Sunday 17 December 2023

 എനിക്ക്

നിന്റെ ഭാഷ അറിയില്ല നിനക്കെന്റെയും..

എന്നിട്ടും,

'മ്യാവൂ 'എന്ന്

നീ പറയുമ്പോൾ

ഞാൻ നിനക്ക്

ഭക്ഷണം തരുന്നു.

ഞാൻ വിളിക്കുമ്പോൾ

നീയെന്റെ മടിയിൽ

ഓടി വന്നിരിക്കുന്നു...

എന്നെ കേൾക്കുന്നു...

സ്നേഹിക്കുക എന്നത്

എത്ര ലളിതമാണ്..

അല്ലേ മാർജ്ജാരകുമാരാ..

 പേടിയെന്നത്

ഇന്നലെ കണ്ട

ഒരു സ്വപ്നത്തിന്റെ  പേരാണ്...

ഈ പകലിനെന്തറിയാം

 ആർദ്രമായൊരു ശബ്ദം

അകലെയിരുന്ന് 

ആശ്വാസത്തിന്റെ

വരികൾ മൂളുന്നു...

പേരറിയാത്ത പാട്ടുകാരാ

ഈ പുലരിയിലെ 

സമാധാനത്തിന്റെ

ഓരോ ശ്വാസത്തിനും

ഞാൻ നിന്നോട്

കടപ്പെട്ടിരിക്കുന്നു...

 ഞാനാദ്യം ഞാനാദ്യം

എന്നും പറഞ്ഞുകൊണ്ട്..

വാക്കുകളെ തട്ടിമാറ്റിക്കൊണ്ട്...

ഹൃദയത്തിൽ നിന്ന്

ഒറ്റക്കുതിപ്പിൽ 

ചുണ്ടിൽ വന്നിരിക്കുന്ന

ചിരിയുണ്ടല്ലോ...

ആ ചിരി !

 കളഞ്ഞുവെന്ന്

കള്ളം പറഞ്ഞിട്ട്

കാണാതെ കാത്തുവച്ച

കാലങ്ങൾ..

ഇടമില്ലാഞ്ഞിട്ടും

ഇന്നിന്റെ

ഇടയിലിടം

കൊടുത്തിരുത്തിയ

ഇന്നലെകൾ..

മാഞ്ഞു തുടങ്ങിയ

മഷിയടയാളങ്ങൾ

ചിതലുകൾ

ചിത്രം വരച്ചിട്ട 

ചില്ലിട്ട ചിരികൾ

അങ്ങനെയങ്ങനെ,

ഒരോർമ്മപ്പെട്ടി നിറയെ 

പഴകിയതും

പാകമാവാത്തതുമായ

എത്രയെത്ര

സൂക്ഷിപ്പുകൾ..

 ഈ പ്രപഞ്ചത്തിൽ

ശർക്കര ചായ

കുടിക്കാൻ ഇഷ്ടമുള്ള 

രണ്ടേ രണ്ടുപേർ

ചിലപ്പോൾ

നമ്മളായിരിക്കും..

നട്ടുച്ചക്ക്

ലോകം

പൊരിച്ച മീനിനെയും

പൊതി ചോറിനെയും ധ്യാനിച്ചിരിക്കുമ്പോൾ

നട്ടുച്ചക്ക്

ഈ നഗര മദ്ധ്യത്തിൽ

ഒരു കിട്ടാചായയെകുറിച്ചിങ്ങനെ

കഥ പറഞ്ഞിരിക്കുന്നതും 

നമ്മൾ മാത്രമായിരിക്കും...

 സ്വപ്നങ്ങളുടെ ഉടൽരൂപം !

 എത്രയോ കാലങ്ങളായി

നമ്മൾ ഒരേ പകലിലേക്കുണരുന്നു...

ഒരേ പാട്ടിനു ചെവിയോർക്കുന്നു...

ഒരേ ആകാശം

പങ്കിട്ടെടുക്കുമ്പോഴും 

ഒരേ കടലിന്റെയോരം

പറ്റിയിരിക്കുമ്പോഴും

അദൃശ്യമായൊരകലം 

നമ്മളെ രാപകലുകളായി

പിരിച്ചെഴുതുന്നു...

 സ്വർണ്ണക്കസവുള്ള

പട്ടിൻ പുലർചേല!

 എഴുന്നേറ്റപാടെ

എഴുതാപ്പുറം വായിച്ചിരിപ്പുണ്ട്..

തോന്നലുകളുടെ തമ്പുരാൻ!

 വാക്കൊരുക്കി വരുമ്പോഴേക്കും

കവിത വറ്റിപ്പോകും..

പറയാൻ തുടങ്ങുന്നതെ

പേടികളുടെ പൂച്ച

വട്ടം ചാടും..

 മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ

മനസ്സിനുള്ളിലിരുന്ന് 

ഇത്ര കനപ്പെടുന്നതെന്തിനാണ്...

കെട്ടയച്ചു വിട്ടിട്ടും

പ്രാണനെയിങ്ങനെ

ചുറ്റിപ്പിടിക്കുന്നതെന്തിനാണ്...?

 പനിമരുന്നാവുന്ന ചില വർത്തമാനക്കൂട്ടുകൾ...

 തലക്കെട്ട് മുതൽ ഒരു കവിത അവസാനിക്കുന്നയിടം വരെ...

പെരുവിരൽ മുതൽ

ഒരു കഥയുടെ നെറുക വരെ...

കാര്യങ്ങളുടെ ബീജം...

കാരണങ്ങളുടെ ഗർഭം..

എന്നാലുമെന്റെ അഹങ്കാരമേ,

എന്തൊരു നീയാണ് നീ..

 എനിക്ക് അവരുടെ

വീടാവണമെന്ന്

തോന്നി...

പേടിച്ചരണ്ട

ആ കുഞ്ഞുങ്ങളെ

ചേർത്ത് പിടിക്കണമെന്ന് തോന്നി...

അവരുടെ മുറിവുകളിൽ

ഉമ്മ വയ്ക്കണമെന്നും,

ഇനിയൊരു പോറൽ പോലുമേൽക്കാതെ

കാത്തു കൊള്ളാമെന്ന് 

അവരുടെ കാതിൽ

പറയണമെന്നും തോന്നി...

 ഈ നിശബ്ദത,

നമുക്കിടയിൽ

വേരുറച്ചു പോയ

ഒറ്റമരമാണ്...

ഒരിലയനക്കം പോലുമില്ലാതെ.. പൂക്കാതെ... കൊഴിയാതെ.. ഋതുഭേദങ്ങളൊന്നുമറിയാതെ..

എത്രയോ കാലങ്ങളായി

അതിങ്ങനെയിങ്ങനെയിങ്ങനെ....

 തീർത്തും തനിച്ചായ

കാലങ്ങൾക്ക്

കാവൽ വന്നവരാണ്...

സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും 

കൂട്ടിരുന്നവരാണ്...

തിടുക്കം കൂട്ടാതെയും

മടുപ്പ് കാട്ടാതെയും 

എന്റെ നേരങ്ങളുടെ 

നിഴലായിരുന്നവരാണ്..

ഒപ്പം ഉണ്ടാവുക എന്നത്

എത്ര ലളിതമാണെന്ന്

എന്നെ പഠിപ്പിച്ചതും

അവരാണ്!

 പ്രതീക്ഷകളുടെ

പൊയ്ക്കാൽ നടത്തങ്ങൾ..

 ഇല്ലെന്നെത്ര കണ്ണടച്ചിരുന്നാലും

നേരില്ലാതാവുന്നില്ലല്ലോ

നീയില്ലാതാവുന്നില്ലല്ലോ....

 നിഗൂഢതയുടെ

നിശബ്ദ കാലങ്ങളും

കടന്ന്

നീ വരുമ്പോൾ...

ഓർക്കാപ്പുറത്തെ

ഒറ്റവിളിയാവുമ്പോൾ...

 ഈറൻ വസ്ത്രങ്ങൾ

ഞാന്നു കിടക്കുന്ന

മുറി...

ഇരുട്ട്...

അകലെ നിന്നും 

ഒച്ചകുറഞ്ഞ ഒരു

പാട്ട്,

ഒട്ടും ഈണം തോന്നാത്തത്...

നനഞ്ഞ പാടെ

മടിയിലേക്ക്

ഓടിക്കയറിയ പൂച്ച

മടുപ്പ്...

പെയ്തു പെയ്തില്ലെന്ന

മട്ടിൽ 

മാറ്റില്ലാത്തൊരു

മഴയും....

 ഈറൻ വസ്ത്രങ്ങൾ

ഞാന്നു കിടക്കുന്ന

മുറി...

ഇരുട്ട്...

അകലെ നിന്നും 

ഒച്ചകുറഞ്ഞ ഒരു

പാട്ട്,

ഒട്ടും ഈണം തോന്നാത്തത്...

നനഞ്ഞ പാടെ

മടിയിലേക്ക്

ഓടിക്കയറിയ പൂച്ച

മടുപ്പ്...

പെയ്തു പെയ്തില്ലെന്ന

മട്ടിൽ 

മാറ്റില്ലാത്തൊരു

മഴയും....

 മതിലുകൾ തന്നെയാണ്.

സ്നേഹത്തിന്റെ സങ്കീർത്തനങ്ങൾ

ആലേഖനം

ചെയ്തിരിക്കുന്നുവെന്ന് മാത്രം.

 പ്രാതലൊരുക്കുമ്പോൾ

അടുത്തിരുന്ന്

പാട്ടുപാടിത്തരാമെന്ന്

പറഞ്ഞതേ,

മടിപ്പുതപ്പ്

വിട്ടെഴുന്നേറ്റ് വന്ന

ഒരു മഴ പ്രഭാതം !

 മനുഷ്യരങ്ങനെയാണ്

അകലെയിരുന്നുകൊണ്ട്

ആശ്വാസത്തിന്റ

കൈകൾനീട്ടും 

സാരമില്ല പോട്ടെയെന്നോ

ഒക്കെശരിയാവുമെന്നോ

ഒപ്പമുണ്ടെന്നോ 

വാക്കാൽ പറയും

എന്നിട്ട്

എളുപ്പത്തിൽ

മടങ്ങിവന്നിട്ട്

ചിതറിപ്പോയ മനസ്സിനെ

ഒതുക്കിവയ്ക്കും

പിന്നെ 

സ്വന്തം

മുറിവുകൾക്ക്മേലെ

വച്ചുകെട്ടാനുള്ള

മരുന്ന്തിരഞ്ഞിറങ്ങും

 കവിതകൾ..

നീ വന്നു പോയതിന്റെ

തിരയടയാളങ്ങൾ !

 കണ്ടെന്നു

നിനയ്ക്കുകയേ വേണ്ടൂ..

എന്തൊരു കാണാതാവലാണ്...

ജാലവിദ്യാക്കാരാ

പറയൂ..

പിന്നെയെന്താണ് 

കണ്ടില്ലെന്ന

തോന്നലിന്റെ മാത്രം 

കണ്ണ് കെട്ടാത്തത്...?

 മുറിവേൽപ്പിക്കുന്നതും നീ

മുട്ട് കുത്തുന്നതും നീ...

 ഓരോ ചിരിയും

ഉയിർത്തെഴുന്നേൽപ്പുകളാണ്

ക്രൂശിക്കപ്പെട്ടതിന്റെ

മൂന്നാം നാൾ

ഒരാൾ

സ്വയം വീണ്ടെടുക്കുന്നതിന്റെ

അടയാളങ്ങളാണ്‌...

 മറന്നു വച്ച ചിരിയെ

കൂടെ കൂടെ

കൊണ്ട് തരുന്നൊരാളുണ്ട്...

നോവിന്റെ തരി പോലും

ചുണ്ടിൽ പറ്റിയിരിപ്പില്ലെന്ന്

ഉറപ്പു വരുത്തണമെന്ന്

ഓരോ നിമിഷവും 

ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന

ഒരാൾ!

 ഒരു സുഹൃത്ത് തന്നതാണെന്ന്

പറഞ്ഞപ്പോൾ

ഞാനല്ലാത്ത ഏത് സുഹൃത്ത്

എന്ന് ചോദിച്ചു കൊണ്ട്

ഒരു കുഞ്ഞു കുശുമ്പ്

നാവിൻ തുമ്പിനോളം വന്നു..

ആഹാ കൊള്ളാലോയെന്ന്

ചുണ്ടിൽ

നോവുന്ന

ഒരു നുള്ള് വച്ചു തന്നു...

മടങ്ങി...

 ഉടൽ തൊടാതെ

പോകുന്ന

ഉന്മാദങ്ങളെ 

ഉയിരിന്റെ ഭാഷയിലേക്ക് 

പരിഭാഷപ്പെടുത്തുന്നു...

ഒരു കടലാസിനും

ഒപ്പിയെടുക്കാനാവാത്ത

കൺതിളക്കങ്ങളിൽ നിന്ന്

പരസ്പരം വായിച്ചെടുക്കുന്നു...

 ക്ഷമിക്കുക എന്നതിന്

പകരം വീട്ടാതിരിക്കുക എന്ന

അർത്ഥം മാത്രമേ ഇപ്പോഴുള്ളൂ...

എല്ലാം മറന്നു കളയാനും

ജീവിതം കൊണ്ട്

ചേർത്ത് പിടിക്കാനുമുള്ള

ഹൃദയ വിശാലത 

നഷ്ടമായിരിക്കുന്നു...

അല്ലെങ്കിൽ,

ഞാൻ എന്നെ അത്രയേറെ

സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു...

 വെറുതെ

എന്ന വാക്കിൽ

വന്നിട്ട്

ഒരു കാത്തിരിപ്പ്...

അറിയാത്ത മട്ടിലൊരു

കൂട്ടിരിപ്പ്...

വേണ്ടെങ്കിലുമില്ലെങ്കിലും

ഇവിടെ ഞാനുണ്ടെന്ന്

ഒറ്റ വാക്കാലൊരുറപ്പ് !