Wednesday 30 December 2015

ഓരോ പ്രാർത്ഥനയും ഓരോ ഓർമ്മപ്പെടുത്തലാണ്.. നഷ്ടങ്ങൾക്ക് വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തുവെക്കാൻ മാത്രം നീയെനിക്കെത്ര പ്രിയപ്പെട്ടതാണെന്ന്..
മനസ്സ് ചെന്നെത്താത്തൊരിടത്താണിപ്പോൾ മറുപടികൾ ഒളിച്ചിരിക്കുന്നത്...
വാക്കുകൾക്കിടയിലെ ചെറിയൊരകലം പോലെ മൗനത്തിന്റെ ഈ ഇടവേളകളിലാണ് നിന്നെയെന്നോട് ചേർത്തുവായിക്കുന്നതും നമുക്കിടയിൽ അകലങ്ങളില്ലാതെയാവുന്നതും...
പൊഴിഞ്ഞുവീണ ഇലകളോടും പിരിഞ്ഞുപോയ കിളികളോടും പരാതികളേതുമില്ലാതെ ഉണങ്ങിയ ശിഖിരത്തിലൊന്നിൽ രണ്ടു തളിരിലകളെ മാറോടു ചേർത്ത് ഒരു മുത്തശ്ശിമരം!
രാത്രിമഴയാവണം... നിലാവു പോലും കൂട്ടിനില്ലാത്ത രാത്രിയുടെ നിശബ്ദതക്കു മേലെ ആയിരം മണികളുള്ള ചിലങ്ക കെട്ടിയാടണം ...

Monday 14 December 2015

രാവോളം ഇരുണ്ട മുടിയോതുക്കിക്കെട്ടി
അലസമായ് ഒരാകാശം വാരിച്ചുറ്റി
നെറുകയിൽ പുലരി ചാർത്തിയ
തൊടുകുറിയുമായി
എത്ര തേജസ്സോടെയാണ്
ഒരു പകലുണരുന്നത്...
അമ്മയെപ്പോലെ...
അനുരന്ജനത്തിന്റെ കഥകളിലെപ്പോഴും കാണാം അക്ഷരങ്ങൾക്കു പിടികൊടുക്കാതെ പിടിവാശികളിലുറഞ്ഞു പോയ മൗനത്തിന്റെ സമരമുഖങ്ങൾ .

    ആര് പേരു ചൊല്ലി വിളിക്കുമ്പോഴാണ്‌ ആത്മാവ്‌ സ്വപ്‌നങ്ങൾ വിട്ടുണരുന്നതും മറ്റൊരു ജന്മത്തിന്റെ പകലിലേക്ക് ജാലകങ്ങൾ തുറന്നിടുന്നതും..?
കടൽ ഒരു മന്ത്രവാദിനിയാണ്. ചെവിയോർത്താൽ കേൾക്കാം അവളുടെ മാന്ത്രികവലയത്തിലേക്കൊഴുകിയെത്തിയ പുഴകളുടെ ആർത്തനാദങ്ങൾ.. മോചനത്തിനായുള്ള അലമുറകൾ..
കാരണങ്ങളുടെ കടവിൽ കെട്ടിയിടാതെയും പ്രതീക്ഷകളുടെ തുഴയെറിയാതെയും വെറുതെ..ഈ സ്നേഹത്തിന്റെ ഒഴുക്കിലേക്കിങ്ങനെ...
നീണ്ടുപോകുന്ന ഈ മൌനത്തിന്റെ മഞ്ഞു കൊള്ളുമ്പോഴെല്ലാം നമുക്കിടയിലും എന്തോ കൊഴിഞ്ഞു വീഴുന്നുണ്ട്‌... ഇല പൊഴിയും പോലെ...