Sunday 28 July 2019

പത്താം നിലയിലെ ബാൽക്കണി


ആകാശത്തിനും ഭൂമിക്കുമിടയിൽ
അന്തരീക്ഷത്തിലെ
കോൺക്രീറ്റ് പാളികളിൽ
പുതിയ ഭൂപടങ്ങൾ
വരച്ചു ചേർക്കണം..
മണ്ണിനായുള്ള
പിടിവലികൾ ഉപേക്ഷിച്ചു കൊണ്ട്
പുതിയ ഭൂഖണ്ഡത്തിൽ
സ്വന്തം രാജ്യം അടയാളപ്പെടുത്തണം...
ഇടിച്ചു നിരത്താൻ കുന്നുകളും
മണ്ണിട്ട് മൂടാൻ കായലുകളും
വെട്ടിനിരത്താൻ കാടുകളും
ഇല്ലാത്ത ഒരു രാജ്യം..
നീലനിറമുള്ള ചുമരുകൾ മാത്രം
അതിരുകളാവുന്ന രാജ്യം.
അതിന്റ ഓരോ അരികിലുമായി
ചെറിയ ചെടികൾ,പൂക്കൾ
കുഞ്ഞു പക്ഷി ,
പിന്നെ
ഒരു പൂച്ചകുഞ്ഞ്..
ചില്ലുകൂട്ടിലെ
കടൽവെള്ളത്തിൽ ചെറുമീനുകളും...

പകൽ വെളിച്ചത്തിന് കടന്ന് വരാനും
രാത്രിയാകാശം
നോക്കിക്കിടക്കാനും മാത്രം
വിസ്താരമുള്ള ജനൽപാളികൾ ...
വരാന്തയിൽ
പച്ചപ്പുൽ നിറമുള്ള കാർപെറ്റ് ..
അതിനരികിലായി
ഇളംവെയിലിന് നിഴൽ ചിത്രങ്ങൾ
വരച്ചിടാനായി ഒഴിച്ചിട്ടിരിക്കുന്ന
ഒരു വെളുത്ത ഭിത്തി...
മധുരം കൂട്ടിയിട്ട ചായയുടെ
രുചിയാസ്വദിച്ചു കൊണ്ട്
കഥ പറഞ്ഞിരിക്കുന്ന
സായാഹ്നങ്ങൾ...

അങ്ങനെ,
ഭൂമിയിലെ അവസാനത്തെ പച്ചപ്പും
പിഴുതുമാറ്റുന്ന മനുഷ്യരുടെ
സ്വാർത്ഥതക്കുമുകളിൽ
ഒരു കസേരയിട്ടിരിക്കണം...
ജീവിതത്തോടൊപ്പം
മണ്ണിലടയാളപ്പെടുത്താൻ
ബാക്കിവച്ച ഓരോ സ്വപ്നങ്ങളും
പത്താം നിലയിലെ ബാൽക്കണിയുടെ
ആ വെളുത്ത ഭിത്തിയിലേക്ക്
പകർത്തിയെഴുതണം... 

Wednesday 24 July 2019

പരിഭവങ്ങളുടെ രാസമാറ്റങ്ങൾ



മിണ്ടാൻ തുടങ്ങുമ്പോഴേക്കും
നാവിലേക്കരിച്ചിറങ്ങുന്ന മരവിപ്പ്.
ഇവിടെ, മരുന്നും മന്ത്രവും
വായുവും വസ്ത്രവുമെല്ലാം
മൗനമാണ്.

ശിക്ഷയും രക്ഷയുമെല്ലാം
ഒരേ ആയുധം കൊണ്ടുതന്നെ
ആയതിനാലാവാം
ഇപ്പോൾ മുറിവുകളെക്കുറിച്ച്
ഓർക്കാറേയില്ല.
മുറിപ്പാടുകളെക്കുറിച്ചും

നാല് ചുവരുകൾക്കുള്ളിൽ
ഒരു കടലുണ്ടെന്നും
മൗനത്തിലും
പരസ്പരം വായിക്കാൻ
ചെവിയരികിലായി
ചെകിളകൾ മുളക്കുമെന്നും
നമ്മൾ സ്വപ്നം കാണുന്നു.
ഓരോ കണ്ണുടക്കിലും
ഓരോ തിരകൾ
നീന്തികടക്കുന്നുവെന്നും...

കൂട്ടിലടക്കപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ
വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട്
ഇടക്കൊന്നു മലക്കം മറിയും.
ഹൃദയത്തിനു മേലെ
കനം വച്ചു തൂങ്ങുന്ന
നിശബ്ദതയെ ഭേദിച്ച്
ഒരു വെള്ളത്തുള്ളി
നെഞ്ചിലോട്ടു തന്നെ പതിക്കും.
അപ്പോൾ
പാതി തുറന്നിരിക്കുന്ന
അക്വേറിയത്തിന്റെ മൂടിയെക്കുറിച്ച്
നീയോർമ്മിപ്പിക്കും.
ഏറി വരുന്ന മറവിയെക്കുറിച്ചും.

ഒരിക്കൽ
ഈ ചില്ലുകൂട് തകർത്ത് നമ്മൾ
മണ്ണിലേക്കൊഴുകിയിറങ്ങും
തൊലിപ്പുറത്ത്
പറ്റിപ്പിടിച്ചിരിക്കുന്ന
ചെതുമ്പലുകൾ ഉരച്ചുകളഞ്ഞ്
മനുഷ്യരുടെ ഭാഷയിൽ
മിണ്ടാൻ തുടങ്ങും.

പഴകും തോറും
പരിഭവങ്ങൾക്കുണ്ടാകുന്ന രാസമാറ്റങ്ങൾ !
സ്നേഹത്തിന് വീര്യമേറുന്നുവെന്ന് നീ..
പൊള്ളുന്ന മധുരം നുണഞ്ഞിറക്കിക്കൊണ്ട്
ജീവിതം തന്നെ ലഹരി എന്ന് ഞാനും.

Wednesday 17 July 2019

പ്രതീക്ഷകളുടെ പാറാവുകാരൻ


രാംജൽ മീണ,
കലാലയത്തിന്റെ കാവൽക്കാരാ...
പ്രവേശനകവാടത്തിനപ്പുറം
കാവൽകുപ്പായം നീ
അഴിച്ചു വക്കുക..
സ്വപ്‌നങ്ങൾക്ക് മാത്രം
വഴിതുറന്നു കൊടുക്കാറുള്ള
മതിൽക്കെട്ടിന്റെ
ഇരുമ്പ് വാതിലിൽ കൂടി
നീയും കടന്നുപോവുക...
പഞ്ചവത്സരങ്ങളുടെ
പാറാവ് സമ്മാനിച്ച
സൗഹൃദങ്ങൾക്കൊപ്പമിരുന്ന്
അറിവിന്റെ ആകാശം
പങ്കിട്ടെടുക്കുക...

പ്രാരാബ്ധങ്ങളിൽ
പാതിയിലുപേക്ഷിച്ച
ഒരു സ്വപ്നത്തെ
നെഞ്ചോടടക്കിപ്പിടിച്ച്
എത്ര കാലം
നീയിങ്ങനൊറ്റയ്ക്ക് നിൽക്കും?

എത്രയെത്ര വേനലിന്റെ
പൊള്ളലേറ്റിട്ടുണ്ടാവും 
നിന്റെ വായനകൾക്ക്?
എത്ര മഞ്ഞുകാലങ്ങളിൽ
അവ നിനക്ക് ചൂടേകിയിട്ടുണ്ടാവും?
എത്ര മഴക്കാലങ്ങൾ
അത് നിനക്ക് കൂട്ടായിട്ടുണ്ടാവും...?
നക്ഷത്രങ്ങളുടെ ചെറുവെട്ടമല്ല,
ഉള്ളിലസ്തമിക്കാത്ത സൂര്യന്റെ
പ്രകാശമാവും
ദാരിദ്ര്യത്തിന്റെ ഇരുട്ടിലും
നിനക്ക് വഴികാട്ടിയത്...
ലോകമുറങ്ങുമ്പോഴും
നിന്റെ പുസ്തകങ്ങളിലേക്ക്
വെട്ടം പകർന്നത്...

ഇനി നീയും ഉദിക്കുക
അകലെ നിഴലുകളുടെ
മറപറ്റിയിരുന്നു
ഇരുട്ടിനെ പഴിക്കുന്നവർക്ക്
വെളിച്ചമാവുക.
പഠിക്കുക...
പ്രതീക്ഷകളുടെ സൂര്യനാവുക !

(ജെഎൻയുവിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്ന രാംജൽ മീണ. ജെഎൻയു എൻട്രൻസ് പാസായി. അഞ്ചു വർഷം കാവൽ നിന്ന കലാലയത്തിൽ  ഇനിമുതൽ  ബിഎ വിദ്യാർത്ഥി  )
     
 
























Sunday 7 July 2019

കൺതടങ്ങളിലെ
ഇരുൾവലയങ്ങളെ ഭേദിച്ച്
ഒരു സ്വപനം
യാഥാർഥ്യങ്ങളുടെ
പകൽവെട്ടത്തിലേക്കിറങ്ങി
വന്നതാവാം..
അല്ലെങ്കിൽ,
ഏതോ ജന്മബന്ധങ്ങളുടെ
കടം വീട്ടാൻ,
ഒരു നിമിഷം
കാലം
അനുവദിച്ചു തന്നതുമാവാം...
ഞാൻ
മേഘങ്ങളിലേക്കെന്ന
പകർത്തിയെഴുതുന്നു...
നീയോ 
തണുതണുത്തൊരു കാറ്റായി
മനസ്സിനെ ചുറ്റിവരിയുന്നു...
ഓരോ മഴപ്പെയ്ത്തിലും
നമ്മളൊന്നിച്ചൊരോരോ
കവിതകൾ 
മണ്ണിലെഴുതി വെക്കുന്നു....

മൈഗ്രേൻ

നിയന്ത്രണം വിട്ടിട്ടെന്നപോലെ
ഇടയ്ക്കിടെ
നെറ്റി തുളച്ച് കടന്നു പോകാറുള്ള
ഒരു തീവണ്ടിയുണ്ട്.
തലച്ചോറിന്റെ ഓരോ
വളവു തിരിവുകളിലും
നിറുത്താതെ ചൂളംവിളിച്ച്
അതിന്നിതിലെയും
കടന്നു പോയിരുന്നു.
പതിവ് തെറ്റിക്കാതെയും 
വേദനസംഹാരികളുടെയും
നിന്റെ കൈത്തലത്തിന്റെയും
ചുവന്ന സിഗ്നലുകളെ
വകവയ്ക്കാതെയും 
അതിന്നും ഏറെ ദൂരം
സഞ്ചരിച്ചു കൊണ്ടേയിരുന്നു.
കണ്ണുകളിറുകെയടക്കുമ്പോഴൊക്കെയും
ഏതോ തുരങ്കത്തിലകപ്പെട്ടതുപോലെ...
അതിവേഗപ്പാച്ചിലിന്റെ
മുഴക്കം മാത്രമായിരുന്നു കാതിൽ.
രാത്രിയുടെ അവാസാന
യാമത്തിലാണെന്നു തോന്നുന്നു...
മസ്തിഷ്കത്തിന്റെ
ഏതോ മുനമ്പിൽ നിന്നും
ഉറക്കത്തിന്റെ കാണാക്കയത്തിലേക്ക്
പിന്നെയത് പാളംതെറ്റി വീഴുകയായിരുന്നു....

Thursday 4 July 2019

പ്രാതൽ മുതൽ അത്താഴം വരെ


അമ്മയുടെ ഇടത്തെ കവിൾ
നീരുവച്ചു വീങ്ങിയിരുന്നു...
രണ്ട് ദിവസത്തെ
കടുത്ത വേദനയെ
കടിച്ചു പിടിച്ചു കടിച്ചുപിടിച്ചു
കവിളാകെ ഒരു കുന്നോളം നീര്.
ഇന്നലെ രാവിലെ വിളിച്ചുണർത്തുമ്പോൾ
അമ്മയുടെ പതിവ് പരാതികളുണ്ടായിരുന്നില്ല.
തൊട്ടുവിളിച്ചു മടങ്ങിപ്പോകുമ്പോൾ
ഒരാശ്വാസം എന്നോണം
ഒന്നൂടെ മൂടിപ്പുതച്ചു കിടന്നു.
അടുക്കളയിലും
പതിവ് കോലാഹലങ്ങളുണ്ടായില്ല
അമ്മയുടെ കവിള് പോലെ
പതുപതുത്ത ഇഡ്ഡലിക്കഷണങ്ങളെ
സാമ്പാറിൽ മുക്കിക്കഴിച്ചു
ഒന്നും മിണ്ടാതെ മൂന്നാളുകൾ
യാത്രയായി...
പിന്നെ ഒറ്റക്കിരുന്നമ്മ ഇത്തിരി നേരം
കരഞ്ഞിട്ടുണ്ടാവും
ചിലപ്പോൾ ഉപ്പുവെള്ളം
കവിൾ കൊണ്ടു
വേദനകടിച്ചമർത്തിയിട്ടുണ്ടാവും...
വൈകുന്നേരം തളർന്ന ശബ്‌ദത്തിൽ
നാളെ പല്ലുഡോക്ടറെ കണ്ടാൽ
കൊള്ളാമെന്നുണ്ടെന്ന് അമ്മ..
ഒരായിരം കയ്യിൽ വച്ചു കൊടുത്തിട്ട്
വൈകിക്കണ്ട എന്ന് അച്ഛനും.
അന്നും പതിവ് തെറ്റാതെ
പ്രാതൽ മുതൽ അത്താഴം
വരെ ഊണുമേശയിലെത്തി.
ഇന്ന് രുചിയൽപ്പം കുറഞ്ഞുവെന്ന
പരാതിക്കപ്പുറം
ആരും ഒന്നും മിണ്ടിയില്ല.
ഒരാൾ ഗിറ്റാറിന്റെ കമ്പികൾ
വലിച്ചു കെട്ടിക്കൊണ്ടിരുന്നു.
മറ്റൊരാൾ
മൊബൈൽ മെസ്സേജുകളുടെ
വരവിന്റെ താളത്തിൽ
സ്മാർട്ട് ഫോണിലൂടെ
വിരലോടിച്ചുകൊണ്ടിരുന്നു.
ഇനിയൊരാൾ ഇനിയും
പൂർത്തിയാവാത്ത
അസൈന്മെന്റുകളുടെ
ലോകത്തിലേക്ക്
തിരക്കിട്ടു നടന്നു...
വായിൽ പല്ലെടുത്ത ഇടത്ത്
അഞ്ചാറു തുന്നലുണ്ടെന്നും
ഇന്നത്തെ ദിവസം അമ്മ
ഒന്നും കഴിച്ചിട്ടില്ലെന്നും
ആരും അറിഞ്ഞില്ല..
അമ്മക്കതു പറയാനും കഴിഞ്ഞില്ല.








Monday 1 July 2019

തൂക്കുമരം


മരണത്തിന്
അവളുടെ മണമായിരിക്കും...
നുണഞ്ഞു തീരും മുൻപേ
ചങ്കിൽ കുരുങ്ങിയ
നാരങ്ങാ മുട്ടായിയുടെ
അതേ മണം...
അര നാഴികക്കിപ്പുറം
എന്റെ കഴുത്തിനെ
ചുറ്റിവരിയാൻ പോകുന്ന
കയറിന്
അതേ മുറുക്കമായിരിക്കും 
പിടയുമ്പോഴും 
എന്നെ ചുറ്റിപ്പിടിച്ച
കുഞ്ഞിക്കാലുകളുടെ
അതേ മുറുക്കം.
ചലനം നിലക്കുവോളം
നിറുത്താതെ കരഞ്ഞ
ആ കൊലുസ്സിന്റ ശബ്ദത്തിലാവും
എന്റെ കശേരുക്കൾ ഒടിയുന്നത്..
നിസ്സഹായതയുടെ
ആ നോട്ടങ്ങളിലും
വേദനയുടെ പിടച്ചിലുകളിലും
പതറാതിരുന്ന വേട്ടക്കാരന്റെ
കണ്ണുകളിലേക്കപ്പോൾ
പ്രാണവേദന
ഇരച്ചു കയറുന്നുണ്ടാവും.. 
ദ്രംഷ്ടകൾ,
കൂർത്ത കൈനഖങ്ങൾ..
ചെഞ്ചോര ചുവപ്പുള്ള
കഴുകൻ കണ്ണുകൾ..
എന്നിലൊളിച്ചിരിക്കുന്ന
മൃഗങ്ങളോരോന്നായി
പുറത്തേക്കു വരും.
ഞാനെന്നെ തന്നെ
മാന്തിപ്പറിക്കും..
അവളുടെ പിഞ്ചു
തുടയിടുക്കുകളിലൂടെയെന്നോണം
ചോര വാർന്നൊലിക്കും..
വാ പൊത്തിപ്പിടിച്ചു മൂടി വച്ച
ഒരു കരച്ചിലന്നേരം
അകലെ നിന്നെവിടെയോ
അണപൊട്ടിയൊഴുകും..
കാലന്റെ കാഹളം പോലെ
അതെന്റെ കാതിൽവന്നലയ്ക്കും..
മരണത്തിലേക്ക് വഴുതി വീഴുന്ന
ആ നിമിഷത്തിൽ മാത്രം
ഇനിയും പേടിമാറാത്തൊരാത്മാവ്
എന്റെയടുത്തെത്തും...
ചോരയിറ്റുവീഴുന്ന
ചിറകുകളഴിച്ചു വച്ചിട്ട്
എന്നെ പ്രാപിക്കുന്നില്ലേയെന്നു
പരിഹസിക്കും...
ഒറ്റക്കയറിന്റെ തുമ്പത്ത്
ഏറ്റുപറയാനൊരു
ഭാഷപോലുമില്ലാതെ
ഞാനപ്പോൾ
ചലനമറ്റു കിടക്കുകയാവും..