Sunday 10 November 2013

രക്തസാക്ഷികൾ



ഈയലുകൽ ചിറകുപൊഴിക്കുമ്പോൾ,
കത്തിയമരുമ്പോൾ ...അകലെ
നിലാവുദിക്കാത്ത ലോകത്ത്
കണ്ണീർമഴ പെയ്യുകയായിരുന്നു.
മുഖങ്ങൾ നഷ്ടപ്പെട്ട യുവത്വത്തിൻ
അടർന്ന ശിഖിരത്തിലൊന്നിൽ
എന്റെയും നിന്റെയും നഖക്ഷതങ്ങൾ!
അതിൽനിന്നുമൊഴുകുന്നതെൻ
ഹൃദയരക്തമാകാതിരുന്നെങ്കിൽ...
ഞാൻ വീണ്ടും സ്വപ്നം കാണുകയാണ്.
ഇരുൾ കനക്കുമ്പോൾ ഞാനെന്നെ
തിരയുന്നു... അല്ലേ?
ശരിയാണ്ഇന്നലെകൾക്കെന്നും
പഴമയുടെ ദുർഗന്ധമാണു്!
അന്ന്,
വാകമരച്ചോട്ടിൽ കണ്ണീരൊഴുകുമ്പോൾ
മനുഷ്യരക്തത്തിന് വിലപറയുന്നൊരാ
പ്രസ്ഥാനക്കളരിയിൽ നാം
മസ്തിഷ്ക്കജ്വരത്താൽ തപിക്കയായിരുന്നു.
ഇന്ന്,
ജീവിതം കരിന്തിരികത്തുമ്പോൾ
മരവിച്ച തലച്ചോറിൻ തണുപ്പിൽ
നാമുറങ്ങുകയാണെന്നോ?
ഹൃദയത്തിൻ നെരിപ്പോടിനുള്ളിൽ
ഓരായിരമീയലുകളുടെ ചരമഗീതങ്ങൾ!
ശ്രുതികൾ പിഴക്കുമ്പോൾഞാനറിഞ്ഞു
ചിറകുകളെന്നേ പൊഴിഞ്ഞു...

അറിയുമോ...
നാം രക്തസാക്ഷികളാവുകയാണ്...
ഹോമാഗ്നിയിലെരിയും മുൻപായി
നമുക്കു തിരിഞ്ഞുനോക്കാം...
മുഖമില്ലാത്ത തലകളെ തിരിച്ചറിയാം!

Saturday 2 November 2013

നിവേദ്യം


കത്തിയമർന്നു ഭസ്മമായ് തീരുമാ
കർപ്പൂരമെന്നോതാതെ
ഒരുനെയ്ത്തിരിനാളമാ-
യെന്നന്തരംഗത്തിൽ
നീയൊളി വിടർത്തുക...
ചേതനയില്ലാത്ത കാട്ടുപൂവെന്നോതാതെ
ഒരു നൈവേദ്യ പുഷ്പ്പത്തിൻ
നൈർമ്മല്ല്യത്താലെൻ
മാനസ സരസ്സിൽ മരുവുക...
വർണ്ണങ്ങളില്ലാത്ത ചിത്രമെന്നോതാതെ
ഒരു മയിൽ‌പ്പീലിത്തുണ്ടിൻ
ശോഭയാലിന്നുനീയെൻ
സ്വപ്നസാമ്രാജ്യത്തിലെ ചിത്രമാവുക...
നാദങ്ങളില്ലാത്ത ഗാനമേന്നോതാതെ
മയങ്ങുമെൻ മോഹങ്ങളെ
തട്ടിയുണർത്തുന്ന മറ്റൊരു
ശംഖൊലി നാദമായ് മാറുക...
കത്തിയമർന്നു ഭസ്മമായ് തീരുന്ന
കർപ്പൂരമാണെൻറെ  മോഹമെന്നോതാതെ,
വീണ്ടും...
ഒരു നെയ്ത്തിരി നാളമാ-
യെന്നിലെ ജീവൻറെ ജ്വാലയാവുക!

Friday 1 November 2013

ആത്മഗതം


ശാപങ്ങൾതൻ തീച്ചൂളയിൽ
വെന്തമരുന്നുവെൻ
കാത്തുസൂക്ഷിച്ചൊരാ  സ്വപ്നങ്ങളത്രയും.
അതിൽപഴിതൻ കനലായ്
പുകഞ്ഞുയരുന്നതോ
താളംപിഴച്ചാടിയുലഞ്ഞിന്നു
കരകാണാതുഴറുന്ന മനസ്സും.
എന്നിട്ടുമെന്തേയെരിഞ്ഞമർന്നില്ല ...
ജീർണ്ണം പിടിച്ചിന്നു
നോവാലെരിയുമെന്നാത്മ സത്ത?

Wednesday 30 October 2013

കർണ്ണൻ


നിതാന്തമാം മറവിതൻ കറുത്ത
പുകമറക്കപ്പുറത്തുനിന്നല്ലയോ
കാലത്തിന്റെയാദ്യരോദനം.
പെറ്റുപെരുകുന്നൊരക്ഷരത്തെറ്റു-
പോലോർമ്മകൾ ബാല്യതിന്നങ്കണത്തിൽ...

വറ്റിയ അണ്ണാക്കിലിന്നമ്മിഞ്ഞയില്ലെ-
ന്നറിഞ്ഞിന്നു ഞെട്ടുന്നു, പൊട്ടിക്കരയുന്നു,
ഓതുന്നുയെന്നുടെയമ്മയെന്തേ?

സൂര്യനെ മോഹിച്ചൊരുണ്ണിയെനേടിയ
കുന്തിതൻ ദു:ഖം പുനർജനിക്കുമ്പോഴിന്ന്
സൂത ഗൃഹത്തിലോരുണ്ണി കരയുന്നു!

കാലം മറന്നൊരു കാർമേഘകൂട്ടമായ്
നീണ്ടസ്വപ്നതിൻ ബാക്കിയായ് നീ
 പെയ്തൊഴിയുംബൊളെ ഴുതട്ടെ കർണ്ണാ...
നിന്നാത്മാവിൻ രോദനം.

കാലം നിനക്കേകിയ മുഷിഞ്ഞൊരാ
പൊയ്മുഖമഴിച്ചു വച്ചിട്ടു
ജീവിതത്തിൻ സുതാര്യതയിലൂടെ
നിന്നത്മാവിൻ നഗ്നതയിലേക്ക്
ചൂഴ്ന്നിറങ്ങുന്നുവെൻ
മോക്ഷം തിരയുന്ന തൂലികത്തുമ്പുകൾ...
ഇന്നെൻ മറവിതൻ മാറാലക്കെട്ടിലും
കാണുന്നു കർണ്ണാ ഞാൻ...

ആര്യരക്തത്തിനൂറ്റം കൊടുത്തന്ന്
ദ്രോണഗുരുവും കൈയ്യൊഴിഞ്ഞപ്പോഴും,
പഞ്ചാലമണ്ണിൽ നിന്നശ്രു പടർന്നപ്പോഴും,
കർമ്മബന്ധങ്ങളൊന്നിൽ തളച്ചിട്ടു
കൗരവാദിവീരർ നിൻ ജന്മവും...
ജന്മാന്തരങ്ങളും...

മൃത്യുവിൻ ഗന്ധം തളംകെട്ടി നില്ക്കുന്ന
നിൻ കർമ്മ ഭൂമി തൻ മാറിലി-
ന്നമ്മിഞ്ഞ പോലും രക്തം ചുവക്കുന്നു!


ഭ്രാതൃരക്തത്താൽ തിലകമണിഞ്ഞവർ
മോദമായ്കുന്തിതൻ പാദം വണങ്ങുമ്പോൾ,
ദാനം കൊടുത്തൊരു ദേഹവും പിന്നെ,
നോവുണങ്ങാത്തൊരാത്മാവും മാത്രം,
 കർമ്മ ഭൂമിതൻ മാറിൽ
മയങ്ങിക്കിടക്കുന്നു...

അമ്മിഞ്ഞയന്യമാമുണ്ണികൾ തന്നുടെ
ആർത്ത നാദങ്ങളെങ്ങും മുഴങ്ങുന്നു...
വിങ്ങുന്നമാനസ്സക്കോണിൽ ഞാൻ
കാണുന്നു...
സൂതഗൃഹത്തിലെ കുന്തിസുതനെ...

ആത്മരോദനത്തിന്നുച്ചസ്തലിയി-
ലിന്നുറങ്ങട്ടെ കർണ്ണാ ഞാൻ
നീ മറന്നിട്ട പൊയ്മുഖവുമേന്തി!

Thursday 24 October 2013

ചിലന്തികൾ


കാലഹരണപ്പെട്ടൊരു പ്രണയത്തിന്റെ
ശവമഞ്ജവും പേറിയാണ്
ഓർമ്മകളിപ്പോഴും കടന്നുവരുന്നത്‌.

അതിൽ, പാതി വെന്തിട്ടും
മിടിക്കുന്ന ഒരു ഹൃദയം.
ചുടലപ്പറമ്പിൽ നിന്നുയർന്ന
ഗദ്ഗദങ്ങളുടെ നേർത്ത-
രേഖകൾക്കുമപ്പുറം..

ചിലന്തിയുടെ ചുവന്ന കണ്ണുകൾ
തുമ്പിയുടെ നിശബ്ദമായ നിലവിളി
ഉച്ചവെയിലിൽ തിളങ്ങുന്ന,
രണ്ടു ചിറകുകൾ!

വിശുദ്ധ പ്രേമത്തിന്റെ ബലിക്കല്ലിൽ,
ചുടുചോരയുടെ ദുഷിച്ച ഗന്ധം.
കോമരത്തിന്റെ നിർവൃതി.

ചിലന്തിവല പോലെ നേർത്ത
നിൻറെവിരലുകൾക്കും,
വിഷപ്പല്ലുകളുടെ സർപ്പദംശനതിനുമിടയിൽ,
എന്റെ പ്രണയം പിടഞ്ഞു മരിക്കുന്നു.

ഇപ്പോഴും,
പ്രണയത്തിന്റെ ബലിക്കല്ലുകലിൽ,
ചിലന്തികൾ മാത്രം കൂടുവക്കുന്നു!!!

Sunday 20 October 2013

കവിത പിറക്കുമ്പോൾ



ഭ്രാന്തിന്റെയും മരണത്തിന്റെയു-
മിടയിലെ നേർത്ത നൂൽപ്പാലം.
അതിലെവിടെയോ പതറുന്ന കാലടികളോടെ
കവി നടന്നകലുകയാണ്.
താഴെ തീക്കാഴ്ച്ചകൾ
നരക ദൃശ്യങ്ങൾ!
വഴിയിലെപ്പോഴോ കാലിടറുമ്പോൾ...
പുനർജന്മത്തിനായി കേഴുമ്പോൾ,
കവിത പിറക്കുന്നു.
വാക്കുകളാൽ പിതൃതര്‍പ്പണമേകി
മോക്ഷം തേടിയലയുന്ന ജന്മങ്ങൾ
പൊക്കിൾക്കൊടി മുറിച്ചിട്ട കുഞ്ഞുങ്ങൾ,
തൊണ്ട പൊട്ടിക്കരയുന്നു.
നമുക്കവയെ ദത്തെടുക്കാം...
ഒരല്പം വാത്സല്യം ചുരത്തി മാറോടണയ്ക്കാം...
കവിക്കിനി മോക്ഷം നൽകാം.

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...