Saturday 11 April 2020

വൈറസ്

വിചിത്രമായി തോന്നുന്നില്ലേ
ഏറിയ നേരവും
ഏകാന്തതയുടെ
ഒറ്റത്തുരുത്തിലിരിക്കുന്ന
ഒരാളെങ്ങനെയാണ്
സമ്പർക്കപ്പട്ടികയിൽ ഇടം പിടിച്ചതെന്ന്..
ആർക്കുമെത്തിപ്പെടാനാവാത്ത
ഒരകലത്തിലിരിക്കുന്ന ഒരാളെങ്ങനെ
രോഗാരോപിതനായി എന്നും...

കഴമ്പില്ലെങ്കിലും
കാരണങ്ങൾ പലതാവാം..
നീ പറയും പോലെ
വഴിതെറ്റി വന്ന് മടങ്ങിയ
ഒരു ചരക്കു കപ്പൽ..
മുക്കുവന്റെ പിടിയിൽ നിന്നും
വഴുതി മാറിയ
ആ വലിയ മൽസ്യം...
തീരത്തടിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പി..
പിന്നെ,
നീ വിരൽ ചൂണ്ടിയ മറ്റു പലതും...

പ്രകടമായ രോഗലക്ഷണങ്ങൾ
ഒന്നുമില്ലെങ്കിലും
പേടിക്കണം ചില പേടികളെ..
ഒരു ചൂണ്ടുവിരൽ തൊടുക്കാനിടയുള്ള
കൂരമ്പുകളെ...
അടുക്കും തോറും പകരാനിടയുള്ള
സന്ദേഹത്തിന്റ സൂക്ഷ്മാണുക്കളെ...
ജാഗ്രതയുടെ ആ കാക്കക്കണ്ണുകളെ...

അതിനാൽ
ആരോപണങ്ങളെ അവസരമാക്കി
മടങ്ങുകയാണ്...
സാംക്രമിക സാധ്യതകൾക്ക്
അടിസ്ഥാനമില്ലാഞ്ഞിട്ടും
ഉൾവലിയുകയാണ്...
നിന്നിലേക്കെന്നല്ല ആരിലേക്കും
എത്തിപ്പെടാനാവാത്ത
ഒരിടത്തേക്കെന്നെ കൂട്ടിക്കൊണ്ടു
പോവുകയാണ്...

അകലങ്ങൾ മരുന്നാവുന്ന
അവസ്ഥകൾ പരിചിതമായ
ഒരാൾക്കതെളുപ്പമാണ്...
ഒറ്റയാവാൻ...
കാഴ്ചകളെയും കാരണങ്ങളെയും
കടലിലുപേക്ഷിക്കാൻ..
കാടകം പൂകാൻ...






Tuesday 7 April 2020

കളഞ്ഞു പോയത്


ഇന്നലെയുച്ചക്കോ..
വൈകുന്നേരമോ.. അറിയില്ല,,
ഇവിടെ നേരമവസാനിച്ചിരിക്കുന്നു.

സമയസൂചികളുടെയെല്ലാം
ചലനമറ്റു പോയിരിക്കുന്നു..
രാപകലുകളിവിടെനിന്നാരോ
മായ്ച്ചു കളഞ്ഞിരിക്കുന്നു.
മണ്ണും വിണ്ണും കാറ്റും കടലും
സകല ജീവജാലങ്ങളും
കളഞ്ഞു പോയിരിക്കുന്നു...

ചെറുമയക്കത്തിൽ നിന്നും
ഞാനുണരാൻ പോലും
കാത്തുനിൽക്കാതെ
കാലമെവിടേയ്ക്കോ
വഴിമാറി പോയിരിക്കുന്നു...
സമയത്തിന്റെ
അതിരു മുറിച്ചു കടന്ന്
ലോകവും കൂടെപ്പോയിരിക്കുന്നു...

എങ്കിലും കാലമേ
ഏത് നിമിഷക്കുരുക്കിൽ
കാലുടക്കിയിട്ടാണ്
ഞാൻ മാത്രമിങ്ങനെ
വീണുപോയത്...?