Monday 30 March 2020

ഓന്ത്‌ (തസ്രാക് ൽ പ്രസിദ്ധീകരിച്ചു)

നിന്നനിൽപ്പിലൊരു
മഴ നനയുന്നതിനെക്കുറിച്ച്
ഓർത്തു നോക്കിയിട്ടുണ്ടോ..?
വെയിലാറും മുൻപേ
മഞ്ഞു കൊള്ളാനിറങ്ങുന്നതിനെക്കുറിച്ചും..?
പാതിവഴിയിൽ
പകലുപേക്ഷിച്ചു പോകുന്ന
സൂര്യനെ കണ്ടിട്ടുണ്ടോ..
ഓരോ നിമിഷവും വേഷം മാറുന്ന,
ഒരായിരം മുഖംമൂടികളാൽ
ആളെപ്പറ്റിക്കുന്ന മനുഷ്യരെയും..?

ഭ്രാന്തു പറയുകയല്ല,
ഇന്നലെ രാത്രിയാകാശം നിറയെ
നിറങ്ങൾ കൊണ്ടാരോ
കുത്തിവരക്കുന്നത് കണ്ടിരുന്നു.
നിഴലുകളിലൊന്നിറങ്ങിവന്ന്
നിലാവൂറ്റിക്കുടിക്കുന്നതും..
രാവിൻറെ ഒടിവേഷങ്ങൾ..
പൊയ്ക്കാൽ നടത്തങ്ങൾ...
പകൽ പോലുമേതോ
പകപോക്കും പോലെ..
തീകണ്ണുകൾ.. മേനിയിലെ
കനലെഴുത്തുകൾ...

ഇതുവരെ കണ്ട ആകാശമല്ല,
നിന്നെപ്പോലെ
നിമിഷ നേരംകൊണ്ട്
നിറം മാറുന്ന ഒരോന്തായത് *
മാറിക്കഴിഞ്ഞിരിക്കുന്നു

ചാരവും പച്ചയും ഇടകലർന്ന
ഈ ചവണ്ട നിറം എന്റേതല്ല..
ഇപ്പോഴുള്ള കടും ചുവപ്പും..
തിരിച്ചറിയാനാവാത്ത വണ്ണം
മനസ്സിനെ പൊതിഞ്ഞു വച്ചിരിക്കുന്ന
വർണ്ണക്കടലാസ്സു പോലും എന്റേതല്ല..

നോക്കൂ,
നിന്റെ നിഴൽ വീഴുന്നിടങ്ങൾക്കെല്ലാം
നിന്റെ നിറമാകുമെന്നിരിക്കെ
ഞാൻ വിഭ്രാന്തിയുടെ സാധ്യതകളെ
എന്നിൽനിന്ന് പാടെ നുള്ളിക്കളയുകയാണ്..
നിനക്ക് ചുറ്റും കറങ്ങിത്തളർന്ന
സമയസൂചികളെ
കാൽവേഗങ്ങളിൽ നിന്ന്
പറിച്ചെറിയുകയാണ്...
ഒരു നിറത്തിന്റെയും
നിഴലുപറ്റാത്തൊരിടത്തേക്ക്
എന്റെ ആകാശത്തെ
കടത്തിക്കൊണ്ടു പോകുകയാണ്...
(https://thasrak.com/%E0%B4%93%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C/)








Tuesday 17 March 2020

ക്വാറന്റൈൻ

   
പേടികളുടെ രാജ്യത്തെ
കാവൽക്കാരാ...

പ്രതിരോധമെന്നും പ്രതിഷേധമെന്നും
പറഞ്ഞുംകൊണ്ട് സ്വയം തടവിലായ
ഒരാളെ കണ്ടിരുന്നോ...

ഇവിടെ കാറ്റിൽ പോലും
അവളുടെ മണമാണെന്നും
പ്രണയമിങ്ങടുത്തെത്തിയതു പോലൊരു
തോന്നലാണെന്നും പറഞ്ഞുകൊണ്ട്
അവിടെ പതുങ്ങിയിരിക്കുന്ന ഒരാൾ..

കണ്ടെങ്കിലയാളോട് പറയണം...
ഒരിക്കൽ നിന്റെ
വിളറിവെളുത്ത കണ്ണുവെട്ടിച്ച്
അവൾ അകത്തു കയറിയിരുന്നുവെന്നും
കാറ്റായോ പൂവായോ
വാക്കായോ വെയിലായോ
നിന്റെ ഏകാന്തതയിലേക്കവൾ
എപ്പോൾ വേണമെങ്കിലും
കടന്നു വന്നേക്കാമെന്നും..

അവൾ അവൾ എന്ന ചിന്തയിലേക്ക്
ഒതുങ്ങിക്കൂടിയതു മുതൽ
പ്രണയപ്പനിയുടെ പ്രധാനലക്ഷണങ്ങൾ
കണ്ടു തുടങ്ങിയ സ്ഥിതിക്ക്,

അവനോട്
കരുതിയിരിക്കാൻ പറയണം..
പ്രതിരോധിക്കും തോറും
പിടിമുറുക്കുന്ന,
നിഷേധിക്കും തോറും
ഉള്ളിൽ പടരുന്ന
പേടികളെക്കാൾ വേഗം കുതിക്കുന്ന
പ്രണയത്തിന്റെ വൈറസുകളെ...

ഒരാളിൽ നിന്നൊരാളിലേക്കു മാത്രം
പകരുന്ന പ്രണയപ്പനിയെ...
നിനക്കു ചുറ്റും
വട്ടമിട്ടു പറക്കുന്ന
അവളിലെ പെണ്ണിനെ...
പിന്നെ,
എപ്പോൾ വേണമെങ്കിലും
തടവുചാടിയേക്കാവുന്ന
നിന്നിലെ നിന്നെയും...








Wednesday 11 March 2020

കടൽ നിറമുള്ള കവിതകൾ

അവകാശികൾ ഇല്ലാതിരിക്കുമ്പോഴാണോ
അതോ ഒറ്റയാവുമ്പോഴാണോ
സ്നേഹം അതിന്റെ സ്വാതന്ത്ര്യം
കൂടുതൽ അനുഭവിക്കുന്നത്..
കാലങ്ങളുടെ നിശബ്ദതയെ
മുറിച്ചെറിഞ്ഞു കൊണ്ട്
അതിരുകളുടെ ആകുലതകളില്ലാത്ത
അലകടൽ പോലെയാവുന്നത്...
ഒറ്റക്കൈകൊണ്ടൊരാകാശത്തെ
തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്..
പകൽസൂര്യനെ പോലും
തന്റെ ചേലത്തുമ്പിൽ
കെട്ടിയിടുന്നത്...
ഉന്മാദിനിയെപ്പോലെ
തിരനുരകളിൽ ആടിത്തിമിർക്കുന്നത്..
ഇടതടവില്ലാതെ
വാക്കലകളെ നെയ്തു കൂട്ടുന്നത്...
ഓരോരോ വരികളാൽ
കരയെത്തിപ്പിടിക്കുന്നത്...
കനവുകളുടെ കടൽപ്പാലം
കടന്നൊരാളിന്റെ
കവിൾ ചുഴിയിലേക്കൊരു
ചാലു കീറുന്നത്..
കരിനീല നാഗമായി
കവിയുടെ മഷിക്കുപ്പിയിലേക്ക്
ഇഴഞ്ഞു കയറുന്നത്..
വിരലുകളിൽ ചുറ്റിപ്പിണഞ്ഞ്
കടൽനീല നിറമുള്ള
കവിതകളാവുന്നത്...