Monday 24 February 2020

കാലങ്ങൾക്കപ്പുറത്തെ കടൽ


ഇനിയെത്ര രാവിൻ
ഇരുൾപേറി നീയെൻ
കറുത്ത സ്വപ്നങ്ങൾക്ക്
കൂട്ടിരിക്കും..
കണ്ണിമ ചിമ്മാതെൻ
വാക്കിൻ വരമ്പത്ത്
ഇനിയെത്ര നാള് നീ
കാത്തു നിൽക്കും..?

ഇനിയീ കനവിന്റെയോരത്തു
വന്നിരുന്നെത്ര കാലങ്ങളിൽ
മഷി പടർത്തും..
ഇനിയെത്ര വരിയായി
ഈ മിഴിത്തുമ്പിൽ നീ
ഓർമ്മതൻ മണിമുത്ത്
കോർക്കും.

ഇനിയെത്ര യാത്രാ
മൊഴികൾക്ക് സാക്ഷിയായ്
കനൽ പോലെ നീ നിന്നു നീറും..
ഇനിയെത്ര നോവിന്റെ
നിഴൽവീണ വഴികളായ്
ഇനിയും നിൻ രാമിഴികൾ
നീളും...

ഇനിയെത്ര കാതം
മുറിച്ചെടുത്തെത്തി നീ
എൻ ആത്മാവിന്നലകളായ് മാറും..
ഇനിയെന്ന് ഞാൻ
നീയെന്നരികിലുണ്ടെന്നോർത്തിട്ട്
കടൽകണ്ട കുട്ടിയെപ്പോലെയാവും..















Thursday 20 February 2020

മഴക്കൂടുകൾ

ആകാശം നിറയെ
കടന്നലുകളോളം പോന്ന
കറുത്ത പക്ഷികൾ.
ഇനിയൊരൊറ്റ പറക്കലാണ്..
ജീവനെടുത്താലുമില്ലെങ്കിലും
മണ്ണിനെയാവോളം
കുത്തി തിണിർപ്പിച്ചിട്ടേ
പിന്നെയൊരു മടക്കമുണ്ടാവൂ..

കടന്നൽക്കൂട്ടിലേക്ക് കല്ലെറിഞ്ഞിട്ട്
കടന്നു കളഞ്ഞ
ആ കുറുമ്പൻ ചെക്കനെയാണ്
ഞാനിപ്പോൾ തിരയുന്നത്..
മഴമൂളുന്നത്.. മണ്ണ് പിടയുന്നത്..
അതിന്റ ഹുങ്കാരത്തിൽ
മരങ്ങളുലയുന്നത്...
അവൻ പേടിച്ചു കാണും
കൗതുകത്തിന്റ
കുഞ്ഞിക്കല്ലെറിഞ്ഞിട്ട്
കറുത്ത മൺകുടത്തിൽ
നിന്നെന്നപോലെ
മഴയൊഴുകി വരുന്നതുംകാത്ത്
അവൻ എവിടെയെങ്കിലും
പാത്തു നിന്നിട്ടുണ്ടാവും
മണ്ണിൽ വീഴും മുന്നേ
ഒരുതുള്ളിയെങ്കിലും
നാവിൽ തൊട്ടെടുക്കാൻ
വായും തുറന്നിത്തിരി നേരം
നോക്കി നിന്നിട്ടുണ്ടാവും..
മഴ പൊതിഞ്ഞ ഏതോ
മരച്ചില്ലയിലിപ്പോൾ
പേടിച്ചരണ്ട് ഇരിക്കുന്നുമുണ്ടാവും..

കുറുമ്പിന്റ
കുഞ്ഞിക്കൈകൾക്കറിയില്ലല്ലോ
ഏതോ പിടിവാശിപ്പുറത്ത്
ആകാശം മഴത്തുള്ളികളെ
ഇങ്ങനെ ചെത്തി കൂർപ്പിച്ചു
വച്ചിരിക്കുന്നു എന്ന്..
ഒറ്റപ്പെയ്ത്തിലൊരായിരം
ജീവനെയത് കുത്തിനോവിക്കുമെന്ന്..
പകപോക്കുമ്പോഴൊക്കെയും
ചില മഴകൾ ഇങ്ങനെയാണെന്ന്...

എന്നാലും,
നിന്ന നിൽപ്പിൽ കടന്നൽ കൂടിന്
കല്ലെറിഞ്ഞു പോയ
ആ കുറുമ്പൻ ചെക്കനെ
ഇന്ന് തന്നെ കണ്ടുപിടിക്കണം..
പറ്റിയാൽ ചെവിയിലൊന്ന് നുള്ളണം..
കാലം മാറിയതും കഥ മാറിയതുമായ
കഥകളോരോന്നും
പറഞ്ഞു കൊടുക്കണം..















Monday 17 February 2020

വേട്ടക്കാരൻ


മുറിവേറ്റത് പോലെ
തലകുനിച്ചും കൊണ്ടൊരാൾ
മുട്ടുകുത്തി നിൽക്കുമ്പോൾ
തൊട്ടപ്പുറത്ത് നിൽക്കുന്നയാൾ
നിരായുധനായിട്ടും
കഥയറിയാതെ തെല്ലൊന്ന്
പകച്ചു പോകും...
ചോര വാർന്നൊലിക്കുന്നതു പോലെ
അയാൾ നെഞ്ച് പൊത്തിപ്പിടിക്കുമ്പോൾ
ഏതോ ഉൾഭയത്താൽ മറ്റെയാളും
കിതക്കാൻ തുടങ്ങിയിരിക്കും...
അടുത്ത് ചെല്ലുമ്പോൾ
ആഞ്ഞു തള്ളുന്ന,
കാരണമില്ലാതെ
കണ്ണീരൊലിപ്പിക്കുന്ന
അയാൾക്കരികിൽ
പാപിയെ പോലെ
നിന്ന് വിയർക്കും..
ഒരു വേട്ടമൃഗത്തെ പോലെ
പിടയുന്ന ഒരാൾക്കരികെ
ഇയാൾക്കെത്രനേരമിങ്ങനെ
നിസ്സഹായനായിരിക്കാനാവും..?
മെല്ലെ മെല്ലെ തടിച്ചു കൂടുന്ന
ആൾക്കൂട്ടത്തിന്റെ ഒത്തനടുക്ക്
വേട്ടക്കാരനെപ്പോലെ ഇയാൾക്ക്
നെഞ്ചും വിരിച്ച് നിൽക്കാനാവില്ലല്ലോ..
പിടഞ്ഞുകൊണ്ടയാൾ
ഒന്നു വിരൽ ചൂണ്ടിയാൽ മതി
നിശബ്ദമായൊന്നു
നോക്കിയാലും മതി
കുറ്റവാളിയാക്കാൻ..
കല്ലെറിയിപ്പിക്കാൻ...
ആൾക്കൂട്ട വിചാരണകൾക്കൊടുവിൽ
പാപിയെന്നു വിധിയെഴുതുമ്പോൾ..
ശിക്ഷ നടപ്പിലാക്കുമ്പോൾ..
മറ്റാരും കാണാതെ,
അത്രയും ക്രൂരമായി...
അത്രയും നിഗൂഢമായി...
ഊറിച്ചിരിക്കാൻ.















കിറുക്കത്തി

പ്രിയ കാമുകാ,
അവളുടെ
കിറുക്കൻ കവിതകൾ പോലെ
അവളുടെ പ്രണയത്തെയും
നീ വെറുതെ വായിച്ചു തള്ളുക
ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ്
അവൾക്ക് നിന്നോട് പ്രണയം
തോന്നുന്നത്..
അഥവാ,
നാല് ദിവസം പ്രണയമില്ലാത്ത
ലോകത്തിലെവിടെയോ
അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി
തിരക്കിലായിരുന്നിരിക്കാം..
അതുമല്ലെങ്കിൽ
പ്രണയം പടികടന്നു
വരുന്നതൊന്നുമറിയാതെ
മറ്റേതോ കിറുക്കിന്റ
വരാന്തയിലിരുന്ന്
ഓരോരോ പകലിന്റെ
കുരുക്കഴിച്ചെടുക്കുകയുമായിരുന്നിരിക്കാം..
ഒന്നുറപ്പാണ്,
വെറുതെയൊരു വാക്കാൽ
കുരുക്കിട്ട് പിടിക്കാനും
മാത്രം ക്രൂരയൊന്നുമല്ല അവൾ.
ഇല്ലെന്നു  പറഞ്ഞ്
ഇടംകണ്ണിലൊരാളെ
ഒളിപ്പിച്ചു വക്കാനുമറിയില്ല
പിന്നെയും വില്ലുപോലെ
വളഞ്ഞു വളഞ്ഞു
നിന്നോളമെത്തുന്ന
കണ്ണുകൾക്കാവട്ടെ
നിന്നെയൊട്ടു
വായിച്ചെടുക്കാനുമറിയില്ല.

പ്രിയ കാമുകാ,
നീ പ്രണയത്താൽ
ചുട്ടു പഴുത്തു നിൽക്കുമ്പോഴാവും
അവൾ തീപൊള്ളലേറ്റതു പോലെ
പിന്തിരിഞ്ഞോടുന്നത്...
നീ പുണരാൻ കൈനീട്ടുമ്പോഴാവും
അവൾ കാറ്റിൽ പെട്ട
കടലാസ്സാവുന്നത്.
തടാകത്തിന്റെ ഒത്തനടുക്കുള്ള
ഒറ്റക്കൽ പ്രതിമകണക്കെ
നിന്നെയവിടെ നിറുത്തി
തുഴഞ്ഞു പോകുന്നത്..

കിറുക്കത്തി !
അവൾക്കു പ്രണയത്തെക്കുറിച്ചൊരു
ചുക്കുമറിയില്ല.
എന്നിട്ടും,
ഈയൊരാഴ്ച്ച
പ്രണയത്തെക്കുറിച്ച്
മൂന്ന് കവിതകളാണ്‌
അവൾ എഴുതിക്കൂട്ടിയത്.
മൂന്നു വട്ടം ആണ്
മുട്ട് കുത്തി നിന്ന്
അവൾ നിന്നോട്
പ്രണയം പറഞ്ഞത്.










Sunday 16 February 2020

ഒറ്റച്ചെവി


അവളൊരുപാട് പേർക്ക്
ഒരൊറ്റചെവിയാണ്.
ഹൃദയമഴിച്ചു വച്ചിട്ട്
സൊറ പറഞ്ഞിരിക്കാനും
ഒരറ്റത്ത് ഒറ്റക്കിരുന്നിത്തിരി
കരയാനുമിടമുള്ള
ഒരു വലിയ ചെവി..

കഥകൾക്കിരിക്കാനൊരിരിപ്പിടം.
സങ്കടങ്ങൾക്ക് തലതല്ലിച്ചാവാൻ
ഒരു ബലിക്കല്ല്..
വേദനകളഴിച്ചിടാനും,
മനസ്സിനെ തോരാനിടാനും
നീളത്തിൽ കെട്ടിയ
ഒരഴ.
സ്വപ്നങ്ങളെ നട്ടുനനയ്ക്കാൻ
ഒരു പൂന്തോട്ടം..
ഇന്നലെകളെ മറവുചെയ്യാൻ
ഒഴിച്ചിട്ടിരിക്കുന്ന കുഴിമാടവും...

കാൽപ്പാട് പോലും
പതിയാത്ത വഴികളിലേക്ക്,
ഒറ്റച്ചെവിക്കരികിലേക്ക്,
കഥകളുമായെത്തുന്നവരിതെത്രയാണ്..
ചെവിത്തട്ടിൽ മുളച്ചു പൊന്തുന്ന
മുൾച്ചെടികളോ
ആഴ്ന്നിറങ്ങുന്ന
അവയുടെ വേരുകളോ
ആയിരിക്കും
മരുഭൂമിയോളം പോന്ന
അവളുടെ മനസ്സിലേക്കവർക്ക്
വഴി കാട്ടുന്നത്..
വിളിച്ചു വരുത്തുന്നത്...
അല്ലെങ്കിലും,
ആരുമവിടെയ്ക്ക്
മോക്ഷം തേടിയിറങ്ങിയതല്ലല്ലോ
മനസ്സിലെ മീസാൻ കല്ലുകൾക്ക് താഴെ
മറവു ചെയ്യപ്പെടാനായി
രഹസ്യങ്ങൾക്ക് ഒരുചെവിയും
വഴിപറഞ്ഞു കൊടുക്കേണ്ടതുമില്ലല്ലോ...




Saturday 15 February 2020

ഒരു പുഴ ഒഴുകാൻ പഠിക്കുന്നത്

ഈയിടെയായി
ജീവിതത്തെ കുറിച്ച്
പറയുമ്പോഴൊക്കെ
വല്ലാത്തൊരു
നുണ പറയുമ്പോലൊരു
തോന്നലാണ്.
കാലത്തിന്റെയൊഴുക്കിൽ
എവിടെയോ കരക്കടിഞ്ഞു
പോയതിനെയൊക്കെ
പുഴ ഓർത്തുവയ്ക്കും പോലെ..
മുറിച്ചു മാറ്റപ്പെട്ട
അവയവങ്ങളെ
ശരീരം അനുഭവിച്ചറിയും പോലെ...
മരിച്ചു പോയ
ഒരാളുടെ സാന്നിദ്ധ്യം
തൊട്ടറിയും പോലെ...
ജീവിച്ചിരിക്കുന്നുവെന്ന്
ഇടയ്ക്കിടെ ജീവിതത്തെ
ബോധ്യപ്പെടുത്താനായി മാത്രം 
ജീവിക്കുന്നതുപോലെ,
ചിരിക്കുന്നു, കരയുന്നു..
പ്രണയിക്കുന്നു...
സ്വയം നുള്ളിനോവിക്കുന്നു..
അറിഞ്ഞു കൊണ്ട് തന്നെ
ശ്വാസം നീട്ടിയെടുക്കുന്നു..
ഒരിത്തിരി നേരമതിനെ
ഉള്ളിൽ പിടിച്ചിട്ട്
പ്രാണന്റെ പിടച്ചിലനുഭവിക്കുന്നു...
അസുഖകരമായൊരു വേദനയിൽ
വീണ്ടുമൊഴുകാൻ
അനുവദിക്കുന്നു...
ആഴമറിയാത്തൊരു
പുഴയിലേക്കെന്നപോലെ
എന്നുമുണരുന്നു...
അടിത്തട്ടോളം
കൈകാലിട്ടടിക്കുന്നു..
ചെറിയ കുമിളകളായി
ജലപ്പരപ്പിലേക്കുയരുന്നു...
നീന്താൻ പഠിക്കുന്നു...
പിന്നെയും ജീവിക്കുന്നു...



Wednesday 12 February 2020

ചില അപ്രഖ്യാപിത പ്രണയങ്ങൾ



നിശബ്ദതയുടെ
നെല്ലിപ്പലകയിൽ
നിന്നുകൊണ്ട്
ഒരാളിലേക്കെറിഞ്ഞിരുന്ന
ആ നോട്ടമില്ലേ...
പ്രണയത്തിന്റെ
പൂച്ചിറകുകളുള്ള
ഒരു ശലഭം
ഹൃദയത്തിന്റെ കൂട് തുറന്ന്
പറന്നു പോകുന്നത് പോലെയുള്ള
ആ നോട്ടം...
പ്രണയം തന്നെയാണത്.
വെള്ളക്കടലാസ്സിലേക്ക്
ഒറ്റവരി പോലും
എഴുതിച്ചേർക്കാഞ്ഞിട്ടും
ഓരോ വായനയിലും
കവിതപോലെ മധുരിക്കുന്ന
ഒരപ്രഖ്യാപിത പ്രണയം !
വെറും വാക്കുകൾ കൊണ്ട്
വീഴ്‌ത്തുന്ന
ഏറുമാങ്ങകൾ
ഒന്നുമില്ലാഞ്ഞിട്ടും
ചില നോട്ടങ്ങളിൽ പോലും
മാമ്പഴം മണക്കുന്ന
ആ നാട്ടു പ്രണയം.
കരിയില വഴികളിൽ,
കല്പടവുകളിൽ
അരികു മാറി വളർന്നിരുന്ന
തൊട്ടാവാടി പ്രണയം.
പ്രതീക്ഷകളുടെ
കാലിഡോസ്കോപ്പിലേക്ക്
മുറിഞ്ഞതും, മുറിച്ചിട്ടതുമായ
ഓരോ വളപ്പൊട്ടുകളെയും
ചേർത്ത് വച്ച്
സ്വപ്‌നങ്ങൾ കണ്ടിരുന്ന
പ്രണയം.
നഷ്ടപ്പെടുമോയെന്ന
പേടിയാലോരിഷ്ടത്തെ
മനസ്സിലൊരിടത്ത്
നട്ടുവച്ചിരുന്ന പ്രണയം...
അങ്ങനെയങ്ങനെ
കടത്തു വള്ളം പോലെ,
ഒരേ ഹൃദയത്തിനു കുറുകെ
ഒരായുഷ്കാലമത്രയും
നമ്മൾ വെറുതെ
തുഴഞ്ഞു തീർക്കുന്ന
അപ്രഖ്യാപിത പ്രണയം.



Tuesday 11 February 2020

ശിവാംശം



ഓർമ്മപ്പൊരുത്തങ്ങളുടെ
പേരിൽ
എണ്ണിയെടുക്കുന്ന
സാധ്യതകൾ..
ശരീരഭാഷയിൽ,
വാക്കിൻ വലിപ്പത്തിൽ
വായിച്ചെടുക്കുന്ന
സാമ്യതകൾ..
സ്വപ്നങ്ങളുടെ താളക്രമങ്ങളെ
അടുക്കി വച്ചിട്ട്
സൂചനകൾ കണ്ടെത്തുന്ന
കുസൃതികൾ.. കൗതുകങ്ങൾ..
വെറുതെയൊരു പേരിൽ
നിന്നുപോലും
നിന്നിൽ ഞാൻ കണ്ടെടുക്കുന്ന
ശിവാംശങ്ങൾ !

നീയറിയുന്നുവോ
പ്രണയം പ്രാർത്ഥന പോലെ
നിന്നെ പൊതിയുന്നത്...
മനസ്സ്
കൂവളത്തിന്നിലപോലെ
നിന്നിലേക്ക് പൊഴിഞ്ഞു
വീഴുന്നത്..?

ഉൾത്തുടികളെ
നീ വായിച്ചെടുക്കുമെന്നും..
നിലാപ്പൂവുപോലെ
ഒരിക്കൽ നീയെന്നെ
മുടിയിൽ ചൂടുമെന്നും
സ്വപ്നം കാണുന്നത്..

നിനക്കെന്തറിയാം,
ഓരോ ശ്വാസവും
ശിവമയമാകുന്ന
നേരങ്ങളെ കുറിച്ച്..
പ്രണയത്താൽ
പവിത്രമാവുന്ന
പ്രാണനെ കുറിച്ച്..
മനസ്സ് കൊണ്ട് പോലും
നിന്റെ മറുപാതിയാവുന്ന
പെണ്ണിനെ കുറിച്ച്..
















Tuesday 4 February 2020

അടയാളങ്ങളെ കുറിച്ച്


ഓരോ അടയാളങ്ങളും
ഓരോ കയ്യൊപ്പുകളാണ്.
ജീവിതത്തിന്റെ ശിലയിൽ
കാലം ആഞ്ഞു കൊത്തിയതിന്റെ പാടുകൾ..
മുറിവുകൾ.
അതിൽ
വേദനകളുടെ ആഴത്തെ കുറിച്ചുള്ള
ഓർമ്മപ്പെടുത്തലുകളുണ്ടാവും...
അപായങ്ങളെ കുറിച്ചുള്ള
സൂചനകളും..
ചിലപ്പോഴത്
അരുതുകൾക്ക് നേരെ നീട്ടിയ
ഒരു ചൂണ്ടുവിരലാണ്.
മറ്റു ചിലപ്പോൾ
വീണ്ടെടുക്കലിനായി
കുറിച്ചിട്ട വാചകങ്ങളും...
മറവി വിഴുങ്ങും മുൻപേ
ആരോ സ്വയം പകർത്തി വച്ചതാവാം...
മറക്കാതിരിക്കാനൊരാൾ
ഒരാൾക്കു  നീട്ടിയ
മുദ്രമോതിരവുമാവാം..
അശ്രദ്ധയുടെ കയ്യാൽ
അഴുക്കുപറ്റിയതാവാം..
കുഞ്ഞിക്കൈകൾ വരച്ച
അവ്യക്ത ചിത്രങ്ങളോ
കുത്തിവരകളോ ഒക്കെയാവാം...
എന്തുമാവട്ടെ...
എനിക്കത്
അവഗണയുടെ പായൽപ്പരപ്പിന്നടിയിൽ
പ്രതീക്ഷയുടെ പാടുകൾ
അവശേഷിപ്പിച്ചു പോയ
മനുഷ്യരുടെ ഓർമ്മകളാണ്..
മരിച്ചിട്ടും മണ്ണോടു ചേരാതെ പോയ
വലിയ രഹസ്യങ്ങൾ !





നാട് കടത്തപ്പെട്ട കവിതകൾ



കവിതയുടെ
രസതന്ത്രങ്ങളൊന്നുമറിയാതെ
ഞാനെഴുതുന്നു.
പിറന്നു വീണ കുഞ്ഞ്
ശ്വസിക്കാൻ പഠിക്കുന്ന പോലെ..
ഒരു നിമിഷം
ജീവന് വേണ്ടി പൊരുതുന്നു..
ഉൾപ്പിടച്ചിലുകളെ
ജീവിതവുമായി കൂട്ടിച്ചേർക്കുന്നു..

കവിതയുടെ സ്വതസിദ്ധമായ
താളക്രമങ്ങളെ കുറിച്ചോ
വൃത്താലങ്കാരങ്ങളെ കുറിച്ചോ
ആകുലപ്പെടാതെ
ജീവതാളത്തിൽ വരികളെഴുതുന്നു...

പിന്നെയൊരു മറിച്ചുനോക്കലിന് പോലും
ഇടം നൽകാതെ മാഞ്ഞു പോകുന്ന
ഇന്നലെകളെ കുറിച്ച്
ഇന്നിന്റെ ഉള്ളംകൈയ്യിലെഴുതി വെക്കുന്നു...
നാളെയെന്ന പേരിൽ
കാലത്തിനു മുന്നേ നടക്കുന്നു...
ഇന്നിനെ മഷിയടയാളങ്ങളാക്കി
സൂക്ഷിക്കുന്നു..
മനസ്സിനെ കടലാസിലേക്ക്
പകർത്തി വെക്കുന്നു..

എന്നിട്ടും,
കവിതയുടെ രാജ്യത്ത്
കല്പനകളനുസരിക്കാത്ത
പ്രജകളെപ്പോലെ
എന്റെ കവിതകൾ
പിന്നെയും പിന്നെയും
നാടുകടത്തപ്പെടുന്നു...


Monday 3 February 2020

ആൾമരം


ആരുമില്ലായ്മയിൽ
ആൾമരമാവുക !
തളർന്നു വീഴും മുൻപേ
തളിരില പോലെയവളെ
നിന്റെ ചില്ലയിലേക്ക്
ചേർത്ത് വയ്ക്കുക..
വെയിൽ തൊട്ടുപോയ
ഹൃദയത്തിലേക്കിത്തിരി
തണലാറ്റിയൊഴിക്കുക...
ഇലക്കുമ്പിളിൽ സ്നേഹം
നിറച്ചു വയ്ക്കുക...
കാതോരം കഥകളാവുക..
കാറ്റായി കടലായി
അവളെ പുണരുക...
നിന്റെ വരണ്ട ചുണ്ടുകളിൽ
വിരലോടിച്ചുകൊണ്ടവൾ
വസന്തങ്ങളുതിർക്കും...
ഇലമർമ്മരങ്ങൾക്ക്
ഋതുക്കളുടെ ഭാഷ
പഠിപ്പിച്ചു കൊടുക്കും...
ഓരോ കാറ്റിലും
അവയോടൊപ്പം ചേർന്ന്
പാട്ടുപാടും..
അപ്പോൾ
വസന്തത്തിന്റെ വരവിനു
കാത്തു നിൽക്കാതെ
പൂക്കൾ വിരിയുകയും
ആകാശത്തിൽ നിന്നും
ശലഭ മഴ പെയ്യുകയും ചെയ്യും..
അവളുടെ ചേലത്തുമ്പിലേക്ക്
നിറങ്ങൾ പരന്നൊഴുകും...
ഇലയായും, കായായും പൂവായും
അവരൊരുമിച്ചു പൂക്കും
ഓരോ വേനലിലും
മണ്ണിന്റെ മാറിലേക്ക്
മരങ്ങളിങ്ങനെ
മരിച്ചു വീഴുമ്പോൾ
വെയിൽ വിരിച്ചിട്ട വഴിയിലെ
നിഴൽക്കൂടിനുള്ളിൽ
അവർ മാത്രമിങ്ങനെ
പച്ചപുതച്ചുറങ്ങും...