Thursday 21 May 2020

യാത്രാന്ത്യം

നീ പോലുമറിയാതെ
നിന്നിലേക്ക്
നൂണ്ട് കടക്കുന്ന
ആ വൈറസ് ആവണം..
ആരുടേയും കണ്ണിൽ പെടാതെ
അതിസൂക്ഷ്മമായി
നിന്റെയോരോ അണുവിലേക്കും
പടർന്നു കയറണം...
നിന്റെ ശ്വാസകോശത്തിലേക്ക്..
ചിന്തകളിലേക്ക്..
ധമനികളിലേക്ക്...
മെല്ലെയൊഴുകിയിറങ്ങണം...
നിന്റെ ഉറക്കത്തിന്റെ
ആഴങ്ങളോളം ചെന്ന്
ഓരോ സ്വപ്നങ്ങളിലേക്കും
വ്യാപിക്കണം...
നിന്റെ പേടികളുടെ കിതപ്പായും
വിയർപ്പുകണങ്ങളായും..
നെഞ്ചാകെ പടരണം...
ഒരു കൈയ്യകലത്തിൽ
നിന്നും അകന്നു പോകുന്ന
ഓരോ കാഴ്ചകളും,
നിന്നെ മുറിവേല്പിക്കും മുൻപേ
ഞാൻ മാത്രം കൂട്ടാവുന്ന
ഒറ്റമുറിയുടെ സ്വകാര്യതയിലേക്ക്
നിന്നെ കൂട്ടിക്കൊണ്ടു പോകണം...
ഏകാന്തതയുടെ
ഓരോ ദിനരാത്രങ്ങളിലും
നിനക്കു കൂട്ടാവണം...
ചില്ലുപാളികൾക്കപ്പുറം
കാലം നോക്കി നിൽക്കെ,
കടുത്ത പ്രണയത്തിന്റെ
ചുവന്ന തിണിർപ്പുകളായി
നിന്നെ ഉടലാകെ  പൊതിയണം...
നീയെന്റേതാണെന്ന് ഉറക്കെ പറയണം...
ഉള്ളിൽ പെരുകുന്ന
പ്രണയത്തിന്റെ തന്മാത്രകളെ
നീ തിരിച്ചറിയുന്ന  അതേ നിമിഷത്തിൽ
എനിക്കു മടങ്ങണം...
നിന്റെ പ്രാണന്റെ ചിറകിലേറ്റി  തന്നെ
നീയെന്നെ യാത്രയാക്കണം ...








Monday 18 May 2020

രാവഴക്

കറുകറുത്ത രാത്രികളാസ്വദിക്കാൻ
നക്ഷത്രങ്ങളെയപ്പാടെ
മായ്ച്ചു കളഞ്ഞ  ഒരാളുണ്ട്.
ഇരുട്ടിന്റെ നഗ്നതയാവോളം
കണ്ടിരിക്കാൻ
ഉറക്കം കളഞ്ഞിരിക്കുന്ന ഒരാൾ !
നിലാവ്, നക്ഷത്രങ്ങൾ,
മിന്നാമിനുങ്ങുകൾ..
രാപ്പെണ്ണിനൊരുങ്ങാൻ
ഇത്രയുമലങ്കാരങ്ങളെന്തിനാണെന്ന്
ആകാശത്തോട്
പതം പറഞ്ഞിരിക്കുന്ന ഒരാൾ
പകൽക്കാഴ്ചകളിൽ നിന്ന്
നിറങ്ങളെ മാറ്റിവെക്കാനാവുമോയെന്ന
ചോദ്യത്തിന്
ഓരോ കാഴ്ചകളിൽ നിന്നും
നിഴലുകളെ
വേർതിരിച്ചെടുക്കാനാവുമല്ലോ -
യെന്ന്
മറുപടിയായ ഒരാൾ..
കറുപ്പിനെ കറുപ്പുകൊണ്ടെഴുതിയാൽ
അതെങ്ങനെ വായിക്കാനാവുമെന്ന
അമ്പരപ്പിലേക്ക്
രാവഴകുകളെ വരച്ചു ചേർക്കുന്ന
ഒരാൾ...
അങ്ങനെയെങ്കിൽ
പല നിറങ്ങളെ ചേർത്തു വച്ചിട്ട്
കറുത്ത ചായം തീർക്കുന്ന
ആ ചിത്രകാരൻ തന്നെയാവണം
പകൽ നിറങ്ങളെയും
കറുപ്പാക്കുന്നത്...
എന്റെ കൗതുകക്കണ്ണുകളിലേക്ക്
രാക്കാഴ്ചകളെ കോരിയൊഴിക്കുന്നതും...

Friday 15 May 2020

ഹൃദയഘടികാരങ്ങൾ

പൊടുന്നനെ നിലച്ചുപോയ
ഒരു ഹൃദയം കീറിമുറിക്കുമ്പോൾ
അവരെന്തൊക്കെയാവും
കണ്ടുപിടിക്കുക
എന്നോർത്തു നോക്കിയിട്ടുണ്ടോ...?
ദുരൂഹതകളോരോന്നായി
അഴിച്ചെടുക്കാനായി
അപരിചിതരായ ചിലർ
ഹൃദയത്തിന്റെ ഓരോ
അറകളിലൂടെയും
കയറിയിറങ്ങുന്നതിനെ കുറിച്ച്...
അതിലോരോന്നിലും നാമൊളിപ്പിച്ചു
വച്ച സ്വപ്നങ്ങളെ അവർ
കണ്ടെടുക്കുന്നതിനെ കുറിച്ച്..
കാലപ്പഴക്കം ചെന്ന് തഴമ്പിച്ചതും അല്ലാത്തതുമായ
നൂറു നൂറു മുറിവുകളിൽ
വിരലോടിച്ചു കൊണ്ടവർ
സഹതാപമിറ്റിക്കുന്നതിനെ കുറിച്ച്...
നിന്റെയോരോ പിണക്കത്തിലും
അല്പാല്പമായി തകർന്ന് പോയ
ഹൃദയഭിത്തികളെ,
ഇത്തിരി നേരത്തേക്കെങ്കിലും
നിശബ്ദമായ മിടിപ്പുകൾ
ബാക്കിവച്ച നീലിച്ച പാടുകളെ നോക്കി
അവർ അടക്കം പറയുമായിരിക്കും...
അയ്യോ പാവമെന്ന് പറഞ്ഞൂറി ചിരിക്കുമായിരിക്കും...
അങ്ങനെയങ്ങനെ ആരാലും
വായിക്കപ്പെടാതെ
കാത്തുവച്ച ഓരോ
രഹസ്യങ്ങളെ
തീർത്തും അപരിചിതരായ ചിലർ
വായിച്ചെടുക്കുന്നതോർക്കുമ്പോൾ
നിനക്ക് പേടിതോന്നുന്നുണ്ടോ...
വല്ലാത്തൊരുച്ചത്തിൽ മിടിച്ചുകൊണ്ട്
അടുത്ത നിമിഷം
മരിച്ചു പോയേക്കുമെന്ന്
ഹൃദയം ഓർമ്മപ്പെടുത്തുന്നുണ്ടോ...
കളവാണത്,
മിണ്ടിക്കൊണ്ടിരിക്കുമ്പോളോ
പാട്ട് കേൾക്കുമ്പോഴോ
ഉറങ്ങിക്കിടക്കുമ്പോഴോ ഒക്കെയാവും
ഒരു മുന്നറിയിപ്പുമില്ലാതെ
നിലച്ചു പോകുന്നത്...
ചിലപ്പോഴൊക്ക
ചുണ്ടിലൊരുമ്മ വരച്ചിട്ട് കൊണ്ട്
നിന്നെപ്പോലെയും...























Saturday 9 May 2020

എഴുതാപ്പുറങ്ങളിലെ കള്ളൻ



കാറ്റെന്നോ കടലെന്നോ
പേരിടുന്നത് തന്നെ
കണ്ടുപിടിക്കാതിരിക്കാനാണ്...
കവിതയിലൊരാളെ ഒളിപ്പിക്കാനാണ്...
ഒരോർമ്മ കൊണ്ട് പോലും
അവൾക്കുള്ളിൽ കാറ്റാവാനും
കടലാവാനുമാവുന്ന ഒരാൾക്കുമാത്രം
വായിച്ചെടുക്കാനാണ്...
എന്നിട്ടും ചിലരുണ്ട്,
കള്ളനെപ്പോലെ കയറിവരും
അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്..
അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്...
അനുവാദം ചോദിക്കാതെ കടന്നു ചെല്ലും..
കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽ
ഒന്നിലിരുന്ന് കൊണ്ട് തന്നെ
അവളെ വിളിച്ചുണർത്തും...
ഉറക്കച്ചടവിൽ.. അഴിഞ്ഞുലഞ്ഞ
ചുരുൾമുടി വാരിക്കെട്ടി വരുന്ന
അവളെ നോക്കി ചിരിക്കും..
അപ്രതീക്ഷിതമായി കയറിവന്ന
അഥിതിയെ കണ്ടവൾ പരിഭ്രമിക്കും...
അപ്പോഴയാൾ
മുഖാവരണങ്ങൾ ഒക്കെയുമഴിച്ചിട്ട്
മുട്ട് കുത്തി നിൽക്കും..
അവൾക്കേറ്റവും പ്രിയമുള്ള വരികൾ
ഈണത്തിൽ ചൊല്ലാൻ തുടങ്ങും...
കാറ്റേ.. കടലേ.. എന്നവളെ നീട്ടി വിളിക്കും..
അപ്പോൾ.. അപ്പോൾ മാത്രം
കാലങ്ങളുടെ നിശബ്ദത ഭേദിച്ച്
ഒരു തിര അവളെ വന്നു മൂടും...































മഴപ്പൂവുകൾ

ഇലകളും ചില്ലകളും
മറച്ചുവച്ചിട്ടൊരു മരം
മണ്ണാഴങ്ങളിലെവിടെയോ
വളരുന്നുണ്ട്...
അല്ലെങ്കിൽ പിന്നെ
മഴ തൊടുമ്പോൾ മാത്രം
മണ്ണിലൊരു
പൂ വിരിയുന്നതെങ്ങനെയാണ്...?