർത്തുകൊണ്ടൊരോർമ്മ
എങ്ങനെയാണുള്ളിൽ കയറിക്കൂടുന്നത് ?
മൂന്നാം വാക്കിൽ
തള്ളിപ്പറയുന്നൊരാൾക്കുവേണ്ടി
എന്തിനാണിങ്ങനെ
വരികളോരോന്നും മാറ്റിവെക്കുന്നത്
ചങ്കു പറിച്ചോരോരോ കവിതകളെഴുതുന്നത്?
ആരോപണങ്ങളുടെ
ചാട്ടവാറടികൾ ഏറ്റുകൊണ്ട്
എന്തിനാണിങ്ങനെ തലകുനിച്ച് നിൽക്കുന്നത്?
തിരസ്കാരത്തിന്റെ കൈപ്പുനീർ മാത്രം
കൈമുതലായിട്ടുള്ളൊരുവനോട്
ദാഹജലത്തിനായി കേഴുന്നത്?
കാലിടറി വീഴുമ്പോഴും
താങ്ങാവാത്ത ഭാരം
എന്തിനാണിങ്ങനെ ചുമലിലേറ്റുന്നത്? ഉയിർത്തെഴുന്നേൽക്കാൻ
മറ്റൊരുലോകമില്ലെന്നിരിക്കെ
മുൾക്കിരീടമണിയിച്ച് റാണിയാക്കാമെന്നു
പറയുന്നൊരാളിന്റെ കയ്യും പിടിച്ച്
ഏത് രാജ്യത്തിലേക്കാണ് നീ
പോകാനൊരുങ്ങുന്നത്?
ആ പാപക്കറ മുഴുവനും
ഏറ്റുവാങ്ങിക്കൊണ്ട്
വിശുദ്ധിയുടെ വസ്ത്രങ്ങൾ
ചുവപ്പിക്കുന്നതെന്തിനാണ്?
ഒന്നിനുമല്ലാതെ
നാളെയുടെ ചൂണ്ടുവിരലിലേക്ക്
ജീവിതമിങ്ങനെ വെറുതെ
വലിച്ചെറിയുന്നതെന്തിനാണ്...?


Monday, 28 October 2019

ഡൽഹി സ്കെച്ചസ് മാഗസിൻ 2019ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

Monday, 21 October 2019

അത്രയും ചെറിയ മരണങ്ങൾ

ആര് ആരിൽ ഭ്രാന്താരോപിച്ചാലും
മനസ്സിൻ മേലുള്ള പിടിമുറുക്കം
കുറഞ്ഞു വരുന്നതുപോലെ...
ഉറക്കം കളഞ്ഞു പോയ
മൂന്ന് രാത്രികൾക്ക് ശേഷം
സ്വപ്നങ്ങളെ ശരീരത്തിൽ നിന്നും
സ്വതന്ത്രമാക്കി
ഒട്ടും ഭാരമില്ലാത്തൊരു ദേഹം
തളർന്നുറങ്ങുന്നത് പോലെ...
ഉച്ചിയിലുദിച്ച സൂര്യൻ
പെരുവിരലിലൂടെയിറങ്ങിപ്പോയതും
രാവിൻ കരിമ്പടം തലവഴിമൂടി
മണിക്കൂറുകൾ ഈയിരുട്ടിലൂടെ
പാഞ്ഞു പോയതും
ഒന്നുമറിയാതെ ഒരുറക്കം...
വെക്കലും, വിളമ്പലും 
ഒരുക്കലും, ഒരുങ്ങലും,
യാത്രകളും, യാത്രയയപ്പുകളും....
വീട് അതിന്റ ജോലികൾ
തുടരുന്നുണ്ട്...
തലക്കെട്ടുകൾക്കു
താഴെ വായിക്കാനാളില്ലാതെ
വാർത്തകൾ
ഒരു ചൂട് ചായക്കരികിൽ
ഇരുന്ന് മയങ്ങുന്നുണ്ട്...
മുറ്റത്ത് കരിയിലകൾക്ക് മേലേ
ചൂലിഴയുന്ന ശബ്ദം...
അതിനി മെല്ലെ മെല്ലെ
ഈ മുറിയിലും എത്തും.
എന്റെയുറക്കത്തിനെ
തെല്ലും അലോരസപ്പെടുത്താതെ
ഈ കട്ടിലിന്നടിയിലൂടെ
ഇഴഞ്ഞു നീങ്ങും...
ഓരോ മുറികളുടെയും
മുക്കിലും മൂലയിലും
ഫണം വിരിച്ചാടി
വന്ന വഴിയേ തിരികെ പോവും...
തണുത്ത ചായമേൽ
കെട്ടിക്കിടക്കുന്ന പാടനീക്കി
ഇത്തിരി കൂടി തെളിച്ചമുള്ള
വായനക്കായി
വെയിലിത്തിരി ചാഞ്ഞിരിക്കും...
മനസ്സഴിച്ചു വച്ചാൽ
ഒരു ദേഹമെത്രകണ്ട്‌
സ്വതന്ത്രമാവുമോ
അത്രയും വിശാലമായി
ഒരാത്മാവ് മാത്രം
ഉറക്കം തുടർന്ന് കൊണ്ടിരിക്കും...
സ്വപ്നങ്ങളില്ലാതെ...

























Wednesday, 16 October 2019

ഒറ്റക്കല്ലെന്ന തോന്നലിൽ
ഒപ്പമുണ്ടെന്ന കരുതലിൽ
ഒന്നാണെന്ന  ഒരു വാക്കിൽ
ഒരാൾ..
ഒരു നിഴൽക്കൂട്ട് !
ആത്മവിചാരണകളിൽ,
നോവടയാളങ്ങൾ പോലെ
ചിലയോർമ്മകളിപ്പോഴും
നീലിച്ചു കിടപ്പുണ്ടോ?
ഒറ്റക്കിരിക്കുമ്പോഴൊക്കെയും
ഒരേറ്റുപറച്ചിലിന്റെ ഭാഷയിൽ
മനസ്സ് മിണ്ടാറുണ്ടോ?

Thursday, 10 October 2019

നിശബ്ദതയുടെ നെഞ്ചിൽ
പറ്റിച്ചേർന്നു കിടന്ന്
ഹൃദയമിടിപ്പുകൾക്ക്
കാതോർക്കുകയാണ്...
ഒരു വാക്ക് പോലും
മൊഴിമാറ്റം ചെയ്യാതെ,
സ്നേഹത്തിന്റെ കുറുകലുകളെ
വെറുതെ വായിച്ചെടുക്കുകയാണ്...




Sunday, 6 October 2019

പടരുന്നതിലേക്കൊക്കെ
പച്ച നിറം
പകരുന്ന
പായൽ ജീവിതങ്ങൾ...
അതിജീവനത്തെ കുറിച്ച്
അവർക്കറിയില്ല.
ഒഴുകാതെ... വളരാതെ...
തിരസ്കരിക്കപ്പെട്ട
ഏതോ ശിലകളിൽ
പറ്റിപ്പിടിച്ച്...
ഒറ്റനോട്ടത്തിൽ ,
നിറമുള്ള ജീവിതം..

Thursday, 3 October 2019

നീ പിന്നെയും
കടലിനെ കുറിച്ച്
കഥ പറയുന്നു..
അവളോ
കാണാമറയത്തിരുന്ന്
കവിതയെഴുതുന്നു...
തിരകൾക്ക് കുറുകെ
വാക്കുകൾ
കോർത്ത് കെട്ടുന്നു...
ഒരൊറ്റ വരികൊണ്ട്
ഒരു കടൽ
മുറിച്ചു കടക്കുന്നു.... 

Wednesday, 2 October 2019

തടവറകളല്ല,
അകം ചുമരുകൾ
അതിരുകളായ ഒരു ലോകം...
അടർന്നു വീഴാറായ ഒരാകാശവും
പൊഴിയാൻ തുടങ്ങുന്ന
മേഘങ്ങളും
മേൽക്കൂരയായൊരു ലോകം...

Monday, 30 September 2019

ഇടയ്ക്കിടെ നീയും
മറന്നു പോകുന്നു...
ഓർത്തെടുക്കാനൊരിടമുണ്ടെന്നും
ഓർമ്മവഴിയവസാനിക്കുന്നിടത്ത്
ഒരു വീടുണ്ടെന്നും...
ഓർമ്മകളെത്തുന്നിടത്തെല്ലാം
നീയുണ്ട്...
മനസ്സ് ചെന്നെത്തുന്നിടത്തെല്ലാം
ഓർമ്മകളും....

Friday, 27 September 2019

ആരില്ലായ്മയിലാണ്
ഒരു വരി പോലും
കുറിക്കാനില്ലാത്തവണ്ണം
മനസ്സിത്രകണ്ട്
ശൂന്യമായിപ്പോകുന്നത്..
ഓർമ്മകളുടെ അടയാളം
പോലുമവശേഷിപ്പിക്കാതെ
സ്വപ്നങ്ങളിറങ്ങിപ്പോകുന്നത്...
ഒരു പാട്ടിന്റെ മൂളൽ പോലുമില്ലാതെ
ലോകമിത്രക്കങ്ങ്
നിശബ്ദമായി പോകുന്നത്..? 

Tuesday, 24 September 2019

ഉറുമ്പുവായനകൾ


പാതിപ്രാണനായ
ഒരു കവിയുടെ ഹൃദയം
ചുമന്നുകൊണ്ട് പോകുന്ന
ഉറുമ്പുകളെ
കണ്ടതിൽ പിന്നെയാണ്
ഞാൻ എന്റെ കവിതകളുടെ
വാ മൂടിക്കെട്ടാൻ തുടങ്ങിയത്.
അക്ഷരങ്ങൾക്ക് മേലെ
അരിച്ചരിച്ചു കയറിപ്പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങളെ
സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന
രാത്രികളെത്രയാണെന്നോ..

വരികളിലെ
മധുരം തേടിപ്പോകുന്ന
ഉറുമ്പുകൾ...
ശവംതീനിയുറുമ്പുകൾ..
ഒന്ന് തൊട്ടാൽ
വിരൽത്തുമ്പിലേക്ക്
പുളിമണം പടർത്തുന്ന...
ഒരൊറ്റക്കടിയിൽ നീറ്റലേറ്റുന്ന
പുളിയനുറുമ്പുകൾ...
ഒന്നായിവന്ന് ആകെപ്പൊതിഞ്ഞ്
വാക്കുകളോരോന്നായി
കൊത്തിപ്പറിക്കുന്ന
നെയ്യുറുമ്പുകൾ...
വരിയാഴങ്ങളിലേക്കൊന്ന്
എത്തിനോക്കാൻ പോലും
കൂട്ടാക്കാതെ
വെറുതെ ഇഴഞ്ഞു നീങ്ങി
ഇക്കിളിപ്പെടുത്തുന്ന
കൂനനുറുമ്പുകൾ..

ഇന്നലെ
പാതിയെഴുതി മറന്നു വച്ച
കടലാസ്സിലപ്പാടെ
ഉറുമ്പുകടിയേറ്റു തിണിർത്ത
പാടുകളുണ്ട്..
പേന മുക്കാലും
തിന്നു തീർത്തിരിക്കുന്നു.
വിരൽ തുമ്പിൽ
കടിച്ചുതൂങ്ങികിടക്കുന്നു
മറ്റൊരുറുമ്പ്...

ഇന്നിതിപ്പോൾ
പതിനാലാമത്തെ
രാത്രിയാണ്...
ഉറുമ്പുകളെ
സ്വപ്നങ്ങളിൽ നിന്നും
ഇറക്കിവിടാൻ
മനസ്സിന്
താക്കീത് കൊടുത്തുറങ്ങുന്ന
പതിനാലാമത്തെ രാത്രി.
പതിവ് തെറ്റിക്കാതെ
പുസ്തങ്ങളിൽ നിന്നകലെ മാറി
കൊതുകുവലയുടെ
സുരക്ഷിതത്വത്തിലേക്കു
ഉറങ്ങിവീണ മറ്റൊരു രാത്രി .
സ്വപ്നങ്ങളുടെ അതിരുകളും
കടന്ന് ഞാനെപ്പോഴാണ്
ഉറുമ്പുകളുടെ രാജ്യത്തെത്തിയത്?
കൊതുകുവലയുടെ നേർത്ത സുഷിരങ്ങൾക്കുള്ളിലൂടെ
ഇറങ്ങിപ്പോകാനും മാത്രം
ചെറുതായത്...?
ജനാലവിടവിലൂടെ കടന്ന്
മേശക്കരികിലെ
ഉറുമ്പിൻ കൂട്ടിലേക്കെത്തിപ്പെട്ടത്?

വിരലുകൾക്ക്
ഇന്നലെ വായിച്ച
പുസ്തകത്തിന്റെ മണം..
നാവിലോ
വരികളവസാനിക്കുന്നിടത്ത്
ചത്തുകിടന്ന പക്ഷിക്കുഞ്ഞിന്റെ
പച്ചമാംസത്തിന്റ രുചി...
വായിക്കാൻ മാത്രമുള്ള
ഒരു വിശപ്പ്...

തലക്കെട്ട് മുതൽ
കാർന്നു തിന്നാൻ പാകത്തിൽ
തുറന്ന് വച്ചിരിക്കുന്ന
ഒരു പുസ്തകത്തിലേക്ക്
നിരതെറ്റാതെ പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ!
പിറകെ,
വടിവൊത്ത അക്ഷരങ്ങളിലൂടെ
അരിച്ചരിച്ച് ഞാനും...































Saturday, 21 September 2019

കാവ്യവിചാരണ


ഒരു സങ്കോചവും കൂടാതെ
ഒരു നേർത്ത കടലാസിലേക്ക്
ഹൃദയം കുടഞ്ഞിടുന്നവനെ
ഭീരുവെന്നെങ്ങനെ വിളിക്കും..?
ലോകമവനെ വായിക്കുന്നത്
ഇമചിമ്മാതെ നോക്കിയിരിക്കുന്നവനെ,
സ്വന്തം മനോവ്യാപാരങ്ങളെ
ഇഴകീറിയെടുത്തു വിശകലനം
ചെയ്യുന്നവർക്ക് നേരെ
പുഞ്ചിരിയെറിഞ്ഞു കൊടുക്കുന്നവനെ,
തന്റെ രഹസ്യങ്ങളെ
അതിമനോഹരമായി
ഉറക്കെ പാടുന്നവർക്കു മുന്നിലിരുന്ന്
കയ്യടിക്കുന്നവനെ,
തന്റെ വരികളുടെ താളത്തിലേക്ക്
അവരുടെ ഹൃദയമിടിപ്പുകളെ
മാറ്റിയെഴുതുന്നവനെ
എങ്ങനെ ഭീരുവെന്നു വിളിക്കും?
കൂർത്തനോട്ടങ്ങളാൽ
വരികൾക്കുള്ളിൽ നിന്നും
കരടുകൾ
കണ്ടെടുക്കുന്നവർ,
ഒരു വാക്കിൻ പിഴവിന് പോലും
ശിക്ഷ വിധിക്കുന്നവർ,
ഓരോ വായനയിലും
തള്ളിപ്പറയുന്നവർ,
അവന്റെ
ഹൃദയമുറിവുകളിലേക്കു തന്നെ
ആഞ്ഞാഞ്ഞു കുത്തുന്നവർ...
ക്രൂശിക്കപ്പെടുമ്പോഴും
കടലാസിലേക്ക്
തന്റെ ജീവരക്തമിറ്റിക്കുന്നവനെ,
മരിച്ചിട്ടും
മൂന്നാം നാൾ
പുതിയ കവിതയിലേക്ക്
ഉയിർത്തെഴുന്നേൽക്കുന്ന അവനെ
ധീരനെന്നു തന്നെയല്ലേ വിളിക്കേണ്ടത്?





Tuesday, 17 September 2019

കേട്ടിട്ടും കേട്ടിട്ടും മതിവരാതെ...
ഈ പാട്ടിനിതെന്തു മധുരമാണ് !
വാക്കുകളിൽ
അടയാളപ്പെടുത്താത്തത്
കൊണ്ട് മാത്രം
വായിക്കപ്പെടാതെ പോകുന്ന
ചില മനുഷ്യരുണ്ട്...
മനസ്സുകളും...
മൊഴിയകലങ്ങളല്ല ,
കടുത്ത പഥ്യങ്ങൾ !
ഇന്നലെകളുടെ
നോവുണക്കാൻ പോലുന്ന
മനസ്സിന്റെ
കർക്കിടക ചികിത്സകൾ...
ചിലതൊക്കെ വിധിയുടെ
തീരുമാനങ്ങളാണ്.
സ്വപ്നങ്ങൾക്കു മേലെ പറക്കുന്ന
കാലത്തിന്റെ ശരികളാണ് .
അതിമനോഹരമായി
വായിക്കപ്പെടുകയാണ്...
വരികളൊക്കെയും 
നിന്റെ വായനയാൽ
കവിതപ്പെടുകയാണ് !

Wednesday, 28 August 2019

പകർച്ചപ്പനി

ശർക്കരയിട്ടൊരു
ചുക്കുകാപ്പിയും
കുടിച്ചങ്ങനെയിരിക്കുമ്പോഴാണ്
വെട്ടിവിയർത്തതും,
നനഞ്ഞൊട്ടിയ
ഉടൽവിട്ടിട്ടൊരു
പകർച്ചപ്പനി
ജീവിതത്തിലേക്ക്
പടർന്നു പിടിച്ചതും...
ഇപ്പോൾ,
ജീവിതമിങ്ങനെ
ചുട്ടുപൊള്ളുമ്പോൾ
നമുക്കിടയിലിരുന്നിങ്ങനെ
പനിച്ചുതുള്ളുമ്പോൾ
തൊട്ടാൽ പൊള്ളുന്ന
നേരിന്റെ നെറ്റിയിൽ
തുണി നനച്ചിടുകയാണ്...
വേദനകളെയും
വിറയലുകളെയും
കട്ടിയുള്ള പുതപ്പുകൊണ്ട്
മൂടിവെക്കുകയാണ്...
സ്നേഹം മാത്രം
ഒറ്റമൂലിയാവുന്ന
ജീവിതപ്പനിക്ക് 
വെറുതെ കാവലിരിക്കുയാണ്...




Monday, 26 August 2019

ഉടൽ ശംഖുകൾ


രണ്ടു ദിവസം നിശ്ശബ്ദതയോട് മല്ലിട്ട്
മൂന്നാം ദിവസം കരക്കടിയുന്നവനിൽ
ജീവൻ ബാക്കിയുണ്ടാവണമെന്നില്ല.

അപായസൂചികക്കപ്പുറം
തിരമാലകളുടെയറ്റം തേടിപ്പോയവനെ
കടൽ കൈയ്യേറ്റം ചെയ്തത് തന്നെയാവണം.
അല്ലെങ്കിലും,
ഒരായുസ്സിന്റെ വർത്തമാനങ്ങളെ
കടലിലുപേക്ഷിച്ചിട്ട് വരാനും മാത്രം
വിഡ്ഢിയായിരുന്നില്ലല്ലോ അയാൾ.

പ്രാണവായുവിനുവേണ്ടി
പിടക്കുന്ന നേരം അയാൾ
കര വെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച്
ഓർക്കാനിടയില്ല.. 
കടൽ തീർക്കുന്ന
കയ്യാമങ്ങളെക്കുറിച്ചും..

മണിക്കൂറുകൾ നീണ്ട
കുതറിമാറലുകൾക്കൊടുവിൽ
കുറ്റവാളിയെ പോലെ ഒരാൾ
കടലാഞ്ജകൾ അനുസരിക്കണമെങ്കിൽ..
തല താഴ്ത്തിപ്പിടിച്ച് ആഴക്കടലിന്റെ
ഇരുട്ടറകളിലേക്ക് മടങ്ങണമെങ്കിൽ,
ഒന്നോർത്തു നോക്കൂ
തിരകളുടെ പ്രഹരശക്തിയെക്കുറിച്ച്..
മനക്കരുത്തിനെയും
മെയ്ക്കരുത്തിനെയും തോൽപ്പിക്കുന്ന
കടലിന്റെ
അധികാരഹുങ്കിനെ കുറിച്ച്...

വേദനകളുടെയും ഒറ്റപ്പെടലിന്റെയും
രണ്ടു ദിനരാത്രങ്ങൾക്കൊടുവിൽ
കരയുടെ വാചാലതയിലേക്കൊരാളെ
ഇങ്ങനെ വലിച്ചെറിയണമെങ്കിൽ
അതിൽ
തിരകൾക്കു തല്ലിച്ചതക്കാനും മാത്രം
ജീവനവശേഷിച്ചിട്ടുണ്ടാവില്ല...
അല്ലെങ്കിൽ
ബാക്കിവന്ന ഇത്തിരിപ്രാണനെ
മറ്റൊരു കടൽയാത്രക്കായി
കാത്തു വച്ചതാവാം...
അതുമല്ലെങ്കിലത്‌
കടലലിവുകളുടെ
കാപട്യം മാത്രമാവാം...

എന്തൊക്കെയാണെങ്കിലും
ഒരു ഭയപ്പാടകലെ
കടലിനും കരക്കുമിടയിൽ
നനഞ്ഞ മണ്ണിൽ പറ്റിപിടിച്ച്
തിരയനക്കങ്ങൾക്ക് കാതോർത്ത്
പിന്നോക്കം പായുന്ന
എത്രയെത്ര ചോദ്യങ്ങളാണ്...
പറയാതെ പറയാതെ
മനസ്സിൽ പുതഞ്ഞു പോയ
എത്രയെത്ര മൗനങ്ങളാണ്...
ചെവിയോർത്താൽ
നിലക്കാത്ത കടലൊച്ചകളെ
നെഞ്ചിൽ പേറിയ
എത്രയെത്ര ഉടൽ ശംഖുകളാണ്...?











Sunday, 28 July 2019

പത്താം നിലയിലെ ബാൽക്കണി


ആകാശത്തിനും ഭൂമിക്കുമിടയിൽ
അന്തരീക്ഷത്തിലെ
കോൺക്രീറ്റ് പാളികളിൽ
പുതിയ ഭൂപടങ്ങൾ
വരച്ചു ചേർക്കണം..
മണ്ണിനായുള്ള
പിടിവലികൾ ഉപേക്ഷിച്ചു കൊണ്ട്
പുതിയ ഭൂഖണ്ഡത്തിൽ
സ്വന്തം രാജ്യം അടയാളപ്പെടുത്തണം...
ഇടിച്ചു നിരത്താൻ കുന്നുകളും
മണ്ണിട്ട് മൂടാൻ കായലുകളും
വെട്ടിനിരത്താൻ കാടുകളും
ഇല്ലാത്ത ഒരു രാജ്യം..
നീലനിറമുള്ള ചുമരുകൾ മാത്രം
അതിരുകളാവുന്ന രാജ്യം.
അതിന്റ ഓരോ അരികിലുമായി
ചെറിയ ചെടികൾ,പൂക്കൾ
കുഞ്ഞു പക്ഷി ,
പിന്നെ
ഒരു പൂച്ചകുഞ്ഞ്..
ചില്ലുകൂട്ടിലെ
കടൽവെള്ളത്തിൽ ചെറുമീനുകളും...

പകൽ വെളിച്ചത്തിന് കടന്ന് വരാനും
രാത്രിയാകാശം
നോക്കിക്കിടക്കാനും മാത്രം
വിസ്താരമുള്ള ജനൽപാളികൾ ...
വരാന്തയിൽ
പച്ചപ്പുൽ നിറമുള്ള കാർപെറ്റ് ..
അതിനരികിലായി
ഇളംവെയിലിന് നിഴൽ ചിത്രങ്ങൾ
വരച്ചിടാനായി ഒഴിച്ചിട്ടിരിക്കുന്ന
ഒരു വെളുത്ത ഭിത്തി...
മധുരം കൂട്ടിയിട്ട ചായയുടെ
രുചിയാസ്വദിച്ചു കൊണ്ട്
കഥ പറഞ്ഞിരിക്കുന്ന
സായാഹ്നങ്ങൾ...

അങ്ങനെ,
ഭൂമിയിലെ അവസാനത്തെ പച്ചപ്പും
പിഴുതുമാറ്റുന്ന മനുഷ്യരുടെ
സ്വാർത്ഥതക്കുമുകളിൽ
ഒരു കസേരയിട്ടിരിക്കണം...
ജീവിതത്തോടൊപ്പം
മണ്ണിലടയാളപ്പെടുത്താൻ
ബാക്കിവച്ച ഓരോ സ്വപ്നങ്ങളും
പത്താം നിലയിലെ ബാൽക്കണിയുടെ
ആ വെളുത്ത ഭിത്തിയിലേക്ക്
പകർത്തിയെഴുതണം... 

Wednesday, 24 July 2019

പരിഭവങ്ങളുടെ രാസമാറ്റങ്ങൾ



മിണ്ടാൻ തുടങ്ങുമ്പോഴേക്കും
നാവിലേക്കരിച്ചിറങ്ങുന്ന മരവിപ്പ്.
ഇവിടെ, മരുന്നും മന്ത്രവും
വായുവും വസ്ത്രവുമെല്ലാം
മൗനമാണ്.

ശിക്ഷയും രക്ഷയുമെല്ലാം
ഒരേ ആയുധം കൊണ്ടുതന്നെ
ആയതിനാലാവാം
ഇപ്പോൾ മുറിവുകളെക്കുറിച്ച്
ഓർക്കാറേയില്ല.
മുറിപ്പാടുകളെക്കുറിച്ചും

നാല് ചുവരുകൾക്കുള്ളിൽ
ഒരു കടലുണ്ടെന്നും
മൗനത്തിലും
പരസ്പരം വായിക്കാൻ
ചെവിയരികിലായി
ചെകിളകൾ മുളക്കുമെന്നും
നമ്മൾ സ്വപ്നം കാണുന്നു.
ഓരോ കണ്ണുടക്കിലും
ഓരോ തിരകൾ
നീന്തികടക്കുന്നുവെന്നും...

കൂട്ടിലടക്കപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ
വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട്
ഇടക്കൊന്നു മലക്കം മറിയും.
ഹൃദയത്തിനു മേലെ
കനം വച്ചു തൂങ്ങുന്ന
നിശബ്ദതയെ ഭേദിച്ച്
ഒരു വെള്ളത്തുള്ളി
നെഞ്ചിലോട്ടു തന്നെ പതിക്കും.
അപ്പോൾ
പാതി തുറന്നിരിക്കുന്ന
അക്വേറിയത്തിന്റെ മൂടിയെക്കുറിച്ച്
നീയോർമ്മിപ്പിക്കും.
ഏറി വരുന്ന മറവിയെക്കുറിച്ചും.

ഒരിക്കൽ
ഈ ചില്ലുകൂട് തകർത്ത് നമ്മൾ
മണ്ണിലേക്കൊഴുകിയിറങ്ങും
തൊലിപ്പുറത്ത്
പറ്റിപ്പിടിച്ചിരിക്കുന്ന
ചെതുമ്പലുകൾ ഉരച്ചുകളഞ്ഞ്
മനുഷ്യരുടെ ഭാഷയിൽ
മിണ്ടാൻ തുടങ്ങും.

പഴകും തോറും
പരിഭവങ്ങൾക്കുണ്ടാകുന്ന രാസമാറ്റങ്ങൾ !
സ്നേഹത്തിന് വീര്യമേറുന്നുവെന്ന് നീ..
പൊള്ളുന്ന മധുരം നുണഞ്ഞിറക്കിക്കൊണ്ട്
ജീവിതം തന്നെ ലഹരി എന്ന് ഞാനും.

Wednesday, 17 July 2019

പ്രതീക്ഷകളുടെ പാറാവുകാരൻ


രാംജൽ മീണ,
കലാലയത്തിന്റെ കാവൽക്കാരാ...
പ്രവേശനകവാടത്തിനപ്പുറം
കാവൽകുപ്പായം നീ
അഴിച്ചു വക്കുക..
സ്വപ്‌നങ്ങൾക്ക് മാത്രം
വഴിതുറന്നു കൊടുക്കാറുള്ള
മതിൽക്കെട്ടിന്റെ
ഇരുമ്പ് വാതിലിൽ കൂടി
നീയും കടന്നുപോവുക...
പഞ്ചവത്സരങ്ങളുടെ
പാറാവ് സമ്മാനിച്ച
സൗഹൃദങ്ങൾക്കൊപ്പമിരുന്ന്
അറിവിന്റെ ആകാശം
പങ്കിട്ടെടുക്കുക...

പ്രാരാബ്ധങ്ങളിൽ
പാതിയിലുപേക്ഷിച്ച
ഒരു സ്വപ്നത്തെ
നെഞ്ചോടടക്കിപ്പിടിച്ച്
എത്ര കാലം
നീയിങ്ങനൊറ്റയ്ക്ക് നിൽക്കും?

എത്രയെത്ര വേനലിന്റെ
പൊള്ളലേറ്റിട്ടുണ്ടാവും 
നിന്റെ വായനകൾക്ക്?
എത്ര മഞ്ഞുകാലങ്ങളിൽ
അവ നിനക്ക് ചൂടേകിയിട്ടുണ്ടാവും?
എത്ര മഴക്കാലങ്ങൾ
അത് നിനക്ക് കൂട്ടായിട്ടുണ്ടാവും...?
നക്ഷത്രങ്ങളുടെ ചെറുവെട്ടമല്ല,
ഉള്ളിലസ്തമിക്കാത്ത സൂര്യന്റെ
പ്രകാശമാവും
ദാരിദ്ര്യത്തിന്റെ ഇരുട്ടിലും
നിനക്ക് വഴികാട്ടിയത്...
ലോകമുറങ്ങുമ്പോഴും
നിന്റെ പുസ്തകങ്ങളിലേക്ക്
വെട്ടം പകർന്നത്...

ഇനി നീയും ഉദിക്കുക
അകലെ നിഴലുകളുടെ
മറപറ്റിയിരുന്നു
ഇരുട്ടിനെ പഴിക്കുന്നവർക്ക്
വെളിച്ചമാവുക.
പഠിക്കുക...
പ്രതീക്ഷകളുടെ സൂര്യനാവുക !

(ജെഎൻയുവിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്ന രാംജൽ മീണ. ജെഎൻയു എൻട്രൻസ് പാസായി. അഞ്ചു വർഷം കാവൽ നിന്ന കലാലയത്തിൽ  ഇനിമുതൽ  ബിഎ വിദ്യാർത്ഥി  )
     
 
























Sunday, 7 July 2019

കൺതടങ്ങളിലെ
ഇരുൾവലയങ്ങളെ ഭേദിച്ച്
ഒരു സ്വപനം
യാഥാർഥ്യങ്ങളുടെ
പകൽവെട്ടത്തിലേക്കിറങ്ങി
വന്നതാവാം..
അല്ലെങ്കിൽ,
ഏതോ ജന്മബന്ധങ്ങളുടെ
കടം വീട്ടാൻ,
ഒരു നിമിഷം
കാലം
അനുവദിച്ചു തന്നതുമാവാം...
ഞാൻ
മേഘങ്ങളിലേക്കെന്ന
പകർത്തിയെഴുതുന്നു...
നീയോ 
തണുതണുത്തൊരു കാറ്റായി
മനസ്സിനെ ചുറ്റിവരിയുന്നു...
ഓരോ മഴപ്പെയ്ത്തിലും
നമ്മളൊന്നിച്ചൊരോരോ
കവിതകൾ 
മണ്ണിലെഴുതി വെക്കുന്നു....

മൈഗ്രേൻ

നിയന്ത്രണം വിട്ടിട്ടെന്നപോലെ
ഇടയ്ക്കിടെ
നെറ്റി തുളച്ച് കടന്നു പോകാറുള്ള
ഒരു തീവണ്ടിയുണ്ട്.
തലച്ചോറിന്റെ ഓരോ
വളവു തിരിവുകളിലും
നിറുത്താതെ ചൂളംവിളിച്ച്
അതിന്നിതിലെയും
കടന്നു പോയിരുന്നു.
പതിവ് തെറ്റിക്കാതെയും 
വേദനസംഹാരികളുടെയും
നിന്റെ കൈത്തലത്തിന്റെയും
ചുവന്ന സിഗ്നലുകളെ
വകവയ്ക്കാതെയും 
അതിന്നും ഏറെ ദൂരം
സഞ്ചരിച്ചു കൊണ്ടേയിരുന്നു.
കണ്ണുകളിറുകെയടക്കുമ്പോഴൊക്കെയും
ഏതോ തുരങ്കത്തിലകപ്പെട്ടതുപോലെ...
അതിവേഗപ്പാച്ചിലിന്റെ
മുഴക്കം മാത്രമായിരുന്നു കാതിൽ.
രാത്രിയുടെ അവാസാന
യാമത്തിലാണെന്നു തോന്നുന്നു...
മസ്തിഷ്കത്തിന്റെ
ഏതോ മുനമ്പിൽ നിന്നും
ഉറക്കത്തിന്റെ കാണാക്കയത്തിലേക്ക്
പിന്നെയത് പാളംതെറ്റി വീഴുകയായിരുന്നു....

Thursday, 4 July 2019

പ്രാതൽ മുതൽ അത്താഴം വരെ


അമ്മയുടെ ഇടത്തെ കവിൾ
നീരുവച്ചു വീങ്ങിയിരുന്നു...
രണ്ട് ദിവസത്തെ
കടുത്ത വേദനയെ
കടിച്ചു പിടിച്ചു കടിച്ചുപിടിച്ചു
കവിളാകെ ഒരു കുന്നോളം നീര്.
ഇന്നലെ രാവിലെ വിളിച്ചുണർത്തുമ്പോൾ
അമ്മയുടെ പതിവ് പരാതികളുണ്ടായിരുന്നില്ല.
തൊട്ടുവിളിച്ചു മടങ്ങിപ്പോകുമ്പോൾ
ഒരാശ്വാസം എന്നോണം
ഒന്നൂടെ മൂടിപ്പുതച്ചു കിടന്നു.
അടുക്കളയിലും
പതിവ് കോലാഹലങ്ങളുണ്ടായില്ല
അമ്മയുടെ കവിള് പോലെ
പതുപതുത്ത ഇഡ്ഡലിക്കഷണങ്ങളെ
സാമ്പാറിൽ മുക്കിക്കഴിച്ചു
ഒന്നും മിണ്ടാതെ മൂന്നാളുകൾ
യാത്രയായി...
പിന്നെ ഒറ്റക്കിരുന്നമ്മ ഇത്തിരി നേരം
കരഞ്ഞിട്ടുണ്ടാവും
ചിലപ്പോൾ ഉപ്പുവെള്ളം
കവിൾ കൊണ്ടു
വേദനകടിച്ചമർത്തിയിട്ടുണ്ടാവും...
വൈകുന്നേരം തളർന്ന ശബ്‌ദത്തിൽ
നാളെ പല്ലുഡോക്ടറെ കണ്ടാൽ
കൊള്ളാമെന്നുണ്ടെന്ന് അമ്മ..
ഒരായിരം കയ്യിൽ വച്ചു കൊടുത്തിട്ട്
വൈകിക്കണ്ട എന്ന് അച്ഛനും.
അന്നും പതിവ് തെറ്റാതെ
പ്രാതൽ മുതൽ അത്താഴം
വരെ ഊണുമേശയിലെത്തി.
ഇന്ന് രുചിയൽപ്പം കുറഞ്ഞുവെന്ന
പരാതിക്കപ്പുറം
ആരും ഒന്നും മിണ്ടിയില്ല.
ഒരാൾ ഗിറ്റാറിന്റെ കമ്പികൾ
വലിച്ചു കെട്ടിക്കൊണ്ടിരുന്നു.
മറ്റൊരാൾ
മൊബൈൽ മെസ്സേജുകളുടെ
വരവിന്റെ താളത്തിൽ
സ്മാർട്ട് ഫോണിലൂടെ
വിരലോടിച്ചുകൊണ്ടിരുന്നു.
ഇനിയൊരാൾ ഇനിയും
പൂർത്തിയാവാത്ത
അസൈന്മെന്റുകളുടെ
ലോകത്തിലേക്ക്
തിരക്കിട്ടു നടന്നു...
വായിൽ പല്ലെടുത്ത ഇടത്ത്
അഞ്ചാറു തുന്നലുണ്ടെന്നും
ഇന്നത്തെ ദിവസം അമ്മ
ഒന്നും കഴിച്ചിട്ടില്ലെന്നും
ആരും അറിഞ്ഞില്ല..
അമ്മക്കതു പറയാനും കഴിഞ്ഞില്ല.








Monday, 1 July 2019

തൂക്കുമരം


മരണത്തിന്
അവളുടെ മണമായിരിക്കും...
നുണഞ്ഞു തീരും മുൻപേ
ചങ്കിൽ കുരുങ്ങിയ
നാരങ്ങാ മുട്ടായിയുടെ
അതേ മണം...
അര നാഴികക്കിപ്പുറം
എന്റെ കഴുത്തിനെ
ചുറ്റിവരിയാൻ പോകുന്ന
കയറിന്
അതേ മുറുക്കമായിരിക്കും 
പിടയുമ്പോഴും 
എന്നെ ചുറ്റിപ്പിടിച്ച
കുഞ്ഞിക്കാലുകളുടെ
അതേ മുറുക്കം.
ചലനം നിലക്കുവോളം
നിറുത്താതെ കരഞ്ഞ
ആ കൊലുസ്സിന്റ ശബ്ദത്തിലാവും
എന്റെ കശേരുക്കൾ ഒടിയുന്നത്..
നിസ്സഹായതയുടെ
ആ നോട്ടങ്ങളിലും
വേദനയുടെ പിടച്ചിലുകളിലും
പതറാതിരുന്ന വേട്ടക്കാരന്റെ
കണ്ണുകളിലേക്കപ്പോൾ
പ്രാണവേദന
ഇരച്ചു കയറുന്നുണ്ടാവും.. 
ദ്രംഷ്ടകൾ,
കൂർത്ത കൈനഖങ്ങൾ..
ചെഞ്ചോര ചുവപ്പുള്ള
കഴുകൻ കണ്ണുകൾ..
എന്നിലൊളിച്ചിരിക്കുന്ന
മൃഗങ്ങളോരോന്നായി
പുറത്തേക്കു വരും.
ഞാനെന്നെ തന്നെ
മാന്തിപ്പറിക്കും..
അവളുടെ പിഞ്ചു
തുടയിടുക്കുകളിലൂടെയെന്നോണം
ചോര വാർന്നൊലിക്കും..
വാ പൊത്തിപ്പിടിച്ചു മൂടി വച്ച
ഒരു കരച്ചിലന്നേരം
അകലെ നിന്നെവിടെയോ
അണപൊട്ടിയൊഴുകും..
കാലന്റെ കാഹളം പോലെ
അതെന്റെ കാതിൽവന്നലയ്ക്കും..
മരണത്തിലേക്ക് വഴുതി വീഴുന്ന
ആ നിമിഷത്തിൽ മാത്രം
ഇനിയും പേടിമാറാത്തൊരാത്മാവ്
എന്റെയടുത്തെത്തും...
ചോരയിറ്റുവീഴുന്ന
ചിറകുകളഴിച്ചു വച്ചിട്ട്
എന്നെ പ്രാപിക്കുന്നില്ലേയെന്നു
പരിഹസിക്കും...
ഒറ്റക്കയറിന്റെ തുമ്പത്ത്
ഏറ്റുപറയാനൊരു
ഭാഷപോലുമില്ലാതെ
ഞാനപ്പോൾ
ചലനമറ്റു കിടക്കുകയാവും..
 
























Thursday, 27 June 2019

തുരങ്കങ്ങൾ


ആളൊഴിഞ്ഞ ഇടങ്ങളിൽ
അപകടങ്ങൾ
പതിയിരിക്കുമെന്നതൊരു
തോന്നലാവാം...
കറുത്ത കൺതടങ്ങളും
വിളറിയ ചിരിയുമായി
ഓരോ തുരങ്ക മുഖങ്ങളും
നമ്മുടെ ദുസ്സ്വപ്നങ്ങൾക്ക്
കാവലിരിക്കുന്നു എന്നതും.

ഇരുട്ടിനെ പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
കാൽവണ്ണയിലേക്ക് പേടികൾ
അരിച്ചു കയറുന്നത്
 
തുരങ്ക മുഖത്തുനിന്നും
അതിനറ്റം വരേയ്ക്കും
ദ്രുത നിശ്വാസത്തിന്റ
മുഴക്കങ്ങൾ..
മാറ്റൊലികൾ.

നടത്തത്തിന്റെ വേഗങ്ങൾക്ക് മുന്നേ
മനസ്സ് പായാൻ തുടങ്ങും
ഇരുട്ടിലടക്കം ചെയ്ത
നിലവിളികളെയത് വീണ്ടെടുക്കും 
ആത്മാക്കളുടെ
നിഴലനക്കങ്ങളെ പോലും
കണ്ടെടുക്കും.
ഇരതേടിയിറങ്ങിയ
കത്തിമുനകൾ, കണ്ണുകൾ...
പാതിവഴിയിൽ മനസ്സ്
പിടഞ്ഞൊന്നു നിൽക്കും..
കാൽവേഗങ്ങളിലേക്ക്
ഒരിടർച്ചയോടത് ചുരുണ്ടു കൂടും.

ഇരുട്ട് മുറിച്ചു വന്ന് നമ്മെ
വലയം ചെയ്യുന്ന
പ്രേതരൂപികൾ..
പേടി.. നിസ്സഹായത..
നാം പിന്നെയും കിതക്കാൻ തുടങ്ങും.

അത്രനേരം നിശബ്ദമായി
നെഞ്ചോടു പറ്റിക്കിടന്ന
മൊബൈൽ ഫോൺ
ഒരു നേരിയ ഞെരക്കത്തോടെ
പ്രാണൻ വെടിയുന്നതപ്പോഴാവും...

മനസ്സ് ഒരു കരിങ്കല്ലോളം
ഭാരപ്പെടും പോലെ.
ഉള്ളിൽ പേടികളുടെ
പല്ലിവാൽ പിടച്ചിലുകളും...

മുന്നോട്ടൊരടിപോലും വക്കാനാവാതെ
നമ്മൾ തളർന്നു വീഴുമ്പോൾ കാണാം
അകലെ,
ഇരുട്ടിലേക്കൊന്നെത്തി നോക്കാൻ
കൂട്ടാക്കാതെ
തിരക്കിലേക്കൊളിക്കുന്ന
വെളിച്ചത്തിന്റെ പൊട്ടുകൾ..
നിഴലടയാളങ്ങൾ...

ചലനമറ്റു കിടന്നിരുന്ന
മൊബൈലന്നേരം
നിറുത്താതെ ചിലക്കും.
കൺപോളകൾ വലിച്ചു തുറന്ന്
മരണത്തിൽ നിന്നെന്നപോലെ
മറ്റൊരു പകലിലേക്ക് നമ്മൾ 
പിടഞ്ഞെഴുന്നേൽക്കും..













Friday, 7 June 2019

പ്രണയാപഹരണം


അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാൽ
ഒരു കൊടുങ്കാറ്റിന്റെ വേഗതയിലവളെ
തന്നിലേക്കടുപ്പിക്കുകയെന്നതാവാം..
ഒരായുസ്സിനെ വെട്ടിച്ചുരുക്കി
ഒരൊറ്റ ചുംബനത്തിന്റെ
ദൈർഘ്യത്തിലേക്കൊതുക്കി
വയ്ക്കുകയെന്നതാവാം..
അല്ലെങ്കിൽ
മറുവാക്കിനൊരിടം പോലും
കൊടുക്കാതെയവളെ
ചുറ്റിവരിയുകയെന്നതുമാവാം..
തിരമാലപോലുയർന്ന്
ഉടൽശിലയാകെ ഉലച്ചുകളയുന്നതാവാം.
പ്രണയദംശനമേറ്റവൾ
നീലിച്ചുപോകുവോളം
മനസ്സാസകലം ആഞ്ഞാഞ്ഞു കൊത്തുന്നതുമാവാം.
ഒരോ നേരങ്ങളും നിന്നിലേക്കാണ്ടുപോകുംവിധം
വാക്കിന്റെ നീർച്ചുഴികൾ തീർക്കുന്നതാവാം..
ഒരിമചിമ്മലിന്റെ വേഗതയിലവളെ
നിന്റെ ഭ്രാന്തുകളുടെ ആഴത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നതുമാവാം..
അല്ല, ഇതൊന്നുമല്ല..
അതിക്രൂരമായൊരുവളെ
പ്രണയിക്കുകയെന്നാൽ,
ഋതുഭേദങ്ങളൊന്നുമില്ലാതെ
പ്രണയമെന്ന
ഒരൊറ്റഋതുവിലേക്കവളെ
ഒളിച്ചു കടത്തുന്നത് തന്നെയാവണം..
മണ്ണ് മരങ്ങൾ കിളികൾ പുഴകൾ
എന്നുവേണ്ട
ഭൂമിയിലെ നിന്റെയിടങ്ങളെയൊക്കെയും
അവളിലേക്ക് പറിച്ചുനടും പോലെയോ ,
നിന്നോളം,  അവളോളം, ഏറുമ്പോളം
ചുരുങ്ങി ചുരുങ്ങി
എപ്പോഴുമെപ്പോഴും അവളിലേക്കുള്ള
വഴികൾ തേടുകയെന്നപോലെയോ ആവാം..
എന്തുമാകട്ടെ,
അതിക്രൂരമായി പ്രണയിക്കപ്പെടുകയെന്നാൽ
ജന്മജന്മാന്തരങ്ങളിലേക്കായി
കരുതിവച്ചതൊക്കെയും
ഒരൊറ്റനിമിഷം കൊണ്ടൊരാളാൽ
കൊള്ളയടിക്കപ്പെടുന്നത് തന്നെയാണ്.

Friday, 31 May 2019

അക്ഷരങ്ങൾ!
അനാദിയായ അക്ഷരങ്ങൾ
ഇഴപിരിച്ചെഴുതിയ വരികൾ..
നമ്മളൊന്നിച്ചുള്ള കവിതകൾ...
വായനകൾ !
പുസ്തകമണമുള്ള ആ ഓർമ്മകൾ...
താളുകൾക്കിടയിലേക്കുള്ള
മടക്കങ്ങൾ...
എത്രയെത്ര പിണക്കങ്ങൾ
പുനർവായനകളിൽ
പിറവിയെടുക്കുന്ന
കൗതുകങ്ങൾ...
അക്ഷരക്കുഞ്ഞുങ്ങൾ !
സ്വപ്നങ്ങളുടെ തൊട്ടിലാട്ടങ്ങളിൽ
നമ്മൾ പിന്നെയും മൂളുന്ന വരികൾ..
കവിതകൾ..
അങ്ങനെയങ്ങനെ....













Tuesday, 21 May 2019

തിരിഞ്ഞു നോട്ടങ്ങളല്ല,
തനിച്ചല്ലെന്നുള്ള
ഓർമ്മപ്പെടുത്തലുകളാണ്..
മടങ്ങുമ്പോഴും
ഒരു മനസ്സവിടെ
മറന്നു വച്ചിട്ടുണ്ടെന്നുള്ള
അടയാളപ്പെടുത്തലുകളാണ്

Monday, 29 April 2019

അഞ്ചിൽ ഒരാൾ

(ഡൽഹി സ്കെച്ചസ് മാഗസിനിൽ ഏപ്രിൽ ലക്കം (23/4/19)പ്രസിദ്ധീകരിച്ചത്
https://drive.google.com/file/d/1AHPD9LflFnul7iABS4rjxFuQ4U_pjRJR/view?usp=drivesdk)


ഒന്നാമൻ :-
അയാൾ കടൽ
കരകവിഞ്ഞൊഴുകുന്നത്
സ്വപ്നം കാണുന്നു...
വാതിൽപ്പടിയും കടന്ന്
തിരകൾ കട്ടിൽപ്പൊക്കത്തിൽ ഉയർന്ന്
തന്നെ വിഴുങ്ങുന്നുവെന്ന്
ഉറക്കെ കരയുന്നു....

രണ്ടാമൻ :-
ഇടതടവില്ലാതെ അയാൾ
ജീവിതത്തെ
തുടച്ചു മിനുക്കിക്കൊണ്ടിരിക്കുന്നു..
ഒരു കാറ്റിനും
കടന്നു വരാനാവാത്ത വിധം
ജനാലകൾ
മുറുക്കെയടക്കുന്നു...
വെളിച്ചത്തിന്റെ പഴുതകളോരോന്നും
വിരലുവച്ചടക്കുന്നു..
പ്രിയമുള്ളവരുടെ കണ്ണിലെ
കൃഷ്ണമണികളെ പോലും
കഴുകിയെടുക്കുന്നു....

മൂന്നാമൻ:-
വാക്കുകൾക്കുമപ്പുറം ഒരുഭാഷയിലും അടയാളപ്പെടുത്താത്തതെന്തോ
പറഞ്ഞു കൊണ്ടിരിക്കുന്നു...
മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന
വിചിത്ര വിചാരങ്ങളെ
കൈത്തണ്ടയിൽ പച്ചകുത്തുന്നു...
വിളറിയ കണ്ണുകളിൽ നിന്ന്
ഓരോ നിമിഷവും
ഉറക്കത്തെ നുള്ളിക്കളയുന്നു..

നാലാമൻ :-
അയാൾ ശരീരത്തിന്റെ ഭാരങ്ങളെ
ഒരു പാട്ടിലേക്കൊഴുക്കി വിടുന്നു..
വിവസ്ത്രനായിക്കൊണ്ട് തന്നെ
പ്രകൃതിയുടെ സംഗീതത്തെ
തന്നിലേക്കാവാഹിക്കുന്നു...
വിരൽത്തുമ്പുകളിൽ
വെയിലേറ്റുവാങ്ങിക്കൊണ്ട്
ഗിറ്റാറിന്റെ കമ്പികളിലേക്കയാൾ
തീ പടർത്തുന്നു...

ഇനി ഞാൻ :-
ഞാൻ ആകാശത്തിൽ നിന്ന് ഇന്നലെ
പൊട്ടി വീണ നക്ഷത്രമാകയാൽ
ഭൂമിയിലെ കഥകളെക്കുറിച്ചെനിക്കറിയില്ല...
മനുഷ്യരെക്കുറിച്ചും...
മെല്ലെ മെല്ലെയെനിക്ക് ചിറകുമുളക്കും..
എനിക്ക് മുൻപേ പൊഴിഞ്ഞു വീണ
നക്ഷത്രങ്ങൾക്കൊപ്പം
മിന്നാമിന്നിക്കൂട്ടങ്ങളായി ഞാനാ തണൽമരത്തിന്റെ ഉണങ്ങിയ ഇലകൾക്കിടയിലിരുന്നു മിന്നും....
ഇന്നലത്തെ മഴയിൽ
മുളച്ചു പൊന്തിയ
ആ കുഞ്ഞു മഴക്കൂണുകളോട്
വെറുതെ മിണ്ടിക്കൊണ്ടിരിക്കും....
   











Sunday, 14 April 2019

മരണത്തെ കുറിച്ചൊരു കവിത വായിച്ചെടുക്കുമ്പോൾ



എന്നിരുന്നാലും,
ആകാശത്തിന്റെ  ഒത്ത നടുക്ക്
ലോകം മുഴുവൻ
വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ
അയാൾ മരണത്തെ കുറിച്ചുള്ള
കവിതകൾ എഴുതി വച്ചതെന്തിനാവും..?
പകലുറക്കത്തിനെ
പാതിയിലുപേക്ഷിച്ചിട്ട്
അഞ്ചാമത്തെ നിലയിലെ
പൂച്ചട്ടികളിൽ നിന്ന്
ചോരനിറമുള്ള പനിനീർ പുഷ്പങ്ങളെ
താഴോട്ട് വലിച്ചെറിഞ്ഞതെന്തിനാവും...?
ഇനിയും എരിഞ്ഞു തീരാത്ത
സിഗരറ്റ് കുറ്റിയിൽ നിന്ന്
ഒരു  തീപ്പൊരിതുണ്ട്
അതിനുമേലേക്ക്
കുടഞ്ഞെറിഞ്ഞതെന്തിനാവും...?
വെള്ളപുതച്ച തണുപ്പൻ കാഴച്ചകളെ
പതിവിലുമേറെ നേരം
നോക്കി നിന്നതെന്തിനാവും...?

ചിലപ്പോൾ
പുതുകവിതപോലെ അകലെയിരുന്ന്
മരണം മോഹിപ്പിച്ചിട്ടുണ്ടാവും...
അതുമല്ലെങ്കിൽ
തീരാക്കടങ്ങളിലെഴുതിച്ചേർക്കാൻ
ഒരു വരി തിരഞ്ഞു പോയതുമാവാം...

ആർക്കറിയാം
കവിതയല്ലേ,
കഥകൾ ധാരാളം മറഞ്ഞിരിപ്പുണ്ടാവും..
കവിയല്ലേ,
വരികളിൽ  വേദന
നിറച്ചു വച്ചതുമാവാം..
വായനക്കാർക്കു വേദനിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ...

അടുത്ത മഴയിൽ
വരികൾ പെയ്യുമായിരിക്കും...
അപ്പോഴും
മഷിപടരുന്നതും മനസ്സ് പെയ്യുന്നതും
ഒന്നുമറിയാതെ
അഞ്ചാം നിലയിലെ ബാൽക്കണിയിൽ
വാടിത്തുടങ്ങിയ പനിനീർച്ചെടിയിലേക്ക്
മഴത്തുള്ളികളിറ്റിച്ചു കൊണ്ട്
സിഗരറ്റ് മണത്തിൽ
ഒരു കവിതയിരുന്നു പുകയുന്നുണ്ടാവും... 
ചിലർ
മൂർച്ചയുള്ള ആയുധങ്ങൾ
കയ്യിൽ കരുതും.
ഇല്ല എന്ന വാക്കിനെ
എരിച്ചു കളയാൻ
വേണ്ടുന്നത്ര അഗ്നിയും.
മടക്കിക്കിട്ടാത്ത ചിരി
ഇനിയൊരിക്കലും
ആ ചുണ്ടിൽ
വിടരാതിരിക്കാൻ
മുഖം തന്നെയും
ഉരുക്കിക്കളഞ്ഞേക്കും.
ചിലരാവട്ടെ,
ഹൃദയം തുളച്ചു കയറുന്ന
വാക്കുകളാൽ
കവിതകളെഴുതും.
നിന്നെപ്പോലെ...
ഉള്ളിലൊരു
കനലൊളിപ്പിച്ചു വച്ചിട്ട്
ഒന്നുമില്ലെന്നൊരു
കള്ളം പറയുന്നു...
അങ്ങകലെയിരുന്നിട്ടും,
നിന്നെയോർക്കുമ്പോൾ
എന്തെന്നില്ലാതെ
ഉള്ള് പൊള്ളുന്നുവെന്ന്
അമ്മയും !
വരികൾക്കൊരുങ്ങാനും മാത്രം
നിറങ്ങൾ
മനസ്സിലില്ലാത്തത് കൊണ്ടാവാം...
അല്ലെങ്കിൽ,
നീയല്ലാത്തതൊന്നും
കവിതയാവാത്തതു കൊണ്ടുമാവാം...

ചിത്രകാരൻ


അവരന്നാണ് ആദ്യമായി
കണ്ടുമുട്ടിയത്..
അവസാനമായും.
അസ്തമയത്തോടടുത്തിരുന്നു..
അവൾക്കു പോകാൻ തിടുക്കവും...
അയാളാവട്ടെ
ഒഴിഞ്ഞ ക്യാൻവാസിലേക്ക്
കടലാഴമുള്ള രണ്ടു കണ്ണുകൾ
വരച്ചു ചേർക്കാൻ
ശ്രമിക്കുകയായിരുന്നു...
മനസ്സിൽ പതിയാത്തതെങ്ങനെ
ചിത്രമാവാനാണ്..
കടൽക്കാറ്റേട്ടിട്ടാവണം
കണ്ണ് കലങ്ങിത്തുടങ്ങി..
അലസമായ ഒരു സ്‌ട്രോക്കിൽ
കൺപീലികളിൽ നിന്ന്
കറുത്ത ചായം
ഒലിച്ചിറങ്ങുന്നുമുണ്ടായിരുന്നു.
അയാൾക്ക് മടുത്തു തുടങ്ങി...
ഇമചിമ്മാതെയിരുന്ന്
അവൾക്കും..
ഒടുവിൽ,
പുരികങ്ങൾക്കിടയിലേക്ക്
ഒരു അസ്തമയ സൂര്യനെ
വരച്ചു ചേർത്തിട്ട് അയാൾ
തിരകൾക്കൊപ്പം മടങ്ങി..
കാറ്റിന്റെ കൈ വിടുവിച്ച്
കടലില്ലാത്തൊരു ദിക്കിലേക്ക്
അവളും.

Sunday, 31 March 2019

ഓർമ്മകളുടെ
ആ ഒറ്റക്കൽ
തിളക്കത്തിനെ
കാതിപ്പൂവെന്ന്
പേരിട്ടു വിളിക്കുന്നു....
കാതോരം ചേർന്നിരുന്നങ്ങനെ
കഥപറയുമ്പോൾ അതിനെ 
നീയെന്നും...
കഥ പകുതിയിൽ
മിഴി വലിച്ചു തുറന്നിട്ടുള്ള
സ്വപ്നങ്ങളുടെ
മടങ്ങിപ്പോവലുകൾ...
പിന്നെ,
വന്നു പോയതിന്റെ
കാൽപ്പാടുകൾ പോലെ
ചില മങ്ങിയ ചിത്രങ്ങളും..
ഓർത്തെടുക്കാൻ
ഒരിത്തിരി കൂടെ ഉറക്കം
നടിച്ചുള്ള മനസ്സിന്റെ
കുസൃതികളും...
ഞാനും !

Tuesday, 5 March 2019

വാക നിറത്തിൽ
വെയിൽ പൂക്കാൻ
തുടങ്ങിയിരിക്കുന്നു...
മുറതെറ്റാതെയെത്തിയ
പെണ്ണടയാളങ്ങളിൽ
ഉടൽ തുടുത്ത്
ഒരു വേനലും !

Monday, 4 March 2019

നീ വരുമ്പോൾ


ഇപ്പോൾ നീ ചോദ്യങ്ങൾക്ക്
അരം കൂട്ടുകയാവും..
മറുപടികളിലെ
മുറിവുകളിൽ  പുരട്ടാൻ
നീറുന്ന കാരണങ്ങൾ
കണ്ടുപിടിക്കുകയാവും...
എന്റെ യുക്തിക്ക് വഴങ്ങാത്ത
നൂറ്‌ കഥകളെ
എഴുതി തിട്ടപ്പെടുത്തുകയാവും...
ചങ്കിടിപ്പുകൾ
ഒരു നിമിഷത്തേക്കെങ്കിലും
നിലച്ചു പോകാൻ പോലുന്ന
നോട്ടങ്ങളെ
കണ്ണിൽ തിരുകി വക്കുകയാവും...
എന്റെ മറുപടികളെ
ചുണ്ടിൽ തന്നെ തുന്നി വെക്കാനായി
ഉമ്മകളെ കോർത്തെടുക്കുകയാവും...
ഒരു നീണ്ട മൗനത്തിലേക്കെന്നെ
പൊതിഞ്ഞു വെക്കാനായി
നിന്റെ നിഴൽപ്പുതപ്പും
കയ്യിൽ കരുതുന്നുണ്ടാവും...
നല്ല നാളെകൾ എന്ന്
എഴുതിപ്പിടിപ്പിച്ച
ഒരു കൈലേസും...

Saturday, 2 March 2019

യുദ്ധം


നിന്റെ നോട്ടമെത്തുന്നയിടത്തു നിന്നും
രണ്ട് അതിരുകൾ കാണുന്നില്ലേ..?
കടന്നു കയറ്റങ്ങളെ തടയാൻ
സായുധ സേനകളൊന്നുമില്ലാത്ത
ലോകത്തു നിന്നും
ചിലപ്പോഴൊക്കെ
രണ്ടു രാജ്യങ്ങളായി
നമ്മൾ പിരിഞ്ഞു പോകുന്നത്
അവിടേക്കാണ്‌.
അതിരുകൾക്കിരുപുറവും
മുഖം തിരിച്ചിരുന്ന് നമ്മൾ
സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്ന്
പിറുപിറുക്കുന്നതും
അവിടെയിരുന്നാണ്.
അങ്ങനെയിരിക്കെ,
കൗതുകത്തിന്റെ
കൗശലക്കണ്ണുകളെപ്പോഴോ
അതിർത്തി കടക്കുന്നു...
നിന്റെയുമെന്റെയും രാജ്യത്തിലേക്ക്
നുഴഞ്ഞു കയറുന്നു..
ഒരു നൂറു ചോദ്യശരങ്ങൾ കൊണ്ട്
നമ്മൾ പരസ്പരം
പ്രതിരോധിക്കുന്നു..
ഒരു ജീവിതം തച്ചുടക്കാൻ പോലുന്ന
ആരോപണങ്ങളുടെ ഷെല്ലുകൾ
പൊഴിച്ചിടുന്നു..
അങ്ങനെയങ്ങനെ
രണ്ടു രാജ്യങ്ങൾ തമ്മിൽ
യുദ്ധം പ്രഖ്യാപിക്കുന്നു.

Wednesday, 27 February 2019

തിരയനക്കങ്ങളൊന്നുമില്ലാതെ
നിലച്ചു പോയ
ഒരു കടലാണ് ഞാൻ...
നീയോ,
ഒന്നോർക്കുമ്പോഴേക്കും
മിഴിപ്പരപ്പിലേക്ക്
നീന്തിയെത്തുന്ന
ഒരു സ്വർണ്ണ മത്സ്യവും...

Saturday, 16 February 2019

സന്തോഷം.
എന്നിൽ ഞാൻ
ഇപ്പോഴുമുണ്ട്....
ഒട്ടും കുറയാതെ തന്നെ !
സ്നേഹത്തിന്റെ
ഭാഷ മാത്രം
സംസാരിക്കുന്ന
ഒരാളിൽ നിന്നും
മഷിമണമുള്ള
ഒരു കടലാസ്സ്
കൈപറ്റിയിരിക്കുകയാണ്..
അങ്ങനെ,
ഭൂമിയിലെ
ഏറ്റവും മനോഹരമായ
ഒരു പ്രണയ സമ്മാനത്തിന്റെ
അവകാശിയായിരിക്കുകയാണ്...
ഒന്നിച്ചു കൊഴിയുന്നത്...
പിന്നെയും
ഒരേ നിറത്തിൽ
വിരിയുന്നത്... 
പകലുകൾക്കെന്തറിയാം
രാവിന്റെ ഋതുഭേദങ്ങളെക്കുറിച്ച്...
ഇരുട്ടിലെ,
ആകാശക്കാഴ്ച്ചകളെ കുറിച്ച്...
ഒരിക്കലും വാടാത്ത ആ
നിലാപ്പൂവുകളെ കുറിച്ച്...

Tuesday, 12 February 2019

കാരണങ്ങൾ ഉണ്ടാവുന്നത്

കാലേക്കൂട്ടി പറഞ്ഞിട്ടല്ല
കാരണങ്ങൾ കടന്നു വരാറ്...
ചിലപ്പോഴൊക്കെ
വെറുമൊരു തോന്നലിന്റ
തുമ്പത്തു നിന്നും
ചിലന്തി പോലെയത്
മെല്ലെ തൂങ്ങിയിറങ്ങും...
ശരി തെറ്റുകളെ
നാലായി പകുത്തിട്ട
ഹൃദയത്തിന്റെ അറകളിൽ
തലങ്ങും വിലങ്ങും
വല വിരിച്ചുകൊണ്ടിരിക്കും...
ഒന്നുമില്ലായ്മയിൽ
നിന്നു പോലും
ഓരോരോ കാര്യങ്ങൾ
വലയിൽ കുടുങ്ങും...
അങ്ങനങ്ങനെ...

Thursday, 7 February 2019

അക്കങ്ങളുടെ വായനശാല


നിനക്ക് ചിരിയാണ്.
അപരിചിതരുടെ ആത്മകഥ
വായിക്കുന്നതെന്തിനാണെന്നാണ്...
അറിയാത്തൊരാളുടെ
ആത്മാവിലേക്കിങ്ങനെ
എത്തി നോക്കുന്നതെന്തിനാണെന്നാണ്...
പകർത്തിയെഴുതുമ്പോൾ
പാതിയും നുണയാണെന്നാണ്...
കഥകളിലിത്രക്കങ്ങ്
കഥനങ്ങൾ  എന്തിനാണെന്നാണ്...
കവിതയാവുമ്പോൾ
വരികളോരോന്നിലും
അഴിയാക്കുരുക്കുകൾ
ഇതെത്രയാണെന്നാണ്...
അറിയാത്ത ഒരാളിന്റെ
ആത്മ കഥയിൽ നീ
ചൂഴ്ന്നെടുക്കുന്നതെന്താണെന്നാണ്...
ഒരു വരിയിൽ പോലും
നമ്മളില്ലാത്ത ഒരു പുസ്തകത്തിനെ
അത്രക്കങ്ങു നെഞ്ചിലേറ്റുന്നത്
എന്തിനാണെന്നാണ്...
അറിവിലേക്കായൊന്നും
കരുതി വക്കാത്ത കടലാസ്സുകളെ മറിച്ചു നോക്കുന്നത് പോലും
എന്തിനാണെന്നാണ്...
ഇനിയെന്തു പറയാനാണ്...
പുസ്തകക്കെട്ടുകളിൽ നിന്നും
നിനക്കുള്ളവ മാത്രം
ഞാൻ തിരഞ്ഞു വക്കുന്നു...
കണക്കുകളുടെ ലോകത്തേക്കവ
മാറ്റിവക്കുന്നു...
അപരിചിതരുടെ ആത്മകഥ
വായിക്കാത്തൊരാൾക്കു വേണ്ടി
അക്കങ്ങളുടെ വായനശാല ഞാൻ
തുറന്നു വക്കുന്നു...

വാടകക്കാരൻ



മടക്കിക്കൊടുക്കുമ്പോൾ
വാടകച്ചീട്ടുപോലെ
കീറിക്കളയാനും മാത്രം
ഒന്നും ബാക്കിയുണ്ടായിരുന്നില്ല
അവർക്കിടയിൽ.

അടിവയറ്റിലെ മുറിവിൽ
ഇനിയും നോവേറ്റുന്ന
ഒരു കുഞ്ഞു നീറ്റൽ...
അവന്റെ ഉദരത്തിലെ
പൊഴിഞ്ഞു വീഴാത്ത
ഒരു പൊക്കിൾ ചരടും ...
അവരെയൊന്നിപ്പിച്ചിരുന്ന
ആ അടയാളം,
അതന്നേ  മുറിച്ചു മാറ്റിയിരുന്നു..

മടങ്ങിപ്പോകുമ്പോൾ
അവൻമാത്രമെന്തിനോ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു . ..

ഒരിക്കൽ, ഒരിക്കൽ മാത്രം
അവനെ വിരുന്നൂട്ടിയെങ്കിലും
ആ രുചിയോർമ്മകളെ
അവൻ മറന്നു പോയേക്കാം..
പഴയൊരു വാടകച്ചീട്ട് പോലെ
 അവളുടെ നോവോർമ്മകളെയും...

എങ്കിലും,
പാൽമണം മാറാത്ത ഇളംചുണ്ടിൽ
അവൾ അവസാനമായി ഒരുമ്മ കൊടുത്തിരുന്നു....
തിരിഞ്ഞു നടക്കുമ്പോൾ
ഒരു കുഞ്ഞു പിൻവിളിക്കായി ചെവിയോർത്തിരുന്നു....
വെറുതെ....

Tuesday, 22 January 2019

കാത്തിരിക്കുന്നത്
സങ്കടത്തിരകളെ
നെഞ്ചിലേറ്റി
നീലിച്ചു പോയ
ഒരു കടൽ
ആണെന്നറിഞ്ഞിട്ടും,
കണ്ണിമകളിൽ നിന്നും
കവിളോളം മാത്രം
നീളുന്ന നേർത്ത
പിടിവള്ളികളിൽ തൂങ്ങി
സങ്കടങ്ങളിങ്ങനെ
തടവ് ചാടുന്നതെന്തിനാണ്.?

Monday, 14 January 2019

ആലപ്പാട്

ഒരു കരയുടെ മാനം
മോഷ്ടിക്കപ്പെടുമ്പോൾ...
അവളുടെ കരിമണൽപ്പുടവകൾ
അവരാലഴിക്കപ്പെടുമ്പോൾ..
കടൽ
ഓടിവരാതെ എങ്ങനെയാണ്..?
പുടവവാരിപ്പുതപ്പിക്കും പോലെ
അവളെ,
തിരപൊതിഞ്ഞെടുക്കാതെ
എങ്ങനെയാണ്..?

Tuesday, 8 January 2019

ഉടൽ ഉച്ചവെയില് പോലെ
നിന്ന് കത്തുകയാണ്...
ഇനിയും അസ്തമിക്കാത്ത
ഒരു സൂര്യൻ
ഉള്ളിൽ ഒളിച്ചിരിക്കും പോലെ...
ഉള്ളം കയ്യിലെ
ഇലത്തണുപ്പുമുഴുവൻ
നീയീ നെറ്റിയിൽ നനച്ചിടുക...
വെയിലാറുവോളം
ഈ പകലിന് കൂട്ടിരിക്കുക...

Monday, 7 January 2019

നിലം പറ്റിക്കിടക്കുന്ന
മൺതരികൾ പോലും
ചെവിയോർക്കുന്നുണ്ട്...
വഴിയും ആരെയോ
തിരയുന്ന പോലെ....
മുറിവേൽക്കുമ്പോഴാണോ
ശിശിരമേ നീയും
മഞ്ഞിൻ പുറന്തോടുകൾ
എടുത്തണിയുന്നത് 
ഒരു ധ്യാനത്തിലേക്കെന്ന പോലെ
മനസ്സിനെ അതിൽ
ഒളിപ്പിച്ചു വക്കുന്നത്...?
ഒരു കുഞ്ഞു വെളിച്ചമെങ്കിലും
കാണാതിരിക്കില്ല...
ഒരു പകലവസാനിക്കുമ്പോഴും
രാത്രിയാകാശം പോലെ
ഒരു നക്ഷത്രത്തിളക്കമെങ്കിലും
കരുതിവച്ചിട്ടുണ്ടാവും
ജീവിതമെപ്പോഴും...
കരയുടെ കൈവെള്ളയിൽ നിന്ന്
ഹൃദയരേഖ പോലെ
കടലോളം നീണ്ടു കിടക്കുന്ന കാൽപ്പാടുകൾ...
ഒരു പുഴയൊഴുകിയെത്തിയതിന്റെ
അടയാളങ്ങൾ...