Tuesday 28 January 2020

എപ്പോഴെങ്കിലും,
അറിയാത്തൊരു ഭാഷയിലെ
ഏതോ ഒരു പാട്ടിൽ
ഓർമ്മകൾ വരിചേർത്തിട്ടുണ്ടോ..?
ജാലകക്കാഴ്ച്ചകളിലൊന്നു പോലും
കാണാതെ..
ഇന്നലെകളിലേക്കൊരു
യാത്ര പോയിട്ടുണ്ടോ...?
മനസ്സിന്റെ
ഓരോരോ തോന്നലുകളാൽ
സ്വയം പൊള്ളലേൽക്കുകയും
അസ്വസ്ഥതയുടെ
അഗ്നിച്ചിറകുകൾ കുടഞ്ഞ്
അടുത്തുള്ളവരെയെല്ലാം
പൊള്ളലേൽപ്പിക്കുകയും ചെയ്യുന്നവർ...
ഭ്രാന്തല്ല,
വേദനകൾ ഒരലങ്കാരം പോലെ
കൊണ്ടുനടക്കുന്നവർ...
അസ്വസ്ഥതയുടെ ആൾരൂപങ്ങൾ.
കടലൊന്നും പറഞ്ഞില്ല.
തിരകളൊട്ട് ചോദിച്ചതുമില്ല...
അല്ലെങ്കിലും,
കരയിലൊരിടമില്ലാഞ്ഞിട്ടല്ലല്ലോ
തിരകളിങ്ങനെ
മടങ്ങിപ്പോവുന്നത്...
സ്വാർത്ഥതയുടെ വിഷം
കലർത്തിയാലെങ്ങനെയാണ്
സ്നേഹത്തിന് മധുരം കൂടുക?
അല്പാല്പമായി
മരിച്ചുകൊണ്ടൊരാൾക്കെങ്ങനെയാണ്
ജീവിതമാസ്വദിക്കാനാവുക...?
കാറ്റിൽ പോലും
കവിത മണക്കുന്ന
ഒരു വീട്...
അതിൽ
കടലോളം സ്നേഹം നിറച്ച്
വരികളൊരുക്കുന്ന
ഒരു പെണ്ണും...
#അവൾ
രേഖകളുടെയും തെളിവുകളുടെയും
പിൻബലമില്ലാതെ,
സ്വന്തമാണെന്ന്
ഒരു വാക്കിനാൽ പോലും
അവകാശപ്പെടാതെ,
സ്നേഹമുള്ള ഒരു നോട്ടത്തിന്റെ
ആനുകൂല്യം പോലും ചോദിക്കാതെ,
ഹൃദയത്തിന്റെ അവകാശിയാവാൻ
ക്ഷണിച്ചിരിക്കുകയാണ്...
ഒരായുഷ്കാലത്തേക്ക്....
സന്തോഷത്തിന്
അധികം വിഭവങ്ങളെന്തിനാണ്...?
ഹൃദയാകൃതിയിൽ,
ഏറെ മൃദുവായ
ഒരു വാക്കോ...
ഏലയ്ക്ക മണത്തിലിത്തിരി
ചിരി മധുരമോ...
അത്രയും മതിയാവില്ലേ..?
ഒന്നല്ലെങ്കിൽ മെരുക്കിയെടുക്കണം..
അല്ലെങ്കിൽ പിടിച്ചുകെട്ടണം...
എന്താണെങ്കിലും,
ഒരു ജല്ലിക്കെട്ടിനൊരുങ്ങി നിൽപ്പുണ്ട്
ജീവിതം.
സമാധാനത്തിന്റെ
പരിവേഷമുണ്ടെന്നേയുള്ളൂ..
ഈ നിശ്ശബ്ദതക്കപ്പുറം
വാക്കുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നതെനിക്കറിയാം...
രണ്ടുപേർക്കിടയിലേക്ക്
എപ്പോൾ വേണമെങ്കിലും
കടന്ന് വരാവുന്നൊരകലത്തിൽ
പരിഭവങ്ങളുടെ പടയൊരുക്കങ്ങൾ
എപ്പോഴുമുണ്ട്.
മൗനമതൊന്നും പറയുന്നില്ലെന്ന് മാത്രം...
ചിലരെഴുതുമ്പോൾ മാത്രം
'സ്നേഹം' എന്നത്,
ഒരു കൈവെള്ളയിൽ
കോരിയെടുക്കാനാവുന്നത്രയും
ചെറിയ വാക്കാവും.
'സ്വന്തം' എന്നാവുമ്പോൾ
പിന്നെയും ചെറുതാവും..
രണ്ടു വിരലുകൾ
കൊണ്ട് പോലും
നുള്ളിയെടുക്കാൻ പറ്റുന്ന
അത്രയും ചെറുത്.
ഇണങ്ങാനെളുപ്പമാണ്.
രണ്ടാൾ പൊക്കത്തിലുള്ള
ആ മൗനമതിലൊന്ന്
ചാടിക്കടക്കണമെന്നേയുള്ളൂ...