Saturday 17 June 2017

ആമി, നീയുംവരുന്നോ വിരസതയുടെ ചില്ലുകൂട്ടിൽ കടൽ നിറച്ചു വയ്ക്കാൻ.. സ്വർണ്ണമത്സ്യങ്ങളുടെ കൗതുകക്കണ്ണുകളിലേക്ക് വീണ്ടും കഥകളെറിഞ്ഞു കൊടുക്കാൻ ?
പിന്നെ നീ ആ ഇഷ്ടത്തെ നെഞ്ചോടു ചേർത്തു പിടിക്കും... മുടിയിഴകളിൽ മെല്ലെ വിരലോടിച്ച് അവളെ നിനക്കേറ്റവും പ്രിയമുള്ള വയലിൻ സംഗീതമാക്കും...
ആകാശത്ത് സ്വപ്നങ്ങൾ വരച്ചിടും... പിന്നെ വിധി ഇല്ലാത്ത ചിറകുകളെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും...
നിലവിളികൾ മുറിഞ്ഞു പോവുമ്പോൾ കാലൊച്ചകൾ ഇല്ലാതെയാവുമ്പോൾ ഇടക്കെങ്കിലും തിരിഞ്ഞു നോക്കുക.. ഒരു നിഴൽ മുറിവേറ്റു വീണുകിടക്കുന്നതാവാം ചിലപ്പോൾ..
മറവിയുടെ പൊടിതട്ടിയെടുക്കുമ്പോഴൊക്കെയും മച്ചിലെ ഇരുട്ടിൽ കയ്യിൽതടയുന്നു... പുകയില കറപറ്റി തിളക്കം പോയൊരു വെറ്റിലച്ചെല്ലം...
കറുപ്പിലും വെളുപ്പിലും വരച്ചിട്ട ദിനരാത്രങ്ങളിൽ കാലത്തിന്റെ കരുനീക്കങ്ങൾ... കാലാളായും കുതിരയായും നമ്മളിങ്ങനെയിങ്ങനെ... ഓരോരോ വേഷങ്ങളിൽ...
സ്നേഹത്തിന്‍റെ തന്മാത്രകൾ എത്രയേറെ വിന്യസിച്ചാലാവും സ്വപ്നങ്ങൾക്കിനി ഭാരമില്ലാതാവുക... നമ്മൾ വീണ്ടും പ്രണയത്തിലാവുക...?
ഒരേ ഇഷ്ടങ്ങളിൽ ഒന്നാവുന്ന ചിലരുണ്ട്... മെല്ലെ മെല്ലെ ഇഷ്ടങ്ങൾ ഒന്നാവുന്ന മറ്റു ചിലരും...
വിഷാദത്തിനു മേലെ എത്ര വെള്ളപൂശിവച്ചാലും വായനക്കിടയിൽ ചങ്കിലുടക്കിവലിക്കുന്ന ചില വരികളുണ്ടാവും ഓരോ കഥയിലും...
നിന്നിൽ ഭ്രാന്തു പൂക്കുന്ന നേരങ്ങളുണ്ട്... കാൽത്തണ്ടയിലെ മുറിവിൽ കവിതകൾ കൊലുസ്സുപോലെ പുണർന്നു കിടക്കുന്ന നേരങ്ങൾ...
അതൊരു ജാലവിദ്യയാണ്‌... മൗനം പലപ്പോഴും ഒരു മാന്ത്രിക പെട്ടിയും... എത്രയെത്ര കൗതുകക്കാഴ്ചകളാണ് മൗനം മുറിയുമ്പോൾ നാം കണ്ടെടുക്കുന്നത്...
ദൂരക്കാഴ്ചകളിൽ ഏകാന്തത ഒരു ലഹരിയാണ്... ദൂരക്കാഴ്ചകളിൽ മാത്രം...
കാലത്തിന്റെ എഴുത്താണി പതിയാത്ത ഇടങ്ങളിലാണ് കിനാവുകൾ കൂടൊരുക്കുന്നത്...
മനസ്സിലാകെ മഷിത്തുള്ളികൾ ഇറ്റിച്ച്‌... നീയൊരു ചാറ്റൽ മഴ പോലെ.. തോരാതെ...
രണ്ടുനാൾ ആഘോഷങ്ങളുടെ ആഴക്കടലിൽ... മൂന്നാം പക്കം കടൽപരപ്പിന്റെ വാചാലതയിലേക്ക്... ഒടുവിലീ കരയുടെ കനവുകളിലേക്ക്...
പിൻകഴുത്തിൽ ഒരു ശംഖ് പച്ചകുത്തണം... നിന്‍റെ ചുംബനങ്ങളുടെ ധ്വനികളോരോന്നും അതിൽ സൂക്ഷിച്ചു വെക്കണം...
പിഴുതെറിയാനാവാത്ത വണ്ണം മണ്ണിന്റെ മനസ്സിലേക്ക് പ്രാണനെ കെട്ടിയിടുന്ന ചില വേരുകളുണ്ട്.. വൃക്ഷങ്ങളുടെ ആത്‌മാക്കൾ ഒളിച്ചിരിക്കുന്നതവിടെയാണ്..
ചേർത്തു പിടിക്കുമ്പോൾ ചങ്കിൽ നഖമാഴ്ത്തുന്ന സ്നേഹം... ചോര പൊടിയുമ്പോഴതിൽ സ്വന്തം നിറം തിരയുന്ന സ്നേഹം...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...