Tuesday 18 May 2021

 


ഒന്നുറപ്പാണ്..

മനസ്സിന്റെ പൂട്ട്

തകർത്തിട്ട് തന്നെയാണ് 

അകത്തു

കയറിയിരിക്കുന്നത്...

ഓർമ്മകളൊക്കെ

അങ്ങിങ്ങായി

ചിതറിക്കിടപ്പുണ്ട്...

സ്വപ്‌നങ്ങൾ കണ്ണിൽ തന്നെ

ഉപേക്ഷിച്ച മട്ടാണ്...

ഉറക്കം മാത്രമാണ്

കളവ് പോയിരിക്കുന്നത്...


 



എത്രയേറെ സാമ്യതകൾ കൊണ്ടാണ് 

ഓരോ നേരങ്ങളും

നമ്മളെ അടയാളപ്പെടുത്തുന്നത്...

ചിലപ്പോൾ തോന്നും,

ഒരക്ഷരത്തെറ്റ് പോലുമില്ലാതെയാരോ 

ഒരേ കൈപ്പടയിൽ

എഴുതിച്ചേർത്തവരാണ്

നമ്മളെന്ന്...










 


Monday 17 May 2021

 കോപത്തിന്റെ തീ ചുരിക

ചുഴറ്റിയെറിഞ്ഞു കൊണ്ട്

ആകാശം കലിപൂണ്ട് നിൽപ്പുണ്ട്...

മനസ്സ് മുറിഞ്ഞ് പെയ്യാനൊരുങ്ങി

കുഞ്ഞു മേഘങ്ങളും...

 ഏതേതു കാരണങ്ങളെ 

കൂട്ടുപിടിച്ചാലാണ് നിനക്കിനി 

നേരിന് മുഖം കൊടുക്കാനാവുക...

എത്രയേറെ  നുണകൾ 

നിരത്തിയാലാണ്

നിനക്ക് നിന്നെയിനി  വീണ്ടെടുക്കാനാവുക...?

 സന്തോഷാധിക്യം കൊണ്ടോ

ഓർക്കുംതോറും ഇരട്ടിക്കുന്നൊരിഷ്ടത്തിന്റെ

സാമീപ്യം കൊണ്ടോയെന്നറിയില്ല,

ഒന്നായത്തിലാട്ടിയില്ലെങ്കിൽ കൂടി 

ആകാശം തൊട്ടുവന്നേക്കുമെന്ന

തോന്നലാണ്...

സ്വപ്നങ്ങളുടെ ഊഞ്ഞാൽപ്പടിയിൽ

കാലത്തിന്റെ കൈവിരൽ പതിക്കുന്ന നേരങ്ങൾ !

 മനസ്സ് തൊട്ടിട്ടൊന്നു

പറയെന്റെ മേഘമേ

മഴയെന്നാൽ 

വിണ്ണിൽ നിന്ന് 

മണ്ണിലേക്കുള്ള

വെറുമൊരു

യാത്രമാത്രമല്ലെന്ന്...

പെയ്തുലക്കാതെ

ഇടയ്ക്കിടെ

കവിളിൽ തൊട്ട്

പോവാറുള്ള

ഇളംതണുപ്പ്

പോലുമൊരു

മഴയാണെന്ന്...

മണ്ണറിയാതെ

മരമറിയാതെ

പെയ്യുന്നതത്രയും 

നീയാണെന്ന്...

 ഓരോ സന്തോഷങ്ങളുടെയും

തുടർച്ചകളുണ്ടാവട്ടെ...

ഓരോ പ്രാർത്ഥനകളുടെയും

ഉത്തരം അതിലുണ്ടാവട്ടെ ...

സ്നേഹം മാത്രം പുലരുന്ന

പുലരികളും..

സ്വപ്‌നങ്ങൾ

ചിറകടിച്ചുയരുന്ന പകലുകളുമുണ്ടാവട്ടെ...

ഓരോ ചുണ്ടിലും

ചിരികൾ വിടരാൻ

കാരണങ്ങളൊരുപാടുണ്ടാവട്ടെ...

 അവരങ്ങനെയാണ്..

എത്ര പിണങ്ങിയാലും 

പ്രതീക്ഷിക്കാത്തൊരു നേരത്ത് വന്ന് 

മഴയിങ്ങനെ മിണ്ടാൻ തുടങ്ങും...

കാത്തിരുന്നൊരു ശബ്ദം

കാതിൽ വന്നലക്കേണ്ട താമസം

മനസ്സലിഞ്ഞ് മണ്ണും...

 പാതിയിൽ മുറിഞ്ഞു പോയെങ്കിലും

കൺമുന്നിൽ നിന്നും കളവ് പോയൊരാളെ,

കാലങ്ങളായി കാത്തിരുന്നൊരാളെ 

കൺ നിറയെ കാണിച്ചു തന്നതിന്

എന്റെ ഉച്ചയുറക്കമേ...

നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു...

 വെറുതെ പാടുകയല്ല,

വരികളിൽ നിന്നെയോർത്തെടുക്കുകയാണ്...

പറയാൻ കരുതി വച്ചതൊക്കെയും

ആ പാട്ടിലേക്ക് പരിഭാഷപ്പെടുത്തുകയാണ്... ഒരീണത്തിലിങ്ങനെ  നിന്നോട്

പ്രണയം പറയുകയാണ്...

 സ്വന്തമാണെന്ന തോന്നലുകളെപ്പോലും

തിരികെ ചോദിക്കുന്ന

ചില മൗനങ്ങൾ...

 ആഘോഷങ്ങളിനിയും

അവസാനിച്ചിട്ടില്ല.

എത്രയോ ചുണ്ടുകളിലേക്ക് 

അതിപ്പോഴും

നുരഞ്ഞു പൊന്തുന്നു...

മധുരത്തിൽ പൊതിഞ്ഞ

ചിരികളെ വച്ചുമാറുന്നു....

പറഞ്ഞു പറഞ്ഞ് 

സന്തോഷങ്ങളെ

ഊതി വീർപ്പിക്കുന്നു....

ഇത്തിരിയകലെ മാറി 

ഒരു കുഞ്ഞു കാരണം മാത്രം  അമ്മയുടെ തോളിൽ തൊപ്പിവച്ചുറങ്ങുന്നു..

 കവി...

ഒരു കവിതയിൽ പോലും 

കണ്ടുകിട്ടാനില്ലാത്ത വണ്ണം  

എവിടേക്കാണ് നീ

കളഞ്ഞ് പോയത്..

ഒരു നിഴൽപ്പാട് പോലും

പിന്നിലവശേഷിപ്പിക്കാതെ 

ഏതു നേരങ്ങളിലേക്കാണ് 

കടന്നു കളഞ്ഞത്...

വായിച്ചിട്ടും വായിച്ചിട്ടും

കണ്ണിലുടക്കാത്ത 

ഏതു വരിയിലാണ് 

സ്വയമൊളിപ്പിച്ചു വച്ചിരിക്കുന്നത്..?

 പതുപതുത്ത കാൽപാദങ്ങൾക്കുള്ളിൽ

കൂർത്ത നഖങ്ങൾ

ഒളിപ്പിച്ചു വച്ചിട്ട്

ഓമനത്തമുള്ള ഒരു പൂച്ചകുഞ്ഞിനെപ്പോലെ 

പമ്മിക്കൂടിയിരിക്കുകയാണ്

ജീവിതമിപ്പോൾ...

ഇന്നലെ

കൈത്തണ്ടയിലേൽപ്പിച്ച

മുറിവിന്റെ നീറ്റൽ

മറന്നു കൊണ്ട്

അതിനെ

നെഞ്ചോടു ചേർത്ത് പിടിച്ച്

നമ്മളും...

 ഓർമ്മയില്ലേ...

ഒരു കഥ ഇപ്പോഴും കടമാണ്.

പറഞ്ഞു തുടങ്ങി പാതിയിൽ

നിറുത്തിയിട്ട്

ഇനിയൊരിക്കലാവട്ടെ 

എന്നും  പറഞ്ഞ് 

ഒരു കൗതുകത്തീപ്പൊരി

ഉള്ളിൽ കുടഞ്ഞിട്ട് പോയ

ആ കഥ!

 മനസ്സ് മഷിപുരട്ടി സൂക്ഷിക്കണമെന്ന്

പറഞ്ഞേൽപ്പിച്ചു പോയ

ഒരാളുണ്ട്....

മടങ്ങിവരുന്നതോർക്കുമ്പോഴേ

എനിക്ക് ചിരിയാണ്...

ചോദിച്ചിങ്ങു വരട്ടെ ,

മടക്കിയേൽപ്പിക്കാൻ

എനിക്കു മനസ്സില്ല

എന്ന് പറയണം...

 നമ്മൾ നമ്മളല്ലാതായിത്തീരും മുൻപേ 

നമ്മളുപേക്ഷിച്ചയിടങ്ങളും..

നമ്മൾ നമ്മളായത് കൊണ്ട് മാത്രം 

നമ്മളെയുപേക്ഷിച്ച ഇടങ്ങളും..

അല്ലെങ്കിലും,

നമ്മളില്ലാത്ത ഇടങ്ങൾ

നമുക്കെന്തിനാ...

 ചില വൈകുന്നേരങ്ങളിൽ

ഇഞ്ചിയും ഏലയ്ക്കാതരിയുമിട്ട

ചായയുമായി

ഒരു മേശക്കിരുപുറം

ഞങ്ങൾ മുഖാമുഖമിരിക്കും

പഞ്ചസാര വിതറിയിട്ട

ബിസ്‌ക്കറ്റിനോടൊപ്പം

ഓരോരോ പാട്ടുകളാസ്വദിക്കും

കഥകൾ പറയും

അവളപ്പോൾ 

കടുക്മണിപോലെ

പൊട്ടിച്ചിരിക്കാൻ തുടങ്ങും

ചിരിയിൽ പിശുക്കിന്റെ 

കണക്ക് മറന്ന്

ഞാനും..

 ഇടയ്ക്കിടെ

മനസ്സ് വേരോടെ

പിഴുതു നോക്കിയിട്ടാണ് 

ചിലർ സ്നേഹമുണ്ടെന്ന്

ഉറപ്പ് വരുത്തുന്നത്...

പ്രാണനോളം ആഴത്തിൽ 

ഹൃദയം തുരന്നു നോക്കിയിട്ട് 

അതിന്റെ മധുരവും...

 ഓരോ ചില്ലയിലും

ഒരായിരം ചിറകുകളുള്ള

ഒരാശ മരം!

 മറന്നു പോകില്ലെന്ന്

മനസ്സ് പറഞ്ഞിരുന്നു...

വെറുതെയൊരു

വാക്കാലെങ്കിലും

വരവറിയിക്കുമെന്നും...

അല്ലെങ്കിലും,

ഒരു തരിയോളം പോലുമിഷ്ടം

മതിയാവും

പ്രിയമുള്ളവരിലേക്കുള്ള

വഴിയോർത്തെടുക്കാൻ...

പരിഭവങ്ങളെ അലിയിച്ചു കളയാൻ....

മറവികളിലേക്കാണ്ടു പോകും മുൻപേ 

മനസ്സിനെ വീണ്ടെടുക്കാൻ...

 അവളോടൊപ്പം വീടും ചിരിക്കും...

അവളുടെ കണ്ണ് നിറയുമ്പോൾ

ഒച്ചയില്ലാതെ

വീടും കരയും...

ഇന്നിപ്പോൾ വീട്

പണിമുടക്കിലാണ്...

ഒരു പനിച്ചൂടിലതങ്ങനെ

മൂടിപ്പുതച്ചിരിപ്പാണ്...

 ഏതു സാഹചര്യത്തിലും

ഒപ്പമുണ്ട് എന്ന

ആ ഒരൊറ്റ കാരണം കൊണ്ട്...

 ഒരിത്തിരി ബാമ് എടുത്ത്

നെറ്റിയിൽ തടവി തരുന്നത്..

കടുപ്പത്തിലൊരു ചായയിട്ട് 

കൊണ്ടു തരുന്നത്...

പിന്നെ,

കുറവുണ്ടോയെന്ന് പതിയെ  ചെവിയിൽ ചോദിക്കുന്നത്...

തലവേദന സ്വപ്നം കാണാറുള്ളത്

ഇപ്പോഴും ഇതൊക്ക തന്നെയല്ലേ...?

 


ചിലപ്പോൾ തോന്നും ഉള്ളിലൊളിചിരിക്കുന്ന

പേടികളാണ്

ശ്വാസഗതിയെ

നിയന്ത്രിക്കുന്നതെന്ന്..

ആവശ്യമില്ലാത്തൊരാവലാതിയാണ്

നിമിഷങ്ങളെ

നീട്ടിക്കൊണ്ട് പോകുന്നതെന്നും...

നെഞ്ചിലൊരു കരച്ചിൽ

വെറുതെ വന്നിരുന്ന്

ചിറകിട്ടടിക്കുന്നുണ്ട്...

ഇല്ലാത്ത കാരണങ്ങളെ ചൊല്ലിയാരോ

മനസ്സിലിരുന്ന് കയർക്കുന്നുമുണ്ട്...

പൊരിവെയിലിൽ നിന്ന്

കയറി വന്നിട്ടെന്നപോലെ

ഈ വെളിച്ചത്തിലും

ഞാൻ നിന്നു പരതുകയാണ്...

എന്നെ തിരയുകയാണ്...

 എന്റെ സ്വപ്നങ്ങൾ

പ്രകൃതി യെന്ന്

പേരിട്ടു വിളിക്കുന്ന 

നിന്റെ വീട്...

എത്രയോ വരികളിലൂടെ

എന്റെ സങ്കൽപ്പങ്ങളുടെ

കൈവെള്ളയിൽ 

തണുത്ത കാറ്റയോ,

നേരിയ മഴചാറ്റലായോ

പൂവായോ പുഴയായോ

നീ വന്നിരിക്കാറുള്ള

അതേ മൺവീട് !

 ഓർമ്മകൾക്ക്

മുഖം കൊടുക്കാതെയുള്ള

ചില ഒളിച്ചിരിക്കലുകൾ..

കാണെക്കാണെ 

കൺവെട്ടത്തു നിന്നും

മാഞ്ഞു പോകുമെന്നോർത്തുള്ള 

ചില കണ്ണടച്ചിരിക്കലുകൾ...

മറക്കാനിതെന്തു മാത്രം

സൂത്രപ്പണികളാണ്

മനസ്സിന്റെ കയ്യിലെന്നോ...

 നമ്മൾ ആശ്വാസത്തിന്റ

കുടയാവുമ്പോഴേക്കും

സങ്കടമഴയിൽ കുതിർന്ന് അവരില്ലാതായിട്ടുണ്ടാവും..

നമ്മൾ സ്നേഹത്തിന്റെ

ചാറ്റൽ മഴയാവുമ്പോഴേക്കും

വേദനയുടെ വെയിലിലവർ വാടിവീണിട്ടുണ്ടാവും

കഥയിൽനിന്നവരെ നമ്മൾ 

കണ്ടെടുക്കുമ്പോഴേക്കും

നേരമവരെ കാലങ്ങൾക്കപ്പുറത്തേക്ക്

കടത്തിക്കൊണ്ടു പോയിട്ടുണ്ടാവും..

 ഈ മുഖംമൂടിക്കാലത്ത്

മാത്രമല്ല,

എല്ലാ കാലങ്ങളിലും

അതങ്ങനെ തന്നെയായിരുന്നില്ലേ...

അടുത്തറിയും തോറും

അപരിചിതരാവുന്നവരല്ലേ 

അധികവും...?

ഉള്ളതിലത്രയും നേരം

 



ആരുടെയും കഥകളിലേക്ക്

അനുവാദമില്ലാതെ കടന്നു

ചെന്നതൊന്നുമല്ലല്ലോ...

എത്രയോ വരികളിലേക്ക്..

അവനവനെ

പകർത്തി വച്ചിരിക്കുന്ന

ഇടങ്ങളിലേക്ക്

അവർ ക്ഷണിച്ചു വരുത്തിയതല്ലേ...

പുസ്തകത്തിലൊരിപ്പിടം

ഒരുക്കി വച്ചിരുന്നതല്ലേ...

ഇനിയൊരിത്തിരി താമസിച്ചേ

മടങ്ങുന്നുള്ളൂ..

അല്ലെങ്കിലും 

ആരു തിരക്കാനാണ്..?

പതിവ് പോലെ

ഒരു വാക്ക് ഒരാൾക്കൊപ്പം

നടക്കാനിറങ്ങിയതാണെന്നോ

പലവാക്കുകളെയും കൂട്ടുപിടിച്ചൊരു

യാത്ര പോയതാണെന്നോ

ഒക്കെ പറയുമായിരിക്കും..

ഓഹ്.. പോകാൻ  പറ

എത്ര നേരമായി 

കൂട്ടിയും കിഴിച്ചും

അളന്നും കുറിച്ചും

നിങ്ങളോടൊപ്പം 

ജീവിതം പണിയുന്നു...

ഇനിയെനിക്കല്പനേരം

ഇവിടെയിരിക്കണം

കൃത്യതയുടെ കളങ്ങളിലേക്ക്

നിങ്ങൾ നിറങ്ങളെ

പകുത്ത് വയ്ക്കുന്ന

അത്രയും നേരം...

ഒരു വാക്കിൽ നിന്ന്

മുറിഞ്ഞു പോയ അക്ഷരങ്ങളെ

തേടിപ്പിടിച്ചു കൊണ്ടുവരുന്ന

അത്രയും നേരം...

അക്കങ്ങൾ അക്കമിട്ടു

നിരത്തി എണ്ണം തികയ്ക്കുന്ന

അത്രയും നേരം...

അത്രയും നേരമെങ്കിലും 

എനിക്കും 

ഞാനായിട്ടിരിക്കണം...

അത്രയും നേരമെങ്കിലും....































Saturday 8 May 2021

 നീ ചിരിയുടെ

കുഴിയാനക്കുഞ്ഞുങ്ങളുമായി 

കവിൾപരപ്പിലേക്ക്

നൂണ്ട് കടക്കുന്നതും..

ഞാൻ കാലിടറുന്നൊരു

കട്ടുറുമ്പാവുന്നതും...

 നീതിയുടെ

നിഴൽ വെട്ടത്തു പോലും

നമ്മളില്ലാതാവുമ്പോൾ....

 ഓരോ പാട്ടും

ഓരോരോ

ഓർമ്മകളിലേക്കുള്ള

താക്കോലാണ്...

എത്ര തഴുതിട്ടാലും

ഒരു പാട്ട് വന്നു തൊട്ടാൽ 

തുറക്കാത്ത 

ഓർമ്മ വാതിലുകളുണ്ടോ..?

 എന്റെ കയ്യിലുമില്ല.

എങ്കിലും 

സങ്കൽപ്പങ്ങളിൽ

എന്നും വിരിയാറുള്ള

സമാധാനത്തിന്റെ

പുഷ്പങ്ങളിൽ ഒന്ന്

നിനക്കായി 

മാറ്റി വെക്കുന്നു..

വാടുകയോ

കൊഴിയുകയോ 

ചെയ്യാത്ത

ഒരു ഒറ്റച്ചിരിപ്പൂവ്!

 പുതിയ ദിവസങ്ങൾ

പിറക്കും മുൻപ്

ഇന്നലെത്തേത്

തുടച്ചു മിനുക്കി വയ്ക്കേണ്ടതുണ്ടോ..?

കഴിഞ്ഞു പോയ

ഓരോ നേരങ്ങളെയും

ഇഴകീറിയെടുത്ത്

നെയ്തു വയ്ക്കേണ്ടതുണ്ടോ..?

ഓർമ്മകളുടെ

പഴയ ഗന്ധം പേറുന്ന

ആ പാത്രങ്ങളിൽ തന്നെ

നാളെകളെ

ഏറ്റുവാങ്ങേണ്ടതുണ്ടോ...?

 ജീവിതമങ്ങനെയാണ്...  

മനസ്സിന്റെ കാലിഡോസ്കോപ്പിലേക്ക് 

മുറിഞ്ഞതും മുറിയാത്തതുമായ 

സ്വപ്നങ്ങളെയെല്ലാം കുടഞ്ഞിടും..

ഇല്ലാ നിറങ്ങളിലേക്ക് 

കാഴ്ചകളെ തിരിച്ചു വക്കും... 

നമ്മൾ പിന്നെയും ജീവിക്കും...

 മറുപടികൾ പിറക്കും വരെ

മനസ്സിനെ 

മറച്ചു പിടിക്കുന്നതെന്തിനാണ്... 

ചോദ്യങ്ങൾക്കൊപ്പം 

ഏറെ നേരം നടന്നിട്ട് 

പാതി വഴിയിൽ 

പൊയ്പ്പോവുന്നതെങ്ങോട്ടാണ്..? 

വാക്കുകളെ

പെരുവഴിയിലിങ്ങനെ 

തനിച്ചാക്കുന്നതെന്തിനാണ്...?

 മഞ്ഞിന്റെ മറനീക്കി വരുന്നുണ്ട്...

വെയിൽ കുടയും ചൂടി

ഒറ്റയ്ക്കൊരുച്ച !

 ഞാനപ്പോൾ ഒരിത്തിരി

നുണ പറയുകയായിരുന്നു...

വാക്കുകളിൽ മായം

കലർത്തുകയായിരുന്നു...

പേനത്തുമ്പിൽ പൊടിഞ്ഞ

ഒരു ചിരിപ്പാടിനെ

ഒരല്പം മായ്ച്ചു കളഞ്ഞിട്ട്

വരികളെ

മാറ്റിയെഴുതുകയായിരുന്നു...

അല്ലെങ്കിൽ,

ഒരൊറ്റ വായനയിൽ തന്നെ 

നീയെന്റെ 

മനസ്സെങ്ങാനും കണ്ടുപിടിച്ചാലോ..

 പൊന്ന് പോലെ നോക്കിയിട്ടും

ശരീരത്തിനിപ്പോഴും കൂറ് 

ജൈവ ഘടികാരത്തിന്റെ

സമയക്രമങ്ങളെ

പാടെ തെറ്റിച്ചു കൊണ്ട്

ഉള്ളിൽ കുടിയേറിപ്പാർക്കുന്ന

വേദനകളോടാണ്...

അനുസരണക്കേടിന്റെ

ഉസ്താദായ

മനസ്സിനോടാണ്...

 അങ്ങനെയെളുപ്പത്തിലൊന്നും 

വീണുകിട്ടാത്ത നേരങ്ങളാണ്.

എങ്കിലുമീയിടെയായി വീണ്ടും 

വെളുപ്പാൻ കാലത്ത്

ഏറെ ദൂരത്തേക്കൊരു

യാത്ര പോകുന്നതോ..

മഞ്ഞുപൊതിഞ്ഞ വഴിയോരത്ത് 

ഒരു ചുടുകാപ്പിയുടെ

രുചിയാസ്വദിച്ചു കൊണ്ട്

നമ്മളേറെ നേരം

മിണ്ടിക്കൊണ്ടിരിക്കുന്നതോ 

ഒക്കെയാണ്

സ്വപ്നം കാണുന്നത്...

 മേഘങ്ങളുടെ

ഒരു നേർത്ത

ചിറകടിയൊച്ച

പോലുമില്ലാതെ...

തണുത്തുറഞ്ഞ്...

ഒരു നീല നിശബ്ദത.

 പകൽ നിറങ്ങളെയൊക്കെ  

അഴിച്ചു മാറ്റി 

അവൾ നിലാവുടുക്കുന്നു..

ഇരുൾമുടി വാരിക്കട്ടുന്നു...

പിന്നെ,

ആകാശവിരിപ്പുകൾ

മാറ്റി വിരിച്ചിട്ട്

കുഞ്ഞു നക്ഷത്രങ്ങളെ

ഉറക്കാൻ കിടത്തുന്നു...

 മനസ്സിനുള്ളിലെ

സ്നേഹത്തിന്റ

തന്മാത്രകളെയത്രയും

ഹൃദയാകൃതിയിലന്ന് 

ചേർത്ത് വച്ചതായിരിക്കാം...

പിന്നെയതിനെ,

പ്രണയമെന്ന്

പേരിട്ടു വിളിച്ചതുമായിരിക്കാം...

 ചിറകുകളല്ല...

പറക്കാനുള്ള കാരണങ്ങളാണ്

എപ്പോഴും

കളഞ്ഞു പോകുന്നത്...

 മനസ്സിപ്പോൾ

അതിയായി സന്തോഷിക്കുകയും

അതിരുകളില്ലാത്ത വണ്ണം

നിന്നെ സ്നേഹിക്കുകയും

ചെയ്യുകയാണ്...

ജീവിതമേ,

ഇനിയെങ്കിലും

നിന്റെ പിടിവാശികളുടെ

കെട്ടഴിച്ചു വിടുക...

വെറുതെയെങ്കിലും 

ഓരോ വികൃതിയുമായി വന്ന്

വേദനിപ്പിക്കാതിരിക്കുക...

 വെളുത്ത പൂക്കൾ

വിരിഞ്ഞു നിൽക്കുന്ന

വള്ളിച്ചെടികൾ

പടർന്ന് കയറിയ

ജനാലക്കരികെ

ഞാനിരിക്കുകയായിരുന്നു

ആകാശമൊരു

പുഴ പോലെ

ഒഴുകുന്നുണ്ടായിരുന്നു

അതിൽ 

ചെറിയ റാന്തൽ

കത്തിച്ചുവച്ച

ഒരു തോണി!

പുലരുവോളം

നീ അകലേക്ക് 

തുഴഞ്ഞു കൊണ്ടേയിരുന്നു..

ഞാനോ

പുഴയിലേക്കൊരോരോ

പൂക്കൾ 

പൊഴിച്ചിട്ടു കൊണ്ടും..

 പിന്നെ..

ഹൃദയം അക്കരെ ഒരുമരക്കൊമ്പിൽ

മറന്നു വച്ചിരിക്കുകയാണെന്നും  പറഞ്ഞ് 

ഒരൊറ്റപ്പാച്ചിലായിരുന്നു...

 നീയെഴുതുന്ന

വരികൾക്കൊക്കെയും 

ബേബി പൌഡർ ന്റെ

മണമാണെന്ന്

തോന്നാറുണ്ട്...

ചിലപ്പോഴൊക്കെ,

അലക്കി മടക്കി കൊണ്ടുവന്ന

തുണികളിലെ

കംഫർട്ട്ന്റെ മണം...

ബാൽക്കണിയിൽ

ഇന്നലെ വിരിഞ്ഞ

കട്ടമുല്ലയുടെ..

പുതിന ഇലയുടെ...

ചൂടോടെ പൊടിക്കുന്ന

സാമ്പാർ കായത്തിന്റ...

ഫിൽറ്റർ കോഫിയുടെ...

അങ്ങനങ്ങനെ...

 കൊച്ചു കൊച്ചു സന്തോഷങ്ങൾ മതി 

ഒരു ചെറിയ ചായ കപ്പിൽ

കൊള്ളുന്ന അത്രയും..

അല്ലെങ്കിൽ,

മൊരിഞ്ഞ ഒരു ദോശക്കകത്ത്

പാത്തു വച്ചിരിക്കുന്ന

മസാലയോളം പോന്നത്...

 എനിക്കിപ്പോൾ നിന്നോട്

കലശലായ ദേഷ്യം വരുന്നുണ്ട്...

കണ്മുന്നിൽനിന്നും

കാണാമറയത്തേക്ക്

വലിച്ചെറിയാൻ

മനസ്സ് പറയുന്നുമുണ്ട്...

ഇഷ്ടം

അതൊന്നും കണ്ടില്ലെന്നു

നടിക്കുകയാണ്...

അതിപ്പോഴും,

ഇണങ്ങാനുള്ള കാരണങ്ങളെ

തിരഞ്ഞു പിടിക്കുകയാണ്...

കണ്മുന്നിലതോരോന്നായി

നിരത്തി വക്കുകയാണ്...

 ഒരു പാട്ടു തന്നെ 

ഒരാവർത്തി കൂടി

കേട്ടിട്ടുറങ്ങാൻ

ഞാൻ ഈ രാത്രിയെ

നീട്ടി വരയ്ക്കുന്നു..

ഉറക്കത്തിലേക്ക്

വഴുതി വീഴാൻ തുടങ്ങിയ

കണ്ണിമകൾ 

ഒരു

സ്വപ്നത്തിലേക്കെന്നപോലെ 

ഉണർന്നിരിക്കുന്നു

ഓരോ യാമങ്ങളിലും 

നീ മൂളിക്കൊണ്ടിരിക്കുന്നു... 

ഞാനോ ,

രാവറ്റം

പുലരിയിലേക്ക് 

ചേർത്തു കെട്ടുന്നു...

 ഒരു നിമിഷത്തിന്റ 

ഇലാസ്തികത എത്രയാണെന്നറിയുമോ..? 

എത്രയോ നേരങ്ങളിൽ നിന്ന് 

ഒരു നിമിഷമെന്ന വാക്ക് 

കടം പറഞ്ഞു കൊണ്ട് 

ആരൊക്കെയോ നടന്നു പോയ 

ദൂരങ്ങളോളം വരുമത്...

അല്ലെങ്കിൽ 

വഴിയോരത്തവർ മറന്നു വച്ച 

ആ ഒരൊറ്റനിഴൽക്കണ്ണ് 

വാടാതെ നിൽക്കുന്ന 

അത്രയും നേരം...

 കാലത്തിന്റെ കഥയിലേക്ക് 

ഒരേ നേരം ആവാഹിക്കപ്പെട്ടവർ.. 

ഒരേ പുസ്തകത്തിലകപ്പെട്ടു പോയവർ...

നിഴലുകൾ പോലെ, 

ഒരേ കൈപ്പടയിൽ 

എഴുതി ചേർക്കപ്പെട്ടവർ...

നമ്മൾ, 

ഉടലുകളില്ലാതെ 

ഉയിര് പങ്കിട്ടടുക്കുന്നവർ... 

ഞാനും... പിന്നെ, 

എന്നേക്കളേറെ 

ഞാനായ നീയും !

 ഏതേതു കാരണങ്ങളെ 

കൂട്ടുപിടിച്ചാലാണ് നിനക്കിനി 

നേരിന് മുഖം കൊടുക്കാനാവുക...

എത്രയേറെ  നുണകൾ 

നിരത്തിയാലാണ്

നിനക്ക് നിന്നെയിനി  വീണ്ടെടുക്കാനാവുക...?

 സന്തോഷാധിക്യം കൊണ്ടോ

ഓർക്കുംതോറും ഇരട്ടിക്കുന്നൊരിഷ്ടത്തിന്റെ

സാമീപ്യം കൊണ്ടോയെന്നറിയില്ല,

ഒന്നായത്തിലാട്ടിയില്ലെങ്കിൽ കൂടി 

ആകാശം തൊട്ടുവന്നേക്കുമെന്ന

തോന്നലാണ്...

സ്വപ്നങ്ങളുടെ ഊഞ്ഞാൽപ്പടിയിൽ

കാലത്തിന്റെ കൈവിരൽ പതിക്കുന്ന നേരങ്ങൾ !

 ഓരോ സന്തോഷങ്ങളുടെയും

തുടർച്ചകളുണ്ടാവട്ടെ...

ഓരോ പ്രാർത്ഥനകളുടെയും

ഉത്തരം അതിലുണ്ടാവട്ടെ ...

സ്നേഹം മാത്രം പുലരുന്ന

പുലരികളും..

സ്വപ്‌നങ്ങൾ

ചിറകടിച്ചുയരുന്ന പകലുകളുമുണ്ടാവട്ടെ...

ഓരോ ചുണ്ടിലും

ചിരികൾ വിടരാൻ

കാരണങ്ങളൊരുപാടുണ്ടാവട്ടെ...

 അവരങ്ങനെയാണ്..

എത്ര പിണങ്ങിയാലും 

പ്രതീക്ഷിക്കാത്തൊരു നേരത്ത് വന്ന് 

മഴയിങ്ങനെ മിണ്ടാൻ തുടങ്ങും...

കാത്തിരുന്നൊരു ശബ്ദം

കാതിൽ വന്നലക്കേണ്ട താമസം

മനസ്സലിഞ്ഞ് മണ്ണും...

 ആഘോഷങ്ങളിനിയും

അവസാനിച്ചിട്ടില്ല.

എത്രയോ ചുണ്ടുകളിലേക്ക് 

അതിപ്പോഴും

നുരഞ്ഞു പൊന്തുന്നു...

മധുരത്തിൽ പൊതിഞ്ഞ

ചിരികളെ വച്ചുമാറുന്നു....

പറഞ്ഞു പറഞ്ഞ് 

സന്തോഷങ്ങളെ

ഊതി വീർപ്പിക്കുന്നു....

ഇത്തിരിയകലെ മാറി 

ഒരു കുഞ്ഞു കാരണം മാത്രം  അമ്മയുടെ തോളിൽ തൊപ്പിവച്ചുറങ്ങുന്നു..

 പാതിയിൽ മുറിഞ്ഞു പോയെങ്കിലും

കൺമുന്നിൽ നിന്നും കളവ് പോയൊരാളെ,

കാലങ്ങളായി കാത്തിരുന്നൊരാളെ 

കൺ നിറയെ കാണിച്ചു തന്നതിന്

എന്റെ ഉച്ചയുറക്കമേ...

നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു...

 വെറുതെ പാടുകയല്ല,

വരികളിൽ നിന്നെയോർത്തെടുക്കുകയാണ്...

പറയാൻ കരുതി വച്ചതൊക്കെയും

ആ പാട്ടിലേക്ക് പരിഭാഷപ്പെടുത്തുകയാണ്... ഒരീണത്തിലിങ്ങനെ  നിന്നോട്

പ്രണയം പറയുകയാണ്...

 സ്വന്തമാണെന്ന തോന്നലുകളെപ്പോലും

തിരികെ ചോദിക്കുന്ന

ചില മൗനങ്ങൾ...

Monday 3 May 2021

 



മനസ്സ് തൊട്ടിട്ടൊന്നു

പറയെന്റെ മേഘമേ

മഴയെന്നാൽ 

വിണ്ണിൽ നിന്ന് 

മണ്ണിലേക്കുള്ള

വെറുമൊരു

യാത്രമാത്രമല്ലെന്ന്...

പെയ്തുലക്കാതെ

ഇടയ്ക്കിടെ കവിളിൽ

തൊട്ട് പോവാറുള്ള

ഇളംതണുപ്പ് പോലുമൊരു

മഴയാണെന്ന്...

മണ്ണറിയാതെ

മരമറിയാതെ

പെയ്യുന്നതത്രയും 

നീയാണെന്ന്...