Thursday 20 December 2018

അൽഷിമേഴ്‌സ്

ദിനംപ്രതി ആഴമേറുന്ന
ആളറിയാക്കയങ്ങളെ...
മറവിയുടെ നീർച്ചുഴികളെ...
ഒരു നിമിഷം കൊണ്ടുപോലും
നിലതെറ്റി വീണുപോകാവുന്ന
മനസ്സിന്റെ വഴുതലുകളെ...
ഇനിയെങ്ങനെ മറികടക്കാനാണ്,
ഓർമ്മകൾ പോലും
എത്തിപ്പെടാനാവാത്തിടത്തുള്ള
ആ ഒറ്റപ്പെടലുകളെ...
ഇന്നലകളെയോരോന്നായി
മായ്ച്ചു കളയുന്ന
ഇന്നിന്റെ മറവികളെ . .




Monday 17 December 2018


മൗനം കനം വച്ചു തൂങ്ങിയ
നാവിൻതലപ്പിൽ
വെറുതെ
ചോദ്യങ്ങളോരോന്നായി
കൊളുത്തിയിടുകയാണ്...
ചൂണ്ടുവിരൽ പാടുകളിൽ നിന്ന്‌
സ്വന്തം ശരികൾ
കണ്ടെടുക്കുകയാണ്...
നമ്മളെന്നല്ല ,
ഏറ്റുപറച്ചിലിന്റെ ഭാഷയിൽ
ആരുമിപ്പോൾ മിണ്ടാറേയില്ല....

.

Friday 14 December 2018

ചിലപ്പോഴൊക്കെ
വെളുത്ത കടലാസ്സിലേക്ക് നീ
വേരുകളായി  ഇഴഞ്ഞു കയറുന്നു...
മറ്റു ചിലപ്പോൾ
വേരോടെ സ്വയം പറിച്ചു നടുന്നു...
വരികളോരോന്നും
നിന്നോളം വന്നിട്ട്
മിണ്ടാതിരിപ്പാണ്...
ചെവിയോർത്താൽ കേൾക്കാം
പിടിവാശികളുടെ
കുഞ്ഞിച്ചിറകടികൾ...
നേരാണ് ,
ഒരു നൂറു കഥകളും
കൊക്കിലൊതുക്കിക്കൊണ്ട്
ഓരോരോ പക്ഷികളായി
നമ്മളിങ്ങനെ....

Tuesday 11 December 2018

ഒരു പെണ്ണിന്റെ കത്തിയെരിഞ്ഞ മൃതദേഹം


(ഈയിടെ അന്തരിച്ച വിദ്രോഹി എന്ന കവി യുടെ
" ഏക് ഔരത് കി ജലി ഹുയി ലാശ് "
എന്ന  കവിതയുടെ ഒരു ഏകദേശ
വിവർത്തനം.) courtesy:
http://sunflowercollective.blogspot.com/2016/07/poem-ramshankar-vidrohi-translated-by.html?m=1
________________________________________
സംസ്കാരങ്ങളുടെ ചവിട്ടുപടികളോരോന്നിലും
ഒരു പെണ്ണിന്റെ ജഡം കാണാം..
ചിതറിക്കിടക്കുന്ന
അസ്ഥികളും.
തനിയെ കത്തിയതല്ല ,
കത്തിച്ചത്.
അസ്ഥികളാവട്ടെ
 ഉടഞ്ഞു വീണതല്ല ,
ആരോ തകർത്തെറിഞ്ഞത്.
ഈ തീയും തനിയെ പടർന്നതല്ല
ആളിപ്പടരാനായിത്തന്നെ
ആരോ കൊളുത്തിയതാണ്.
ഈ യുദ്ധവും താനേ തുടങ്ങിയതല്ല
ആരോ എന്തിനോ വേണ്ടി
തുടങ്ങിവച്ചതാണ്.
ഈ കവിതയുമതേ
ആരോ എഴുതി വച്ചതാണ്.
കവിതയെഴുതുമ്പോൾ
കനലുകൾആളിക്കത്തും..
ആർക്കാണിതിൽനിന്ന്
എന്നെ മോചിപ്പിക്കാനാവുക..?
അവളുടെ ചോരയിൽ
പണിതിരിക്കുന്ന
ഈ പിരമിഡുകളിൽ നിന്ന്‌
എന്നെ മോചിപ്പിക്കുകയെന്നാൽ
മോഹന്ജദാരോവിലെ തടാകത്തിന്റെ
കല്പടവുകളിലൊന്നിൽ
കത്തിക്കരിഞ്ഞു കിടക്കുന്ന
അവളെ മോചിപ്പിക്കുന്നതു 
പോലെ തന്നെയാണ്...
കരയിലേക്ക് പിടിച്ചിട്ട പോലൊരു
പിടച്ചിൽ....
കടലാഴങ്ങളിലെവിടെയാണ് 
ജീവനിരിക്കുന്നത്..?

Sunday 9 December 2018

അലിഞ്ഞിറങ്ങാൻ
തുടങ്ങുമ്പോഴേക്കും
സ്വപ്നങ്ങളുടെ ഒഴിഞ്ഞ
കടലാസ്സു പൊതികളിൽ പോലും
മധുരം നിറച്ചു വയ്ക്കുന്ന
എന്‍റെ മിട്ടായിക്കുട്ടികൾ...
ജീവിതത്തിനിതെന്തു മധുരമാണ് !

Saturday 8 December 2018

എത്രയൊഴുകിയാലും
കൺപീലികൾക്കപ്പുറം
ഒരു കടൽ എന്നും   
ബാക്കിയാവും...
എത്രയെഴുതിയാലും
വരികൾക്കപ്പുറം
കാരണങ്ങളും...
ഊതിപ്പെരുപ്പിച്ച സന്തോഷങ്ങൾ...
മനസ്സകലങ്ങളിൽ
സ്നേഹത്തിന്റെ
വിളക്കിച്ചേർക്കലുകൾ...
നമ്മൾ മുറിഞ്ഞു പോകാത്തതും
ഇങ്ങനെയൊക്കെയാവാം...

Friday 7 December 2018

ഇത്രമേൽ ആത്‌മാവിനെ
തൊട്ടറിയാനും മാത്രം
സ്നേഹത്തിന്റെ
എത്ര പുനർജനികൾ
താണ്ടിയിട്ടുണ്ടാവും നമ്മൾ
ഓരോ  ജന്മത്തിലും...

Thursday 6 December 2018


മിണ്ടാതിരുന്നാലും 
മനസ്സ് വട്ടം പിടിച്ചിരുന്ന്
വായിക്കാൻ തുടങ്ങും...
ഒന്നുമില്ലെന്ന നുണയിൽ നിന്ന്‌
ഒരായിരം നേര്
ചികയാൻ തുടങ്ങും...
ചേർത്തു പിടിച്ചിട്ട്
ആശ്വാസത്തിന്റെ ചുമലുകളാവും...
ചിലപ്പോഴൊക്കെ
നീയെനിക്കമ്മയാവും !

Wednesday 5 December 2018

അക്ഷരങ്ങൾ
ചെറിയ തുമ്പികളെപ്പോലെ
മെല്ലെവന്ന്
ഉമ്മവച്ചു പോവുന്ന
ഈ നേരങ്ങൾ !



Tuesday 4 December 2018

കാറ്റേതോ കളി പറഞ്ഞു
പോയതാണ്...
ഇലകൾ അപ്പോഴുമൊന്നും
മിണ്ടുന്നുണ്ടായിരുന്നില്ല..
ശരിയാണ് ,
ഇലകളുടെ ഭാഷ
മൗനമാണ്.
വരികളിൽ നിന്ന്
ഹൃദയത്തിലേക്കൊരു 
മഴവില്ല് നീ 
ചാരി വെക്കുന്നു...
ഓരോ  വായനയിലും
ഞാൻ നിന്റെയാകാശത്തിലേക്ക്
നടന്നു കയറുന്നു...

Monday 3 December 2018

എത്രയകലെ മാറിയിരുന്നാലും
ഒരു തിരവന്നെടുത്തേക്കുമെന്ന മട്ടിൽ
ഒരു കടൽ ,
എന്നെ തന്നെ നോക്കിയിരിക്കുന്നു...
അറിയാതെയെങ്കിലും 
കടലിനോടൊപ്പം ഞാനും
കരയാൻ തുടങ്ങുന്നു...