Monday 30 September 2019

ഇടയ്ക്കിടെ നീയും
മറന്നു പോകുന്നു...
ഓർത്തെടുക്കാനൊരിടമുണ്ടെന്നും
ഓർമ്മവഴിയവസാനിക്കുന്നിടത്ത്
ഒരു വീടുണ്ടെന്നും...
ഓർമ്മകളെത്തുന്നിടത്തെല്ലാം
നീയുണ്ട്...
മനസ്സ് ചെന്നെത്തുന്നിടത്തെല്ലാം
ഓർമ്മകളും....

Friday 27 September 2019

ആരില്ലായ്മയിലാണ്
ഒരു വരി പോലും
കുറിക്കാനില്ലാത്തവണ്ണം
മനസ്സിത്രകണ്ട്
ശൂന്യമായിപ്പോകുന്നത്..
ഓർമ്മകളുടെ അടയാളം
പോലുമവശേഷിപ്പിക്കാതെ
സ്വപ്നങ്ങളിറങ്ങിപ്പോകുന്നത്...
ഒരു പാട്ടിന്റെ മൂളൽ പോലുമില്ലാതെ
ലോകമിത്രക്കങ്ങ്
നിശബ്ദമായി പോകുന്നത്..? 

Tuesday 24 September 2019

ഉറുമ്പുവായനകൾ


പാതിപ്രാണനായ
ഒരു കവിയുടെ ഹൃദയം
ചുമന്നുകൊണ്ട് പോകുന്ന
ഉറുമ്പുകളെ
കണ്ടതിൽ പിന്നെയാണ്
ഞാൻ എന്റെ കവിതകളുടെ
വാ മൂടിക്കെട്ടാൻ തുടങ്ങിയത്.
അക്ഷരങ്ങൾക്ക് മേലെ
അരിച്ചരിച്ചു കയറിപ്പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങളെ
സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന
രാത്രികളെത്രയാണെന്നോ..

വരികളിലെ
മധുരം തേടിപ്പോകുന്ന
ഉറുമ്പുകൾ...
ശവംതീനിയുറുമ്പുകൾ..
ഒന്ന് തൊട്ടാൽ
വിരൽത്തുമ്പിലേക്ക്
പുളിമണം പടർത്തുന്ന...
ഒരൊറ്റക്കടിയിൽ നീറ്റലേറ്റുന്ന
പുളിയനുറുമ്പുകൾ...
ഒന്നായിവന്ന് ആകെപ്പൊതിഞ്ഞ്
വാക്കുകളോരോന്നായി
കൊത്തിപ്പറിക്കുന്ന
നെയ്യുറുമ്പുകൾ...
വരിയാഴങ്ങളിലേക്കൊന്ന്
എത്തിനോക്കാൻ പോലും
കൂട്ടാക്കാതെ
വെറുതെ ഇഴഞ്ഞു നീങ്ങി
ഇക്കിളിപ്പെടുത്തുന്ന
കൂനനുറുമ്പുകൾ..

ഇന്നലെ
പാതിയെഴുതി മറന്നു വച്ച
കടലാസ്സിലപ്പാടെ
ഉറുമ്പുകടിയേറ്റു തിണിർത്ത
പാടുകളുണ്ട്..
പേന മുക്കാലും
തിന്നു തീർത്തിരിക്കുന്നു.
വിരൽ തുമ്പിൽ
കടിച്ചുതൂങ്ങികിടക്കുന്നു
മറ്റൊരുറുമ്പ്...

ഇന്നിതിപ്പോൾ
പതിനാലാമത്തെ
രാത്രിയാണ്...
ഉറുമ്പുകളെ
സ്വപ്നങ്ങളിൽ നിന്നും
ഇറക്കിവിടാൻ
മനസ്സിന്
താക്കീത് കൊടുത്തുറങ്ങുന്ന
പതിനാലാമത്തെ രാത്രി.
പതിവ് തെറ്റിക്കാതെ
പുസ്തങ്ങളിൽ നിന്നകലെ മാറി
കൊതുകുവലയുടെ
സുരക്ഷിതത്വത്തിലേക്കു
ഉറങ്ങിവീണ മറ്റൊരു രാത്രി .
സ്വപ്നങ്ങളുടെ അതിരുകളും
കടന്ന് ഞാനെപ്പോഴാണ്
ഉറുമ്പുകളുടെ രാജ്യത്തെത്തിയത്?
കൊതുകുവലയുടെ നേർത്ത സുഷിരങ്ങൾക്കുള്ളിലൂടെ
ഇറങ്ങിപ്പോകാനും മാത്രം
ചെറുതായത്...?
ജനാലവിടവിലൂടെ കടന്ന്
മേശക്കരികിലെ
ഉറുമ്പിൻ കൂട്ടിലേക്കെത്തിപ്പെട്ടത്?

വിരലുകൾക്ക്
ഇന്നലെ വായിച്ച
പുസ്തകത്തിന്റെ മണം..
നാവിലോ
വരികളവസാനിക്കുന്നിടത്ത്
ചത്തുകിടന്ന പക്ഷിക്കുഞ്ഞിന്റെ
പച്ചമാംസത്തിന്റ രുചി...
വായിക്കാൻ മാത്രമുള്ള
ഒരു വിശപ്പ്...

തലക്കെട്ട് മുതൽ
കാർന്നു തിന്നാൻ പാകത്തിൽ
തുറന്ന് വച്ചിരിക്കുന്ന
ഒരു പുസ്തകത്തിലേക്ക്
നിരതെറ്റാതെ പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ!
പിറകെ,
വടിവൊത്ത അക്ഷരങ്ങളിലൂടെ
അരിച്ചരിച്ച് ഞാനും...































Saturday 21 September 2019

കാവ്യവിചാരണ


ഒരു സങ്കോചവും കൂടാതെ
ഒരു നേർത്ത കടലാസിലേക്ക്
ഹൃദയം കുടഞ്ഞിടുന്നവനെ
ഭീരുവെന്നെങ്ങനെ വിളിക്കും..?
ലോകമവനെ വായിക്കുന്നത്
ഇമചിമ്മാതെ നോക്കിയിരിക്കുന്നവനെ,
സ്വന്തം മനോവ്യാപാരങ്ങളെ
ഇഴകീറിയെടുത്തു വിശകലനം
ചെയ്യുന്നവർക്ക് നേരെ
പുഞ്ചിരിയെറിഞ്ഞു കൊടുക്കുന്നവനെ,
തന്റെ രഹസ്യങ്ങളെ
അതിമനോഹരമായി
ഉറക്കെ പാടുന്നവർക്കു മുന്നിലിരുന്ന്
കയ്യടിക്കുന്നവനെ,
തന്റെ വരികളുടെ താളത്തിലേക്ക്
അവരുടെ ഹൃദയമിടിപ്പുകളെ
മാറ്റിയെഴുതുന്നവനെ
എങ്ങനെ ഭീരുവെന്നു വിളിക്കും?
കൂർത്തനോട്ടങ്ങളാൽ
വരികൾക്കുള്ളിൽ നിന്നും
കരടുകൾ
കണ്ടെടുക്കുന്നവർ,
ഒരു വാക്കിൻ പിഴവിന് പോലും
ശിക്ഷ വിധിക്കുന്നവർ,
ഓരോ വായനയിലും
തള്ളിപ്പറയുന്നവർ,
അവന്റെ
ഹൃദയമുറിവുകളിലേക്കു തന്നെ
ആഞ്ഞാഞ്ഞു കുത്തുന്നവർ...
ക്രൂശിക്കപ്പെടുമ്പോഴും
കടലാസിലേക്ക്
തന്റെ ജീവരക്തമിറ്റിക്കുന്നവനെ,
മരിച്ചിട്ടും
മൂന്നാം നാൾ
പുതിയ കവിതയിലേക്ക്
ഉയിർത്തെഴുന്നേൽക്കുന്ന അവനെ
ധീരനെന്നു തന്നെയല്ലേ വിളിക്കേണ്ടത്?





Tuesday 17 September 2019

കേട്ടിട്ടും കേട്ടിട്ടും മതിവരാതെ...
ഈ പാട്ടിനിതെന്തു മധുരമാണ് !
വാക്കുകളിൽ
അടയാളപ്പെടുത്താത്തത്
കൊണ്ട് മാത്രം
വായിക്കപ്പെടാതെ പോകുന്ന
ചില മനുഷ്യരുണ്ട്...
മനസ്സുകളും...
മൊഴിയകലങ്ങളല്ല ,
കടുത്ത പഥ്യങ്ങൾ !
ഇന്നലെകളുടെ
നോവുണക്കാൻ പോലുന്ന
മനസ്സിന്റെ
കർക്കിടക ചികിത്സകൾ...
ചിലതൊക്കെ വിധിയുടെ
തീരുമാനങ്ങളാണ്.
സ്വപ്നങ്ങൾക്കു മേലെ പറക്കുന്ന
കാലത്തിന്റെ ശരികളാണ് .
അതിമനോഹരമായി
വായിക്കപ്പെടുകയാണ്...
വരികളൊക്കെയും 
നിന്റെ വായനയാൽ
കവിതപ്പെടുകയാണ് !