Tuesday 24 September 2019

ഉറുമ്പുവായനകൾ


പാതിപ്രാണനായ
ഒരു കവിയുടെ ഹൃദയം
ചുമന്നുകൊണ്ട് പോകുന്ന
ഉറുമ്പുകളെ
കണ്ടതിൽ പിന്നെയാണ്
ഞാൻ എന്റെ കവിതകളുടെ
വാ മൂടിക്കെട്ടാൻ തുടങ്ങിയത്.
അക്ഷരങ്ങൾക്ക് മേലെ
അരിച്ചരിച്ചു കയറിപ്പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങളെ
സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന
രാത്രികളെത്രയാണെന്നോ..

വരികളിലെ
മധുരം തേടിപ്പോകുന്ന
ഉറുമ്പുകൾ...
ശവംതീനിയുറുമ്പുകൾ..
ഒന്ന് തൊട്ടാൽ
വിരൽത്തുമ്പിലേക്ക്
പുളിമണം പടർത്തുന്ന...
ഒരൊറ്റക്കടിയിൽ നീറ്റലേറ്റുന്ന
പുളിയനുറുമ്പുകൾ...
ഒന്നായിവന്ന് ആകെപ്പൊതിഞ്ഞ്
വാക്കുകളോരോന്നായി
കൊത്തിപ്പറിക്കുന്ന
നെയ്യുറുമ്പുകൾ...
വരിയാഴങ്ങളിലേക്കൊന്ന്
എത്തിനോക്കാൻ പോലും
കൂട്ടാക്കാതെ
വെറുതെ ഇഴഞ്ഞു നീങ്ങി
ഇക്കിളിപ്പെടുത്തുന്ന
കൂനനുറുമ്പുകൾ..

ഇന്നലെ
പാതിയെഴുതി മറന്നു വച്ച
കടലാസ്സിലപ്പാടെ
ഉറുമ്പുകടിയേറ്റു തിണിർത്ത
പാടുകളുണ്ട്..
പേന മുക്കാലും
തിന്നു തീർത്തിരിക്കുന്നു.
വിരൽ തുമ്പിൽ
കടിച്ചുതൂങ്ങികിടക്കുന്നു
മറ്റൊരുറുമ്പ്...

ഇന്നിതിപ്പോൾ
പതിനാലാമത്തെ
രാത്രിയാണ്...
ഉറുമ്പുകളെ
സ്വപ്നങ്ങളിൽ നിന്നും
ഇറക്കിവിടാൻ
മനസ്സിന്
താക്കീത് കൊടുത്തുറങ്ങുന്ന
പതിനാലാമത്തെ രാത്രി.
പതിവ് തെറ്റിക്കാതെ
പുസ്തങ്ങളിൽ നിന്നകലെ മാറി
കൊതുകുവലയുടെ
സുരക്ഷിതത്വത്തിലേക്കു
ഉറങ്ങിവീണ മറ്റൊരു രാത്രി .
സ്വപ്നങ്ങളുടെ അതിരുകളും
കടന്ന് ഞാനെപ്പോഴാണ്
ഉറുമ്പുകളുടെ രാജ്യത്തെത്തിയത്?
കൊതുകുവലയുടെ നേർത്ത സുഷിരങ്ങൾക്കുള്ളിലൂടെ
ഇറങ്ങിപ്പോകാനും മാത്രം
ചെറുതായത്...?
ജനാലവിടവിലൂടെ കടന്ന്
മേശക്കരികിലെ
ഉറുമ്പിൻ കൂട്ടിലേക്കെത്തിപ്പെട്ടത്?

വിരലുകൾക്ക്
ഇന്നലെ വായിച്ച
പുസ്തകത്തിന്റെ മണം..
നാവിലോ
വരികളവസാനിക്കുന്നിടത്ത്
ചത്തുകിടന്ന പക്ഷിക്കുഞ്ഞിന്റെ
പച്ചമാംസത്തിന്റ രുചി...
വായിക്കാൻ മാത്രമുള്ള
ഒരു വിശപ്പ്...

തലക്കെട്ട് മുതൽ
കാർന്നു തിന്നാൻ പാകത്തിൽ
തുറന്ന് വച്ചിരിക്കുന്ന
ഒരു പുസ്തകത്തിലേക്ക്
നിരതെറ്റാതെ പോകുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ!
പിറകെ,
വടിവൊത്ത അക്ഷരങ്ങളിലൂടെ
അരിച്ചരിച്ച് ഞാനും...































No comments:

Post a Comment