Wednesday 17 January 2018

ഒരു വരി കൊണ്ട് പോലും
കുറിച്ചിടാനാവാത്ത ഇഷ്ടങ്ങളെ
വെറുതെ കടലാസിലേക്ക്
കുടഞ്ഞിടണം...
പിന്നെ ഓർക്കുമ്പോഴൊക്കെയും
മഷിമണം കൊണ്ട് മാത്രം നിന്നെ
വായിച്ചെടുക്കണം...
ഇന്നലെകളിലേക്ക്
ഒരു വാതിൽ പോലും ഇല്ലെന്നിരിക്കെ ,
ഓർമ്മകൾക്കായി
ഒരായിരം മുറികൾ
ഇതെന്തിനാണ്...?

Thursday 11 January 2018

പനിയുടലുകളിൽ പ്രണയം എഴുതി വെക്കുന്നത്



പിണങ്ങിയിരിക്കുമ്പോഴാണ്
നമുക്കിടയിലേക്കൊരു പനി
കടന്നു വരാറുള്ളത്.

നമ്മിലുറഞ്ഞുകൂടിയ മൗനത്തിന്റെ
മഞ്ഞുരുകാൻ പോലുന്ന ചൂട്.

ഒരു മൊഴിയകലത്തിൽ നിന്നും
നീയടുത്തു വന്നിരിക്കുന്നു...
ഉഷ്ണമാപിനികളെ
മാറ്റി വച്ചിട്ട്
ഊഷ്‌മാവ്‌ ഉമ്മകൾ കൊണ്ടളക്കുന്നു....
ഇഴയടുപ്പങ്ങളിൽ എഴുന്നുനിൽക്കുന്ന
കുഞ്ഞോർമ്മകളെ പോലും
എരിച്ചു കളയുന്ന ഒരു പനിച്ചൂട് എന്ന്
പതുക്കെ പറയുന്നു...

പനികണ്ണുകളുടെ
തളർന്ന നോട്ടങ്ങൾ...
നനഞ്ഞ കൺപീലികൾ..
വരണ്ട ചുണ്ടുകൾ...
തണ്ടുലഞ്ഞ മുല്ലവള്ളി പോലെ
നിന്നിലേക്ക്‌ വാടിവീഴുന്ന
പിടിവാശികൾ...

പൊള്ളുന്ന നിശ്വാസങ്ങളിൽ
ആ പനിയുമ്മകളിൽ
നമ്മളിതെത്രവട്ടം
ഉരുകിത്തീർന്നിരിക്കുന്നു...
പനിച്ചൂടിൽ പൊള്ളിയടർന്ന
എത്രയെത്ര പിണക്കങ്ങൾ...

എന്നിരുന്നാലും ,
ഒറ്റപ്പുതപ്പിലെക്കിത്തിരി
മഴത്തണുപ്പുകൂടെ
കുടഞ്ഞെറിഞ്ഞിട്ടാണ്
ഓരോ തവണയും പനിയുടെ പടിയിറക്കങ്ങൾ...

      

Wednesday 10 January 2018

അക്ഷരങ്ങൾ നീയാവുമ്പോൾ
ഒറ്റവരി മതിയാവും
ഓർമ്മകളെഴുതിത്തീർക്കാൻ...
ഒരു മാത്ര മതിയാവും
ഒരു ജീവിതമെഴുതിത്തീർക്കാൻ...
മറഞ്ഞിരിക്കാനാണെങ്കിൽ
മനസ്സോളം മറ്റെന്തുണ്ട്..?
ചുണ്ടുകൾ
ചേർത്ത് തുന്നിയവരുടെയും
വിരലുകൾ
മുറിച്ചു മാറ്റപ്പെട്ടവരുടെയും
മൗനം.
നേരിന്റെ നിശബ്ദതയ്ക്കു മുകളിലിരുന്ന്
അപ്പോഴും
ചില നുണകളിങ്ങനെ ചിലക്കുന്നുണ്ടാവും...
ചീവീടു പോലെ...
നിലാവ് :
ഒരു പകൽ ഉരുക്കിയൊഴിച്ചാലത്രയും   തിളക്കം !
നീയുദിക്കുമ്പോൾ 
അസ്തമയങ്ങൾ  ഉണ്ടാവുന്നതെങ്ങനെയാണ്...
അവസാനങ്ങൾ  ഉണ്ടാവുന്നതെങ്ങനെയാണ്...