Monday 29 April 2019

അഞ്ചിൽ ഒരാൾ

(ഡൽഹി സ്കെച്ചസ് മാഗസിനിൽ ഏപ്രിൽ ലക്കം (23/4/19)പ്രസിദ്ധീകരിച്ചത്
https://drive.google.com/file/d/1AHPD9LflFnul7iABS4rjxFuQ4U_pjRJR/view?usp=drivesdk)


ഒന്നാമൻ :-
അയാൾ കടൽ
കരകവിഞ്ഞൊഴുകുന്നത്
സ്വപ്നം കാണുന്നു...
വാതിൽപ്പടിയും കടന്ന്
തിരകൾ കട്ടിൽപ്പൊക്കത്തിൽ ഉയർന്ന്
തന്നെ വിഴുങ്ങുന്നുവെന്ന്
ഉറക്കെ കരയുന്നു....

രണ്ടാമൻ :-
ഇടതടവില്ലാതെ അയാൾ
ജീവിതത്തെ
തുടച്ചു മിനുക്കിക്കൊണ്ടിരിക്കുന്നു..
ഒരു കാറ്റിനും
കടന്നു വരാനാവാത്ത വിധം
ജനാലകൾ
മുറുക്കെയടക്കുന്നു...
വെളിച്ചത്തിന്റെ പഴുതകളോരോന്നും
വിരലുവച്ചടക്കുന്നു..
പ്രിയമുള്ളവരുടെ കണ്ണിലെ
കൃഷ്ണമണികളെ പോലും
കഴുകിയെടുക്കുന്നു....

മൂന്നാമൻ:-
വാക്കുകൾക്കുമപ്പുറം ഒരുഭാഷയിലും അടയാളപ്പെടുത്താത്തതെന്തോ
പറഞ്ഞു കൊണ്ടിരിക്കുന്നു...
മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന
വിചിത്ര വിചാരങ്ങളെ
കൈത്തണ്ടയിൽ പച്ചകുത്തുന്നു...
വിളറിയ കണ്ണുകളിൽ നിന്ന്
ഓരോ നിമിഷവും
ഉറക്കത്തെ നുള്ളിക്കളയുന്നു..

നാലാമൻ :-
അയാൾ ശരീരത്തിന്റെ ഭാരങ്ങളെ
ഒരു പാട്ടിലേക്കൊഴുക്കി വിടുന്നു..
വിവസ്ത്രനായിക്കൊണ്ട് തന്നെ
പ്രകൃതിയുടെ സംഗീതത്തെ
തന്നിലേക്കാവാഹിക്കുന്നു...
വിരൽത്തുമ്പുകളിൽ
വെയിലേറ്റുവാങ്ങിക്കൊണ്ട്
ഗിറ്റാറിന്റെ കമ്പികളിലേക്കയാൾ
തീ പടർത്തുന്നു...

ഇനി ഞാൻ :-
ഞാൻ ആകാശത്തിൽ നിന്ന് ഇന്നലെ
പൊട്ടി വീണ നക്ഷത്രമാകയാൽ
ഭൂമിയിലെ കഥകളെക്കുറിച്ചെനിക്കറിയില്ല...
മനുഷ്യരെക്കുറിച്ചും...
മെല്ലെ മെല്ലെയെനിക്ക് ചിറകുമുളക്കും..
എനിക്ക് മുൻപേ പൊഴിഞ്ഞു വീണ
നക്ഷത്രങ്ങൾക്കൊപ്പം
മിന്നാമിന്നിക്കൂട്ടങ്ങളായി ഞാനാ തണൽമരത്തിന്റെ ഉണങ്ങിയ ഇലകൾക്കിടയിലിരുന്നു മിന്നും....
ഇന്നലത്തെ മഴയിൽ
മുളച്ചു പൊന്തിയ
ആ കുഞ്ഞു മഴക്കൂണുകളോട്
വെറുതെ മിണ്ടിക്കൊണ്ടിരിക്കും....
   











Sunday 14 April 2019

മരണത്തെ കുറിച്ചൊരു കവിത വായിച്ചെടുക്കുമ്പോൾ



എന്നിരുന്നാലും,
ആകാശത്തിന്റെ  ഒത്ത നടുക്ക്
ലോകം മുഴുവൻ
വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ
അയാൾ മരണത്തെ കുറിച്ചുള്ള
കവിതകൾ എഴുതി വച്ചതെന്തിനാവും..?
പകലുറക്കത്തിനെ
പാതിയിലുപേക്ഷിച്ചിട്ട്
അഞ്ചാമത്തെ നിലയിലെ
പൂച്ചട്ടികളിൽ നിന്ന്
ചോരനിറമുള്ള പനിനീർ പുഷ്പങ്ങളെ
താഴോട്ട് വലിച്ചെറിഞ്ഞതെന്തിനാവും...?
ഇനിയും എരിഞ്ഞു തീരാത്ത
സിഗരറ്റ് കുറ്റിയിൽ നിന്ന്
ഒരു  തീപ്പൊരിതുണ്ട്
അതിനുമേലേക്ക്
കുടഞ്ഞെറിഞ്ഞതെന്തിനാവും...?
വെള്ളപുതച്ച തണുപ്പൻ കാഴച്ചകളെ
പതിവിലുമേറെ നേരം
നോക്കി നിന്നതെന്തിനാവും...?

ചിലപ്പോൾ
പുതുകവിതപോലെ അകലെയിരുന്ന്
മരണം മോഹിപ്പിച്ചിട്ടുണ്ടാവും...
അതുമല്ലെങ്കിൽ
തീരാക്കടങ്ങളിലെഴുതിച്ചേർക്കാൻ
ഒരു വരി തിരഞ്ഞു പോയതുമാവാം...

ആർക്കറിയാം
കവിതയല്ലേ,
കഥകൾ ധാരാളം മറഞ്ഞിരിപ്പുണ്ടാവും..
കവിയല്ലേ,
വരികളിൽ  വേദന
നിറച്ചു വച്ചതുമാവാം..
വായനക്കാർക്കു വേദനിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ...

അടുത്ത മഴയിൽ
വരികൾ പെയ്യുമായിരിക്കും...
അപ്പോഴും
മഷിപടരുന്നതും മനസ്സ് പെയ്യുന്നതും
ഒന്നുമറിയാതെ
അഞ്ചാം നിലയിലെ ബാൽക്കണിയിൽ
വാടിത്തുടങ്ങിയ പനിനീർച്ചെടിയിലേക്ക്
മഴത്തുള്ളികളിറ്റിച്ചു കൊണ്ട്
സിഗരറ്റ് മണത്തിൽ
ഒരു കവിതയിരുന്നു പുകയുന്നുണ്ടാവും... 
ചിലർ
മൂർച്ചയുള്ള ആയുധങ്ങൾ
കയ്യിൽ കരുതും.
ഇല്ല എന്ന വാക്കിനെ
എരിച്ചു കളയാൻ
വേണ്ടുന്നത്ര അഗ്നിയും.
മടക്കിക്കിട്ടാത്ത ചിരി
ഇനിയൊരിക്കലും
ആ ചുണ്ടിൽ
വിടരാതിരിക്കാൻ
മുഖം തന്നെയും
ഉരുക്കിക്കളഞ്ഞേക്കും.
ചിലരാവട്ടെ,
ഹൃദയം തുളച്ചു കയറുന്ന
വാക്കുകളാൽ
കവിതകളെഴുതും.
നിന്നെപ്പോലെ...
ഉള്ളിലൊരു
കനലൊളിപ്പിച്ചു വച്ചിട്ട്
ഒന്നുമില്ലെന്നൊരു
കള്ളം പറയുന്നു...
അങ്ങകലെയിരുന്നിട്ടും,
നിന്നെയോർക്കുമ്പോൾ
എന്തെന്നില്ലാതെ
ഉള്ള് പൊള്ളുന്നുവെന്ന്
അമ്മയും !
വരികൾക്കൊരുങ്ങാനും മാത്രം
നിറങ്ങൾ
മനസ്സിലില്ലാത്തത് കൊണ്ടാവാം...
അല്ലെങ്കിൽ,
നീയല്ലാത്തതൊന്നും
കവിതയാവാത്തതു കൊണ്ടുമാവാം...

ചിത്രകാരൻ


അവരന്നാണ് ആദ്യമായി
കണ്ടുമുട്ടിയത്..
അവസാനമായും.
അസ്തമയത്തോടടുത്തിരുന്നു..
അവൾക്കു പോകാൻ തിടുക്കവും...
അയാളാവട്ടെ
ഒഴിഞ്ഞ ക്യാൻവാസിലേക്ക്
കടലാഴമുള്ള രണ്ടു കണ്ണുകൾ
വരച്ചു ചേർക്കാൻ
ശ്രമിക്കുകയായിരുന്നു...
മനസ്സിൽ പതിയാത്തതെങ്ങനെ
ചിത്രമാവാനാണ്..
കടൽക്കാറ്റേട്ടിട്ടാവണം
കണ്ണ് കലങ്ങിത്തുടങ്ങി..
അലസമായ ഒരു സ്‌ട്രോക്കിൽ
കൺപീലികളിൽ നിന്ന്
കറുത്ത ചായം
ഒലിച്ചിറങ്ങുന്നുമുണ്ടായിരുന്നു.
അയാൾക്ക് മടുത്തു തുടങ്ങി...
ഇമചിമ്മാതെയിരുന്ന്
അവൾക്കും..
ഒടുവിൽ,
പുരികങ്ങൾക്കിടയിലേക്ക്
ഒരു അസ്തമയ സൂര്യനെ
വരച്ചു ചേർത്തിട്ട് അയാൾ
തിരകൾക്കൊപ്പം മടങ്ങി..
കാറ്റിന്റെ കൈ വിടുവിച്ച്
കടലില്ലാത്തൊരു ദിക്കിലേക്ക്
അവളും.