Wednesday 27 June 2018

നിഴലുകൾ


നിനക്കെന്തറിയാം
ഒഴുക്ക് നിലച്ചുപോയ
മനസ്സുകളെക്കുറിച്ച്...
വെറുതെ കടലിരമ്പങ്ങൾക്ക്
കാതോർക്കുന്ന
തടാകങ്ങളെക്കുറിച്ച്...

നിനക്കെന്തറിയാം
കാലം വരച്ചിരിടുന്ന
നേർരേഖകളെക്കുറിച്ച്...
നൂറു ശരികൾക്ക് നടുവിൽ
ഒരാളെ തടവിലാക്കുന്ന
അധികാരങ്ങളെ കുറിച്ച്...

നിനക്കെന്തറിയാം
21 പാട്ടുകളെ കുറിച്ച്...
അതിന്റെ ഈണത്തിൽ
ഉരുകിത്തീർന്ന ഒരു
പകലിനെക്കുറിച്ച്...

നിനക്കെന്തറിയാം
വെയിൽ പെയ്തുതോരുന്ന
വൈകുന്നേരങ്ങളെ കുറിച്ച്..
നിഴലുകളിറങ്ങിപ്പോകുന്ന
നേരങ്ങളെക്കുറിച്ച്...

ഒന്നുമറിയാതിരിക്കട്ടെ ,

മിഴികളിൽ മഴനിറയുംമുൻപേ
അപ്പൂപ്പൻ താടിയാവണം...
ആകാശം പോലുമറിയാതെ
മേഘങ്ങളിൽ നിന്നുതിർന്നുവീഴണം..
ഭാരമില്ലാതെ...

Friday 22 June 2018

വരികളോളമാഴത്തിൽ...
അത്രയും ഉച്ചത്തിൽ...
സൂഫി പാടുകയാണ് !
ആകാശത്തോളം നീളുന്ന
പ്രാർത്ഥന പോലെ...
അകലെയിരുന്നാരോ
പ്രണയം പറയുന്ന പോലെ...
നീ നടന്ന വഴിയിലേക്കെന്റെ
തിരകളെ പറഞ്ഞു വിടുന്നു...
നിന്‍റെ കാൽപ്പാടുകളെ
കടലോളം സ്വന്തമാക്കുന്നു....
മൂക്കുമ്മകളിൽ തിളങ്ങി
ഒരൊറ്റനക്ഷത്രം...
നിന്‍റെ മൂക്കുത്തി പെണ്ണ് !
നിശ്ശബ്ദതയിലേക്കുള്ള
പിൻവാങ്ങലുകൾ...
ചിലപ്പോൾ,
സ്വന്തം ശരികളിലേക്കുള്ള  മടങ്ങിപ്പോവലുകൾ...
പിണക്കമെന്നു
പേരിട്ടു വിളിക്കുമ്പോഴും
മൗനമതിന്റെ ഭാഷയിൽ
മറ്റെന്തോ അടയാളപ്പെടുത്തുന്നില്ലേ..?
മനസ്സങ്ങനെയാണ് .
കാണാതിരിക്കുമ്പോൾ
കാലത്തിന്റെ വഴിയിലേക്ക്
നിഴലുകളെ നീട്ടിവരക്കും ...
വെറുതെയെന്നറിഞ്ഞിട്ടും ,
കാൽവേഗങ്ങൾക്കപ്പുറത്തേക്ക്
സമയത്തെയും ...
അങ്ങനെ ഒരു പാട്ടില്ലേ ?
ആ ഒരാളെ മാത്രം
ഓർമ്മ വരുന്ന പാട്ട്‌...
ഒരായിരം വട്ടം
ആവർത്തിച്ചു കേട്ടാലും
പുതുമ ചോരാതെ...
ഒന്ന് മൂളുമ്പോഴേക്കും
ചുണ്ടിൽ ചിരി വിരിയിക്കുന്ന
ഒരു പാട്ട്‌ ...

Tuesday 5 June 2018

കരിയിലകൾക്കു മേലെ
മഴത്തുള്ളികൾ വീഴും പോലെ...
മഴനനഞ്ഞൊരു പക്ഷി
ജനലരികിലിരുന്ന്
ചിറകു കുടയും പോലെ...
എന്തിഷ്ടമാണെന്നോ
ഈ മഴയൊച്ചകൾ !
എന്നുമതെ ,
പരാതിപ്പൊതികളോരോന്നായി
അഴിച്ചു വച്ച്
നമ്മൾ കാത്തിരിക്കും...
ഒന്നിരുത്തി മൂളിയിട്ട്‌
എല്ലാം കേട്ടെന്നുവരുത്തി
ചാരുകസേരയിലപ്പോഴും
കിടക്കുന്നുണ്ടാവും...
കാലം,
ഒരു കാരണവരെപ്പോലെ...
ചില്ലുഭരണിയിലെന്നോണം
പ്രണയം സൂക്ഷിച്ചു വച്ചിരിക്കുന്ന
നിന്റെ വെള്ളാരം കണ്ണുകൾ !
കൺപീലികൾക്കു താഴെ പടർന്നിറങ്ങുന്ന
കാർമേഘം...
മുടിക്കെട്ടിൽ നിന്ന് തെന്നിമാറി
ഇടയ്ക്കിടെ മുഖത്തേക്കെത്തിനോക്കുന്ന
മഴക്കാറ്റ്...
അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ചിണുങ്ങുന്ന
പിടിവാശികൾ...
സാരിത്തലപ്പിൽ മുഖം പൂഴ്ത്തിവച്ച്
ഇവിടെ  പെയ്യാനൊരുങ്ങുന്ന
ഒരു കുഞ്ഞു മഴക്കോളും...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...