Tuesday 29 March 2016

അവൻ ജീവിതത്തിനെ കുറിച്ച് പറഞ്ഞു...
അവൾ സ്വപ്നങ്ങളെ കുറിച്ച്..
അവൻ ശരീരത്തെ കുറിച്ച് പറഞ്ഞു..
അവൾ ആത്മാവിനെ കുറിച്ചും..
അവൻ ഇന്നിനെ കുറിച്ച് പറഞ്ഞു..
അവൾ ഇനിയുള്ള ജന്മങ്ങളെ കുറിച്ചും...
ഒരേ പുഴയുടെ ഇരു കരകളാണ് നമ്മൾ... കടലോളം നീളുന്ന പുഴയുടെ സഞ്ചാരത്തിന് വെറുതെ കൂട്ടുപോകുന്നവർ...
ഋതുവിന്റെ മൂന്നാം കണ്ണിൽ വേനലാണ്..
കാത്തിരിക്കാൻ ഇടമില്ലാത്തവരുടെ... പങ്കുവക്കാൻ സമയമില്ലാത്തവരുടെ... പിൻവിളികളാണ്....വേണ്ട...മടങ്ങിവരേണ്ട.
ചൂടാറിയ ചായകപ്പിന് അപ്പുറത്തിരുന്ന് ആവി പാറുന്ന നോട്ടങ്ങളെറിയുന്നുവോ നീയും... ഈ വേനൽ പുലരി പോലെ..?
മൗനത്തിന്റെ പുതപ്പിന്നടിയിൽ വാക്കുകൾ നിശബ്ദമായി കലഹിച്ചുകൊണ്ടിരുന്നു... ആരോടെന്നില്ലാതെ പരാതികൾ പറഞ്ഞുകൊണ്ടിരുന്നു....
ആദർശങ്ങൾക്കൊരിക്കലും അടിയറവ് പറയേണ്ടിവരില്ലായിരിക്കും. അഗ്നിയിലെരിയാത്ത സത്യങ്ങളിപ്പോഴും ഭൂമി പിളർന്ന് മറഞ്ഞു പോകുകയാണല്ലോ...
ഒരു നുണക്കുഴിയോളം പോന്ന സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ച് ഓരോ ചിരിയുമെന്നോട് നുണ പറയുകയാണിപ്പോൾ...
വേരുകളും ശിഖിരങ്ങളുമില്ലാതെ.. ഒന്നിലേക്കും വളരുവാനാവാതെ.. പ്രണയമെന്തേ ഹൃദയഭിത്തിയിൽ ഇങ്ങനെ പച്ച നിറമായ്‌ പടരുന്നു..?
കാഴ്ചക്കപ്പുറത്ത്... കാൽപ്പെരുമാറ്റങ്ങൾക്കുമപ്പുറത്ത്.. നെഞ്ചിടിപ്പിന്റെ വേഗങ്ങൾക്ക്‌ എത്തിപ്പെടാനാവാത്ത ദൂരങ്ങളുണ്ടാവുമോ..?
മുറിച്ചു മാറ്റിയതല്ലേയുള്ളൂ വേരറ്റു പോയിട്ടില്ലല്ലോ..?
തനിക്കു തോന്നുമ്പോഴെല്ലാം തലവര മാറ്റിയെഴുതുന്ന വിധിയുടെ നേരമ്പോക്കുകൾ...
പറഞ്ഞാലും തീരാത്ത നാലുമണി കഥകളുമായി കുരുന്നുകൾ മടങ്ങിയെത്തുമ്പോഴാണ്‌ ഉറക്കച്ചടവുവിട്ട് അടുക്കളയുണരുന്നതും വീടാകെ പലഹാര മണം പരക്കുന്നതും.
ഇന്നലെയുടെ ആവർത്തനങ്ങളിൽ.. നാളെയുടെ ഓർമ്മപ്പെടുത്തലുകളിൽ എന്തിന്.. ഇന്നിന്റെ നിശ്വാസങ്ങളിൽ പോലും .. നീയാണ്...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...