Wednesday 11 July 2018

പിണക്കങ്ങൾ ഞാത്തിയിട്ടിരിക്കുന്ന
പുരികക്കൊടികളിൽ നിന്നും
ചിരിയമർത്തി ചുംബിക്കാനൊരുങ്ങുന്ന  ചൊടികളിലേക്കുള്ള യാത്രകൾ...
ഇണക്കങ്ങളിലേക്കുള്ള
ആ നെടുനീളൻ പാതകൾ !
നീയില്ലാ കവിതകളുടെ
എണ്ണമെടുക്കുകയായിരുന്നു.
എത്ര ചുരുക്കമാണത്....
നീ നീ എന്നൊരാൾ
ഓരോ  വരിയിലും
എഴുതി വെക്കാനും മാത്രം
എന്തു ജാലവിദ്യയാണ്‌
നിന്‍റെ പ്രണയത്തിനുള്ളത്...?
ഒരു വാക്ക് മതിയാവും
നിലച്ചു പോയ നെഞ്ചിടിപ്പുകളെ
വീണ്ടെടുക്കാൻ...
ഒരു ചിരി മതിയാവും
ചിലപ്പോഴൊക്കെ
ജീവിതം വീണ്ടെടുക്കാൻ...
നീ കടൽ !
അകലവും ആഴവും
എന്തിനേറെ
അടുപ്പം പോലും
അളക്കാനാവാത്ത
നിന്‍റെ നിഗൂഢതകൾ...
കൗശലങ്ങൾ...
പകലിന്റെ തീക്ഷ്ണനേത്രങ്ങൾ
നീയാണ്.
രാവിന്റെ നിലാക്കാഴ്ചകളും
നീ തന്നെ.
എന്റെയാകാശങ്ങളിൽ
നിറങ്ങളെഴുതിവെക്കുന്ന
ചിത്രകാരനും നീ തന്നെയാണ് !
കലണ്ടറിന്റെ താളുകൾ 
മറിച്ചു നോക്കുമ്പോൾ
ചില തിയതികളെ
വൃത്താകൃതിയിലാവും
അടയാളപ്പെടുത്തിയിട്ടുണ്ടാവുക.
അത്രയും പ്രിയമുള്ള
ഒരോർമ്മയെ മാത്രം
ഹൃദയാകൃതിയിലും !
മനസ്സ്‌ വായിക്കും പോലെയാണത്.
ഓരോ വരിയുടെയും
ആത്‌മാവ്‌ തൊട്ടറിഞ്ഞൊരു കവിതചൊല്ലുന്നത്...

Tuesday 3 July 2018

തോറാന

ഇന്ന് തോറാനയാണെന്ന്
അമ്മ പറഞ്ഞാണ് ഞാനും
അറിഞ്ഞത്.

ഇന്ന് അവധിയാണെന്നും 
പേരക്കുട്ടികളിൽ മൂന്നും
ഇന്ന് വീട്ടിലുണ്ടാവുമെന്നും.

പറയും പോലെ,
തോരാമഴയാണെങ്കിൽ  തീർന്നു.

മഴയിലേക്കിറങ്ങാൻ
വാശിപിടിക്കുന്നുണ്ടാവും
കുട്ടിക്കുറുമ്പൻ...
അഴയിൽ ഇനിയും തോരാത്ത
തുണികളുണ്ടാവും .
അടുക്കളത്തോട്ടത്തിൽ
ഈയിടെ മുളച്ച
കുഞ്ഞു വെണ്ടയെ
നോക്കി അമ്മ
നെടുവീർപ്പിടുന്നുണ്ടാവും..

ആറാന ഒഴുകിപ്പോവാനും
മാത്രം പെയ്തു പോയ
തോറാനകളെ  അയവിറക്കി
മുത്തശ്ശി അടുത്തുണ്ടാവും...

എന്‍റെ കുട്ടിക്കാലത്തെ
ഒരു മഴയോർമ്മയിൽ
അമ്മ എന്നെയും
ചേർത്തു പിടിക്കുന്നുണ്ടാവും...

ഇനി വിളിക്കുമ്പോൾ
ഒരു മുത്തശ്ശിക്കഥപോലെ
എന്‍റെ കുഞ്ഞുങ്ങൾക്ക്
അമ്മ അത്
പറഞ്ഞു കൊടുക്കുകയും
ചെയ്യുമായിരിക്കും ...