Monday 26 August 2019

ഉടൽ ശംഖുകൾ


രണ്ടു ദിവസം നിശ്ശബ്ദതയോട് മല്ലിട്ട്
മൂന്നാം ദിവസം കരക്കടിയുന്നവനിൽ
ജീവൻ ബാക്കിയുണ്ടാവണമെന്നില്ല.

അപായസൂചികക്കപ്പുറം
തിരമാലകളുടെയറ്റം തേടിപ്പോയവനെ
കടൽ കൈയ്യേറ്റം ചെയ്തത് തന്നെയാവണം.
അല്ലെങ്കിലും,
ഒരായുസ്സിന്റെ വർത്തമാനങ്ങളെ
കടലിലുപേക്ഷിച്ചിട്ട് വരാനും മാത്രം
വിഡ്ഢിയായിരുന്നില്ലല്ലോ അയാൾ.

പ്രാണവായുവിനുവേണ്ടി
പിടക്കുന്ന നേരം അയാൾ
കര വെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച്
ഓർക്കാനിടയില്ല.. 
കടൽ തീർക്കുന്ന
കയ്യാമങ്ങളെക്കുറിച്ചും..

മണിക്കൂറുകൾ നീണ്ട
കുതറിമാറലുകൾക്കൊടുവിൽ
കുറ്റവാളിയെ പോലെ ഒരാൾ
കടലാഞ്ജകൾ അനുസരിക്കണമെങ്കിൽ..
തല താഴ്ത്തിപ്പിടിച്ച് ആഴക്കടലിന്റെ
ഇരുട്ടറകളിലേക്ക് മടങ്ങണമെങ്കിൽ,
ഒന്നോർത്തു നോക്കൂ
തിരകളുടെ പ്രഹരശക്തിയെക്കുറിച്ച്..
മനക്കരുത്തിനെയും
മെയ്ക്കരുത്തിനെയും തോൽപ്പിക്കുന്ന
കടലിന്റെ
അധികാരഹുങ്കിനെ കുറിച്ച്...

വേദനകളുടെയും ഒറ്റപ്പെടലിന്റെയും
രണ്ടു ദിനരാത്രങ്ങൾക്കൊടുവിൽ
കരയുടെ വാചാലതയിലേക്കൊരാളെ
ഇങ്ങനെ വലിച്ചെറിയണമെങ്കിൽ
അതിൽ
തിരകൾക്കു തല്ലിച്ചതക്കാനും മാത്രം
ജീവനവശേഷിച്ചിട്ടുണ്ടാവില്ല...
അല്ലെങ്കിൽ
ബാക്കിവന്ന ഇത്തിരിപ്രാണനെ
മറ്റൊരു കടൽയാത്രക്കായി
കാത്തു വച്ചതാവാം...
അതുമല്ലെങ്കിലത്‌
കടലലിവുകളുടെ
കാപട്യം മാത്രമാവാം...

എന്തൊക്കെയാണെങ്കിലും
ഒരു ഭയപ്പാടകലെ
കടലിനും കരക്കുമിടയിൽ
നനഞ്ഞ മണ്ണിൽ പറ്റിപിടിച്ച്
തിരയനക്കങ്ങൾക്ക് കാതോർത്ത്
പിന്നോക്കം പായുന്ന
എത്രയെത്ര ചോദ്യങ്ങളാണ്...
പറയാതെ പറയാതെ
മനസ്സിൽ പുതഞ്ഞു പോയ
എത്രയെത്ര മൗനങ്ങളാണ്...
ചെവിയോർത്താൽ
നിലക്കാത്ത കടലൊച്ചകളെ
നെഞ്ചിൽ പേറിയ
എത്രയെത്ര ഉടൽ ശംഖുകളാണ്...?











No comments:

Post a Comment