Saturday 25 July 2020

കരിയിലക്കൂട്ടങ്ങൾ


തെരുവൊഴിഞ്ഞപ്പോൾ
കാണാതായ കരിയിലകളെക്കുറിച്ചാണ്...
തെരുവോരങ്ങളിൽ
നിറം മങ്ങിയും വാടിക്കരിഞ്ഞും
കലപിലകൂട്ടിയും
വീണുകിടന്നിരുന്ന
ഇലകളെ കുറിച്ച് .
അടര്ത്തിയെടുത്തിട്ടധികമായിട്ടില്ലെന്നോണം
പാതി കൂമ്പിയ തളിരിലകൾ..
പുഴുക്കുത്തേറ്റും , മഞ്ഞ പടർന്നും
വാടിക്കരിഞ്ഞും വികൃതമായ ഇലകൾ...
ഞെട്ടറ്റു വീണ മരങ്ങളെ കുറിച്ചോർമ്മകളില്ലാത്തവർ...
ഇലഞെരമ്പുകളിൽ പടരുന്ന
വിശപ്പിന്റെ തീയിൽ
അനുനിമിഷം എരിഞ്ഞു തീരുന്നവർ..
അവരെവിടെയാണ്...
ഇനി വിശപ്പുകൊണ്ടുണങ്ങിയുണങ്ങി അവരെങ്ങാനും കാറ്റിൽ
പറന്നു പോയിക്കാണുമോ...
അതോ
ഇന്നലത്തെ മഴയിലോ മറ്റോ
ഓടയിലേക്കവർ
ഒഴുകിപ്പോയതാവുമോ...
നിറങ്ങൾ, ശബ്ദങ്ങൾ,
രുചിമണങ്ങൾ..
ആൾക്കൂട്ടങ്ങൾ....
ഇനിയൊരിക്കൽ
തെരുവ് അതിന്റ
അഴിച്ചു വച്ച ആടയാഭരണങ്ങൾ
എടുത്തണിയുന്ന ദിവസം
അവർ തിരിച്ചു വരുമായിരിക്കും.
കാറ്റിൽ പറന്നു പറന്ന്...
കരിയിലക്കൂട്ടങ്ങൾ പോലെ...

Monday 6 July 2020

സ്വപ്നഭാഷ്യം


ഒറ്റയുറക്കത്തിൽ
ഒന്നിന് പുറകെ ഒന്നായി
മൂന്ന് സ്വപ്‌നങ്ങൾ..
പതിവ് തെറ്റിച്ചു
ഓർമ്മകളിൽ നിന്നും
മാഞ്ഞു പോകാൻ കൂട്ടാക്കാതെ
പകലിലേക്ക് കൂടെയുണർന്ന
സ്വപ്‌നങ്ങൾ...
അകാരണമായി ആലോചനകളെ
അസ്വസ്ഥമാക്കുന്ന സ്വപ്‌നങ്ങൾ..

ആദ്യത്തെ സ്വപ്നത്തിൽ
വെളുത്ത രോമക്കുപ്പായമണിഞ്ഞ
മൂന്നു പെൺ പൂച്ചകളെ
മനുഷ്യരുടെ ഭാഷ
പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
നാവ് വളച്ചും തിരിച്ചും
'മ്യാവു' എന്ന ശബ്ദത്തെ
വാക്കാക്കി മാറ്റാനും
ഓരോ വാക്കിനേയും
കൂട്ടിച്ചേർത്തു വരികളാക്കാനും.
വാല് ചുഴറ്റിയും മീശ വിറപ്പിച്ചും
മണ്ണിലേക്ക് നഖങ്ങളാഴ്ത്തിയും
ശ്രമകരമായി മ്യാവു വിനെ
മൊഴിമാറ്റം ചെയ്യുകയാണ്
അവർ മൂന്ന് പേരും...

രണ്ടാമത്തെ സ്വപ്നത്തിലാവട്ടെ
ആകാശത്തിന്നപ്പുറം
കാണാക്കാഴ്ചകളിലേക്ക്
കൗതുകത്തിന്റെ
ടെലെസ്കോപ്പ് തിരിച്ചു വെക്കുകയാണ്...
മഞ്ഞു മിനാരങ്ങൾ...
വെൺതൂവൽ പക്ഷികൾ...
വെളുത്ത പരവതാനി
വിരിച്ച പോലുള്ള
പാതകൾ...കുറിയ മനുഷ്യർ..
അവിടെയേതോ ഗ്രഹത്തിന്റ
കാവല്ഭടന്മാർ എന്റെ
കണ്ണിലേക്ക് തന്നെ നിറയൊഴിക്കുന്നു...
നോവിൽ കണ്ണുകളിറുക്കിയടച്ചു
ഞാൻ മറ്റൊരു സ്വപ്നത്തിലേക്ക് മടങ്ങുന്നു...

മൂന്നാമത്തെ സ്വപ്നത്തിൽ
മുഖമില്ലാത്ത മനുഷ്യരായിരുന്നു...
നിഴലുകൾ പോലെ
നേർത്ത മനുഷ്യർ...
നിറയെ മരങ്ങൾ..
ഓരോമരങ്ങൾക്ക് താഴെയും
കല്ലു കസേരകൾ...
എന്നേക്കാൾ മുന്നേ
വന്നവരൊക്കെയും
ഇരിപ്പുറപ്പിച്ചിരുന്നു...
മുന്നിലും പിന്നിലുമിരുട്ടാണ്...
ഏതോ വെളിച്ചത്തിനായുള്ള
കാത്തിരിപ്പിലാണെല്ലാവരും...
നിഴലുകളിൽ പരിചയത്തിന്റ
ഒരു മുഖം പോലും കണ്ടെടുക്കാനാവാതെ..
കല്ലുകസേരകൾക്കിടയിൽ
സ്വന്തം ഇരിപ്പിടം തിരഞ്ഞു ഞാനും...