Thursday 27 October 2016

അടച്ചിട്ട മുറികൾ


അടച്ചിട്ട മുറികൾക്ക് എളുപ്പം വയസ്സാവും...
അല്ലെങ്കിൽ പിന്നെ,
വല്ലപ്പോഴുമെത്തുന്ന വിരുന്നുകാർക്ക്
വിരുന്നൊരുക്കുമ്പോൾ അത്
വല്ലാത്തൊരുച്ചത്തിൽ  ചുമക്കുന്നതെന്തിനാണ്....?
വരണ്ട കാറ്റിന്റെ  കീഴിൽ
നെഞ്ചു തടവി ക്കൊണ്ട് ഉറക്കമിളക്കുന്നതെന്തിനാണ്..?

പഴകിയ കലണ്ടറിന്റെ  താളുകളിൽ
നോക്കുമ്പോഴെല്ലാം നെടുവീർപ്പിടുന്നുണ്ട്...
ഏതോ ഓർമ്മകളുടെ ചരടുകളിൽ
ഇത്തിരി നേരം ശ്വാസം കുരുങ്ങിക്കിടക്കുന്നപോലെ...
പ്രാണൻ പിടഞ്ഞിട്ടുണ്ടാവും...

പിന്നെ എപ്പോഴാണ് ഈ മുറി
സ്വപ്നങ്ങളിലേക്ക്‌ തല ചായ്ച്ചു മയങ്ങിപ്പോയത്..?

പകലിന്റെ തട്ടം നിറയെ പ്രിയമുള്ളതൊക്കെയും കണിയൊരുക്കി വെക്കണം... എന്നിട്ടൊരിക്കൽ... നിന്നെ വിളിച്ചുണർത്താനെത്തുന്ന ആ പുലരിയാവണം...
ചിത്രങ്ങളിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഓരോ വരികൾക്കും നിന്‍റെ മുഖച്ഛായയാണ്...
കാട്ടുതീ... കാറ്റൊരു കളി പറഞ്ഞാൽ പോലും കത്തിപ്പടരുന്ന കരിയിലകൾ... കാട് കത്തുമ്പോൾ കനവുകൾ എവിടെപ്പോയൊളിക്കും..?
വികൃതിക്കുട്ടികളെപ്പോലെയാണ് ചില സ്വപ്നങ്ങൾ... ഉറക്കത്തിന്റെ വാലറ്റം മുറിച്ചിട്ടിട്ട് മിണ്ടാതെ ഓടിക്കളയും...
കാരണമില്ലാതെ നെഞ്ചു പിടക്കുമ്പോഴെനിക്കറിയാം... കാര്യം പറയാതൊരു കാരണം നിനക്കുള്ളിലിരുന്ന് കരയാതെ കരയുന്നുണ്ടെന്ന്...
നിശബ്ദമായ ഇടവേളകളെ പിണക്കമെന്നും... നടത്തവേഗത്തിന്റെ ഏറ്റക്കുറച്ചിലുകളെ അകൽച്ചയെന്നുമൊക്കെ വിളിക്കുന്ന ഒരാളുണ്ട്...
മനസ്സ് മുറിയുമ്പോൾ മറവി മരുന്നാവണം...
എങ്കിലും... ഓർമ്മകളുടെ ഓരോ അറകളിലും മധുരമിത്തിരി കരുതി വെക്കാറുണ്ട് നോവിന്റെ തേനീച്ചക്കൂട്ടങ്ങൾ..
മാപ്പ്... അക്ഷരങ്ങൾ കൊണ്ട് എത്ര അലങ്കരിച്ചു വച്ചിട്ടും ആവർത്തനങ്ങൾ കൊണ്ട് മുനയൊടിഞ്ഞുപോയ ഒരു വാക്ക്...
തോളിൽ തലചായ്ച്ചുറങ്ങിയും കണ്ണ്‌ തുറക്കുമ്പോഴൊക്കെ സ്വപ്നക്കാഴ്ചകളുടെ ജാലകങ്ങൾ നിന്നിലേക്ക്‌ തുറന്നിട്ടും അരികിൽ അവളെപ്പോഴുമില്ലേ നിഴലുപോലെ..
ആദ്യം ആകാശത്തിലേക്കും ഭൂമിയിലേക്കുമുള്ള വാതിലുകൾ തഴുതിടും... പിന്നെ, അമ്മക്കിളി അവരെയാ ചിറകിലൊളിപ്പിക്കും...
അവൾ പടിയിറങ്ങുമ്പോൾ ജീവൻ നിലയ്ക്കുന്ന ഒരു വീട്...
മനസ്സു തെളിയാൻ കാത്തുനിൽക്കാതെ മഴയിറങ്ങിപ്പോയതെന്തിനാവും.. ?
അവൾ... കൺപീലികളിൽ ഉടക്കി നിൽക്കുന്ന കുഞ്ഞു വേദന... അവനോ.... അക്ഷരങ്ങൾ കൊണ്ട് അരികു തുന്നിയ കൈലേസ്സ്...
ഹൃദയത്തിൽ പ്രണയം പച്ചകുത്തുന്ന പോലെ... സുഖകരമായൊരു നീറ്റൽ... ഇത്തിരിയോളം പോന്നൊരു കുശുമ്പ്...
അക്ഷരങ്ങളിൽ നിന്ന്‌ ആത്‌മാവിലേക്ക് തീ പടരുന്നതെങ്ങനെയാണ്...?
ഇത്രയേറെ വെളിച്ചം പടർത്തി പിന്നെയും ഇങ്ങനെ പുലരാനാണെങ്കിൽ... ഓരോ പിണക്കത്തിലും സ്നേഹം ഏതു കടലാഴത്തിലാവും പോയി ഒളിച്ചിരിക്കുന്നുണ്ടാവുക..?
മുറിവുകളിൽ തളിർത്ത സ്നേഹമാണ്... മണ്ണിൽ വേരുകൾ തിരയരുത്...
കോലരക്കിൻ ചാറുകൊണ്ട് മനസ്സിലാകെ നീ വൃന്ദാവനം വരച്ചിടുമ്പോൾ... കണ്ണാ.... ഈ സ്വപ്നങ്ങൾ വിട്ടു ഞാനെങ്ങനെ ഉണരാനാണ്...?
ഉൾഭയങ്ങളുടെ ഇരുട്ടിൽ കണ്ണ്‌ കബളിക്കപ്പെട്ടതറിയാതെ നീ നിഴലുകളെ പഴി പറഞ്ഞു കൊണ്ടിരുന്നു... ഞാൻ വെളിച്ചത്തെയും...
പനി :- ഒറ്റപ്പെയ്ത്തിൽ സിരകളിലേക്ക് പടർന്നു കയറുന്ന മഴയുടെ ലഹരി...
അവളുടെ നെറ്റിയിലെ കുങ്കുമ തരികൾ നെഞ്ചാകെ പടരുന്നതും... ആകാശം സായന്തങ്ങളുടെ സങ്കീർത്തനങ്ങൾ പാടുന്നതും...
വെയിലൊന്നു തൊടുമ്പോഴേക്കും തണൽ നീട്ടിവിരിച്ചും മഴപ്പെയ്ത്തിൽ ഒറ്റക്കുടയിൽ ചേർത്തുപിടിച്ചും പൂപ്പാത്രങ്ങളിൽ വസന്തം ഒരുക്കിയും ഒരു പെണ്ണ്...
മഷിക്കുപ്പി നിറയെ സങ്കല്പങ്ങളാണ്.... സ്വപ്നങ്ങളുടെ തൂവൽ തൊട്ടെഴുതുമ്പോൾ ഇല്ലാത്ത നിറം തോന്നുന്നതും അതാവാം... മഴവില്ലു പോലെ...
എന്നിട്ടും, ഏതു ജന്മത്തിന്റെ ഓർമ്മപ്പെടുത്തലിനായാണ് കാലം കണക്കുകൾ സൂക്ഷിച്ചു വച്ചത്...? വഴികളിൽ കാൽപ്പാടുകൾ ബാക്കിവച്ചത്...?
തിരക്കുകൾക്കിനിയുമറിയില്ല... സമയത്തിന്റെ ഒഴുക്കിൽ പെട്ടുപോവാതെ തന്നെ നിന്നിലേക്കൊഴുകുന്ന സ്നേഹത്തിന്റെ കൈവരികളെ കുറിച്ച്...
ശാസനകൾക്കുള്ളിലെ വാത്സല്യം അവൻ തിരിച്ചറിയാതെ പോവില്ലായിരിക്കും.... ചേലത്തുമ്പിൽ പിടിച്ചു ചിണുങ്ങിനിൽക്കുന്ന ആ കുഞ്ഞു മനസ്സ് ഞാനും....
നീയും വരുന്നോ..? അക്ഷരങ്ങളിൽ അന്തിചുവപ്പ് പടരും വരെ സ്വപ്നങ്ങളുടെ തീരത്തിരിക്കാൻ..? ഓർമ്മകളുടെ തിരകളെണ്ണാൻ...?
നിമിഷ നേരത്തെ മൗനം കൊണ്ടുപോലും നിശബ്ദതയുടെ ആഴങ്ങളിലേക്കാണ്ടുപോകുന്നതും... ഞാൻ തനിച്ചാവുന്നതും...
വാക്കിനാൽ ഇതെത്ര വട്ടമിങ്ങനെ... വേദനകളുമൊരിക്കൽ മുറിവായി മാറിയാലോ....?
നിലാവ് മെഴുകിയ ഓർമ്മത്തട്ടിൽ പിന്നെയും നോവിന്റെ നിഴലാട്ടങ്ങളോ..? നേരിന്റെ കൈപിടിച്ച് നടക്കുമ്പോഴും നീയെന്തിനാണ് നിഴലുകളെ ഭയക്കുന്നത്..?
എങ്ങനെയാണ് നീ പിന്നെയും അറിയാത്ത ഒരു പാട്ടിന്റെ വരികളാവുന്നത്..? ഞാനതു മൂളുമ്പോഴൊക്കെയും ഏറ്റുപാടുന്നത്..?
പ്രതീക്ഷകൾ അസ്തമിക്കുന്നിടത്താണ് നീയുദിക്കുന്നത്.... എത്രയെരിഞ്ഞാലും ഒളിമങ്ങാത്ത ഒറ്റ നക്ഷത്രം !
നോക്കി നിൽക്കെ നിഴലാവുന്നവർ.. ആരുടെയോ ശബ്ദത്തിന്റെ പ്രതിധ്വനി മാത്രമാവുന്നവർ.. പ്രണയം എന്ന ഒറ്റവാക്കിലേക്ക് കൊള്ളയടിക്കപ്പെടുന്നവർ അവരാണ്.
അല്ലെങ്കിലും , അവളുടെ മിഴി നിറഞ്ഞൊഴുകും വരെ മാത്രമേ ആകാശവും മുഖം കറുപ്പിക്കാറുള്ളൂ...
തീരമെത്ര കൊതിച്ചാലും തിരയെങ്കിൽ മടങ്ങാതെ വയ്യല്ലോ...
പിണങ്ങിയെന്നോ...? സാരമില്ല , ആവർത്തിക്കുമ്പോഴും ആണയിടുമ്പോഴും മധുരം ഏറുന്ന എന്തോ ഒന്നില്ലേ സ്നേഹത്തിന്റെ രുചിക്കൂട്ടിൽ...?