Saturday 24 July 2021

 



നീ വരിയിൽ

തിരഞ്ഞു നടന്നിരുന്ന

വാക്കിനെ

വഴിയിൽ കണ്ടുകിട്ടിയെന്ന്

കവി.

വരിതെറ്റിപ്പോയതാണെന്നും

കവിത

കണ്ടുകിട്ടുന്നില്ലെന്നും പറഞ്ഞ്

അത് ഒരേ കരച്ചിലാണെന്ന്...

എനിക്കും സങ്കടം വരുന്നു..

കവിയല്ലേ..

വാക്കുകളുടെ ഇടയനല്ലേ..

വഴി പറഞ്ഞു കൊടുത്തുകൂടെ...

ഇനിയതുമില്ലെങ്കിൽ

നിന്റെ വരികളിലതിനുമൊരിടം

കൊടുത്തു കൂടെ...

വഴിതെറ്റിയെത്തിയ

വാക്കിൻ കുരുന്നിന്

ഇനിയെങ്കിലും

ഒരഭയമായിക്കൂടേ.... 












Tuesday 20 July 2021

 


വഴികൾ എത്രകണ്ട്

മായ്ച്ച് കളഞ്ഞാലും

നീ ഒളിച്ചിരിക്കുന്ന

ഇടങ്ങളിലേക്ക് അവർ 

ഒരു ദിവസം 

ഇരമ്പി പാഞ്ഞെത്തും..

മറവിയുടെ മാറാലകൾ

വകഞ്ഞു മാറ്റി

അവിടമാകെ തിരയും..

ഓർമ്മ ജാലകങ്ങൾ

ഒക്കെയും തുറന്നിടും...

എന്നിട്ട്,

പണ്ടു വിളിച്ച

വട്ടപ്പേരുകൾ ഒന്നായി

ഉറക്കെ വിളിച്ചു കൊണ്ട്

അരികിലേക്കോടിപ്പാഞ്ഞെത്തും..

അപരിചിതനെപ്പോലെ

ഒഴിഞ്ഞു മാറി നിൽക്കുന്ന

നിന്നെ, കണക്കിന്

പറഞ്ഞുകൊണ്ട്

അവർ വട്ടം കൂടും..

സൗഹൃദത്തിന്റെ ഭാഷയിൽ

നീ മിണ്ടാൻ തുടങ്ങുവോളം 

ഓരോരൊ കഥകളോർമ്മിപ്പിച്ചു

കൊണ്ട് അരികിൽ തന്നെയിരിക്കും..

(ഹാ.. ചിലപ്പോൾ കഴുത്തിൽ

കുത്തിപ്പിടിച്ചു കൊണ്ടോ...

കൂമ്പിനിടിച്ചു കൊണ്ടോ

ആവുമെന്ന് മാത്രം )

എന്തായാലും നീ ഓർമ്മയിലേക്കുണരാതെ

അവർ മടങ്ങിപ്പോവില്ല..

ഒരുപക്ഷെ,

നിന്നെ കൂട്ടിക്കൊണ്ടല്ലാതെയും..

അല്ലേ.. അങ്ങനെയല്ലേ 

അപ്രതീക്ഷിതമായി 

ഇന്നലെകളിലേക്ക് നമ്മൾ 

വീണ്ടെടുക്കപ്പെടാറുള്ളത്...

ചിലപ്പോഴെങ്കിലും...

ചിലരലാലെങ്കിലും....



 



കവിതയിലേക്കൊരു

പടി ദൂരം മാത്രം

ബാക്കി നിൽക്കെയാവും 

ജീവിതം വന്നു വിളിക്കുന്നത്..

വീടകം

മുഴുവനിട്ടോടിക്കുന്നത്..

തീൻ മേശയിൽ

നേരം തെറ്റി വന്നിരിക്കുന്ന

വിശപ്പുകളാവുന്നത്...

വറുത്തും, പൊരിച്ചും

അരപ്പ് കൂട്ടിയളക്കിയും

നാലഞ്ചു പാത്രങ്ങളിലേക്ക്

പകർത്തി വരുമ്പോഴേക്കും..

വന്ന വരികളെയും കൂട്ടി

കവിതയിറങ്ങിപ്പോയിട്ടുണ്ടാവും..

എന്റെ തിരക്കുകളുടെ

കണ്മുന്നിലൂടെ തന്നെ...

എഴുത്ത് മുറിയുടെ 

വാതിൽ വലിച്ചടച്ചിട്ട്...

രസമതൊന്നുമല്ല, അവർക്കിപ്പോഴുമറിയില്ല...

വിരൽത്തുമ്പിൽ

വിരിയാൻ തുടങ്ങിയ

എത്രയെത്ര കവിതകളെയാണ്

അവർ ഓരോ ദിവസവും

ഉണ്ടു തീർക്കുന്നതെന്ന്..