Monday 16 November 2020

ഉപ്പിലിട്ടത്

 


എരിവിന്റെയും പുളിയുടെയും 

അനുപാതത്തിലാണ് കാര്യം. 

എരിവൊരിത്തിരി 

മുന്നിൽ നിൽക്കണം... 

തൊട്ടു തൊട്ടില്ലെന്നമട്ടിൽ പുളിയും.  

മുളകുനിറമതിലാകെ പടരണം... 

ഉപ്പോളം വേണ്ടെങ്കിലുമുപ്പൊട്ടും 

കുറയാതെ നോക്കണം.. 

ചുവന്ന ആകാശത്തിലെ 

മേഘക്കെട്ടുകൾ പോലെ 

മേലെ എണ്ണ പരന്നൊഴുകണം... 


തൊട്ടു കൂട്ടാനല്ലേ, 

അതിപ്പോ 

കടും മാങ്ങയായാലെന്താ 

നെല്ലിക്കായായാലെന്താ.. 

അഹ്,

അടപ്പു തുറക്കുന്നതേ 

രുചിമുകുളങ്ങൾ വിടരണം... 

രുചിക്കുന്ന മാത്രയിൽ 

ഓർമ്മകളുടെ കൽഭരണിയിലേക്ക് 

മനസ്സൊഴുകിയിറങ്ങണം...

മറവിയുടെ എണ്ണപ്പാടക്കടിയിൽ

കാലം ഉപ്പിലിട്ടു വച്ച 

ഓർമ്മകളെ കണ്ടെടുക്കണം... 

പിന്നെ, 

പഴകും തോറും രുചിയേറുന്ന 

ഒരിഷ്ടത്തിനോടൊപ്പം 

വയറുനിറച്ചുണ്ണണം !



Friday 13 November 2020

 ഞാനപ്പോൾ 

ഞാൻ മെഴുകുതിരി ആയിരുന്ന 

കാലങ്ങളെക്കുറിച്ചോർത്തു..

ഉരുകാൻ തുടങ്ങുമ്പോഴൊക്കെയും 

നീ കാറ്റിനെ പറഞ്ഞയച്ചതോർത്തു...

മറ്റൊരു കാലത്തിൽ 

ഞാൻ വഴിനടന്ന് തളർന്ന 

യാത്രികൻ ആയിരുന്നു.. 

നീയോ തണുത്ത 

ഒരു മൺ ചുമരും.

ഞാനൊരു 

പിടിവാശിക്കാരി കുട്ടിയായിരുന്ന

കാലങ്ങളെകുറിച്ചോർക്കുന്നുണ്ടോ..

അന്നൊക്കെ നീ 

എനിക്കെത്രയെത്ര കഥകൾ 

വായിച്ചു തരുമായിരുന്നു..  

എത്രയോ കാലങ്ങളിൽ 

ഏതേതു ജന്മങ്ങളിൽ

നീ എനിക്ക് കാവലായിട്ടുണ്ടാവും..

ആരാലും മായ്ച്ചു കളയാനാവാത്ത വണ്ണം 

എന്നെ 

അക്ഷരങ്ങളിൽ കൊത്തി വചിട്ടുണ്ടാവും...

അതിനു താഴെ 

നിന്റെ പേരെഴുതി വചിട്ടുണ്ടാവും...? 

ഇനിയൊരു വേള 

മറ്റൊരു കാലത്തിൽ 

ഞാൻ നീയാവുന്നതിനെക്കുറിച്ച് 

ഓർത്തു നോക്കിയിട്ടുണ്ടോ...

ഹൊ 

എനിക്കതോർക്കാനെ വയ്യ.. 

എത്രയോ കാലങ്ങളിൽ 

നീയിങ്ങനെ ഓമനിച്ചോമനിച്ച്

വഷളാക്കിയ 

ഞാനപ്പോഴും 

നിന്റെ നിഴൽഭിത്തിയിൽ 

ചാരി നിൽപ്പുണ്ടാവും...

നീ വെയിൽ കൊള്ളുകയാണെന്ന് 

അറിഞ്ഞു കൊണ്ടു തന്നെ..

വേണ്ട.. 

നീയെപ്പോഴും നീയായാൽ മതി.. 

ഞാനിങ്ങനെ ഞാനും...

 എത്രയും പ്രിയപ്പെട്ട നിനക്ക്, 

അത്രയും മനോഹരമായ 

ഒരു സ്വപ്നത്തിന്റെ നിറവിലാവും 

നീയിന്ന് കണ്ണ് തുറന്നിട്ടുണ്ടാവുക 

എന്ന് കരുതുന്നു. 

ആവി പാറുന്ന ഒരു ചായ 

കയ്യിൽ പിടിച്ച് 

ഇന്നും ബാൽക്കണിയിൽ വന്ന് 

കെട്ടഴിഞ്ഞത് പോലെ 

നീന്തിപ്പറക്കുന്ന  മേഘങ്ങളിലേക്ക് കണ്ണയച്ചിട്ടുണ്ടാവും.. 

പിന്നെ മേഘങ്ങളില്ലാത്ത 

തെളിഞ്ഞ ആകാശം 

മനസ്സിൽ കണ്ടു 

വെറുതെ ചിരിച്ചിട്ടുണ്ടാവും.. 

ഉള്ളിൽ ചിറകടിക്കുന്ന 

കടലാസ്സ് പക്ഷികളെ 

കാറ്റിൽ പറത്തിയിട്ടുണ്ടാവും... 

അവയിൽ ചിലതൊക്കെ 

നിന്റെ ഉടുപ്പിലേക്കും 

മഷി കുടഞ്ഞു 

കടന്ന് പോയിട്ടുണ്ടാവും...

എത്രയോ കാലങ്ങളായി 

മനസ്സ് മൂളാറുള്ള ഒരുപാട്ട് 

ഇന്നിത്തിരി ഉറക്കെ പാടിയിട്ടുണ്ടാവും...

എനിക്കറിയാം, 

നിനക്കിപ്പോൾ 

കലശലായ ദേഷ്യം വരുന്നുണ്ടാവും... 

എത്ര  കരുണയില്ലാതെയാണ് 

ഞാനിതൊക്ക 

പറയുന്നതെന്നോർത്ത് 

നെറ്റിയും  ചുളിക്കണ്ട..

ഒന്നോർത്തു നോക്കൂ..

അങ്ങനെയൊരു നീയുണ്ടായിരുന്നില്ലേ...




 ഇനിയൊരിക്കൽ കൂടി 

രഹസ്യങ്ങളുടെ ഭാരം 

എന്റെ ചുമലിൽ 

വച്ചു കെട്ടരുത്... 

ആരുടേയും മുറിവുകളിൽ 

മുട്ടുകുത്തി നിന്നുകൊണ്ട് 

കുമ്പസാരിക്കരുത്... 

നന്മയുടെ ഒരു 

കണിക പോലുമില്ലാത്ത 

കഥകൾക്കായി 

ഇനി എന്റെ ചെവി 

കടം ചോദിക്കരുത്...

 എന്നാലും എന്റെ 

രാവിലെകളേ...

നിങ്ങൾക്കെങ്ങനെയാണ് 

അത്രയും ആഴമേറിയ 

ഒരുറക്കത്തിൽ നിന്നവരെ 

വിളിച്ചുണർത്താൻ 

തോന്നുന്നത് 

കരിനീല കമ്പളം 

വലിച്ചു മാറ്റി 

അവരുടെ കണ്ണിലേക്ക് 

വെയിൽ വിതറാൻ തോന്നുന്നത്

ഒരു സ്വപ്നപ്പുതപ്പിനുള്ളിൽ 

നിന്നവരെ 

എങ്ങനെയാണിങ്ങനെ 

ഇണപിരിക്കാൻ തോന്നുന്നത്..?

 നീ പിന്നെയും 

പരിഭവങ്ങളുടെ 

ആ പഴയ 

മേൽക്കുപ്പായം 

എടുത്തണിയുന്നു...

ഓരോരോ കാരണങ്ങളെ 

കഴുകിവെളുപ്പിച്ച് 

നിറം മങ്ങിയതും.. 

വല്ലാതെ അയഞ്ഞതും...

എത്രയോ ഓർമ്മകളുടെ 

മടുപ്പിക്കുന്ന മണം...

അടിവയറ്റിൽ നിന്ന് 

വെറുപ്പിന്റെ മഞ്ഞ വെള്ളം 

തികട്ടി വരുന്നു...

എനിക്ക് 

മനം പിരട്ടുന്നു...

 ആശ്വാസത്തിന്റെ ചുമലിലേക്ക് 

ചായിരിക്കും പോലെ... 

അവളെനിക്ക് 

അമ്മയാവും പോലെ...

 നിന്റെ സങ്കല്പത്തിലെ ഞാനുണ്ടല്ലോ

ഒരിത്തിരി പോലും 

ഞാനല്ലാത്ത ഞാൻ...

ഇനിയൊരിത്തിരി പോലും 

ഞാനാവാനിടയില്ലാത്ത ഞാൻ.. 

ആ ഞാൻ !

 ഒരു പാട്ടു കേട്ടാൽ പോലും

കരഞ്ഞു പോയേക്കാമെന്ന്

മനസ്സ് പറയുന്നുണ്ട്...

അകലെ നിന്ന് പരിചയം നടിച്ച്

ഏതോ സങ്കടങ്ങളൊക്ക

കൈ വീശി കാണിക്കുന്നുമുണ്ട്..

എന്നെയല്ല

എന്നെയല്ല എന്ന മട്ടിൽ

കണ്ണടച്ചിരിക്കുകയാണ്...

കൊച്ചുവർത്തമാനങ്ങളെന്ന പേരിൽ 

വെറുതെ

മനസ്സിനോടൊരോരോ 

നുണകൾ പറയുകയാണ്...

 നിന്റെ ഭ്രാന്തുകളുടെ 

മൂന്നാം കണ്ണ് !

 നിന്നെ വായിക്കുകയെന്നാൽ, 

പരിചിതമായ നാട്ടുവഴികളിലൂടെ 

നടന്നു പോകുന്നത് പോലെയാണ് !

മഴമണക്കുന്ന ഇടവഴികളിലൂടെ.. 

ഓർമ്മത്തൊടികളിലൂടെ... 

നോക്കൂ... 

കണ്ടു മറന്ന മുഖങ്ങൾ, 

പൂക്കൾ, പുഴകൾ... 

നമ്മളല്ലാത്തതെല്ലാം 

അതുപോലുണ്ടവിടെ....

 കാരണങ്ങളുടെ 

ഔദാര്യമെങ്കിലും 

കാട്ടേണ്ടതായിരുന്നു... 

വാക്കു കൊണ്ടോ 

നോട്ടം കൊണ്ടോ

ഒരു യാത്രയെങ്കിലും 

പറയേണ്ടതായിരുന്നു... 

ഏത് ബോധിവൃക്ഷ 

ചുവട്ടിലേക്കാണെങ്കിലും, 

നിന്റെ ജീവന്റെ 

തണലിലുറങ്ങുന്നവരോട് 

അത്രയും ദയയെങ്കിലും 

കാണിക്കേണ്ടതായിരുന്നു....

 വായിക്കപ്പെടുമോ എന്ന പേടിയിൽ 

വരികളാവാതെ പോയ ചിലരുണ്ട്...  വരികളിലകപ്പെട്ടത്  കൊണ്ടുമാത്രം 

കവിതപ്പെടേണ്ടി വന്ന മറ്റു ചിലരും...

 അന്ന്, 

ചില്ലകൾ ഉലച്ചുകൊണ്ട് 

ഒരു കാറ്റ് 

നമ്മെ കടന്നു പോകും... 

വേരോടെ 

പിഴുതെറിയപ്പെട്ടേക്കാമെന്ന് 

മണ്ണ് അടക്കം പറയും.. 

അപ്പോഴും, 

ഞെട്ടറ്റു വീണ 

ഒരു പൂവിനെ ചൊല്ലി 

നമ്മൾ 

കലഹിച്ചു കൊണ്ടേയിരിക്കും...

 ഇനിയൊരിക്കലും 

മടക്കമുണ്ടാവില്ലെന്ന് 

മനസ്സിനെ 

പറഞ്ഞു പഠിപ്പിക്കുന്നു...

ഇനിയൊരു വരിപോലും 

എഴുതിച്ചേർക്കാനില്ലെന്ന 

തിരിച്ചറിവിൽ 

ഓർമ്മപ്പുസ്തകങ്ങൾ 

അടച്ചു വയ്ക്കുന്നു...

 മനസ്സിലാക്കാൻ 

മനസ്സ് വായിക്കണമെന്നൊന്നുമില്ല. 

മുൻവിധികളെ

അല്പനേരത്തേക്കെങ്കിലും 

മാറ്റി വച്ചാൽ മതി...

മിഥ്യധാരണകൾക്കുമപ്പുറം 

മങ്ങിക്കാണുന്ന 

നേരിന്റെ 

നിഴലിലേക്കെങ്കിലും 

ഒന്ന് കണ്ണോടിച്ചാലും മതി...

 കഥപറഞ്ഞിരിക്കുന്നതിന്നിടയിൽ 

ഒരാൾ വാക്കുകളെ അഴിച്ചെടുത്ത് 

കടന്നു കളഞ്ഞാലോ...

കാണെക്കാണെ കൺമുന്നിൽ 

നിന്നും കാണാതായാലോ... 

രസച്ചരട് പൊട്ടിയ 

കഥകൾ എവിടെക്കാവും 

പറന്നു പോവുന്നത്... 

ഏത് ആകാശമാവും 

അവയ്ക്ക് അഭയമാവുന്നത്..?

അല്ലെങ്കിലും 

മുറിഞ്ഞു പോയിടത്ത് തന്നെ 

മുളപൊട്ടിയുയരുമെന്നോർത്ത് 

ഏത് കഥയാണ് 

കേൾവിക്കാരനെ 

കാത്തിരിക്കാറുള്ളത്...? 

മനസ്സിലുടക്കിയ നൂലിഴ 

കഥയോട് ചേർത്ത് കെട്ടാൻ 

ഏത് ചെവിയാണ്  മടങ്ങി വരാറുള്ളത്...?

 മിണ്ടി മിണ്ടി ഇരിക്കുമ്പോൾ തോന്നും  വാക്കുകൾക്ക് 

ചിറകു മുളക്കുകയാണെന്ന്...

പറയാതൊതുക്കി വച്ചതെല്ലാം

മനസ്സ് നിറഞ്ഞൊഴുകുകയാണെന്ന്.. ആകാശവും ഭൂമിയും കടന്നു നമ്മൾ 

മറ്റേതോ കാലത്തിലേക്ക് 

യാത്ര പോവുകയാണെന്ന്... 


.

 അച്ഛന്റെ കുടവയറിന് മേലേ 

കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ട്

കഥാപുസ്തകം... 

കൈത്തണ്ടയിൽ 

കഥകളിലേക്കുറങ്ങിപ്പോയൊരു 

ഒരു കുഞ്ഞു നക്ഷത്രവും...

 തിര മടങ്ങും പോലെ... 

എത്രവട്ടം മടക്കി വിളിച്ചാലും 

കരയോളം  ചേർത്തണച്ചാലും 

ഇണങ്ങാനുള്ള 

എല്ലാ സാധ്യതകളെയും 

മായിച്ചു മായിച്ച് 

പരിഭവക്കടലിതിങ്ങനെ...

 ഏറ്റവും പ്രിയമുള്ള 

ഒരു പാട്ടിന്റെ ഈണത്തിൽ 

വെറുതെ 

മൂളിക്കൊണ്ടിരിക്കുകയാണ് 

നിന്നെ...

 ഒന്നോർത്താൽ

ഇതും ഒരു  ഭ്രാന്ത് തന്നെയാണ്.

മണിക്കൂറുകളെ

ഇങ്ങനെ വെറുതെ 

നടന്നു തീർക്കുന്നത്... 

കാലുറകൾക്കുള്ളിലേക്ക് 

പകലുകളെ ഇങ്ങനെ 

കുത്തിനിറക്കുന്നത്...

കൊഴുപ്പുകൾക്കൊപ്പം 

സന്തോഷങ്ങളേയുമിങ്ങനെ 

ഉരുക്കി കളയുന്നത്...

കാൽവേഗങ്ങൾക്കൊപ്പം 

ജീവിതത്തെ ഇങ്ങനെ 

വലിച്ചിഴക്കുന്നത്...

 അങ്ങനെയൊരാളില്ലേ... 

മിണ്ടി മിണ്ടിയിരിക്കുന്നതിന്നിടയിൽ 

ഒന്നും പറയാതെ 

നിശബ്ദതയിലേക്കിറങ്ങിപ്പോയ ഒരാൾ... 

പിന്നെ, 

മൗനത്തിന്റെ നീണ്ട ഇടവേളക്കൊടുവിൽ 

മുറിഞ്ഞുപോയ വാക്കിന്റെയറ്റം 

തേടിയെത്തിയ ഒരാൾ.... 

കാരണങ്ങളൊന്നും പറയാതെ 

വന്നിരുന്ന് 

കാതോരം കഥകളാവുന്ന ഒരാൾ...

 കൺപീലികൾ കോർത്തുകെട്ടിക്കൊണ്ട്

കണ്ണ് പറയുന്നത് കേട്ടാൽ തോന്നും, കണ്ടതൊക്കെയും കളവാണെന്നും 

കരച്ചിലൊരു അടവാണെന്നും.

അല്ലെങ്കിലും,

കണ്ണിനേയറിയൂ

ഇങ്ങനെ കള്ളം പറയാൻ...

കാണാക്കാഴ്ചകളിൽ

കഥകളെഴുതി പിടിപ്പിക്കാൻ...

ഇത്തിരി നേരത്തേക്കെങ്കിലുമതിന് 

ഇല്ലാത്തൊരു നിറം കൊടുക്കാൻ...

 അതവൾ തന്നെയാണ്.

ഇളം പ്രായത്തിൽ 

തണ്ടർത്തിയെടുത്ത്..

സ്വപ്നങ്ങളിൽ നിന്ന് 

വേർപ്പെടുത്തി.. 

തിളങ്ങുന്ന 

സ്ഫടികക്കുപ്പികളിലൊന്നിൽ 

നിങ്ങൾ സൂക്ഷിക്കാനേൽപ്പിച്ച 

മകൾ !

ഒരിക്കലും

കെട്ടു പോകാതിരിക്കാൻ 

അയാളത് 

ഉപ്പിലിട്ടു വച്ചു എന്ന് മാത്രം...

 കാലം ഉടച്ചു കളഞ്ഞ 

നക്ഷത്രപ്പൊട്ടുകളെ 

ചേർത്തു വെക്കുകയാണ്... 

കുഞ്ഞു നക്ഷത്രങ്ങൾക്ക് 

കാവലാവാൻ 

ഉള്ളിൽ വെളിച്ചം 

നിറച്ചു വെക്കുകയാണ്... 

അവരുടെ കൺതിളക്കങ്ങൾക്ക് 

പിന്നെയും കൂട്ടിരിക്കുകയാണ്...

 ഇമചിമ്മാത്ത 

നോട്ടങ്ങൾക്കൊണ്ടൊരാളെ 

ഇക്കാലമത്രയും 

കെട്ടിയിടണമെങ്കിൽ...

സ്നേഹമെന്ന പേരിൽ 

ഓരോ ശ്വാസങ്ങളെയും 

ഇത്രയേറെ 

ഇഴകീറിയെടുക്കണമെങ്കിൽ...

അതിൽ ഒരിത്തിരി ഭ്രാന്ത് 

കലർന്നിട്ടുണ്ടാവില്ലേ...? 

അല്ലെങ്കിലും, 

അധികമായാൽ പിന്നെ 

മടുപ്പിക്കുന്ന മധുരമാണ് 

സ്നേഹത്തിന്...

 ആദ്യമാദ്യം 

മറുപടികളോരോന്നായി 

മാഞ്ഞു പോകും... 

പിന്നെപ്പിന്നെ 

ചോദ്യങ്ങളും... 

ഒടുവിൽ 

നമ്മളെന്നെഴുതിവച്ച 

ഇടങ്ങളിലെല്ലാം 

മറവി വന്നു മൂടിപ്പോവും...

പിന്നെയൊരിക്കൽ 

രണ്ടു മൗനങ്ങൾക്കിടയിൽ നിന്ന് 

ഒരു കാലമങ്ങനെ 

ഇറങ്ങിപ്പോകും... 

ഒന്നും പറയാതെ...

 ദാ ഇപ്പോൾ

ഓർത്തതേയുള്ളു 

ആത്‌മാവിൽ ആലേഖനം 

ചെയ്തിട്ടും 

വരികളാവാതെ പോയ 

കവിതകളെ കുറിച്ച്... 

ഭ്രാന്തിനും നിനക്കുമിടയിൽ

അകലം കുറയുന്ന 

ആ നേരങ്ങളെ കുറിച്ച്

സ്വപ്‌നങ്ങൾ ഒളിച്ചു കടക്കാറുള്ള 

ഉറക്കമുറിവുകളെ കുറിച്ച്...

രാവറ്റം വരെ നീളുന്ന 

നിന്റെ നിലാച്ചിരിയെ കുറിച്ച്...

 ചിലപ്പോൾ തോന്നും,  

ചുണ്ടിൽ നിന്നും

വേർപെട്ടിട്ടെന്ന പോലെയാണ് 

ഓരോ ചിരികളുമുതിർന്നു വീഴുന്നതെന്ന്... 

മുഖങ്ങളെപ്പോഴും കരയുകയാണെന്ന്...

 ഒരു നിലാമറ പോലുമില്ലാതെ 

രാത്രിയാകാശം... 

മേഘപടലങ്ങൾക്കുള്ളിൽ

മുഖമൊളിപ്പിച്ച്  

നീയുമേതോ നിഴലുപോലെ...

 കാറ്റിന്റെ കൈ പിടിച്ചെത്തിയ 

ഒരു മഴയുണ്ട് കോലായിൽ 

കാലും നീട്ടിയിരിക്കുന്നു... 

ഉറക്കെ ചുമയ്ക്കുന്നു...

 കവിതകളല്ല, 

അതെല്ലാം 

നമ്മൾ കഥ പറഞ്ഞിരുന്ന 

നേരങ്ങളാണ് !

 വരികളിപ്പോഴും 

ഹൃദയത്തിലേക്കുള്ള 

വഴികൾ വരച്ചിടുന്നുണ്ട്... 

തിരിച്ചു പോകാനുള്ള 

കാരണങ്ങൾ

മാത്രമാണെപ്പോഴും 

കളഞ്ഞു പോകുന്നത്...

 ഓരോ നോവിലും 

ഒറ്റയ്ക്കാക്കാതെ 

ഒപ്പം നടക്കുന്നതെന്തിനാണ്...

മനസ്സിനോടിഴുകി ചേർന്നിങ്ങനെ 

മഴ നനയുന്നതെന്തിനാണ്..?

 ആരുടേയും ശരികളുടെ 

ഇട്ടാവട്ടത്തിലേക്ക് 

ഒതുങ്ങിക്കൂടാതിരിക്കാനാണ്... 

അവനവനിലേക്കുള്ള 

ഒളിച്ചോട്ടങ്ങൾ അത്രമേൽ 

ഇഷ്ടപ്പെട്ടു തുടങ്ങിയതിനാലുമാണ്...

 ഏതോ ഒരിഷ്ടത്തിന്റെ 

പിടിയിലകപ്പെട്ടുപോയതു പോലെ അകാരണമായി ചിരിക്കുകയും 

ആരും കേൾക്കാത്തൊരുച്ചത്തിൽ 

പാട്ടുപാടുകയും ചെയ്യുന്നുണ്ട്

നൃത്തം ചെയ്യുന്നില്ലെന്നേയുള്ളൂ

പാട്ടിന്റെ താളത്തിൽ 

തന്നെയാണ് നടപ്പ്

കളവ് അമ്മ  കണ്ടുപിടിച്ചിട്ടില്ലെന്നുറപ്പിക്കാൻ 

ഇടയ്ക്കിടെ എന്നെ

നോക്കുന്നുമുണ്ട്

 അടർന്നു വീഴാറായ 

ഒരാകാശവും 

ചോർന്നൊലിക്കുന്ന 

മേഘത്തുണ്ടുകളും 

മേൽക്കൂരയാവുമ്പോൾ, 

അകം ചുമരുകൾ മാത്രം 

അതിരുകളായ 

പാവം മനുഷ്യർ 

എവിടെയൊളിക്കാനാണ്..? 

ഒഴുകുമ്പോൾ 

കാൽച്ചുവട്ടിലെ 

മണ്ണുപോലുമിഴുകി മാറുന്ന 

ഈ ഭൂമിയിൽ 

ഇനിയുമെത്രയാഴത്തിൽ 

വേരാഴ്ത്താനാണ്...?

 പ്രാർത്ഥനകൾക്ക് മുന്നിൽ 

പുറം തിരിഞ്ഞിരിക്കാത്ത 

പ്രതീക്ഷകളെ.. 

നിങ്ങളാണ് ദൈവം.

 മറുപടിയാവണ്ട

മറു ചോദ്യം ചോദിക്കണ്ട

കേട്ടത് കേട്ടതായി പോലും 

ഭാവിക്കണ്ട..

പരിഭവിക്കണ്ട

എന്തിന് 

ഒരു ചെറു ചിരി പോലും 

ചുണ്ടിൽ കരുതണ്ട... 

വെറുതെ, 

വെറുതെയെങ്കിലും 

ഒരു ചെവി ആവുക...

ഉള്ള് പിടഞ്ഞു വീഴുന്ന 

വർത്തമാനങ്ങൾക്ക് 

ഇത്തിരി നേരമെങ്കിലും 

കൂട്ടിരിക്കുക...

 ഇനിയേതു മഴയിലാവും 

നമ്മൾ ഇലനിറങ്ങളെ 

വീണ്ടെടുക്കുക...

ഇനിയേതു കാറ്റാവും 

നമ്മെ 

ഓർമ്മകളുടെ ശിഖരത്തിൽ 

കൊണ്ടെത്തിക്കുക...

ഇനിയേതു ജന്മത്തിലാവും 

ഈരിലകളായി നമ്മൾ 

വീണ്ടും പിറക്കുക..?

 മനസ്സിലകപ്പെട്ടു പോയതുകൊണ്ടല്ല, 

മടങ്ങിപ്പോവാൻ 

മനസ്സ് വരാത്തതു കൊണ്ട്... 

അത്രമേലവിടം 

സ്വന്തമാണെന്ന് 

തോന്നിയത് കൊണ്ട്...

 അത്രയും നേർമ്മയുള്ള 

ഒരു ചിരി കൊണ്ടോ 

നുണയേണ്ട താമസം 

അലിഞ്ഞു പോകുന്ന 

ഒരു വാക്കുകൊണ്ടോ 

എന്തിന്, 

രുചിമുകുളങ്ങളെ 

തരളിതമാക്കാൻ പോലുന്ന

ഒരോർമ്മ കൊണ്ട് പോലും 

ജീവിതത്തിന് സ്വാദ്

കൂട്ടുന്ന ഒരാൾ !

 എത്രയെളുപ്പത്തിലാണ് നീ 

പുതിയ മുഖമെടുത്തണിയുന്നത്... 

എത്രയെളുപ്പത്തിലാണ് 

നിനക്കിണങ്ങും വിധം 

ഒരു ചിരിയതിൽ 

തുന്നിപ്പിടിപ്പിക്കുന്നത്... 

എത്രയെളുപ്പത്തിലാണ് 

കാണുന്ന കണ്ണുകളിലേക്കൊക്കെയും 

ആ കളവുകളെയോരോന്നായി 

പകർത്തിയെഴുതുന്നത്...

 എന്തോ അസ്വാഭാവികതയില്ലേയെന്ന് 

അനുനിമിഷമോർമ്മിപ്പിക്കുന്ന 

ചില മൗനങ്ങൾ...

ചായം തേച്ച ചിരികൾക്കപ്പുറം 

പരിഭവങ്ങളുടെ 

പരുക്കൻ പ്രതലങ്ങൾ 

തെളിഞ്ഞു കാണാം... 

നിറം പിടിപ്പിച്ച നിശബ്ദത കൊണ്ട് 

നീയും നുണപറയുന്നത് പോലെ...

 മണ്ണുലയ്ക്കാതെ...

മനസ്സുലയ്ക്കാതെ... 

കരയോളം വന്നിട്ട്, 

കാൽവെള്ളയിൽ  

ഉമ്മവച്ചു മടങ്ങുന്ന 

ആ ഒറ്റത്തിര !

 കത്തിയാളുമ്പോഴും 

വിശപ്പോളം വരില്ലെന്ന് 

വെയിലിനോട്.. 

ചുമല് തളരുമ്പോഴും 

ജീവിതത്തോളമാവില്ലെന്ന് 

ചുമടുകളോട്... 

അറ്റമില്ലാതെ തുടരുമ്പോഴും 

പ്രതീക്ഷകളോളം ദൂരമില്ലെന്ന് 

വഴികളോട്...

 കാണുമ്പോഴൊക്കെയും 

വെറുതെ ഒന്ന് മൂളി 

കടന്നു പോവാറുള്ള 

ഒരു പാട്ട്

പതിവ് തെറ്റിച്ച് 

എന്നോട് 

കൂട്ട് കൂടാൻ വന്നിരിക്കുകയാണ്... 

കാലങ്ങളുടെ 

പരിചയം ഭാവിച്ചിരുന്ന്

ഓരോരോ 

കഥകൾ പറയുകയാണ്...

 മനസ്സ് കുടഞ്ഞിടാനാണെങ്കിൽ 

ഒരു കടലാസ്സ് മതിയാവും... 

വട്ടം പിടിച്ചിരുന്നു കേൾക്കുന്ന 

ചെവികളാണ് 

ഇല്ലാതെ പോകുന്നത്...