Friday 29 January 2016

ഒന്നിച്ചൊരു പെരുമഴ നനയണം.. പിന്നെയൊരു പനിച്ചൂടിൽ ആ മഴയോർമ്മകളെ പുതച്ചുറങ്ങണം...
പനിവിരലുകൾ കൊണ്ട് നീയെന്നിൽ കുറിച്ചിടുന്ന ചില മഴയോർമ്മകൾ..

Wednesday 27 January 2016

എനിക്കറിയാം.. പ്രിയമുള്ള ഒരു സ്വപ്നത്തിന്റെ നിറവിൽ ഉണരാൻ മടിച്ച്... കൺപീലികൾ ചേർത്തടച്ചിരിക്കയാണെന്ന്...
നീതിയുടെ നെഞ്ചിലാണവർ ഉറഞ്ഞു തുള്ളുന്നത്. നേരിന്റെ നെറുകയിലാണ് ആഞ്ഞു വെട്ടുന്നത്. ഇന്നിന്റെ ശരികൾ ഈയിടെയായി ഇങ്ങനെയാണ് വാഴ്ത്തപ്പെടുന്നത്.
പകൽസ്വപ്നങ്ങളുടെ തിരി അല്പം താഴ്ത്തി വെയ്ക്കട്ടെ... എനിക്കിനി ഈ നിലാവിന്റെ കൂട്ട് മതിയാവും...
ആത്മാവിൽ പ്രണയത്തിന്റെ ആദ്യത്തെ തുടിപ്പ്.... ആഹാ ! അവളിന്നെന്നത്തേക്കാളുമേറെ സുന്ദരിയായിരിക്കുന്നു....
നമ്മൾ മൗനത്തിലേക്കാഴ്ന്നു പോയതല്ല.. വിലക്കപ്പെട്ട അക്ഷരങ്ങൾക്കു മേലെ വിധി മഞ്ഞു കുടഞ്ഞിട്ടതാണ്... വാക്കുകളെ മഞ്ഞിൽ മറവു ചെയ്തതാണ്...
ചേക്കേറാൻ ചില്ലകളില്ലാതാവുമ്പോഴാണോ പക്ഷികൾ ചക്രവാളത്തിലേക്ക് പറന്നകലുന്നതും..ഒടുവിൽ ചിറകൊതുക്കി ഒരു കടലാഴത്തിലേക്ക് മാഞ്ഞുപോവുന്നതും..?
കയ്യെത്താത്തൊരകലം.. യാത്രപറയാനിടം കൊടുക്കാത്തൊരടുപ്പം.. ഇഷ്ടങ്ങൾ കൊണ്ട് വരച്ചിടുന്ന ചില ദൂരങ്ങളുണ്ട് നമുക്കിടയിൽ...
ഓരോ നോട്ടത്തിലും ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന നിന്റെ സൂര്യനേത്രങ്ങളുടെ താപത്തിൽ മിഴികൂമ്പി നിൽക്കുകയാണ്..
നെറുകയിൽ ഒരു മഞ്ഞുതുള്ളി വന്നുമ്മവെക്കുമ്പോഴാവണം... അവളെപ്പോലെ..ഒരു പൂവിലും ഒരു പകലുണരുന്നത്...
നിലാക്കൈകൾ നീട്ടി ആകാശം മാടി വിളിക്കുമ്പോഴെല്ലാം പിണക്കം മറന്നു പിന്നെയും നക്ഷത്രമാവാൻ കൊതിക്കാറുണ്ടത്രേ ചില മിന്നാമിനുങ്ങുകൾ ഇപ്പോഴും..
കടലിനോട് കഥ പറഞ്ഞിരിക്കുമ്പോൾ മാത്രമെന്തേ... അക്ഷരങ്ങളുടെ കവിളു തുടുക്കുന്നതും ആകാശത്തിൽ കവിത വിരിയുന്നതും..?
ശരീരമാസകലം കാമനേത്രങ്ങളുള്ള മനുഷ്യരൂപങ്ങൾക്കു നേരെ വിരൽ ചൂണ്ടുവാനെങ്കിലും അഹല്യ.. നീ ശിലയായി മാറരുതായിരുന്നു...
നിന്റെ ശരികളുടെ കൂടിനുള്ളിലിരുന്ന് അവൾ ആകാശം സ്വപ്നം കാണാറുണ്ട്... പൊഴിഞ്ഞ തൂവലുകൾ ചേർത്തുവച്ച് ചിറകുകൾ നെയ്യാറുണ്ട്....
ഒരിക്കൽ പോകണം. കാലത്തിന്റെ അറ്റത്ത്‌ ഓരോ ജന്മങ്ങളുടെയും ഓർമ്മകൾ കൊത്തിവച്ച കൽത്തൂണുകൾ ഉണ്ടാകും അവിടെനിന്നും നിന്റെ പേര് വായിച്ചെടുക്കണം.
മറവിയുടെ മാറാലക്കൈകളിലേക്ക് മനസ്സെറിഞ്ഞു കൊടുക്കണം... ഇനി എന്റെ കൈപ്പടയിൽ നാളെകൾ എഴുതിത്തുടങ്ങണം...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...