Friday 18 September 2015


ജന്മാന്തരങ്ങൾക്കപ്പുറം വേർപെട്ടുപോയ
ചിലരെത്താറില്ലേ...?
ഒരു വാക്കിനുമുൾക്കൊള്ളാനാവാത്ത
ആത്മബന്ധം മാത്രം ബാക്കിവച്ച്
മാഞ്ഞു പോകുന്നവർ...  

Thursday 17 September 2015

പ്രണയം, നമുക്കിടയിൽ കാലംതെറ്റി കടന്നുവന്നൊരു ശിശിരം... മഞ്ഞുകൊണ്ടു വരച്ച സ്വപ്നങ്ങൾക്ക് എത്ര ഋതുക്കളുടെ ആയുസ്സുണ്ടാവും..?
അസ്തമിക്കാത്ത പകലുകളും പുലരാത്ത രാത്രികളും ഇല്ലെന്നിരിക്കേ.. അവസാനമില്ലാത്ത എന്തിനൊപ്പമാണ് നിന്നെ ഞാൻ ചേർത്തുവെക്കേണ്ടത്..?
ഓരോ നിശ്വാസവും നിന്നിലേക്കു നീളുന്ന പ്രാർത്ഥന പോലെ...
മണ്ണിന്നടിയിൽ മരണം കാത്തുകിടക്കുന്ന പുൽക്കൊടിക്കുപോലും ജീവൻ കൊടുക്കുന്ന മഴയുടെ മന്ത്രജപങ്ങൾ...
അകലെ , കടലിന്റെ നെറുകയിൽ മഞ്ചാടിമണിയോളം ചുവപ്പുകൊണ്ട് അവളെ സ്വന്തമാക്കുന്നൊരു സൂര്യൻ !

Thursday 10 September 2015



മഴയുടെ നേർത്ത വിരലുകൾ ചേർത്തു പിടിച്ച് ഈ മനസ്സുറങ്ങാൻ തുടങ്ങിയിട്ടിതെത്ര നേരമായി...
മഴ എന്നിലും പെയ്യുന്നുണ്ടായിരുന്നു... ആരുടെയോ നെഞ്ചിടിപ്പിന്റെ നിലക്കാത്ത താളം പോലെ...

Tuesday 8 September 2015

ഭ്രാന്തിന്റെ കയത്തിലേക്ക് വേരറ്റു വീഴാൻമാത്രം എത്ര ആഴത്തിൽ മുറിവേറ്റിരിക്കും ആ മനസ്സ്...


മിഴിതോരാത്ത മേഘങ്ങൾക്കൊപ്പം അങ്ങകലെ ... ഇടനെഞ്ചുപൊട്ടി കരയുന്നതാരാവും..?
നാദമത്രയും നിന്നിലായിരുന്നു... നിന്റെ ചുണ്ടോടു ചേർക്കും വരെ മുറിവേറ്റ ഒരു മുളന്തണ്ടു മാത്രമായി ഞാൻ...


ഒരു കുടന്ന വെണ്ണയ്ക്കു പകരം നീ നൽകുമോ മനസ്സിന്റെ നെറുകയിൽ മാഞ്ഞു പോകാത്ത നിൻ മയിൽ‌പ്പീലിയുമ്മകൾ..?


കാറ്റിന്റെ കൈകളാൽ ചിതറിത്തീരുവാനായിരുന്നെങ്കിൽ എന്തിനാണ് നീയെന്നിൽ സ്നേഹത്തിന്റെ മഴ നിറച്ചത്..? എന്നെ മേഘമാക്കിയത്.?

Wednesday 2 September 2015



ചിരിച്ചും..ചിണുങ്ങിയും.. ഈ പകലിനോടൊപ്പം കണ്ണു പൊത്തിക്കളിക്കുന്ന കുറെ മഴമേഘങ്ങൾ...


മനസ്സിലെഴുതാത്തതെല്ലാം അക്ഷരങ്ങളുടെ ഔദാര്യമാണ്. മറുപടിക്ക് കാത്തുനിൽക്കാതെ മടങ്ങുന്നു...


നിന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനാവാത്തവണ്ണം ഒരു പിണക്കവും നമുക്കിടയിൽ അകലങ്ങൾ കൊണ്ടുവന്നില്ല...
മെല്ലെ വീശാൻ കാറ്റിനോടും പറന്നകലാതിരിക്കാൻ പൂക്കളോടും കെഞ്ചി എത്രനേരമായെന്നുണ്ണി കാവലിരിക്കുന്നു കാറ്റുലയ്ക്കുന്നൊരീ പൂക്കളത്തിന്നരികെ..


ഒരിക്കൽ ഒഴുക്കു നിലച്ച് നീയും ഞാനും പുഴയല്ലാതാവും... അന്ന്..നമുക്കിടയിൽ ഒരു നോവിന്റെ കടലിരമ്പുന്നുണ്ടാവും....


ഒരു ചെറുചിരിയിൽ ഈ പകലിനെ കൊരുത്തിടാൻ ഇന്നേതു നുണക്കഥയാണ് നീ മെനഞ്ഞെടുക്കുന്നത്‌...?


ഓർത്തെടുക്കുമ്പോൾ നാമിരുവരും വേരറ്റുപോയ ഭൂതകാലത്തിന്റെ ആവർത്തനങ്ങളാവുന്നു...