Friday 29 September 2017

അങ്ങകലെ..
കരിമ്പടം  പുതച്ച
പടുകിഴവനെ പോലെ
ആകാശം..
ഒരു മഴദൂരമിപ്പുറം
ഭീതിയുടെ കാർമേഘങ്ങൾ
ഉരുണ്ടുകൂടുന്ന
രണ്ടു കുഞ്ഞിക്കണ്ണുകളും...

Tuesday 26 September 2017

ഓർമ്മകൾ ഒറ്റുകാരാണ്..
ഇന്നിന്റെ നിറവിലേക്ക്‌ ഇന്നലെകളെ കൂട്ടിക്കൊണ്ടുവരും..
ഒപ്പമുണ്ടാവുമെന്നു പറഞ്ഞിട്ടും
ഓർക്കാപ്പുറത്ത് ഒറ്റയ്ക്കാക്കും..

Friday 22 September 2017

മനസ്സങ്ങനെയാണ്...
വഴികളവസാനിക്കുന്നിടത്ത്
ഒരാകാശം വരച്ചു വക്കും...

Monday 18 September 2017



ഉറങ്ങുമ്പോൾ , ആകാശം നിറയെ ഒരു നൂറു സ്വപ്നങ്ങളായി നിന്നെ പകുത്തുവയ്ക്കണം... ഉണരുമ്പോൾ , ഒരു കുഞ്ഞുസൂര്യനെയെന്നപോലെ ഉള്ളംകയ്യിൽ കോരിയെടുക്കണം...

Wednesday 13 September 2017

ചൂണ്ടുവിരലിൽ
വിഷമൊളിപ്പിച്ചവരാണധികവും ...
അവസരം നോക്കി
വിഷം ചീറ്റിയടുക്കും ...
ഒരു ജീവിതത്തിന്റെ
ചലനം നിലക്കും വരേയ്ക്കും
വിഷപ്പല്ലുകൾ ആഴ്ത്തിയിറക്കും ...
രണ്ടു പേർക്ക് ഒരുമിച്ചു മുറിവേൽക്കുന്നത്....
ഒരൊറ്റവേദനയിൽ ഒന്നിച്ചു  കരയുന്നത്...
സ്നേഹത്തിന്റെ കരങ്ങൾ
നീട്ടിപ്പിടിച്ചു പരസ്പരം
തുണയാവുന്നത്.....
എത്ര വിചിത്രമാണ്
പ്രണയത്തിലേക്കുള്ള യാത്രകൾ.....



പകർത്തിയെഴുതും മുൻപേ
പരിഭാഷപ്പെടുത്തും മുൻപേ
മനസ്സ്  വായിക്കാൻ പഠിച്ചിരിക്കുന്നു...
നിന്നെ വായിക്കാൻ
തുടങ്ങിയതിൽ പിന്നെ
സ്നേഹത്തിന്റെ ഭാഷ
അത്രമേൽ പരിചിതമായിരിക്കുന്നു...



നഷ്ടമാവുന്ന ഓരോ നിമിഷങ്ങളും അത് തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.. ഇഷ്ടങ്ങളെ ഇറുകെപ്പിടിച്ചതുകൊണ്ടുമാത്രം സ്വന്തമാവില്ലെന്നത്...


മനസ്സിന്റെ മൗന സംഭാഷണങ്ങൾക്ക് ചെവികൊടുക്കാതിരിക്കാം.. പക്ഷെ , ഹൃദയത്തിൽ പച്ചകുത്തിയ ഒരിഷ്ടത്തെ എന്തു കാരണങ്ങൾ കൊണ്ടാണ് മറച്ചു വെക്കാനാവുക..


നിന്‍റെ തണൽച്ചില്ലകളിലെ ഇലയനക്കങ്ങൾക്ക് കാതോർത്ത്... ഉച്ചവെയിലുപോലെ... എത്ര ജന്മങ്ങളിങ്ങനെ...


മഴയൊന്നു പെയ്തു തോരുമ്പോഴേക്കും ആകാശത്തിന്റെ നെറുകയിൽ തഴുകി കടന്നുപോകുന്ന ആ നിറമുള്ള വിരലുകൾ ആരുടേതാവും...?


കണ്ണുടക്കിൽ നിന്ന് തെന്നിമാറുന്ന നോട്ടങ്ങൾ ഒരുചിരിയിൽ പുതഞ്ഞു പോകുന്ന വാക്കുകൾ അങ്ങനെ, മൗനം ഉടച്ചുകളയുന്ന നേരങ്ങൾ എത്രയുണ്ടെന്നോ നമുക്കിടയിൽ


ഈ മഴ എന്തിനാണ് ഇത്രയും മൂർച്ചയുള്ള മഴത്തുള്ളികളെ ഉള്ളിൽ കരുതുന്നത്.. ഒന്ന് പെയ്തു തോരുമ്പോഴേക്കും ഓർമ്മകളെ ഇത്രകണ്ട് മുറിവേൽപ്പിക്കുന്നത്..?


എത്ര പുഴകളിഴചേർത്താലാണ് ഒരു കടൽ... എത്ര തിരകൾ ഞൊറിഞ്ഞുടുത്താലാണ് ഒരു ചേല...


പരിഭവപ്പെയ്ത്തിനൊടുവിൽ നനഞ്ഞൊട്ടിയൊരാലില പോലെ നിന്നിലേക്ക് പറ്റിച്ചേർന്നങ്ങനെ ഒരിത്തിരിനേരം...


ഒരു മിഴിചിമ്മലോളം മാത്രം നീളുന്ന നിന്‍റെ കുഞ്ഞുറക്കങ്ങളിൽ പലതായി മുറിഞ്ഞ് മുറിഞ്ഞ്... എന്‍റെ പകലുകൾ...


കാലത്തിന്റെ വെള്ളിനൂലുകൾ വീണ തലവരകളിൽ അപ്പോഴുമുണ്ടാവും... കണ്ടിട്ടും കാണാതെപോയൊരിഷ്ടത്തിന്റെ മഷിയടയാളങ്ങൾ...


അലസമായൊരു വായനയാണ് നീ... മടി മൂടിക്കെട്ടിയ എന്‍റെ വൈകുന്നേരങ്ങളിൽ അത്രയുമൊരിഷ്ടം പുതച്ചിങ്ങനെ... നിന്‍റെ വരികളിലൂടെ... വെറുതെ...


മൗനത്തിന്റെ നിഗൂഢതകളെ ഭേദിച്ച് നമ്മൾ കൈമാറുന്ന ചിരികൾ! വാക്കുകൾ കൊണ്ടെത്തിപ്പിടിക്കാനാവാത്ത എത്രയകലങ്ങളെയാണ് നമ്മളിങ്ങനെ പിന്നിലാക്കുന്നത്..


മഴയ്ക്ക് തൊട്ടുമുൻപുള്ള ആ തണുത്ത കാറ്റില്ലേ... മഴത്തണുപ്പ് മുഴുവൻ ഉള്ളം കയ്യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ കാറ്റ്... ഇഷ്ടമാണോ നിനക്ക്‌...?


അവരുടെ ആകാശം.. കരുതലുകളുടെ കാലം കടന്നു പോവുന്നു.. പ്രതീക്ഷകളുടെ നൂലറ്റം കെട്ടിയിട്ടിരിക്കുന്ന വഴികാട്ടി ചിറകുകൾ മാത്രമാവുന്നു നമ്മളിപ്പോൾ...


എപ്പോഴുമെപ്പോഴും മിണ്ടിക്കൊണ്ടിരിക്കണം... നിശബ്ദതയ്ക്കു മേലെ വെറുതെ ഇങ്ങനെ കുത്തിക്കുറിച്ചുകൊണ്ടേയിരിക്കണം...


അസ്വസ്ഥതകൾക്കു മേലെ വല്ലാതങ്ങു മുഴച്ചു നിൽക്കുന്ന ചില നുണച്ചിരികൾ...


തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ എപ്പോഴുമതെ , ഓർമ്മകളുടെ തഴുതിടാൻ മറന്നു പോകും ചില നേരങ്ങൾ ...


ആകാശവും കടലുമതെ... ഒറ്റയ്ക്ക് നോക്കി നിൽക്കുമ്പോൾ എത്ര ശൂന്യമാണ്.. തിരകളില്ലാതെ... മേഘങ്ങളില്ലാതെ... നീയില്ലാതെ...


ആത്‌മാവിൽ അടയാളങ്ങൾ അവശേഷിപ്പിക്കണം.. എത്ര ജന്മങ്ങൾക്കു ശേഷവും കണ്ടെടുക്കാൻ... നിന്നെ ഓർത്തെടുക്കാൻ...


ചില സ്വപ്നങ്ങളുമതെ.. മനസ്സിന്റെ ചില്ലകളിൽ ഉടക്കി കിടക്കും ഇത്തിരി നേരം.. പിന്നെ കാറ്റ് കൊണ്ടുപോവും മറവിയുടെ ഏതോ കൂട്ടിലേക്ക്‌ ആരുമറിയാതെ..


എത്ര പെട്ടന്നാണ് കാലം ഓരോ കഥകൾ പറഞ്ഞവസാനിപ്പിക്കുന്നത്... ഒരുപക്ഷെ , കഥ തീരും മുൻപേ നമ്മളുറങ്ങിപ്പോയതുമാവാം...


എവിടെയാണ്... മുറിഞ്ഞു പോകുമ്പോഴൊക്കെയും മനസ്സിന്റെ വേരാഴങ്ങളോളം ചെന്ന് എന്നെ വീണ്ടെടുക്കാറുള്ള ആ അക്ഷരപ്പെയ്ത്തുകൾ... നിന്‍റെ ആ മഴവിരലുകൾ..?


എന്നിട്ടുമെന്നിട്ടും... സ്നേഹം മാത്രം എന്തിനാണെപ്പോഴും വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്..?


മൗനം മുറിവേറ്റവരുടെ ഭാഷയാണ്... ചിലപ്പോൾ, വേദനകളെ പൊതിഞ്ഞുവച്ചിരിക്കുന്ന വെളുത്ത തുണി.. മറ്റു ചിലപ്പോൾ ചങ്കിൽതന്നെ പൊലിഞ്ഞു പോകുന്ന ആ കരച്ചിൽ..


ഓർമ്മകളല്ല , മരിച്ചു പോയ നിമിഷങ്ങളാണത് . മനസ്സ് തിരഞ്ഞു പോകുന്നതത്രയും മായക്കാഴ്ചകളാണ്...


വാതോരാത്ത വർത്തമാനങ്ങളെന്തിനാണ്..? കാതോരം ചേർന്ന് കാക്കപ്പുള്ളിയോളം പോന്ന ഒരു കുഞ്ഞു സ്വകാര്യം... അതുമതി !


കാത്തിരിപ്പുകൾ അവസാനിക്കുന്നതല്ല , മനസ്സിന്റെ തിടുക്കങ്ങൾ നമ്മളോട് കള്ളം പറയുന്നതാണ്...


എന്തിനെയുമേതിനെയും ഇരുട്ടുകൊണ്ടയാളപ്പെടുത്തുന്ന വെളിച്ചത്തിന്റെ വികൃതി.. അതുമല്ലെങ്കിൽ, നിറഭേദങ്ങളില്ലാത്ത നേരിന്റെ പ്രതിരൂപങ്ങൾ.. നിഴലുകൾ !


ഓർമ്മകളെ കൊളുത്തിവലിക്കുന്ന ചങ്ങലക്കണ്ണികൾ എത്രയുണ്ടെന്നോ ഓരോ പാട്ടിലും...


ചിലപ്പോൾ ഒരു നറു ചിരിയിൽ.. വെറുതെ ഒരു മൂളിപ്പാട്ടിൽ.. ആരും കാണാതൊളിപ്പിക്കുന്ന ആ ഒറ്റവരി കവിതയിൽ... എവിടെയൊക്കെയാണ് നീ മറഞ്ഞിരിക്കുന്നത്..?


ആരുമല്ലാത്തവനെ പോലെ നിന്നെ ഇറക്കിവിടരുതായിരുന്നു... ആരുമില്ലാത്തവനെ പോലെ നീയിറങ്ങി പോവരുതായിരുന്നു...

കാലം എന്നെയേല്പിച്ച
കൈക്കുഞ്ഞായിരുന്നില്ലേ... ആത്മ ബന്ധത്തിന്റെ അധികാരം കൊണ്ടെങ്കിലും എനിക്കു നിന്നെ ചേർത്തു പിടിക്കാമായിരുന്നു...




ആവർത്തനങ്ങൾ ! രാപകലുകൾ.. നേരം.. കാലം... ഋതു.. അപ്പോഴും , നിലച്ചു പോയ ഘടികാരങ്ങളിൽ നോട്ടമെറിഞ്ഞ് നാം മാത്രമെന്തേ ഇങ്ങനെ...?


ഒരിക്കൽ, ഒരോർമ്മപ്പെടുത്തലിനുപോലും കാത്തു നിൽക്കാതെ മറവിയുടെ കൂടുതുറന്ന് അവരെത്തും.. ഇന്നിന്റെ ആകാശത്തിൽ ഇന്നലെയുടെ ചിറകടികൾ വീണ്ടുമുയരും..


പിന്നെയും പിന്നെയും , കാരണങ്ങളില്ലാത്ത മടങ്ങിപ്പോക്കുകൾക്ക് കാവലിരിക്കുന്ന കരയാവുകയാണ്...


നക്ഷത്രങ്ങൾ അല്ല , അത് നിലാവ് ഉമ്മവച്ച ഇടങ്ങളാണെന്ന് ഒരാൾ...


സങ്കടങ്ങളുടെ ഒറ്റത്തുരുത്തുകളായിരുന്നില്ലേ നമ്മൾ..? പിന്നെയെപ്പോഴാണ് സ്നേഹത്തിന്റെ നദി കരകവിഞ്ഞൊഴുകിയത്..?


കാലം തെറ്റിയെത്തുന്ന ഒരു മഴ...കാറ്റ്.. കാലം എഴുതിവച്ച നുണക്കഥകളിൽ പൊലിഞ്ഞുപോയ ഋതുക്കളെത്രയാണെന്നോ ?അവസാനങ്ങളുണ്ടാകുന്നത് പലപ്പോഴും അങ്ങനെയാണ്...


ഇഷ്ടങ്ങൾ ഇഴപിരിച്ചെഴുതുമ്പോൾ ഒറ്റയാവുന്ന ഒരു വാക്കില്ലേ...? ഒരു കാരണങ്ങളിലേക്കും വിളക്കിച്ചേർക്കാനാവാതെ... വെറുതെ ഇങ്ങനെ...


വൃക്ഷത്തലപ്പുകളിൽ ശിശിരം കൂടുകൂട്ടും പോലെ, എത്രവേഗമാണ് ഓർമ്മകളുടെ നിറം മങ്ങിയതും ഇലകളൊക്കെ പൊഴിഞ്ഞ ഇന്നലെയുടെ ശിഖിരങ്ങളെ മഞ്ഞുപൊതിഞ്ഞതും...
പിണക്കങ്ങളും ഇണക്കങ്ങളും..
പ്രണയത്തിലേക്ക് വഴിതെറ്റിപ്പോകുന്ന
ചില മൗനങ്ങളും...
നമ്മളൊന്നിച്ചിരിക്കുമ്പോഴൊക്കെയും എന്തെന്നില്ലാത്ത
ഒരു ചാക്രികഭാവമാണ് ജീവിതത്തിന്...




മേഘജാലകങ്ങൾക്കിടയിലൂടെ 
നിന്‍റെ മിഴികളിതെത്രവട്ടം നിറഞ്ഞൊഴുകിയിരിക്കുന്നു...
ഇനിയെങ്കിലും മടങ്ങിവരിക 
എന്‍റെ മഴപ്പക്ഷി...
കാത്തിരിപ്പിന്റെ കണ്ണുകളിലേക്ക്‌ 
പറന്നിറങ്ങുക..
 



പരിഭവങ്ങൾ പോലും കവിതയാവുന്ന പ്രണയനേരങ്ങൾ...


മറുപടികളല്ല... മനസ്സിന്റെ മാറ്റൊലികളാണ് ഏറെയും..


സ്വപ്ങ്ങളുണർന്നിരിക്കുമ്പോൾ ഉറക്കം മുറിയാതിരിക്കുന്നതെങ്ങനെയാണ്...? രാവുറങ്ങുന്നതെങ്ങനെയാണ്...?


കൈതമുള്ളുകൾ പോലെ, ഒരായിരം നോവുകൾ ഉമ്മവച്ചു തിണിർത്ത ഒരു കുറ്റിത്താടി... കളഞ്ഞുപോയ ചിരികളത്രയും മറഞ്ഞിരിക്കുന്നതവിടെയാവും...


വെറുതെ പരിഭവം പറഞ്ഞിരിക്കാനെങ്കിലും ഒരു ചില്ല ബാക്കി വെയ്ക്കണമായിരുന്നു...


ഒരു ചിരിയോളം കൂട്ടു വരുന്ന സന്തോഷങ്ങൾ വേണം... മറുചിരിയോളം നീയും...


ഇപ്പോഴുമതെ , കണ്ണുനിറയുമ്പോഴൊക്കെയും എവിടെനിന്നെന്നില്ലാതെ എന്നെ തേടി അവരെത്താറുണ്ട്... ആ നരച്ച കൺപീലികൾ... സ്നേഹത്തിന്റെ ആ അമ്മ ചിറകുകൾ !


വരികളിലേക്കെങ്ങനെയാണ് ഒരു കടൽ ഒഴുകിയെത്തുന്നത്...? എങ്ങനെയാണോർമ്മകൾ കവിതയാവുന്നത്...?


മറുചോദ്യങ്ങൾ കൊണ്ട് ആരവയറുപോലും തികയില്ല. മറുപടികൾ കൊണ്ട് പോലും വിശപ്പുമാറാത്ത ചിലതില്ലേ....?


കാത്തിരിക്കുന്ന കണ്ണുകളോളം മാത്രം നീളുന്ന വഴികളുണ്ട്... യാത്രകളും...


മറവിയുടെ പങ്കുപറ്റാനെങ്കിലും കൂടെ കൂട്ടാമായിരുന്നില്ലേ...?


കരയ്ക്കും കടലിനുമിടയിൽ, കുറേ നല്ല ഓർമ്മകളുടെ അവശിഷ്ടങ്ങൾ പോലെ ചില കാൽപ്പാടുകളിങ്ങനെ...


സന്ദേഹങ്ങളുടെ തിരയടങ്ങുന്നേയില്ല... എഴുതാപ്പുറങ്ങളിൽ നിന്നു പോലും എത്രയെത്ര കാരണങ്ങളാണ് ഇപ്പോഴും കരയ്ക്കടിയുന്നത്...


ഒരിക്കൽ, വേനലിന്റെ വെയിൽ പൊള്ളിച്ച പാടുകൾ മാത്രം മണ്ണിലവശേഷിപ്പിച്ച് ഓരോ പുഴയും പുറകോട്ടൊഴുകും.. അത്രയും വേദനയോടെ ഉറവയിലേക്ക് തന്നെ മടങ്ങും..


സ്നേഹത്തിന്റെ ഒരു നേർത്ത പിൻവിളിയിൽ പോലും കുതിർന്നു പോയേക്കാവുന്ന ചില പിണക്കങ്ങൾ...


എന്നിട്ടും, വെയിൽവഴിയിലൊരു തണലിപ്പോഴും കാത്തിരിപ്പുണ്ട്... നിലാചില്ലയിലൊരു നിഴലിപ്പോഴും കൂട്ടിരിക്കുന്നുണ്ട്...

Tuesday 12 September 2017



എരിഞ്ഞുതീരാത്ത അനേകായിരം കനലുകളുടെ പൊള്ളുന്ന സാന്നിദ്ധ്യം.. ഈ വേനൽ, മറ്റൊരു ഋതുവിനും വഴികൊടുക്കാത്ത വിധം ഇനി ആളിക്കത്തുമായിരിക്കും..


ഓരോ വരിയും അടുത്തുവന്നിരുന്നെന്നോട് സ്വകാര്യം പറയുന്ന പോലെ...


പച്ചവിരലുകൾ കോർത്ത്പിടിച്ച് ആകാശം പണിയുന്ന മരങ്ങളുണ്ടിവിടെ... പെയ്തു തോരാതെ ഇലത്തുമ്പിലൊളിച്ചിരിക്കുന്ന കുഞ്ഞുമഴയും...


സ്വപ്നം കാണുകയല്ല , നിന്‍റെ ഓർമ്മകളുമായി പ്രണയത്തിലാവുകയാണ്... ഓരോ നിമിഷവും...


നിറങ്ങളൊക്കെയുമഴിച്ചുവച്ച് നിഴലുകളാവണം... തമ്മിൽ കലരുമ്പോൾ പരസ്പരം വേർതിരിച്ചെടുക്കാനാവാത്തവണ്ണം ഒരേ നിറമായി...


സുരക്ഷയുടെ ഒരായിരം ലക്ഷ്മണരേഖകൾ വരച്ചുകൊണ്ടല്ലാതെ എന്നാണ് നമുക്കിനി അവളുടെ സ്വാതന്ത്ര്യത്തെകുറിച്ച് സംസാരിക്കാനാവുക...?


അത്രയും ബാലിശമായ മുൻവിധികൾ കൊണ്ട്‌ നമ്മൾ എത്രയെത്ര ശരികളെയാണ് കൊന്നൊടുക്കുന്നത്..? എത്രയെത്ര നല്ലനേരങ്ങളാണ് നമ്മിൽ പൊലിഞ്ഞു തീരുന്നത്‌..?


ചില മൗനങ്ങൾ നിശബ്ദമായ മുറവിളികളാണ്... അത്രയുമിരുട്ടിൽ ഏതോ കോണിൽ ഒരു ഭയം..ഒരു നോവ് ഒറ്റക്കിരുന്ന് കരയുന്നതാവാം...


ചില പാട്ടുകൾ കേട്ടുതീരുമ്പോൾ മനസ്സങ്ങനെയാണ്... ഓർമ്മകളിലേക്കിറക്കിവിട്ട കളിവഞ്ചികൾ പോലെ...


മനസ്സിലല്ല... നിന്‍റെ മഷിക്കുപ്പിയിൽ മറവു ചെയ്യപ്പെടണം... ഇനിയൊരു ജന്മം മുഴുവനും നീ പോലുമറിയാതെ നിന്‍റെ വരികളാവണം....


ചിലരങ്ങനെയാണ്... ഒരു വാക്കിന്റെ അലങ്കാരം പോലുമില്ലാതെയാണ് ആത്‌മാവിലൊരാളെ അടയാളപ്പെടുത്തുക... അത്ര നിശബ്ദമായാണ് പ്രണയിക്കുക...


കൺമഷി പോലെ , അത്രയും സൂക്ഷ്മമായി മനസ്സിൽ നിന്നും തൊട്ടെടുക്കണം... തെല്ലും മഷിപടരാതെ നിന്നെ എന്‍റെ കവിതയാക്കണം...


നിന്‍റെ നെഞ്ചിലേക്ക് തലചായ്ക്കുന്ന ആവലാതികളെല്ലാം അപ്പൂപ്പൻതാടികളാവുന്നത് എങ്ങനെയാണ്...?