Sunday 31 March 2024


 

 ഒരു കണ്ണട വച്ചു തന്നതുപോലെ..

ഒരു ഓർമ്മപ്പെടുത്തൽ കൊണ്ട് 

കാഴ്ചകളെ ഒന്ന് 

കഴുകിയെടുത്തത് പോലെ...

പരാതിയാണെങ്കിലെന്താ,

നിന്നെ 

പതിവിലുമേറെ

പരിചയമായത് പോലെ...

 അമ്മയുടെ

ഒരു തുടർച്ചയാണ്

ഞാനും എന്ന്

മെല്ലെ തിരിച്ചറിയുകയാണ്...

ഇല്ലെന്നത്ര പറഞ്ഞാലും

അതേ ആവലാതികൾ..

അനാവശ്യമെന്ന് പലവട്ടം

പറഞ്ഞു തിരുത്തിയിട്ടും,

അതേ അനുകമ്പ..

അവനവനെ

മറന്നുകൊണ്ടുള്ള 

അദ്ധ്വാനം വേണ്ടെന്ന

ഓർമ്മപ്പെടുത്തലുകളോട്

അതേ അവഗണന...

അതേ അലച്ചിലുകൾ...

അമ്മപ്പിടച്ചിലുകൾ..

 ചില നേരങ്ങളിൽ 

സ്നേഹമെന്നത്

ഓർമ്മകളിൽ നിന്ന്

ഒരാളിഴ മാത്രമായുള്ള 

വേർതിരിച്ചെടുക്കലാണ്..

മറ്റു ചിലപ്പോൾ,

സ്നേഹത്തിന്റെ

ഒറ്റൊരിഴയാൽ 

ഓർമ്മയിലൊരാളുടെ

പേര് തുന്നി വയ്ക്കലും

 മെരുക്കിയെടുത്ത്

കൈത്തണ്ടയിലേക്ക്

ചേർത്തു കെട്ടിയിട്ടിരിക്കുന്നുവെന്നേയുള്ളൂ..

എപ്പോൾ വേണമെങ്കിലും

കയറു പൊട്ടിച്ചു കുതിച്ചേക്കാം

നമ്മുടെ കാൽവേഗങ്ങൾക്ക്

എത്തിപ്പെടാനാവാത്തൊരിടത്ത്

ഒളിച്ചിരുന്നേക്കാം

പതുങ്ങിയിരുന്ന് ആക്രമിച്ചേക്കാം..

എത്ര മെരുക്കിയാലും

മെരുങ്ങാത്ത

നേരമെന്ന മൃഗം.

 പ്രണയം ഉദിച്ചസ്തമിക്കുന്ന

നിന്റെ പരാതിക്കണ്ണുകൾ !

 വേണ്ട വേണ്ട

ഇനിയൊന്നും പറയണ്ട,

പറഞ്ഞതിനെയൊന്നും

കൂട്ട് പിടിക്കുകയും വേണ്ട.

വാക്കുകൾ കൊണ്ടുള്ള

നാട്യങ്ങൾക്കായി 

ഇനിയൊരു നിമിഷം പോലും

ഞാനെന്റെ ചെവികൾ 

തുറന്ന് വയ്ക്കില്ല..

ഉത്തരമാകുവോളം

ഉറക്കത്തെ നീട്ടി വരക്കില്ല..

വൈകിയെത്തുന്ന

വൈകുന്നേരങ്ങൾക്ക്

വഴിക്കണ്ണുകൾ

വരച്ചു വയ്ക്കില്ല...

 മറന്നിട്ട് മൂന്നാം നാൾ

ഒരു മടങ്ങി വരവുണ്ട്..

മറുപടികളിൽ മായം

ചേർത്തിട്ട്...

ഒരോർമ്മച്ചിരി ചുണ്ടിൽ

ഒട്ടിച്ചു വച്ചിട്ട്...

 ഇല്ലില്ല,

മടിയുള്ള

രാവിലെകൾ എന്റേതാണ്...

പ്രാതൽ

പാർസൽ

വരുന്ന രാവിലെകൾ..

പ്രത്യേകിച്ച് പണികളൊന്നുമില്ലാതെ

നാരകപ്പുല്ല് മുറിച്ചിട്ട

ഒരു കട്ടൻചായയുമായി

പാട്ടുകേട്ടിരിക്കുന്ന

പ്രഭാതം...

നിനക്കറിയുമോ 

മടി എന്നത്

എന്റെ സന്തോഷങ്ങളുടെ

മറ്റൊരു പേരാണ്!

 നീ വിളിക്കുമ്പോൾ മാത്രം

കടലാസ്സ് കണ്ടുപിടിക്കാത്ത

ഏതോ കാലത്തിൽ

കൈവെള്ളയിൽ 

കുറിച്ചു തന്ന

ഒരു കവിതയെനിക്ക്

ഓർമ്മ വരുന്നു...

അന്നും കവി

നീയായിരുന്നു..

ഇന്നും...

 ചിലപ്പോഴൊക്കെ

ചില വാക്കുകൾ

മനുഷ്യരുടെ

കുപ്പായമണിഞ്ഞിട്ട്

വരികളിൽ വന്നിരിക്കും..

എന്നെ അറിയില്ലേയെന്ന്

ചെവിയിൽ ചോദിക്കും...

കേൾക്കണമെന്ന് മാത്രം...

കവിതയിൽ അവളെ തിരിച്ചറിയണമെന്ന് മാത്രം...

 ചുവപ്പ്..

കവിൾ തുടിപ്പ്..

ഒരു ചിരി

വിരിയാൻ

ഒരുങ്ങിനിൽക്കുന്നത് പോലെ...

 പറയാനുള്ളതിനെ

കാറ്റിൽ പറത്തിയിട്ട്

കാട് കയറിപ്പോയവർ...

കാത് കല്ലാക്കിയവർ..

 പലതായി മുറിച്ച

മുട്ടായിയുടെ ഒരു വീതം...

പകലിന്റെ ഒരു പങ്ക്..

വർത്തമാനങ്ങളിൽ

നിന്ന് ഒരു വാക്ക്..

സന്തോഷങ്ങളിൽ

നിന്നൊരു ചിരി.. 

നിന്നിൽ നിന്നൊരിത്തിരി നീ...

പേരിനൊരിത്തിരി നമ്മളും...