Thursday 29 December 2022

 പ്രശ്നം

ആ ദിവസത്തിന്റെതാണ്..

അവളെ സങ്കടക്കയത്തിലേക്ക്

തള്ളിയിടുന്ന ഹോർമോണുകളുടേതാണ്...
കാലമിത്ര കഴിഞ്ഞിട്ടും
കണ്ണൊന്നു വാടുമ്പോൾ
കാര്യമറിയാത്തത് പോലുള്ള
നിന്റെ പകച്ചു നോട്ടങ്ങളുടേതാണ്..
പിന്നെ,വേദനകളെ
വിരിയാൻ തുടങ്ങുന്ന
പൂവിനോടുപമിച്ച കവി...
പ്രശ്നം
നിന്റേതും കൂടെയാണ്.





Friday 18 November 2022

 കറുപ്പിനെ കുറിച്ച്

ദീനദീനം വിലപിക്കുന്നു..

ഗാത്രത്തെ കുറിച്ചും
ഗോത്രത്തെ കുറിച്ചും
കരുണയുടെ ഭാഷയിൽ
കഥ പറയുന്നു..
അവളുടെ ചിറകുകൾ
ആകാശം തൊടും മുൻപേ
അറിയാത്ത മട്ടിലവളെ
കുഴഞ്ഞ മണ്ണിലേക്ക്
വലിച്ചിറക്കുന്നു...
അധികാരം അവൾക്ക്
നേരെ വലിച്ചെറിഞ്ഞൊരു
നാണയമാണെന്ന്
പറയാതെ പറയുന്നു...
പിന്നെ,
സഹതാപത്തിന്റെ
നൂല് മെല്ലെ അയച്ചിട്ട്
അവളെ പറക്കാൻ
വിടുന്നു...

 നീ പുലരിയുടെ

കാതിൽ പറയുന്നതാണ്

പകൽ!

 കവി..

ഞാൻ നിന്റെ കവിതയിലേക്കോ

നിന്റെ കവിതകൾ

എന്റെ

കടലാസ്സിലേക്കോ

നുഴഞ്ഞു കയറ്റം തുടങ്ങിയിട്ട്

കുറച്ചു കാലമായി...

എന്തെഴുതാൻ തുടങ്ങിയാലും

അതിലെല്ലാം

നിന്റെ നിഴൽ

വീണു കിടക്കുന്നത് പോലെ...

എന്നാൽ കണ്ടെടുക്കനാണെങ്കിൽ

നീയതിൽ

നിന്നെയൊരു

പൊട്ടെങ്കിലും

ബാക്കി വച്ചിട്ടു വേണ്ടേ..

ഞാൻ പിന്നെയും പിന്നെയും

വെപ്രാളപ്പെട്ടു

നിന്റെ

കവിതയിലേക്കോടി യെത്തും..

ഇന്നലെകൂടെ കണ്ടു

പിരിഞ്ഞതെങ്കിലും 

ഒരു പരിചയം പോലും

കാട്ടാതെ

കവിതയെന്നെ 

പറഞ്ഞയക്കും...

ഞാൻ പിന്നെയും

കടലാസിൽ വന്നിരിക്കും..

കവിയിതു വല്ലതും

അറിയുന്നുണ്ടോ..

ഓഹ്,പിന്നെ...

കവിക്കെന്താ 

കിറുക്കുണ്ടോ..

അല്ലെങ്കിലും നിഴലുനോക്കി

ആളെ തിരിച്ചറിയുന്ന വിദ്യ

കവികൾക്കൊട്ടും

വശമുണ്ടാവാനിടയില്ല..

ഓരോ നേരവും 

കടലാസിൽ ചുറ്റിത്തിരിയുന്നവർക്ക്..

വട്ടം വട്ടം

ഒരു കവിത പോലുമാവാത്തവർക്ക്

നിറയെ നിറയെ

കവിത വായിക്കുന്നവർക്ക്

അതെളുപ്പമാണ്..

പുറംചട്ടയിൽ നിന്നു പോലും ഉള്ളിലെ 

കവിത വായിച്ചെടുക്കാൻ...

കയ്യക്ഷരത്തിൽ നിന്നു പോലും

കവിയെ കണ്ടുപിടിക്കാൻ...

 നെട്ടോട്ടങ്ങളുടെ നാല് ദിനരാത്രങ്ങൾക്കൊടുവിൽ

വെളിപാടുകളുടെ വെള്ളി..

നിശബ്ദ കുമ്പസാരങ്ങളുടെ ശനി..

പിന്നെ,

ഉയിർപ്പിന്റെ ഞായർ !

 വഴിയൊതുങ്ങി നടക്കാൻ

വാക്കുകളെ പരിശീലിപ്പിച്ചതാണ്...

ഇണക്കമില്ലാത്ത വരികളിൽ

നിന്നും ഇറങ്ങിപ്പോരാൻ

പറഞ്ഞു പഠിപ്പിച്ചതാണ്...

ഇനിയൊരു കവിതയാവില്ലെന്ന്

സത്യം ചെയ്യിപ്പിച്ചതാണ്...

എന്നിട്ടും,

നിന്നെയോർക്കുമ്പോൾ...

നിന്നെയോർക്കുമ്പോൾ മാത്രം

മനസ്സിന്റെ ഓർമ്മപ്പെടുത്തലുകളിലേക്ക്

മഷിക്കുപ്പികൾ മറിഞ്ഞു വീഴുന്നു...

ഞാനതെല്ലാം മറന്നു പോകുന്നു..

 ചിലപ്പോൾ,

മനസ്സിന് മേലെ 

പറന്നു വന്നിരിക്കുന്ന 

ഒരു ശലഭം...

മറ്റുചിലപ്പോൾ,

ഒരോർമ്മയെ തന്നെ 

ചുറ്റിപ്പറ്റി നടക്കുന്ന

ഒരു പൂച്ച !

 നിനക്ക് വെറുതെ

തോന്നുന്നതാണ്.

സ്നേഹത്തിന്റെ

കണക്കുനിരത്തി

കണ്ണീരൊഴുക്കിയാലൊന്നും 

മൂന്നടി

അളന്നെടുത്തോളാൻ

പറഞ്ഞിട്ടവൾ 

മുട്ടുകുത്തി നിൽക്കില്ല.

പശ്ചാത്താപത്തിന്റെ

തരിമ്പു പോലും

കാൽവെള്ളയിൽ

പറ്റാത്തൊരാൾക്കുവേണ്ടി

മനസ്സിലൊരല്പം

പോലുമിടമവൾ

കരുതി വയ്ക്കില്ല...

 നുണയെന്നത്

ഇപ്പോൾ 

ഒരു ക്യാമറ ക്ലിക്കിന്റെ

നേരം കൊണ്ട്

വിടർന്നു പൊഴിയുന്ന

ചില ചിരികളാണ്.

 എന്റെ ആകാശം നിറയെ

ഞാൻ അവരുടെ പേരെഴുതി നിറച്ചിരിക്കുന്നു...

നോക്കൂ,

എന്റെ 

കുഞ്ഞു നക്ഷത്രങ്ങൾ

എനിക്ക് ചുറ്റും

മിന്നുന്നത് കണ്ടോ...

സ്നേഹത്തിന്റെ ഒരു വെളിച്ചം

എന്നെ പൊതിഞ്ഞിരിക്കുന്നതും...

ജീവനവരാണ്...

ജീവിതവുമവരാണ്...

എന്റെ സന്തോഷങ്ങളുടെ

കാരണങ്ങളുമവരാണ്...

 ഉടഞ്ഞു പോയ

ഒരിഷ്ടത്തിന്റെ

ചില്ല്...

 ഇന്നുണ്ടല്ലോ

കണ്ണ് തുറക്കുമ്പോൾ

കയ്യെത്തിപിടിക്കാൻ

പാകത്തിൽ

ഒരു കപ്പ് കവിത !

മനസ്സറിയും പോലെ

മധുരം കൂട്ടിയിട്ടത്..

ഹൃദയാകൃതിയിൽ

കാപ്പിത്തരികൾ

കുടഞ്ഞിട്ടത്...

 അഴകിനെ കുറിച്ച് പറയുന്നവർ 

കറുപ്പിനെ ഇങ്ങനെ നുണകൊണ്ട്

വെളുപ്പിക്കുന്നതെന്തിനാണ്..

എന്നാലും എങ്കിലുമെന്നൊക്കെ

അടിവരയിടുന്നതെന്തിനാണ്...

ഇഷ്ടങ്ങളുടെ

കൂട്ടത്തിലതിനെയിങ്ങനെ 

ഒറ്റയ്ക്ക് നിറുത്തുന്നതെന്തിനാണ്..?

 കരയാൻ തുടങ്ങുന്നതേ വന്ന് 

സാരമില്ലെന്ന് കെട്ടിപ്പിടിക്കും..

അതൊക്ക പോട്ടേയെന്ന് 

കവിളിൽ നുള്ളും...

അവരോട് പോയി

പണിനോക്കാൻ പറയൂയെന്ന്

തോളിൽ തട്ടും...

മറ്റാരും വേണ്ട,

മനസ്സേ...

എനിക്കിനി

നിന്റെ കൂട്ട് മാത്രം മതി.

 ഈ മഴ 

പിണങ്ങിയിരിക്കുന്ന

നിന്നെപ്പോലെയാണെന്ന്...

ഇണങ്ങണമെന്നൊരു

ഭാവം പോലുമില്ലാതെ,

ഇങ്ങനെ

ചിണുങ്ങി ചിണുങ്ങി...

 അലസതയുടെ

ചുണ്ടിൽ

പതിവില്ലാത്ത 

ഒരു ആനന്ദ ചിരി !

വെറുതെയല്ല,

അടുക്കളയുമിന്ന് 

അവധിയിലാണ്.

കഴിഞ്ഞൊരാഴ്ച്ചത്തെ

അലച്ചിൽ

അവസാനിച്ചതിനെ 

ആഘോഷമാക്കുകയാണ്..

ഞങ്ങളൊന്നിച്ചൊരു

ഞായറാഘോഷിക്കുകയാണ്...

 എത്രവട്ടം കേട്ടാലും

വരികൾ ഇടയ്ക്കിടെ

വഴി മാറിയൊഴുകും..

പക്ഷെ,

ഈണങ്ങൾ 

എത്രയെളുപ്പത്തിലാണ് 

മനസ്സിന്റെ

അവസ്ഥകളുമായി

താദാത്മ്യം പ്രാപിക്കുന്നത്...

ജീവന്റെ മിടിപ്പുകളോടൊപ്പം

ശ്രുതി ചേർക്കുന്നത്..

പകൽത്തിടുക്കങ്ങളുടെ 

ചുണ്ടിലിരുന്ന് പോലും 

അലസമായിങ്ങനെ 

ചൂളമിടുന്നത്...

 കല്ലിലൊഴിക്കുമ്പോൾ

ശൂ എന്ന്  മിണ്ടണം..

നുള്ളിയെടുക്കുമ്പോൾ

നേർത്ത ഒരു

ചില്ലുടയും പോലെ

തോന്നണം...

കഴിച്ചു തീരുമ്പോൾ

കയ്യിൽ പറ്റിയ

നെയ്മണം പോലും

പറയണം..

ആഹാ...

ദോശയെങ്കിൽ

ഇങ്ങനെയിരിക്കണം !

 കാലം കൈയ്യിൽ

ഉമ്മ വയ്ക്കുന്നു...

ഇതാണ് ശരിയെന്നു

ചുമലിൽ തട്ടുന്നു..

കൺ ചിരികളാൽ

മനസ്സ് നിറഞ്ഞെന്ന്

മിണ്ടാതെ മിണ്ടുന്നു..

മതിവരാത്ത മട്ടിൽ

പിന്നെയും

മിഴികളിലേക്ക് തന്നെ

നോക്കി നിൽക്കുന്നു..

Thursday 17 November 2022

 അല്ലെങ്കിലുമതെ,

ജീവിക്കാനുള്ള

കാരണങ്ങൾ

ജീവിതമെപ്പോഴും

കരുതി വച്ചിട്ടുണ്ടാവും !

 മണങ്ങളെ കുറിച്ച്

തോരാതെ പെയ്യുന്നവൾ..

എന്റെ 

കൈവെള്ളയിലേക്ക്

പൂമണമുള്ള 

നിറങ്ങളെ

പറഞ്ഞയക്കുന്നവൾ...

പ്രകൃതി അവളാണ്...

എന്റെ പ്രപഞ്ചവും..

 കരുതലിന്റെ

കാൽമുട്ടുകൾക്കിടയിലോ

സ്നേഹത്തിന്റെ

കൈവെള്ളക്കുള്ളിലോ

സ്വന്തമെന്ന

അടക്കിപ്പിടിക്കലുകൾക്കുള്ളിലോ

ഒക്കെ 

ഒരിത്തിരിയിത്തിരിയായി

മരിച്ചു പോകുന്നവരുമുണ്ട്.

ചിറകൊടിഞ്ഞ്..

തൂവൽ പൊഴിഞ്ഞ്..

അസ്ഥികളുടഞ്ഞ്..

ഹൃദയം നുറുങ്ങി..

അങ്ങനെയങ്ങനെ...

 കാടിന്റെ ചിറകരിഞ്ഞു

വീഴ്ത്തുന്ന

യന്ത്ര സംഭാഷണങ്ങൾ...

മരമുരൾച്ചകൾ..

മടുത്തു..

ഇനി മതിയാക്കാം..

മുറിഞ്ഞുപോയിടത്ത്

നിന്ന് തന്നെ തുടങ്ങാം...

നമുക്കിനി 

ഒരിക്കൽ കൂടി 

പച്ചപുതച്ചിരിക്കാം...

ഇലകളുടെയും

പൂക്കളുടെയും ഭാഷയിൽ

മിണ്ടാൻ തുടങ്ങാം...

 എന്തിനുമേതിനും

കവിത പറയുന്ന

ഒരാളെ ഓർമ്മ വരുന്നു...

ചിരിയടയാളങ്ങളെ

ചുണ്ടിൽ നിന്നും

മായ്ച്ചു കളഞ്ഞിട്ട്

കടലാസ്സ്

കമിഴ്ത്തി വയ്ക്കുന്നു...

കവിതപോലൊരു

ഓർമ്മയിലേക്ക്

മെല്ലെ 

തല ചായ്ക്കുന്നു...

 നിന്നിലിതെത്ര നീയാണ്..

 മുൻവിധികൾകൊണ്ടും..

വെറുതെയുള്ള

വിലയിരുത്തലുകൾ കൊണ്ടും..

പിടിച്ചാൽ കിട്ടാത്ത

പിടിവാശികൾ കൊണ്ടും...

അതിരു കടന്ന

സ്വാർത്ഥത കൊണ്ടും...

ഒന്നോർത്താൽ 

അകലം എന്നത്

രണ്ടു ശരികൾക്കിടയിലെ

ദൂരം തന്നെയാണ്..

 ഒരേ ഓർമ്മയുടെ

രണ്ടറ്റം പോലെ

രണ്ടു മനുഷ്യർ..

കണ്ടിട്ടും

കാണാത്തതു പോലെ...

കേട്ടിട്ടും

കേൾക്കാത്തതു പോലെ...

 ഞാൻ കാറ്റാവുന്നത്

നിന്നെ കാണാതിരിക്കുമ്പോഴാണ്.

കാണാനിടയുള്ള വഴിയിലൂടെ

കണ്ണെത്താ ദൂരത്തേക്ക്

കല്പനകളെ പറഞ്ഞയക്കുന്നതും

അപ്പോഴാണ്...

കേട്ട് നോക്കിയിട്ടുണ്ടോ

നീ എവിടെ എവിടെയെന്നു

കാതിൽ പറഞ്ഞു കൊണ്ട് 

ഒരു കാറ്റിപ്പോൾ

കടന്ന് പോയില്ലേ..

അത് ഞാനാണ്...

 ചിലരുണ്ട്,

അക്ഷരങ്ങളുടെ

അലങ്കാരപ്പണികൾ

ഒന്നുമില്ലാതെ..

വാക്കാവാതെ..

വരികളാവാതെ...

അത്രയും

നിശബ്ദമായാണ് 

സ്നേഹം പറയുന്നത്...

പ്രിയമുള്ളൊരാളുടെ

ഹൃദയത്തിലേക്കൊരു 

പാലം പണിയുന്നത്...

 ചില്ലുകൂട്ടിലെ മീനിനോട്

ചുറ്റും കടലാണെന്നൊരു

കള്ളം

കൈവെള്ളയിൽ

പച്ചവരച്ചിട്ട്

കാടാണെന്നൊരു കള്ളം

പാൽമണം മാറാത്ത

പൂച്ചക്കുഞ്ഞിന്

അമ്മയാണെന്നൊരു കള്ളം

നേരുപറഞ്ഞാൽ,

ജീവിതത്തിന്

നിറം കൊടുക്കേണ്ട

ജോലികൂടി

നമ്മുടേതാവുമ്പോൾ

കടുംനിറത്തിൽ

കഥമെനയാതെങ്ങനെ

മനസ്സിനോടിത്തിരി 

കള്ളം പറയാതെങ്ങനെ

 തോന്നലുകളല്ല,

നേരിന്റെ

നിഴലനക്കങ്ങളാണെന്ന്

അവൾ !

 അന്നൊക്കെ 

നിന്നിലുമെന്നിലും

നിഴലെന്ന പോലെ

നമ്മളുണ്ടായിരുന്നു...

പകരമാവാതെയും 

പപ്പാതി പങ്കിടാതെയും തന്നെ 

എത്രയോ സ്വന്തമായിരുന്നു...


അതും ഒരു രസമാണ്..

നേരം കയ്യിൽ പിടിച്ചിട്ട്

ഒരിത്തിരി ദൂരം...

ഇങ്ങനെ...

വെറുതെ...

 മുഖം

കറുപ്പിച്ചു നിൽക്കാനും

മറ്റൊരു മാത്രയിൽ

തോളിൽ ചാഞ്ഞുകിടന്ന് 

നിറുത്താതെ കരയാനും

പഴയ മഴയൊന്നുമല്ല

ഇത്..

ഉറപ്പാണ്

കാലങ്ങളുടെ

കണക്ക് നിരത്തി 

അവൾ വരുന്നത്

മണ്ണുടൽ തണുപ്പിക്കാനോ

വേനൽദാഹം ശമിപ്പിക്കാനോ ആവില്ല..

മുറിവേറ്റ പെണ്ണ്

മടങ്ങി വരുന്നത്

വെറുതെയങ്ങ് 

പെയ്തു പോവാനുമാവില്ല..

 പിന്നെയും പിന്നെയും

ഒരേ പാട്ടിൽ

കുതിർന്നിതെത്ര

മഴകൾ !

 അതേ...

കണ്ടുപിടിക്കപ്പെടും വരെ

കവിതയാണ്.

 അത്രയും രഹസ്യമായി

മനസ്സ് പറഞ്ഞതായിരുന്നു..

എന്നിട്ടും,

ഒരൊറ്റ നിമിഷം കൊണ്ടല്ലേ 

അക്ഷരങ്ങൾ ഒറ്റിക്കൊടുത്തത്..

കവിതയെന്ന പേരിൽ

കടലാസ്സിൽ എഴുതി നിറച്ചത്...

 കാർമേഘങ്ങളെ

കയ്യിൽ

കൊണ്ടു നടക്കുന്ന

ഒരാളുണ്ട്..

കാണെക്കാണെ 

കൺ ചിരികളെ

മായ്ച്ചു കളയുന്ന

ഒരാൾ..

പരാതി കാറ്റിൽ

പാടെ കാണാതാവുന്ന

ഒരാൾ...

 ശരിയല്ല എന്ന് പറയുന്നതിൽ

ഒരു ശരിയുണ്ട്.

ശരി തന്നെ.

പക്ഷെ,

ശരികളേയില്ല

എന്ന് പറയുന്നതിൽ

എവിടെയാണ് ശരി..?

 അന്നേരം എനിക്ക് നിന്നെ കേൾക്കണമെന്ന് തോന്നി...

അന്ന് പറഞ്ഞു നിറുത്തിയ

കഥയുടെ ബാക്കിയിലേക്ക്

ചെവി ചേർക്കണമെന്ന് തോന്നി...

എപ്പോഴും കൂടെ കരുതാറുള്ള 

പരിഭവങ്ങളുടെ ബാക് പാക്ക്

വലിച്ചെറിഞ്ഞിട്ട് 

വഴിയറ്റം വരേയ്ക്കും

ഒപ്പം നടക്കണമെന്ന് തോന്നി...

 മറവി എന്നത്

എന്ത് മനോഹരമായ

വാക്കാണ്...

മടുപ്പെന്ന് പറയുന്നതിലേ വല്ലാത്തൊരു മടുപ്പുണ്ട്...

വെറുതെയല്ല

മനുഷ്യർ

എന്തിനുമേതിനും

മറവിയെ കൂട്ടുപിടിക്കുന്നത്..

മടുപ്പെന്ന വാക്കിനെ

മനഃപൂർവ്വം മറന്നു കളയുന്നത്...

 ഒന്നിൽ നിന്ന്

അടുത്ത

പിണക്കത്തിലേക്കുള്ള

ആ ചെറിയ ദൂരങ്ങളിൽ 

എത്രയെത്ര 

സ്നേഹപ്പച്ചകൾ...

തണൽ...

പൂക്കൾ...

പൂത്തും തളിർത്തും

വാടിയും കൊഴിഞ്ഞും...

ഹാ...

ഋതുക്കൾ നമ്മളാണ് !

 ഇപ്പോഴും പുകയുന്ന

ഭൂതകാലക്കെടുതികളിൽ നിന്ന്

അനുനേരമകലം കുറയുന്ന

അതിരുകളുടെ

സ്വാതന്ത്ര്യമില്ലായ്മയിൽ നിന്ന്

പറക്കുക..

നിന്റെ പൂന്തോട്ടങ്ങൾക്ക്

തീയിട്ടവർ

നിന്നെയും തിരഞ്ഞു

വരുന്നുണ്ടാവും

എന്റെ പൂമ്പാറ്റക്കുഞ്ഞേ 

നിന്റെ ചിറകു തൊടുമ്പോൾ

പൂവിരിയുന്ന മണ്ണിലേക്ക് മാത്രം 

നീ പറക്കുക

 ചിലപ്പോൾ,

കുനുകുന

കവിത കുറിച്ചിടുന്ന

ഒരു കടലാസ്സ്...

മറ്റു ചിലപ്പോൾ,

പെട്ടന്ന്

പിണങ്ങിപ്പരക്കുന്ന

മഷി...

 മനപ്പൂർവ്വമുള്ള

മറന്നു വയ്ക്കലുകൾ...

മറവികളിൽ നിന്നും

ചിലതിനെ കണ്ടെടുത്തിട്ട്

കാണാത്ത മട്ടിലുള്ള 

കണ്മുന്നിൽ നിരത്തി വയ്ക്കൽ...

അങ്ങനെയെന്തെല്ലാമെന്തെല്ലാം

മധുരപ്രതികാരങ്ങൾ !

 ചിരകിയ തേങ്ങയുടെ

വറവ് മണം...

അരിപുട്ടിന്റെ വേവ് മണം...

പെരും ജീരകത്തിന്റെ

അരപ്പ് മണം...

വെന്ത കടലയുടെ..

കാച്ചിയ പപ്പടത്തിന്റെ...

ചിലപ്പോൾ തോന്നും,

ഞാൻ ഈ 

കൊതിയോർമ്മകളെയെല്ലാം 

എന്റെ അടുക്കളയിലേക്ക് 

വേരോടെ

പറിച്ചു നടുകയാണെന്ന്..

ഞാനിങ്ങനെ വെറുതെ 

അമ്മ നടിക്കുകയാണെന്ന്...

 മറ്റേതോ ജന്മത്തിലെ

കഥയാണ് പോലും..

എനിക്ക് ചിരിയാണ്.

ചീട്ട് നിരത്താതെയും

കൈരേഖകൾ

നോക്കാതെയും തന്നെ 

നമ്മളീ കഥകൾ

എത്രവട്ടം പറഞ്ഞിരിക്കുന്നു

ഒന്നിച്ചുണ്ടായിരുന്ന

ഇടങ്ങളിലൊക്കെ 

എത്രവട്ടം

പോയി വന്നിരിക്കുന്നു

ഇനിയുള്ള

ജന്മങ്ങളെ കുറിച്ച് പോലും

എത്രയേറെ സ്വപ്‌നങ്ങൾ

കണ്ടിരിക്കുന്നു...

 അങ്ങനെയിരിക്കേ 

അവസാന വരിയിൽ നിന്ന്

u ടേൺ എടുക്കുന്നു..

നിന്നെ ഒരിക്കൽ കൂടി

വായിക്കുന്നു..

നീ കവിത എഴുതാനിരുന്ന

കാലത്തെ കുറിച്ചോർക്കുന്നു..

ഞാനതിലൊട്ടുമേയില്ലല്ലോ

എന്നൊരു സങ്കടം

മിഴി തൊടുന്നു..

മടങ്ങുന്നു...

 മനസ്സിൽ സ്നേഹത്തിന്റെ ചക്രവാതചുഴികൾ...

പ്രണയമിങ്ങനെ

പെയ്യാനൊരുങ്ങി

നിൽക്കുന്നത് പോലെ...

 അന്നേരം

അതി ഭയങ്കരമാം വിധം

കുശുമ്പ് അനുഭവപ്പെട്ടതും...

മുഖത്തെ

സകല പേശികളും

ആവോളം ശ്രമിച്ചിട്ടും,

അമ്പേ പരാജയം

എന്ന മട്ടിൽ

നിന്റെയൊരു പൊട്ടിച്ചിരിയിൽ

ഞാനങ്ങ് ഇല്ലാതായിപ്പോയതും...

 ആ പാട്ട്..

സ്വപ്നങ്ങളുടെ

താളുകൾക്കിടയിൽ

അന്ന്

അടയാളം വച്ചു മറന്ന

ആ പാട്ട്!

 വാക്കിലയിൽ

നീ വിളമ്പാറുള്ള 

നേരങ്ങളുടെ രുചി !

പിണങ്ങിയിരിക്കുമ്പോൾ 

പ്രത്യേകിച്ചും,

അതിരസം...

മനഃപായസം...

 ഏറെ നേരം

കഴിഞ്ഞിട്ടും

ഇനിയും

മടക്കി തീരാത്ത ഉടുപ്പുകൾക്കിടയിൽ..

ഉച്ചക്ക് കേട്ട

ഒരു പാട്ട് തന്നെ

പലവുരു

മനസ്സിൽ മൂളിക്കൊണ്ട്...

ആഹാ..

മടി പിടിച്ചിരിക്കുക

എന്നതിലേറെ

മനോഹരമായ

മറ്റൊരു ധ്യാനവുമില്ല...

 കേൾക്കുക

എന്ന കരുണ !

 നിലാവുടുത്ത്

നിൽക്കുമ്പോഴും

കടുത്ത വിഷാദത്തിന്റെ കരിനിഴലുടുപ്പ്

നിനക്കെന്തിനാണ്..?

 ഹാ  ദൈവമേ..

അവളുടെ

വിരൽത്തുമ്പിൽ

പറ്റിയിരിക്കുന്ന

നിറങ്ങളിൽ നോക്കി

പറയട്ടെ,

നീ മഷിയാണ്..

മഷിയാണ്..

മഷിയാണ്.

 ഒരൊറ്റ നേരത്തെ

അവഗണനയ്ക്കാണ്

വിശപ്പ്

ഇത്രകണ്ട്

വഴക്കുണ്ടാക്കുന്നത്..

രാവിലത്തെ

മധുരവർത്തമാനങ്ങളെ

ഒക്കെയും മറന്നിട്ട്

ഇത്രയും പരുഷമായ ഭാഷയിൽ

മിണ്ടിക്കൊണ്ടിരിക്കുന്നത്....

 മനസ്സിൽ പെട്ടു പോയത് കൊണ്ടും...

മടങ്ങിപ്പോരാനുള്ള വഴി

മറന്നു പോയത് കൊണ്ടും...

അല്ലെങ്കിലും,

മനുഷ്യർക്കിറങ്ങിപ്പോകാൻ

മനസ്സങ്ങനെയിങ്ങനെയുമൊന്നും

അനുവാദം കൊടുക്കാറില്ലല്ലോ...

അല്ലേ..?

 ഒരിക്കലും

ഉത്തരമാവാത്ത

ദൈവത്തെ കുറിച്ച് ഓർക്കുകയായിരുന്നു...

പരീക്ഷണങ്ങളുടെ

സൂചിമുനയിൽ

ദയ കാത്ത് കിടക്കുന്ന

നമ്മുടെ

പ്രാർത്ഥനകളെക്കുറിച്ചും..

 കവിതയല്ല,

മനസ്സിന്റെ

ഏറ്റവും

മനോഹരമായ

മാതൃകയാണ്

അതെന്ന് 

ഒരാൾ!

 പിറക്കാനിരിക്കുന്ന 

വരികൾക്ക്

ഞാനിന്നലെ 

സ്വപ്നചിറകുകൾ

തുന്നിക്കൊടുക്കുകയായിരുന്നു...

നീയോ..

സ്വപ്നങ്ങളിൽ

കവിതയെഴുതുകയും...

 നമ്മൾ വെറുതെ പറഞ്ഞു പെരുപ്പിക്കുന്നതാണ്..

ഇത്രയും ചെറിയ

കാരണങ്ങളെ ചൊല്ലി പടിയിറങ്ങിപ്പോകണമെങ്കിൽ

ഒന്നോർത്തു നോക്കൂ..

സ്നേഹമൊക്കെ

എത്രയോ വലിയ

നുണയാണെന്ന്...

 അയാളിപ്പോൾ,

മനസ്സിൽ

അടക്കം ചെയ്തവരെ

സ്വപ്നം കാണാൻ

തുടങ്ങിയിരിക്കുന്നു..

മറവികൾക്കിടയിൽ നിന്നും

മനുഷ്യരെഴുന്നേറ്റു

വരുന്നുവെന്ന്

ഉറക്കെ കരയുന്നു..

ജീവിതത്തെ ഇറുകെ 

പുണരാനായുന്നു...

ഒറ്റയാണെന്ന്

ഊന്നുവടി അയാളോട്

ഊന്നി പറയുന്നു...

 മനസ്സിനെ കണ്ടു പഠിക്കണം.

ദാ..

ഇത്തിരി സന്തോഷത്തിൽ പോലും

അത്

നിറഞ്ഞു ചിരിക്കുന്നത് കണ്ടില്ലേ...

നൃത്തം ചെയ്യുന്നത് കണ്ടില്ലേ...

 എല്ലാ ചോദ്യങ്ങളും

മറുപടിക്ക് വേണ്ടിയുള്ളതാവണമെന്നില്ല...

ചിലതൊക്കെ,

ഒപ്പമുണ്ടെന്ന

ഉറപ്പു വരുത്തലുകളാണ്...

വെറുതെ...

 മതിലുകൾക്കും

മരച്ചില്ലകൾക്കുമിടയിലൂടെ കാണാം..

ഇട്ടാവട്ടത്തിലൊരാകാശവും..

ഇത്തിരിനിലാവും...

ബാക്കിയാകാശവും

നക്ഷത്രങ്ങളുമെല്ലാം 

മനസ്സിൽ വരച്ചു ചേർക്കുകയാണ്...

ഉള്ളിലൊരാകാശം

പണിയുകയാണ്...

 നുറുങ്ങു വിശേഷങ്ങളും

ചിരിപ്പൊടി തൂവിയ

വർത്തമാനങ്ങളും

തമ്മിലൊന്നു മിണ്ടിയാൽ

പൊടിഞ്ഞുപോകുന്ന

സങ്കടങ്ങളും...

അവൾ

ഇതെത്രയെത്ര

കഥകളുടെ കൂട്ടാണ്..

 പുറപ്പെടും മുൻപേ

ഒരു പാട്ട്

പറഞ്ഞു

വയ്ക്കുന്നതോർമ്മയുണ്ടോ...

നീയോർത്താലുമില്ലെങ്കിലും

ഞാനിപ്പോഴുമൊരു പാട്ട്

കൂടെ കരുതാറുണ്ട്...

പാട്ടു ദൂരമത്രയും

മനസ്സിൽ മൂളിക്കൊണ്ട്

നിന്നെയും...

 പിന്നെയെന്താണെന്നോ.. പൂഴിക്കടകൻ!

കാര്യത്തോടടുക്കുമ്പോൾ 

ഇന്നലെയുടെ കണ്ണിൽ

പൊടിയിട്ട് കൊണ്ടുള്ള

കരണം മറിച്ചിലുകൾ...

എന്നിട്ട്,

അത്രയേറെ ലാഘവത്തോടെ

ഇന്നിന്റെ കണ്ണിൽ

നോക്കിയുള്ള

നിന്റെയാ നിൽപ്പും..

 ഓർമ്മപ്പൊതി അഴിച്ചു വച്ചിട്ടിങ്ങനെ

ഓരോരോ മിട്ടായികൾ...

ഒറ്റയ്ക്ക്...

 കേട്ടു കേട്ടിരിക്കെ

ഒരു പാട്ടിലേക്കിങ്ങനെ

ഉറങ്ങിപ്പോകുന്നത്...

കണ്ടുകണ്ടിരിക്കുന്ന 

സ്വപ്നത്തിലേക്ക് തന്നെ 

ഉണരാൻ തുടങ്ങുന്നത്...

 മധുരമെന്നത്

മനുഷ്യന്റെ

ഏറ്റവും ചെറിയ

ഇഷ്ടങ്ങളിൽ

ഒന്നായിരിക്കാം...

എനിക്കത്..

നേരിയ മധുരമുള്ള 

ഫിൽറ്റർ കോഫിയോ 

ഇലയടയിലെ

ശർക്കര മധുരമോ സ്വർണ്ണപ്പൊതിയിലെ

ചോക്കലേറ്റ് രുചിയോ

കടും മധുരത്തിലൊരു

ഗുലാബ് ജാമുനോ പാൽപ്പായസമോ..

ഹോ..

എന്റെ ഇഷ്ടങ്ങൾക്കിപ്പോഴും

ഇതെന്തൊരു മധുരമാണ്

 പരിഭവങ്ങളെ

പാടെ ഉലച്ചു കളഞ്ഞ

ചില പിൻവിളികൾ!

 മഞ്ഞിപ്പോഴും

മുറിവിട്ട് പോയിട്ടില്ല...

മടിയൻ മഞ്ഞ്,

ജനലഴികളിലൂടെ പാറി വീഴുന്ന വെയിൽപ്പൂക്കളെയും നോക്കി

ഇവിടെയിങ്ങനെ 

മൂടിപ്പുതച്ചിരിപ്പാണ്...

 വച്ചു നീട്ടലുകൾ...

പങ്കു വയ്ക്കലിന്റെ

ബാക്കിയിരിപ്പുകൾ...

അങ്ങനെയങ്ങനെ

അവരുടേതെന്ന്

നിങ്ങൾ

അഹങ്കാരത്തോടെ

പറയുന്ന

ചില ചില്ലറപ്പൈസകൾ

 അന്നെന്ന പോലെ

ഇന്നുമെന്നുള്ള

ഉത്തരം കേട്ടു

മടുത്തിട്ടാണ്...

പറയൂ..

ഈ കാരണങ്ങളെ

കൂട്ടുപിടിച്ചുള്ള

കാണാതാവലുകൾ

ഇതെന്തിനാണ്..?

കണ്ടുമുട്ടുമ്പോൾ മാത്രം 

കാരണങ്ങൾ

കളഞ്ഞു പോകുന്നതിതെങ്ങനെയാണ്..?

 ഈ പുലരിയുമേതോ പ്രാർത്ഥനയിലെന്ന പോലെ

കണ്ണടച്ചിരിക്കുകയാണ്...

ഇനിയുള്ള

വെയിൽ ദൂരങ്ങളെ

പിന്നീടാൻ

മനസ്സിൽ തണൽ വിരിച്ചിടുകയാണ്...

പതിവിലേറെ സുഗന്ധമുള്ള 

സമാധാനം ശ്വസിക്കുകയാണ്....

 പാതി തകർന്ന

പക്ഷിക്കൂടു പോലെ

രണ്ട് വയസ്സൻ കണ്ണുകൾ...

ചിലമ്പിച്ച ശ്വാസക്കാറ്റിലോ

ഒരു ചുമയനക്കത്തിലോ 

നിലം പൊത്തിയേക്കുമെന്ന്

ഭയന്ന്

ഉറക്കം എന്നേ കൂടൊഴിഞ്ഞു

പോയിരിക്കുന്നു...

ഇപ്പോഴിതാ 

സ്വപ്നങ്ങളുടെ

ഒരു തൂവൽ കനം 

പോലുമില്ലാതെ...

ജീവന്റെ ചില്ലയിൽ...

അതിങ്ങനെ....

 എത്രപെട്ടന്നാണ്

ആജ്ഞാപിച്ചു മാത്രം ശീലമുള്ളൊരാൾ

മെല്ലെ മെല്ലെ 

ആശരണരുടെ ഭാഷയിൽ

സംസാരിക്കാൻ തുടങ്ങിയത്...

അധികാരത്തിന്റെ

സ്വരമുപേക്ഷിച്ച്

നേർത്ത

യാചനാ ശബ്ദമായത്...

സ്വപ്നങ്ങളുടെ ഒരു

ചെറുവിരലനക്കം പോലുമില്ലാതെ 

മറവിക്കിടക്കയിലെക്കിങ്ങനെ

ചുരുണ്ടു കൂടിയത്...

 ഇന്നലെയെന്നോണം

മനസ്സിന്റെ

പുറന്തോടു പൊട്ടിച്ചു

പുറത്തു കടന്നതല്ലേയുള്ളൂ..

എന്റെ 

ഇത്തിരിക്കുഞ്ഞൻ

സന്തോഷങ്ങളേ...

ഇത്രകാലം 

കാലക്കേടിന്റ

കണ്ണിൽ പെടാതെ

കാത്തു വച്ചതല്ലേ...

ചിറകു മുളക്കുവോളമെങ്കിലും 

രഹസ്യമായിരിക്കുക..

 ഇത്രയേറെ

വർത്തമാനങ്ങൾ

കയ്യിൽ

കരുതിയിട്ട്

ഇന്നോളമാരും

കാത്തിരുന്നിട്ടുണ്ടാവില്ല...

കാണാക്കഥകളെ 

കോർത്തു കെട്ടിയിട്ടുണ്ടാവില്ല..

കാത് കല്ലാക്കിയ

ഒരാൾക്ക് വേണ്ടി 

മാറ്റാരുമിങ്ങനെ 

സ്വയം കവിതയായിട്ടുണ്ടാവില്ല...

 അന്നത്തെപ്പോലെയിന്നും..

മാറ്റങ്ങൾ മനുഷ്യർക്കല്ലേ..

മനസ്സിനെന്തറിയാം

 ഓരോ നേരങ്ങൾക്കും

ഓരോ മുഖങ്ങൾ..

ഓരോ മുഖത്തിനുമോരോ

കഥകൾ..

ഓരോ കഥകൾക്കും

ഓരോരോ നിറങ്ങൾ...

അതെ...

ശരിയാണ്.

നിങ്ങളിപ്പോൾ

നുണ പറയാറേയില്ല..

നേരിനിണങ്ങുന്ന 

മുഖംമൂടികൾ 

മാറ്റിമാറ്റിയണിയുക

മാത്രമാണ് 

ചെയ്യുന്നത്.

 മനസ്സിപ്പോഴും 

മരങ്ങളെ വട്ടം

പിടിച്ചു കൊണ്ട്

അവിടെ തന്നെ

നിൽക്കുകയാണ്..

നിഴലു കാട്ടി പേടിപ്പിക്കുന്ന

നിലാവിനോട്

നീരസപ്പെട്ടുകൊണ്ടിരിക്കുകയാണ്..

കുരുന്നു പൂക്കൾക്ക് മേലെ

അമ്മചിറകുകൾ വിരിച്ചു പിടിച്ചിരിക്കുകയാണ്...

അവരുടെ

കുഞ്ഞ് പേടികൾക്ക്

കൂട്ടിരിക്കുകയാണ്...

 ഒരു കവിൾ ചുഴി

നിറയെ ആകാശം...

ചിലപ്പോഴൊരു കടൽ..

എനിക്ക്..

എനിക്കു മാത്രം

അത് 

വേരറ്റ് വീണ

ഒരുമ്മ മരത്തിന്റെ

അടയാളം .

 അത്രക്കൊന്നുമില്ല,

പൊടിയ്ക്കൊരസൂയയും പിന്നൊരിത്തിരി

കുശുമ്പും..

അല്ലെങ്കിൽ തന്നെ,

ഇതൊന്നുമില്ലെങ്കിൽ പിന്നെ

എത്ര നാടകീയമായിരിക്കും

സ്നേഹത്തിന്റെ ഭാഷ...

ശരിയല്ലേ..?

 മനസ്സ്

മൂടികെട്ടി നിൽക്കുന്ന

നേരത്തോ മറ്റോ

ഒരു വാക്കിൻ തുള്ളി

വന്ന് വീണതോർമ്മയില്ലേ..

നേരം നേരത്തോടടുത്തിട്ടും

വർത്തമാനങ്ങൾ പെയ്യാത്തതെന്താണ്...?

 വാക്കുകളോ...

ഓർമ്മകളുടെ പങ്ക് പറ്റാനെത്തിയതല്ലേ..

വരട്ടെ,

വരി തെറ്റിക്കാതെ 

വന്ന് നിൽക്കട്ടെ...

പറ്റുമെങ്കിൽ...

പറ്റുമെങ്കിൽ മാത്രം

വൃത്തമൊപ്പിച്ച്

ഒരു കവിതയാവട്ടെ...

 സന്തോഷമെന്തെന്നാൽ...

അകലെനിന്നൊഴുകി വരുന്ന

ഒരു പാട്ട്

ആസ്വദിച്ചു കൊണ്ട്...

നേരിയ മഞ്ഞു പുതച്ചു നിൽക്കുന്ന

കാഴ്ചകൾ കണ്ട് കൊണ്ട്...

തിരക്കുകളെ പാടെ മറന്ന് കൊണ്ട്...

സമാധാനം ശ്വസിച്ചു കൊണ്ട്...

ഒരു ചായ

ആസ്വദിച്ചു കുടിക്കുന്നതാണ്..

 കാലങ്ങളോളം

കാണാതാവുമ്പോൾ മാത്രം

തളിരിടുന്ന 

കണ്ണുകളുണ്ട്...

കേൾക്കുന്നില്ലെന്നൊരു

തോന്നലിൽ മാത്രം 

തലനീട്ടുന്ന ചെവിയിതളുകളും...

അങ്ങനെയങ്ങനെ,

എത്ര കാലമെടുത്തിട്ടാണെന്നോ 

മറവിയുടെ

മണ്ണാഴങ്ങളിൽ നിന്ന്

ഒരു മുഖം പൂർണ്ണമായി

മുളച്ചു പൊങ്ങുന്നത്...

 ചിലപ്പോഴൊക്കെ,

കടും നിറത്തിൽ

ഭ്രാന്തുകളെഴുതിക്കൂട്ടുന്ന

കാട്ടു ചെമ്പരത്തി..

മറ്റു ചിലപ്പോൾ,

കറുപ്പിലും

വെളുപ്പിലും മാത്രം 

കവിത കുറുകുന്ന 

പേരറിയാ പക്ഷി!

 പരിഭവങ്ങളുടെ

ഏഴു കടലും കടന്ന്..

അത്രതന്നെ

ആകാശദൂരങ്ങളും പിന്നിട്ട്...

ഓർമ്മകൾക്ക് പോലും 

ചെന്നെത്തിപ്പെടാനാവാത്ത 

ഒരിടത്തേക്ക് 

യാത്ര പോയ ഒരാളുണ്ട്...

മടങ്ങിവരവുകളെ

പാടെ മറന്നു പോയൊരാൾ...

 ചിലരങ്ങനെയാണ്.

മറ്റാരുടെയെങ്കിലും ഓർമ്മപ്പുസ്തകത്തിന്റെ

ഏടുകളിൽ

കയ്യൊപ്പ് ഇട്ടു വയ്ക്കും..

സ്വന്തമാണെന്നവകാശപ്പെടും..

മറ്റു ചിലരാവട്ടെ,

വരിയിഴകൾ അറുത്തു മാറ്റി

വാക്കുകൾ മാത്രമാവും കടത്തിക്കൊണ്ട് പോവുക..

രണ്ടായാലും

അതവർ തന്നെയാണ്...

അല്ലറ ചില്ലറ

അക്ഷരകള്ളന്മാർ...

 മൗനം

മടുപ്പിന്റ ഭാഷയാണ്..

വാക്കുകൾക്ക് മേലെ

മുൻപെപ്പൊഴോ

തുന്നിപ്പിടിപ്പിച്ച

ചമയങ്ങളോരോന്നും

അഴിച്ചു മാറ്റുന്ന

നേരങ്ങളാണ്...

ആര് തിരക്കിവന്നാലും 

ഞാനിവിടെയൊന്നുമില്ലെന്ന

മനസ്സിന്റെ നാട്യങ്ങളാണ്...

 ഈ കുട്ടികൾ...

പ്രണയമെന്നത്

പ്രാണൻ വച്ചുള്ള

മറ്റൊരു കളിയാണവർക്ക്...

 അവൾ പറഞ്ഞത് ശരിയാണ്...

മടങ്ങുമ്പോൾ,

പൂന്തോട്ടം

ഒരു പൂവിന്റെയും മണം

കയ്യിൽ തന്നു വിടാറില്ല...

എന്തുകൊണ്ടോ 

ഉള്ളം കയ്യിലിപ്പോഴും 

ബാക്കിയാവുന്നത് 

നനഞ്ഞ മണ്ണിന്റെയും

മുറിഞ്ഞ തണ്ടുകളുടെയും

ഇലകളുടെയുമൊക്ക

പച്ചമണം മാത്രമാണ്...

 അങ്ങനെയെങ്കിൽ അങ്ങനെ..

കാരണങ്ങളെ കാണാതൊളിപ്പിച്ചോളൂ...

പിന്നെയും

കള്ളം പറഞ്ഞോളൂ...

എന്നാലും സാരമില്ല,

ഒന്നുമില്ലെന്ന നുണക്ക്

ഞാനിനി കൂട്ട് വരണില്ല...

 പ്രിയമുള്ളൊരോർമ്മയോട്

പറ്റിച്ചേർന്നിരിക്കുന്നത്

കൊണ്ട് മാത്രം

പ്രിയപ്പെട്ടതായി മാറിയ

ഒരു പാട്ടില്ലേ...

ആ പാട്ട്!

 നിന്റെയോരോരോ 

കുട്ടിപ്പിണക്കങ്ങൾ...

പിറക്കാനിരിക്കുന്ന

വർത്തമാനങ്ങളുടെ

കുഞ്ഞനക്കങ്ങൾക്കായി 

കാത്തിരിക്കുമ്പോഴൊക്കെ 

എനിക്ക് തോന്നും...

ഞാൻ

ഈ നിശബ്ദതയുടെയും

കൂടി

അമ്മയാണെന്ന്...

 'ഒന്നുമില്ല'

എന്നതൊരു

വിത്താണ്.

പിന്നീടെപ്പോഴെങ്കിലും 

പന പോലെ

വളരാനിടയുള്ള 

കാരണങ്ങളുടെ 

ഒരു വിത്ത്.

 കഥകളിറങ്ങിപ്പോയതല്ല...

കാതുറങ്ങിപ്പോയതാണ്.

 ഓർമ്മകളുടെ

തിരുശേഷിപ്പുകളെ

കടലിലൊഴുക്കുക...

മടങ്ങുമ്പോൾ

കയ്യിൽപ്പറ്റിയിരിക്കുന്ന

കടൽവെള്ളം കൂടി

കഴുകി കളയുക...

എന്നിട്ട്,

കണ്ണീരുപ്പ് കലരാത്ത

ഒരു കരയിലേക്ക്

കാറ്റിന്റെ കൈപിടിച്ചു

നടക്കുക...

 ഒക്കെ

നിന്റെ തോന്നലുകളാണ്..

പേടികളുടെ നിഴൽപ്പൊടി

കുഴച്ചെടുത്ത്

നീ മെനയുന്ന

ആകൃതികളാണ്..

മനസ്സിന്റെ ചൂളയിലിട്ട്

പാകപ്പെടുത്തിയെടുക്കുന്ന

കഥകളാണ്..

നോക്കൂ,

നിനക്ക് ചുറ്റുമുള്ളവരെയെല്ലാം

നീ വെറുതെ

ഉടച്ചു വാർക്കുകയാണ്..

നിന്റെ ഭ്രാന്തുകളുടെ

അച്ചിലേക്കവരെ

പകർത്തിയൊഴിക്കുകയാണ്..

 ഒറ്റവരിയിലൊരു കവിത...

ഒരാളിൽനിന്നൊരാളിലേക്ക്

മാത്രം ചെന്നെത്തുന്ന 

ഒറ്റയടിപ്പാത പോലെ...

 എനിക്കറിയാം,

ഓരോരോ

പരിഭവപ്പൊതികളായി

കയ്യിൽ കരുതിയിട്ടുണ്ടാവും...

ഒന്നുമറിയാത്ത മട്ടിൽ

ചിലതൊക്കെ 

സൂക്ഷിച്ചു വച്ചിട്ടുമുണ്ടാവും..

ഓർമ്മകളെയൊന്നും

മടക്കിയേൽപ്പിച്ചിട്ടല്ലല്ലോ 

ആരും പിണങ്ങിപ്പോവാറ്...

 നോക്കൂ,

ഇതേതോ

ശിലായുഗത്തിലുള്ള

ശരികളാണ്...

ഈ ഭാഷ തന്നെ

മറ്റേതോ കാലത്തിലേതാണ്...

സുഹൃത്തേ..

എനിക്ക് തോന്നുന്നത്

നിങ്ങളിപ്പോഴും

പരിണാമത്തിന്റെ

ആദിമഘട്ടത്തിലെവിടെയോ

കുരുങ്ങിക്കിടക്കുകയാണെന്നാണ്

 എനിക്ക് ചിരിയാണ്..

സാരമില്ലെന്നൊരു

വാക്കോ 

കനിവോടെയുള്ളൊരു

നോട്ടമോ

കയ്യിൽ കരുതാതെ വന്നിട്ട്

ഒരാളിവിടെ 

നട്ടം തിരിയുകയാണ്..

ഒപ്പമുണ്ടെന്നറിയിക്കാൻ

വെറുതെയോരോരോ

പെടാപ്പാട് പെടുകയാണ്...

 എത്ര കാതം നടന്നാലും...

കാലങ്ങളോളം സഞ്ചാരിച്ചാലും

കാണാനിടയില്ല...

എത്രയോ

ജന്മ ദൂരങ്ങൾക്കപ്പുറത്തേക്കാണ്

നിന്നെ

കളഞ്ഞു പോയിരിക്കുന്നത്...

 അതിഥികൾ

അവരാണ്..

ഇനിയും

പല്ല് മുളയ്ക്കാത്ത...

ഇനിയും

മിണ്ടാൻ പഠിക്കാത്ത...

വീടകം മുഴുവനും

മുട്ടിലിഴഞ്ഞു നടക്കുന്ന..

എന്റെ

ഇത്തിരി കുഞ്ഞൻ

സന്തോഷങ്ങൾ....

 മറ്റൊരു പേരിൽ...

മറ്റൊരു മേൽവിലാസത്തിൽ...

നിന്റെ കൈപ്പടയിൽ...

 പാവം ചെടികൾ...

വേരുകളുടെ നഗ്നത

മൂടിവെക്കാനൊരു

മൺതരി പോലുമില്ലാതെ...

സുതാര്യമായ 

സ്ഫടികക്കുപ്പികളിൽ

സ്വീകരണമുറിയുടെ

ഒത്ത നടുക്ക് 

ഇങ്ങനെ പച്ചക്ക്...

 അതീവ ഗുരുതരമായ

മറവികൾ...

ജീവന്റെ പകുതിയുമിപ്പോൾ

മരിച്ച മട്ടാണ്...

ഒരു നിമിഷം

വൈകിയിരുന്നെങ്കിൽ 

ഒരോർമ്മപ്പൊട്ട്

മാത്രമായിപ്പോയേനെ...

 മഴ മാത്രമിങ്ങനെ

മിണ്ടിക്കൊണ്ടിരിക്കുന്നു...

നമ്മളോ,

പണ്ടൊരിക്കൽ

പെയ്തു തോർന്ന 

വാക്കുകളുടെ 

അവസാന തുള്ളിയിൽ

നിന്ന്

പരസ്പരം

വീണ്ടെടുക്കാൻ ശ്രമിക്കുന്നു...

പൊടുന്നനെ

വെയിലുദിക്കുന്നു...

മഴ

തല തൂവർത്താതെ..

നനഞ്ഞൊട്ടി..

നമ്മുടെ 

മുറിയിലേക്ക്

ഓടിക്കയറുന്നു...

 മനസ്സിന്റെ ഭരണം കൂടെ

മറ്റൊരാളെ

ഏൽപ്പിച്ചു കൊണ്ട്

യന്ത്രമായിക്കൂടെ...?

 പനിയെന്നത്,

മഴയെന്ന

പോലെ 

എന്തൊരു

തണുത്ത 

വാക്കാണ്....

പക്ഷെ,

ജ്വരം എന്ന്

പറയുമ്പോൾ

ഒന്ന് പൊള്ളും..

ഊഷ്മാവതിന്റെ

പരകോടിയിൽ

നിൽക്കുന്നത് പോലെ

തോന്നും...

 വാത്സല്യത്തിന്റെ

മുത്തശ്ശി വിരലുകൾ

മുടിയിഴകളെ

തഴുകുന്നത് പോലെ...

മുറുക്കി ചുവന്ന ചുണ്ടുകൾ

നെറുകയിലൊരു

ഉമ്മ തരുന്നത് പോലെ...

സ്നേഹത്തിന്റെ

നേർത്ത കുറുകലുകളുള്ള

നെഞ്ചിലേക്കെന്നെ 

ചേർത്തു കിടത്തുന്നത്

പോലെ...

 ഒറ്റത്തിര

കൊണ്ടൊരു

കടലിനെ

തൊട്ടറിയും പോലെ...

മഴവെള്ളം

നാവിൽ തൊട്ട്

മേഘങ്ങളുട

രുചിയറിയും പോലെ...

ഓരോ വായനയിൽ നിന്നും 

ഒരു വരി മാത്രം

കയ്യിൽ കരുതുന്നു...

കവിയെ 

തിരഞ്ഞിറങ്ങുന്നു....

 വെറുതെയാണ്..

ഓരോന്നും

പറഞ്ഞു പറഞ്ഞവൾ 

നിന്റെ കുശുമ്പിലേക്കിത്തിരി

തീ പടർത്തുന്നതാണ്...

കേട്ട ഭാവം

നടിക്കേണ്ട കേട്ടോ...

പിണക്കം മാറുവോളം 

അവളിങ്ങനെ

പറഞ്ഞുകൊണ്ടിരിക്കും...

പരിഭവങ്ങളുടെ

തീപ്പെട്ടിക്കൂടുകൾ

ഉരച്ചു കൊണ്ടിരിക്കും...

Tuesday 15 February 2022

 വെളുത്ത തൂവലുകളുള്ള

കുഞ്ഞിച്ചിറക്..

വെള്ളാരം കണ്ണുകൾ...

അവൾ ചിലപ്പോൾ

ദൈവങ്ങളുടെ ഭാഷയിലാവും

സംസാരിക്കുന്നത്...

എത്രയോ കാലമായി

നിന്നോട്

മിണ്ടി മിണ്ടി ശീലമായതുകൊണ്ട് 

എനിക്കത് ചിലപ്പോൾ

മനസ്സിലാകുമായിരിക്കും..

അവളെ പാട്ടുപാടി

ഉറക്കുന്നതിനെ കുറിച്ചാണ്

ഞാനിപ്പോൾ ചിന്തിക്കുന്നത്..

മാലാഖമാർ

ഉറങ്ങാറുണ്ടാവുമോ...

തന്നുപോകുമ്പോൾ

നിന്റെ കണ്ണ് ചുവന്നിരുന്നു..

ഏയ്‌..

ഉറങ്ങാത്തത് കൊണ്ടൊന്നുമാവില്ല..

അതേയ്..

ഞാനവൾക്കിനിയും

പേരിട്ടിട്ടില്ല..

എന്നിരുന്നാലും

കുഞ്ഞു മാലാഖേ എന്ന്

വിളിക്കുമ്പോഴൊക്കെ

അവൾ ചിരിക്കാറുണ്ട്.

എന്തായാലും 

നമ്മളന്ന്

കവിത കുറിച്ചത് പോലെയൊന്നുമല്ല...

മാലാഖ കുഞ്ഞിന്റെ

അമ്മയാവുക എന്നത്

അത്ര ചില്ലറക്കാര്യമല്ല..