Wednesday 30 December 2015

ഓരോ പ്രാർത്ഥനയും ഓരോ ഓർമ്മപ്പെടുത്തലാണ്.. നഷ്ടങ്ങൾക്ക് വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തുവെക്കാൻ മാത്രം നീയെനിക്കെത്ര പ്രിയപ്പെട്ടതാണെന്ന്..
മനസ്സ് ചെന്നെത്താത്തൊരിടത്താണിപ്പോൾ മറുപടികൾ ഒളിച്ചിരിക്കുന്നത്...
വാക്കുകൾക്കിടയിലെ ചെറിയൊരകലം പോലെ മൗനത്തിന്റെ ഈ ഇടവേളകളിലാണ് നിന്നെയെന്നോട് ചേർത്തുവായിക്കുന്നതും നമുക്കിടയിൽ അകലങ്ങളില്ലാതെയാവുന്നതും...
പൊഴിഞ്ഞുവീണ ഇലകളോടും പിരിഞ്ഞുപോയ കിളികളോടും പരാതികളേതുമില്ലാതെ ഉണങ്ങിയ ശിഖിരത്തിലൊന്നിൽ രണ്ടു തളിരിലകളെ മാറോടു ചേർത്ത് ഒരു മുത്തശ്ശിമരം!
രാത്രിമഴയാവണം... നിലാവു പോലും കൂട്ടിനില്ലാത്ത രാത്രിയുടെ നിശബ്ദതക്കു മേലെ ആയിരം മണികളുള്ള ചിലങ്ക കെട്ടിയാടണം ...

Monday 14 December 2015

രാവോളം ഇരുണ്ട മുടിയോതുക്കിക്കെട്ടി
അലസമായ് ഒരാകാശം വാരിച്ചുറ്റി
നെറുകയിൽ പുലരി ചാർത്തിയ
തൊടുകുറിയുമായി
എത്ര തേജസ്സോടെയാണ്
ഒരു പകലുണരുന്നത്...
അമ്മയെപ്പോലെ...
അനുരന്ജനത്തിന്റെ കഥകളിലെപ്പോഴും കാണാം അക്ഷരങ്ങൾക്കു പിടികൊടുക്കാതെ പിടിവാശികളിലുറഞ്ഞു പോയ മൗനത്തിന്റെ സമരമുഖങ്ങൾ .

    ആര് പേരു ചൊല്ലി വിളിക്കുമ്പോഴാണ്‌ ആത്മാവ്‌ സ്വപ്‌നങ്ങൾ വിട്ടുണരുന്നതും മറ്റൊരു ജന്മത്തിന്റെ പകലിലേക്ക് ജാലകങ്ങൾ തുറന്നിടുന്നതും..?
കടൽ ഒരു മന്ത്രവാദിനിയാണ്. ചെവിയോർത്താൽ കേൾക്കാം അവളുടെ മാന്ത്രികവലയത്തിലേക്കൊഴുകിയെത്തിയ പുഴകളുടെ ആർത്തനാദങ്ങൾ.. മോചനത്തിനായുള്ള അലമുറകൾ..
കാരണങ്ങളുടെ കടവിൽ കെട്ടിയിടാതെയും പ്രതീക്ഷകളുടെ തുഴയെറിയാതെയും വെറുതെ..ഈ സ്നേഹത്തിന്റെ ഒഴുക്കിലേക്കിങ്ങനെ...
നീണ്ടുപോകുന്ന ഈ മൌനത്തിന്റെ മഞ്ഞു കൊള്ളുമ്പോഴെല്ലാം നമുക്കിടയിലും എന്തോ കൊഴിഞ്ഞു വീഴുന്നുണ്ട്‌... ഇല പൊഴിയും പോലെ...

Monday 16 November 2015

എത്രയുടഞ്ഞിട്ടും മനസ്സിന്റെ കണ്ണാടിക്കൂടിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു വളപ്പൊട്ടുകൾ പോലെ ഓർമ്മകളിൽ ചിലത്...

Saturday 14 November 2015

ഓരോ തവണ തുറന്നു നോക്കുമ്പോഴും നീ കണ്ണീരു കുടഞ്ഞിടുന്നതിനാലല്ലേ മനസ്സിന്റെ താളുകളിൽ നിറംപടരുന്നതും മയിൽപ്പീലികൾ മരിച്ചു വീഴുന്നതും..?
ഇത്തിരിയോളം സ്വപ്‌നങ്ങൾ കൊണ്ട് അവരെങ്ങനെയാവും ഇത്രയേറെ സ്നേഹം നെയ്തെടുക്കുന്നത്?

Friday 6 November 2015

നിഴലുകൾക്കും നിറം കൊടുക്കുന്ന നീയെന്ന വിസ്മയം !
കുഞ്ഞു സങ്കടങ്ങളുടെ തോരാമഴയായി അവൾ തോളിൽ ചാഞ്ഞുപെയ്യുമ്പോൾ അപരിചിതത്വത്തിന്റെ തിരമുറിച്ചെത്തുന്ന വാത്സല്യക്കടലാവുന്നു ഞാനെപ്പോഴും...
കാഴ്ച മങ്ങിയതല്ല , പരസ്പരം കാണാനാവാത്ത വണ്ണം നമുക്കിടയിൽ വെളിച്ചം കെട്ടുപോയതാണ്...

Wednesday 28 October 2015

ഒരിക്കൽ, കുങ്കുമചുവപ്പുള്ള സായാഹനത്തിൽ നിനക്കൊപ്പം നടക്കാനിറങ്ങണം. അസ്തമയത്തിനൊരൽപ്പം മുൻപെങ്കിലും ഒരായുസ്സിന്റെ കഥകൾ പറഞ്ഞു തീർക്കണം..
വേദനയുടെ ഒരു നിഴൽചിത്രം പോലും കവിളിൽ വരയ്ക്കാതെ എത്ര നിശബ്ദമായാണ്‌ മനസ്സ് ഉടഞ്ഞു വീഴുന്നത്...
അർത്ഥം മുറിയാതെ നീ വായിച്ചെടുക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടു മാത്രം... മൗനത്തിൽ പൊതിഞ്ഞ ഒരു മനസ്സിവിടെ കുറിച്ചിട്ടു പോകുന്നു...
എന്നിലേക്കും... എന്നിൽ നിന്നും നിന്നിലേക്കും മാത്രം നീളുന്ന എന്റെ കൊച്ചുവർത്തമാനങ്ങൾ... മടുക്കുന്നില്ലേ നിനക്ക്..?
പഴമയുടെ ഒരേടുപോലും ബാക്കി വയ്ക്കാതെ കാലം ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു വഴിയറിയാതെ മടങ്ങുകയാണ്.. ഓർമ്മകളോടൊപ്പം ഞാനും..
ചുണ്ടു കൊണ്ട് അടയാളപ്പെടുത്താത്തതിനാൽ വായിക്കപ്പെടാതെ പോവുമ്പോഴും പിറക്കാതെപോയ ചുംബനങ്ങളെ വാക്കുകളിൽ കുറിച്ചിടുന്ന ഒരു പെണ്ണുണ്ട്...
കാഴ്ച കടം വാങ്ങി ഇന്ന് കണ്ണും കടം പറഞ്ഞിരിക്കുന്നു . ഒരു കണ്ണടച്ചില്ലിനോട്...

Wednesday 7 October 2015

കടലിലേക്ക്

ഓരോ വരവിലും.. അലയൊടുങ്ങാത്ത
ഈ കടലിന്റെ നെഞ്ചിലേക്ക് കരയുടെ ഹൃദയം
മോഷ്ടിക്കപ്പെടുകയാണ്... അല്പാല്പമായി...
ഏറ്റവും പ്രിയമുള്ള ഒരു പാട്ടിന്റെ ഈണത്തിൽ വെറുതെ മൂളിക്കൊണ്ടിരിക്കയാണ് നിന്നെ...


മറുപടിയാവാതെ നിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നു കത്തുകയാണ്...
വെള്ളാരം കല്ല് പാകിയ വഴികളിലൂടെയാവണം നാം അവസാനമായി നടന്നത്, അതാവാം കാൽപ്പാടുകൾ പോലും അവശേഷിക്കാതെ പോയതും.
ശ്വാസഗതി പോലും നിമിഷ സൂചിയുടെ നിയന്ത്രണത്തിലാണെന്നിരിക്കേ.. നിനക്കെന്റെയും എനിക്കു നിന്റെയും സമയമെങ്ങനെ കട്ടെടുക്കാനാവും? കടം പറയാനാവും?
നിന്റെ തൊടുവിരൽ തുമ്പിലെ ഒരിക്കലും മായാത്ത ഇളം ചുവപ്പാണവൾ ...
നിശബ്ദതയുടെ ഇടനാഴികൾ അവസാനിക്കുന്നത് അവരുടെ നരച്ച കണ്ണുകളിലാണ്... കാൽപ്പെരുമാറ്റങ്ങൾക്ക് ചെവിയോർക്കാൻ പോലും കെൽപ്പില്ലാത്ത നരവീണ ജന്മങ്ങൾ...
മിഴികളിൽ മുത്തമിട്ടുണർത്തുന്ന ഉച്ചവെയിലിന്റെ കുസൃതി..
പായസ മണമുള്ള പകലും പിന്നെ നിൻ പാൽപുഞ്ചിരിയും...
തോളൊപ്പം വളർന്നുവെന്നാലും മിഴിത്തൊട്ടിലിൽ നീയിന്നും കാൽവിരലുണ്ടു മയങ്ങുന്ന എന്റെ കുഞ്ഞുവാവ...
അമ്മയുടെ കയ്യെത്താത്തൊരകലമില്ല.. കണ്ണെത്താത്ത ദൂരവും... അമ്മ ഇപ്പോഴും ആയിരം കൈയ്യുള്ള കൗതുകം തന്നെയാണ്...

Friday 18 September 2015


ജന്മാന്തരങ്ങൾക്കപ്പുറം വേർപെട്ടുപോയ
ചിലരെത്താറില്ലേ...?
ഒരു വാക്കിനുമുൾക്കൊള്ളാനാവാത്ത
ആത്മബന്ധം മാത്രം ബാക്കിവച്ച്
മാഞ്ഞു പോകുന്നവർ...  

Thursday 17 September 2015

പ്രണയം, നമുക്കിടയിൽ കാലംതെറ്റി കടന്നുവന്നൊരു ശിശിരം... മഞ്ഞുകൊണ്ടു വരച്ച സ്വപ്നങ്ങൾക്ക് എത്ര ഋതുക്കളുടെ ആയുസ്സുണ്ടാവും..?
അസ്തമിക്കാത്ത പകലുകളും പുലരാത്ത രാത്രികളും ഇല്ലെന്നിരിക്കേ.. അവസാനമില്ലാത്ത എന്തിനൊപ്പമാണ് നിന്നെ ഞാൻ ചേർത്തുവെക്കേണ്ടത്..?
ഓരോ നിശ്വാസവും നിന്നിലേക്കു നീളുന്ന പ്രാർത്ഥന പോലെ...
മണ്ണിന്നടിയിൽ മരണം കാത്തുകിടക്കുന്ന പുൽക്കൊടിക്കുപോലും ജീവൻ കൊടുക്കുന്ന മഴയുടെ മന്ത്രജപങ്ങൾ...
അകലെ , കടലിന്റെ നെറുകയിൽ മഞ്ചാടിമണിയോളം ചുവപ്പുകൊണ്ട് അവളെ സ്വന്തമാക്കുന്നൊരു സൂര്യൻ !

Thursday 10 September 2015



മഴയുടെ നേർത്ത വിരലുകൾ ചേർത്തു പിടിച്ച് ഈ മനസ്സുറങ്ങാൻ തുടങ്ങിയിട്ടിതെത്ര നേരമായി...
മഴ എന്നിലും പെയ്യുന്നുണ്ടായിരുന്നു... ആരുടെയോ നെഞ്ചിടിപ്പിന്റെ നിലക്കാത്ത താളം പോലെ...

Tuesday 8 September 2015

ഭ്രാന്തിന്റെ കയത്തിലേക്ക് വേരറ്റു വീഴാൻമാത്രം എത്ര ആഴത്തിൽ മുറിവേറ്റിരിക്കും ആ മനസ്സ്...


മിഴിതോരാത്ത മേഘങ്ങൾക്കൊപ്പം അങ്ങകലെ ... ഇടനെഞ്ചുപൊട്ടി കരയുന്നതാരാവും..?
നാദമത്രയും നിന്നിലായിരുന്നു... നിന്റെ ചുണ്ടോടു ചേർക്കും വരെ മുറിവേറ്റ ഒരു മുളന്തണ്ടു മാത്രമായി ഞാൻ...


ഒരു കുടന്ന വെണ്ണയ്ക്കു പകരം നീ നൽകുമോ മനസ്സിന്റെ നെറുകയിൽ മാഞ്ഞു പോകാത്ത നിൻ മയിൽ‌പ്പീലിയുമ്മകൾ..?


കാറ്റിന്റെ കൈകളാൽ ചിതറിത്തീരുവാനായിരുന്നെങ്കിൽ എന്തിനാണ് നീയെന്നിൽ സ്നേഹത്തിന്റെ മഴ നിറച്ചത്..? എന്നെ മേഘമാക്കിയത്.?

Wednesday 2 September 2015



ചിരിച്ചും..ചിണുങ്ങിയും.. ഈ പകലിനോടൊപ്പം കണ്ണു പൊത്തിക്കളിക്കുന്ന കുറെ മഴമേഘങ്ങൾ...


മനസ്സിലെഴുതാത്തതെല്ലാം അക്ഷരങ്ങളുടെ ഔദാര്യമാണ്. മറുപടിക്ക് കാത്തുനിൽക്കാതെ മടങ്ങുന്നു...


നിന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനാവാത്തവണ്ണം ഒരു പിണക്കവും നമുക്കിടയിൽ അകലങ്ങൾ കൊണ്ടുവന്നില്ല...
മെല്ലെ വീശാൻ കാറ്റിനോടും പറന്നകലാതിരിക്കാൻ പൂക്കളോടും കെഞ്ചി എത്രനേരമായെന്നുണ്ണി കാവലിരിക്കുന്നു കാറ്റുലയ്ക്കുന്നൊരീ പൂക്കളത്തിന്നരികെ..


ഒരിക്കൽ ഒഴുക്കു നിലച്ച് നീയും ഞാനും പുഴയല്ലാതാവും... അന്ന്..നമുക്കിടയിൽ ഒരു നോവിന്റെ കടലിരമ്പുന്നുണ്ടാവും....


ഒരു ചെറുചിരിയിൽ ഈ പകലിനെ കൊരുത്തിടാൻ ഇന്നേതു നുണക്കഥയാണ് നീ മെനഞ്ഞെടുക്കുന്നത്‌...?


ഓർത്തെടുക്കുമ്പോൾ നാമിരുവരും വേരറ്റുപോയ ഭൂതകാലത്തിന്റെ ആവർത്തനങ്ങളാവുന്നു...

Friday 21 August 2015



കണ്ണടക്കപ്പുറo കണ്ണ് കഥ പറയുന്നുണ്ട്.. കണ്ണുനീരിനൊപ്പം പടിയിറങ്ങിപ്പോയ കാഴ്ച്ചകളെക്കുറിച്ച് ... കാലം കട്ടെടുത്ത കനവുകളെക്കുറിച്ച്...
ആയുസ്സിന്റെ ഇലകളേറെ പൊഴിഞ്ഞിട്ടും... ആത്മബലത്തിൻ വേരുകളാഴത്തിലൂന്നി ആകാശം സ്വപ്നം കാണുന്നൊരു വന്മരം !


കുസൃതികൾക്കും കുട്ടിക്കളികൾക്കുമിടയിൽ നീ അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയതെപ്പോഴാണ്..? പതിയെ... പതിയെ... വായനയിലേക്ക് വളരുന്നുണ്ട് അവൻ !


അസ്തമയക്കടൽ നോക്കിയിരിക്കുന്നു... വെറുതെ...തീരത്തൊരു പ്രണയം .


മനസ്സെപ്പോഴേ യാത്രയായിരിക്കുന്നു... നോവിന്റെ കറുത്ത ചിറകുമായി... ഓർമ്മകളുടെ ബലിച്ചോറുണ്ണാൻ...
ഒരേ വേദന പങ്കിടുമ്പോഴും ഒന്നിനൊന്നു തുണയാവാതെ ഇരുമിഴികളിലൂടെ ഒഴുകിയിറങ്ങുകയാണ് നാം...
മൗനം കൊണ്ടു മുറിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം വാക്കുകള്‍ വല്ലാത്തൊരിഷ്ടത്തോടെ നമ്മോടു ചേര്‍ന്നു നില്‍ക്കുന്നതെന്തേ...?
വഴികളവസാനിക്കുന്നൊരിടം... ഓര്‍മ്മകളിലേക്കല്ലാതെ ഇനിയൊരു യാത്രയുണ്ടാവില്ല...
ഇന്നീ വിരലുകൾക്കെന്തേ മയിൽപ്പീലിയുടെ തണുപ്പ്...? പൊന്നുമ്മകൾക്കു പോലുമെന്തേ നറുവെണ്ണയുടെ സുഗന്ധം...?


ഏത് ഓർമ്മകൾക്കാണ് ഇന്നും ഉറക്കം പണയമാകുന്നത്?
എന്തേ...ഈയിടെയായി പകലിനെ പിരിയുമ്പോഴെല്ലാം വിണ്ണിന്റെ മിഴികളിൽ പൊഴിയാനൊരുങ്ങുന്ന സ്വപ്നങ്ങളുടെ നനവ്‌...?
സ്നേഹം മനസ്സിന്റെ കണ്‍കെട്ടാണ് . ശരിതെറ്റുകൾ വേർതിരിച്ചെടുക്കാനാവാതെ ഒരാളിലേക്കിങ്ങനെ...
വാത്സല്യത്തിന്റെ പൊന്നുമ്മകൾ കൊണ്ട് കുഞ്ഞു കവിളത്തടങ്ങളിൽ അമ്മ വരച്ചിട്ട നുണക്കുഴികൾ...


സ്വപ്‌നങ്ങൾ കണ്ടു തീരുമ്പോഴേക്കും നേരം പുലർന്നിട്ടുണ്ടാവും....പിന്നെ, യാഥാർത്ഥ്യങ്ങളുടെ പകൽവെട്ടത്തിൽ നീയുണ്ടാവില്ല...ഞാനും....


ഒരൊറ്റ വാക്കിലേക്കുള്ള വഴിയിൽ പിണങ്ങിപ്പിരിഞ്ഞ അക്ഷരങ്ങൾ . . .
ഓരോ നിമിഷാർദ്ധത്തിലും തീരത്തോളം വന്നെത്തിനോക്കി മടങ്ങാൻ മാത്രം ഈ തിരകൾ ഇതാരെയാവും ഇത്രമേൽ തിരഞ്ഞുകൊണ്ടിരിക്കുന്നത്...


എന്റെ പ്രണയം, ചിറക് മുളയ്ക്കാത്ത പക്ഷിക്കുഞ്ഞു പോലെ നിന്റെ സാന്ത്വനങ്ങളുടെ ചൂടേറ്റ് ഈ കിളിക്കൂട്ടിലിങ്ങനെ...
ഓരോരോ സ്വപ്നങ്ങൾ കണ്‍മുന്നിലേക്ക് വച്ചു നീട്ടുമ്പോഴും വിധി എന്തിനാണെപ്പോഴും ജീവിതത്തിന്റെ പെരുവിരൽ തന്നെ പകരം ചോദിക്കുന്നത്...?


കുട്ടിക്കുറുമ്പനെ ഉരലിൽ ചേർത്തുകെട്ടി അല്പം മാറിയിരുന്നു ഏറെ നേരം കരഞ്ഞു അമ്മ യശോദ. . .


പറയാതെ പോയ വാക്കുകളുടെ ചിതയെരിഞ്ഞു തീർന്നിട്ടും, ഏകാന്തതയുടെ നരച്ച കരിമ്പടവും പുതച്ച് നിന്റെ മൗനത്തിനു കാവലിരിക്കുന്നു... വെറുതെ...