Sunday 21 June 2020

ആ ഒരാൾ


അവരല്ലാത്തതൊക്കെയും
നുണയാണെന്ന് കരുതുന്ന
ആൾക്കൂട്ടത്തിലേക്ക്
അറിയാതെയെങ്കിലും
ചെന്ന് പെട്ടിട്ടുണ്ടോ..
അവഗണനയുടെ തീപ്പൊള്ളലേറ്റിട്ടുണ്ടോ...
ഒറ്റപ്പെടുത്തലിന്റെ കുരുക്കുകളിൽ
പിടഞ്ഞു പോയിട്ടുണ്ടോ..
ആരോപണങ്ങളുടെ മൂർച്ച കൊണ്ട്
ചോര വാർന്നിട്ടുണ്ടോ...?
രക്ഷപ്പെടാനൊരു
പഴുതുപോലുമില്ലാത്തൊരു
മുറിയിൽ
അകപ്പെട്ടു പോയത് പോലെയും
ആദൃശ്യമായൊരു കൈ വന്ന്
വാപൊത്തുന്നപോലെയും
നിലവിളികളെ
മൂടിവെക്കുന്നത് പോലെയും
തോന്നിയിട്ടുണ്ടോ...
എപ്പോഴുമതെ,
ആൾക്കൂട്ടത്തിലൊറ്റപ്പെട്ടു
പോയവരുടെ കഥകൾക്ക്
അതിശയിപ്പിക്കുന്ന ഒരു
സാദൃശ്യമുണ്ടാവും...
ആരവങ്ങൾക്കിടയിൽ
അടക്കം ചെയ്ത
അവരുടെ നിശബ്ദതക്ക് പോലും
ഒരേ നിറമായിരിക്കും...
വിഷാദപ്പച്ച പടർന്ന
ചുമരുകളും
വിരസത കൊത്തിവച്ച
വാതിൽപ്പടികളും
തെല്ലൊന്നടർന്നതിനാൽ
ചെറുചിരി പോലുമില്ലാതെ
തഴുതിട്ടിരിക്കുന്ന
ജനൽപാളികളുമായി
കാത്തിരിപ്പുകളവസാനിച്ച
വീടുകൾ പോലെ
ചില മനുഷ്യർ.
ഉൾപിടപ്പുകൾ..
നെഞ്ചിൻ നെരിപ്പോടുകൾ..
അവരുടെ വീടകങ്ങൾക്കു പോലും
ഒരേയിരുട്ടായിരിക്കും...
അടയാളം പോലുമില്ലാതെയാവും
അവരൊക്കെയും
മാഞ്ഞു പോയിട്ടുണ്ടാവുക...
അല്ലെങ്കിൽ
വേദന വിഴുങ്ങും മുൻപേ
മരണത്തിന്റെ കയ്യിലേക്ക്
സ്വയം എറിഞ്ഞുകൊടുത്തതുമാവാം...
പക്ഷെ,
നുണകളെഴുതിപ്പിടിപ്പിച്ച
മീസാൻ കല്ലുകൾക്ക് താഴെ
അഴുകിത്തീരുന്ന നേരുകളെ
ആരറിയാനാണ്... 
ഒരിത്തിരി പോലും 
ചോര പൊടിയാതെ 
പിടഞ്ഞു തീർന്ന ജീവിതങ്ങൾക്ക് 
ആര് ചരിത്രമെഴുതാനാണ്...























Saturday 20 June 2020

കടൽകവിതകൾ

ഒരു വരിപോലും
എഴുതാനില്ലാത്ത
നേരങ്ങളിലൊക്കെയും
നീ ആർത്തിരമ്പുന്ന
ഒരു കടലാണെന്നെനിക്കു തോന്നും..
നീ തൊട്ട് പോയ
മണലിൽ വിരൽ ചേർത്ത്
മനഃ കൊട്ടാരങ്ങൾ പണിയുന്ന
കുട്ടിയാണ് ഞാനെന്നും...

വെറും കയ്യോടെ
കടന്നു ചെല്ലാനാവാത്ത
പ്രൗഢിയോടെ നീ
ചക്രവാളങ്ങളോളം
പരന്നു കിടക്കുമ്പോൾ..
അർദ്ധ ഗോളാകൃതിയിൽ
സൂര്യൻ പോലും നിന്നിലേക്ക്
വീണു പോകുമ്പോൾ...
തിരവന്ന് മായ്ച്ചേക്കുമെന്നോർത്ത്
മണൽപ്പരപ്പിൽ നിന്നും
നിന്റെ പേര് വെട്ടി മാറ്റുന്ന
പേടി ആവും ഞാൻ...

കണ്ണെത്താത്ത ഒരകലത്തിൽ
നീ പിന്നെയും
കടലാവും...
മറ്റു ചിലപ്പോൾ
മേഘങ്ങൾ അലയടിക്കുന്ന
ഒരാകാശവും...

മനസ്സിനെ
എത്ര മടക്കിയൊതുക്കി വച്ചാലും
ഓരോ തിരമടക്കത്തിലും
പറയാനുള്ളതൊക്കെ
പകുതിയും മായും... മഷി പടരും..
പിന്നെ,
കടൽവെള്ളം നനച്ച
ഒരു കടലാസ്സുകപ്പൽ മാത്രം
കരയിലിങ്ങനെ....

Sunday 7 June 2020

അവളിടങ്ങൾ

ആഘോഷങ്ങളിലൊക്കെയും
അടുക്കളയിൽ ഒറ്റയ്ക്ക് വേവുന്ന
പെണ്ണിനെ കുറിച്ചോർത്തിട്ടുണ്ടോ...
ആരവയറു പോലുംഉണ്ണാതെ
ആവോളമൂട്ടാൻ
കനലൂതി തളരുന്ന പെണ്ണിനെക്കുറിച്ച്..
വറുത്തിട്ടും, പൊരിച്ചിട്ടും
തീൻ മേശ നിറഞ്ഞിട്ടും
മനസ്സ് നിറയുവോളം
വച്ചുണ്ടാക്കുന്ന
ഒരുവളെ കുറിച്ച്...
വീടകങ്ങളിലെ കളിചിരികളിലേക്ക്
രുചിമണം പരക്കുമ്പോഴെങ്കിലും
ഓർത്തു നോക്കിയിട്ടുണ്ടോ..
വീടൊരുക്കിയും
വിഭവങ്ങളൊരുക്കിയും
സ്വയമൊരുങ്ങാൻ
മറന്നു പോയവളെ കുറിച്ച്...
രാവുറങ്ങാതെ തളർന്ന
അവളുടെ കണ്ണുകളെ കുറിച്ച്...
ഓരോ ആഘോഷങ്ങളുടെയും
രുചിയോർമ്മകൾക്ക് പുറകിലും
പാത്രങ്ങളുടെ
കലപിലയൊച്ചകൾക്കിടയിൽ
കേൾക്കാതെ പോയ
അവളുടെ ശബ്ദങ്ങളെ കുറിച്ച്....




ഇനിയും മരിക്കാത്തവരെ കുറിച്ച്

 ജീവിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രം
അറിയപ്പെടാതെ പോകുന്നവരുടെ
കഥകൾ...
സഹനത്തിന്റെ.. നിസ്സഹായതയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
ഇന്നും ജീവിതത്തോട് പൊരുതി നിൽക്കുന്നവരുടെ കഥകൾ...
കടൽ കടന്നെത്തിയവർക്കോ
കരക്കടിഞ്ഞവർക്കോ മാത്രം.
പറഞ്ഞു തരാനാവുന്ന കഥകൾ....
അല്ലെങ്കിലും,
മരിച്ചവരെ കുറിച്ച് മാത്രം
വായിച്ചു മടക്കി വച്ച
പുസ്തകങ്ങളാണധികവുമെന്നിരിക്കെ
മരിച്ചു ജീവിക്കുന്നവരെ
ആരോർക്കാനാണ്...? 
നമ്മൾ കണ്ടാലുമില്ലെങ്കിലും
ഓരോ മരണവും
അവരിലേക്കൊരു
വഴി വരച്ചിടുന്നുണ്ട്...









മഴപക്ഷികൾ

ഒറ്റക്കിരിക്കുമ്പോഴാണോ
പ്രണയത്തിലായിരിക്കുമ്പോഴാണോ
നമ്മൾ
മഴനേരങ്ങളെ ഇത്രമേലാസ്വദിക്കുന്നത്.
മനസ്സിന്റെ ചില്ലകളിൽ
മഴനാരുകൾ കൊണ്ട്
കൂടൊരുക്കുന്നത്...
മഴ നനഞ്ഞ പക്ഷികളെ പോലെ
അതിലേക്ക് ചേക്കേറുന്നത്...
മെല്ലെ ചിറകുകുടഞ്ഞ്
മഴയൊച്ചകൾക്ക്
താളം പിടിക്കുന്നത്...
മണ്ണിന്റെ മനസ്സിലേക്ക്
മഴയെന്നപോലെ
അത്രയും ആർദ്രമായി
ഓർമ്മകളിലേക്കൊഴുകിയിറങ്ങുന്നത്..
അതിൽ മഴവിരലുകളാൽ
ഒരാളുടെ മുഖം വരച്ചിടുന്നത്..
മഴ മടങ്ങിയാലും
മരങ്ങൾ പെയ്യുമെന്ന്
അടക്കം പറഞ്ഞ
അയാൾക്ക് വേണ്ടി മാത്രം
അതിലൊരു
ഒറ്റത്തൂവൽ
അടയാളം വക്കുന്നത്....