Monday 19 January 2015

മറവിയുടെ മരച്ചില്ലകളിൽ മനസ്സൊളിപ്പിക്കാനൊരിടം വേണം....
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
നിന്നിലേക്കു നീളുന്ന സ്വപ്നങ്ങളുടെ ഒരു കടൽദൂരം...
വീണ്ടെടുക്കാനാവാത്ത വണ്ണം മറവിയുടെ ചതുപ്പുനിലത്തി- ലേക്കാണ്ടുപോയ ചിലമുഖങ്ങൾ... വായിച്ചെടുക്കാനാവാത്ത വണ്ണം അപരിചിതമായ കുറെ ഓർമ്മകളും...
സമാനതകളേറെയുള്ള സമാന്തരരേഖകൾ...നമ്മൾ, ജീവിതത്തിന്റെ പാളങ്ങളിൽ വിരൽതൊടാതെയെങ്കിലും, ഒരേതീവണ്ടിക്കു കാതോർക്കുന്നവർ...

Monday 12 January 2015

ഉള്ളിലെ കനലു മുഴുവൻ ഒളിപ്പിച്ചിരിക്കുന്നത് ആ കണ്ണിലാവും... നീയിതുവരെ തുറക്കാത്ത തിരുനെറ്റിയിലെ, ആ മൂന്നാം കണ്ണിൽ...

Sunday 11 January 2015

ശാസിച്ചകന്ന ചൂരലൊടിച്ച് പിണങ്ങിക്കിടക്കുമ്പോഴും അവന്റെ കണ്ണിൽ, അമ്മമനസ്സിനു മാത്രം വായിച്ചെടുക്കാവുന്ന കുറുമ്പിന്റെ നക്ഷത്രത്തിളക്കം...
നേരമിത്ര പുലർന്നിട്ടും നീലവിരിയിട്ട ജാലകത്തിന്നപ്പുറം ഇനിയുമെന്തിനാണിളം വെയിൽ നാണിച്ചു നിൽക്കുന്നത്...?
തനിച്ചിരിക്കുമ്പോൾ മാത്രം തിരിച്ചറിയുന്നു... നീ സ്നേഹം കൊണ്ട് മൂടിവച്ച ഒരു വലിയ മുറിവുണ്ടെന്റെ മനസ്സിൽ...
മനസ്സിൽ മഞ്ഞുപെയ്യുമ്പോൾ അത് മഴയുടെ വേഷപ്പകർച്ചയാണെന്ന് അവൾ... പിന്നെയാ പിണക്കത്തിൻ തീകാഞ്ഞിരിക്കുമ്പോൾ ഇത് മഞ്ഞുകാലമല്ലെന്ന് അവനും...
ഇനിയെത്ര രാവിൻ ഇരുൾപേറി നീയെൻ കറുത്ത സ്വപ്നങ്ങൾക്കു കൂട്ടിരിക്കും? കണ്ണിമചിമ്മാതെൻ വാക്കിൻ വരമ്പത്ത് ഇനിയെത്ര നാളുനീ കാത്തുനില്ക്കും..?
നിന്റെ പിടിവാശികളിന്നെന്റെ ശീലമായിരിക്കുന്നു... വേർതിരിച്ചെടുക്കാനാവാത്തവണ്ണം എന്റെ ഇഷ്ടങ്ങളുമായവ ഇണങ്ങിച്ചേർന്നിരിക്കുന്നു...
ദൈവത്തിനോട്.. നിസ്സഹായരായ കുഞ്ഞുങ്ങളുടെനേരെ നിറയൊഴിക്കുമ്പോൾ, ഭീതിയോടെ അവരലറിക്കരയുമ്പോൾ, കാടത്തം അലറിച്ചിരിക്കുമ്പോൾ, നീയെവിടെയായിരുന്നു?
വേദനയൊഴുകി തീരുവാനല്ലെങ്കിൽ കണ്ണുനീർ, കൂട്ടുവരുന്നതെന്തിനാണ്..? ആത്മാവിൻ മുറിവുണക്കുവാനല്ലെങ്കിൽ ഗദ്ഗദം, ചങ്കിൽ കൂടുകൂട്ടുന്നതെന്തിനാണ്..?
നിന്നെ ഓർക്കുമ്പോഴെല്ലാം ഒരാൾക്കു മാത്രം ഇടമുള്ള ഒറ്റത്തുരുത്തായിത്തീരുന്നു മനസ്സ്...
തെല്ലൊരഹങ്കാരത്തോടെ തന്നെ ചേർത്തു പിടിച്ചിട്ടുണ്ട്.. നീയെന്ന ഇഷ്ടത്തെ...
മനസ്സിന്റെ കൽത്തുറങ്കിൽ അടച്ചവന്റെ പരിവേദനങ്ങൾക്ക് ചെവികൊടുത്തില്ല.. അല്ലെങ്കിലും,ഏറ്റുപറച്ചിലുകൾക്കൊടുവിൽ ആരും വിശുദ്ധന്മാരാവുന്നില്ലല്ലോ?
വാളുംചിലമ്പും അരമണിയും ചുവന്നപട്ടും ഉറഞ്ഞുതുള്ളുന്നകോമരമല്ല നെറ്റിയിലൊലിച്ചിറങ്ങുന്ന ചുടുചോരയാണന്നവളെ അതിശയിപ്പിച്ചത്‌. വേദനിപ്പിച്ചതും..
നുണക്കുഴികളിൽ ഒളിച്ചിരിക്കുന്ന ഓർമ്മകളിലേക്ക് ഒഴുകിയിറങ്ങാൻ ഒരു മഞ്ഞുതുള്ളി മാത്രം അപ്പോഴും ബാക്കിയായി ....
കണ്ണീരുറഞ്ഞ നീലമിഴികളിൽ മഞ്ഞു വരച്ചിട്ടതാണവനെ...
ഒരു സ്വപ്നത്തിലേക്കെന്നപോലെ ഉറക്കമുണരുന്ന പകലുകളുണ്ടാവണം... മരണത്തിലേക്കെന്നപോലെ സ്വയം മറക്കുന്ന രാത്രികളും...
കണ്‍മഷിയും കരിവളയും നെറ്റിയിലസ്തമിക്കാത്ത സിന്ദൂരചുവപ്പും.. സ്വപ്‌നങ്ങൾ അവളോളം സുന്ദരിയായിരിക്കുന്നു..
അന്നാദ്യമായിട്ടായിരിക്കാം മുത്തശ്ശിക്കഥയിലെ രാജകുമാരൻ ഭൂമിയിലേക്കിറങ്ങി വന്നതും... നക്ഷത്രങ്ങളുടെ ലോകത്തേക്കവളെ കൂട്ടിക്കൊണ്ടു പോയതും...
അന്നാദ്യമായിട്ടായിരിക്കാം മുത്തശ്ശിക്കഥയിലെ രാജകുമാരൻ ഭൂമിയിലേക്കിറങ്ങി വന്നതും... നക്ഷത്രങ്ങളുടെ ലോകത്തേക്കവളെ കൂട്ടിക്കൊണ്ടു പോയതും...
പുലരി വന്നു വിളിച്ചിട്ടും മിഴി തുറക്കാൻ മടിച്ച് മേഘപ്പുതപ്പിന്നടിയിൽ എന്റെ കുഞ്ഞു സൂര്യൻ...
ജീവിതത്തിന്റെ ചൂതാട്ടത്തിലിന്നും പണയമായത് നിന്റെ സ്വപ്നങ്ങളാണ് . കൃഷ്ണേ...നീയിനിയും വലിച്ചിഴക്കപ്പെടുകയാണ്... അവന്റെ ശരികളിലേക്ക്...
ദൈവത്തിന്റെ സമ്മാനപ്പൊതികളിൽ പലതും പ്രാർത്ഥനകളിലിടം നേടാതെ പോകുന്ന നമ്മുടെ കൊച്ചുകൊച്ചു മോഹങ്ങളാണ്...
ഒരിക്കലും ഊർന്നു പോകാത്തവണ്ണം വാക്കിൻ തുമ്പിൽ കൊരുത്തിട്ടിട്ടുണ്ടൊരു സൗഹൃദം...
കിനാവിന്റെ പടിക്കെട്ടോളം വന്ന് തിരിച്ചു പോകുന്ന ചിലരുണ്ട്... ആത്മാവിലിടം നേടാത്തവർ...
കടുത്ത ചായക്കൂട്ടുകൾക്കിടയിൽ നിന്നും നിന്റെ അക്ഷരങ്ങളെ വീണ്ടെടുക്കണം... വെളുത്ത കടലാസ്സിലെ നീലമഷിയായി നിന്നെ പകർത്തിയെഴുതണം...
വാക്കിൽ വിഷം ചേർത്ത് നീയൂട്ടിയ പ്രണയം...
കുടചൂടിയകലുമ്പോൾ നീയറിഞ്ഞിരുന്നുവോ ഇടമുറിയാതെ പെയ്തത്, അവളുടെ മിഴികളാണെന്ന്...?
നിന്നിലേക്കെന്നെ കോർത്തിണക്കിയ പൊക്കിൾക്കൊടിയുടെ നീണ്ട ചരട്- എന്നിൽനിന്നെന്നിലേക്കുള്ള ദൂരം ...
പ്രതിച്ഛായയെന്നോ... നിഴലെന്നോ...അതോ, നീ തന്നെയെന്നോ... ചോദ്യങ്ങൾക്കുത്തരമാവേണ്ടതും, വേർതിരിക്കപ്പെടേണ്ടതും നമ്മുടെ ചിന്തകളാണ്...
ഇന്നും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്നത് കഥ പറഞ്ഞും കാഴ്ച്ചകൾ കാട്ടിയും മടിയിലിരുത്തി അമ്മയൂട്ടിയ വാത്സല്യത്തിന്റെ കുഞ്ഞുരുളകളാണ്...

ഒരു പകൽ മുഴുവനും മുഖം കറുപ്പിച്ചുനിൽക്കാൻ, പ്രണയം മഞ്ഞുപുതപ്പിച്ച പുലരിയുടെ ചെവിയിൽ മഴ വന്നു പറഞ്ഞതെന്താണ്?
മൌനത്തിന്റെ ഇടവേളയിലെപ്പോഴോ പരിഭവത്തിന്റെ കനലെരിഞ്ഞുതീർന്നിരുന്നു... അല്ലെങ്കിലും,ഏറെ നേരം പിണങ്ങിയിരിക്കാൻ നമുക്കാവുമായിരുന്നില്ലല്ലോ..?
ദൈവത്തിന്റെ കുപ്പായമണിഞ്ഞ് വരാറുണ്ട് ചിലരിപ്പോഴും... അനുവാദം ചോദിക്കാതെവന്ന് പ്രതീക്ഷകളുടെ തിരിതെളിക്കുന്നവർ...
കറുത്തമുടിയിഴകളിൽ വെള്ളിനിഴൽ പടർത്തി കടന്നുപോകുന്ന കാലം... ഒരു മഞ്ഞിനും മഴക്കും മുഖം കൊടുക്കാതെ സ്വപ്നങ്ങളെ നെഞ്ചോടുചേർത്ത് ഞാനും...
തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും, ചിലപ്പോഴൊക്കെ അടഞ്ഞ വാതിലിന്നിപ്പുറം ചെവിയോർത്തു നിൽക്കാറുണ്ട്. മണ്‍മറഞ്ഞസ്നേഹം മുട്ടിവിളിക്കുന്നതും കാത്ത്..
ചില ദൂരങ്ങൾക്കിടയിൽ മുളച്ചുപൊന്തുന്ന വെറുപ്പിന്റെ വിഷവിത്തുകൾ...ഇനി കാഴ്ച മറയുവോളം കാവലിരിക്കണോ അവ തഴച്ചുവളരുന്നതും നോക്കി..?
കൈവെള്ളയിലെ നോവാറുമ്പോഴേക്കും കൊഞ്ചിയടുക്കുന്ന കുട്ടിപ്പിണക്കം... ഊതിപ്പെരുപ്പിച്ച പിണക്കം മറന്നിനി കുട്ടിയാവേണ്ടത് നമ്മളല്ലേ...?
പട്ടം പോലെ ഉയർന്നുപൊങ്ങിയ സ്വപ്നങ്ങളുടെ നൂലറ്റം ഇന്നും കുരുങ്ങിക്കിടക്കുകയാണ്... നിന്റെ പിടിവാശികളുടെ വിരൽത്തുമ്പിൽ...
അടക്കിയ തേങ്ങലുകൾ കൊണ്ട് രാവിനെ നനയിച്ച നോവിന്റെ പകൽച്ചിരി...
പറക്കമുറ്റും വരെ ഈ കിളിക്കൊന്ജലുകകൾക്ക് കാവലിരിക്കാൻ... ആയുസ്സ് തുന്നിച്ചേർത്തുകൊണ്ടിരിക്കുന്നു...
കാഴ്ച മറച്ചത് മതിലുകളല്ല.. നമുക്കിടയിലെ പൊടിപിടിച്ച ചില്ലുജാലകങ്ങളാണ്.. വിഷം തീണ്ടിയ തലച്ചോറിൽ പിറന്ന തലകുനിക്കാത്ത നമ്മുടെ സ്വാർത്ഥതയാണ്..
കിനാവുകളുടെ ഒഴിഞ്ഞ മടിശീല... ചങ്ങലക്കിട്ട സ്വപ്‌നങ്ങൾ... ചിന്തകളോളം അലക്ഷ്യമായ വസ്ത്രങ്ങൾ... അവൾ, കണ്‍മുന്നിൽ വീണ്ടും വേദനയാകുന്നു...
കുട്ടിക്കാലത്തിന്റെ ഓർമ്മത്തൊടിയിൽ നിന്നും അക്ഷരങ്ങളുടെ മഴക്കാടുകളിലേക്ക് കൈകോർത്തുനടക്കാൻ കൂട്ടുവന്നൊരു തൊട്ടാവാടി കുറുമ്പി...
നിന്നിലെന്നെ വായിച്ചെടുക്കാൻ മാത്രം, അക്ഷരങ്ങളിത്രമേൽ ഇഴചേർന്നതെങ്ങനെ...?
ഇടക്കിടെ ,വാക്കിന്റെ വക്കോളമെത്തി തിരിച്ചു പോകുന്നുണ്ടൊരു ഭ്രാന്തൻ മൌനം...
മനസ്സുനിറയും വരെ നുണഞ്ഞിരിക്കാൻ ഓർമ്മകളോടൊപ്പം മധുരം വിളമ്പുന്ന ആഘോഷക്കാഴ്ച്ചകൾ...
മൊഴിമാറ്റം ചെയ്യാൻ കാത്തുനിൽക്കുകയാണ് മൌനത്തിന്റെ വിരലടയാളം പതിഞ്ഞ വാക്കുകൾ... ചോര കിനിയുന്ന അക്ഷരങ്ങളും...
തിരുനെറ്റിയിൽ ആണിയടിച്ചിട്ടും പിടിതരാതെകുതിക്കുന്നസമയക്കാലുകൾ... അതിന്റെ തുമ്പിലെവിടെയോ കുരുങ്ങിക്കിടക്കുയാണ് ഓരോ ജീവിതങ്ങളും...
ഈയിടെയായി പകലിന്റെഒടുക്കവും രാവിന്റെതുടക്കവും തിരിച്ചറിയാറില്ല. നാളെയുടെആകുലതകൾ,രാവറെയെത്തുമ്പോൾ,ഉറക്കത്തോട്‌ ചേർത്തുകെട്ടുകയാണ്.ഞാനറിയാതെ..
ചുംബനംകൊണ്ടു ചോദ്യങ്ങളെയും പുഞ്ചിരികൊണ്ടു പരിഭവങ്ങളെയും പങ്കിട്ടെടുക്കാമെങ്കിൽ...പ്രിയനേ... ഞാനും നിന്റെ മൌനത്തിന്റെ ഉപാസകയാവാം...
സമാനതകളേറെയുള്ള സമാന്തരരേഖകൾ...നമ്മൾ, ജീവിതത്തിന്റെ പാളങ്ങളിൽ വിരൽതൊടാതെയെങ്കിലും, ഒരേതീവണ്ടിക്കു കാതോർക്കുന്നവർ...
ഓർമ്മകൾ പതിവുതെറ്റിക്കുന്നില്ലല്ലോ... മുറിവേൽപ്പിക്കുന്നതും മുഖംതിരിക്കുന്നതും നമ്മളല്ലേ..?

Friday 9 January 2015

നനഞ്ഞ തൂവാലകൾക്കിടയിൽ നിന്ന് കണ്ടെടുത്തു... നീ മിഴികളിൽ ഒളിപ്പിച്ചുവച്ച ഒരു മൌനം...

രാത്രിമഴ

മഴമേഘംതപസ്സിരിക്കും ആകാശച്ചെരുവിലേക്ക് നക്ഷത്രങ്ങളുമ്മവക്കും രാവിൻറെമടിത്തട്ടിലേക്ക് മിഴിയിലുംമൊഴിയിലും മഴക്കാഴ്ച്ചകളുമായി ഒരുമഴപ്പെണ്ണ്‍..
സന്ധ്യാമേഘങ്ങളിൽ നിന്നൊരൽപ്പം ചുവപ്പ് കടമെടുക്കണം... ഒരു മയിലാഞ്ചിമണത്തോടെ എന്റെ വിരലുകളെ ചായം പൂശാൻ.. സ്വപ്നങ്ങളെ വീണ്ടും നിറമണിയിക്കാൻ...
പിണക്കം നടിക്കുമ്പോഴും ഇണങ്ങാനുള്ള കാരണങ്ങൾ കരുതിവച്ചിരുന്നു നീ... അതാവും,വേനലേറെ കഴിഞ്ഞിട്ടും നമ്മളിന്നും ഒരുപുഴയായൊഴുകുന്നത്...
സമയത്തെ കടമകളുടെ ചട്ടക്കൂടുകളിൽ ഭാഗംവെച്ചൊതുക്കിയപ്പോൾ, എനിക്കുമാത്രമായി മിച്ചംവെക്കാതിരുന്ന നിമിഷങ്ങളിലാണ് സ്വപ്‌നങ്ങൾ ഉറങ്ങിക്കിടക്കുന്നത്.
കുഞ്ഞുമാറിൽ കൈത്തലം ചേർത്തുവച്ച് ഉള്ളിലുറങ്ങുന്നസൂര്യനെ കാട്ടിക്കൊടുത്തു. മിഴിനീരുകൊണ്ടതിനെ നനക്കരുതെന്നും പറഞ്ഞു... എന്തോ... പിന്നെയവൻ കരഞ്ഞില്ല!
പകലൊടുങ്ങിയല്ലോ ? ഇനി നമുക്ക് തണൽമരങ്ങളെ പഴിപറയാം. വെയിലിനെ മറച്ചുവച്ചതിന്... നടവഴിയിൽ കരിയില തൂകിയതിന്... അങ്ങിനങ്ങിനെ...
അക്ഷരങ്ങളിലേക്ക് പറിച്ചുനടുമ്പോൾ മൌനം കാത്തുവച്ച പൊയ്മുഖങ്ങൾ അഴിഞ്ഞു വീണേക്കാം... നമ്മൾ പരസ്പരം തിരിച്ചറിഞ്ഞേക്കാം...
ചക്രവാളത്തിലസ്തമയ സൂര്യൻ... ചുവപ്പുരാശി പടർന്നൊരു പ്രണയവും...
ആകാശക്കാഴ്ച്ചകളിൽ നിന്നെ നിലാവിനൊപ്പം കണ്ടെടുക്കും വരെ, തീരത്തണയാതെ മടങ്ങുന്ന തിരകളോടായിരുന്നു എനിക്ക് പരിഭവം...
മനസ്സുകൾ വഴിമാറി നടക്കുമ്പോൾ അക്ഷരങ്ങൾക്കു മാത്രമായെന്തു പ്രണയം...?
മൌനത്തിന്റെ വിരൽത്തുമ്പു പിടിച്ച്‌ ഓർമ്മകളുടെ നെയ്ത്തുശാലയിലേക്ക്...
പതിവുകാഴ്ച്ചകളാണധികവും... കാണും തോറും തെളിച്ചം കുറഞ്ഞും ... ഒടുവിൽ,കാഴ്ച്ചയല്ലാതായി മാറുകയും ചെയ്യുന്ന വഴിയോരക്കാഴ്ച്ചകൾ...
അവന്റെ വാക്കുകൾക്ക് ഒരു ഒറ്റയാന്റെ കരുത്തുണ്ടായിരുന്നു. അതുകൊണ്ടാകും, ഒറ്റക്കിരിക്കുമ്പോൾ മാത്രം കരയുന്ന ആ മനസ്സ് ആരുംകാണാതെ പോയത്...
സമയം പലപ്പോഴും അങ്ങിനെയാണ്... കാത്തുനിൽക്കുന്നവനു നേരെ കണ്ണടക്കുകയും, മുന്നേറുന്നവനെ വെട്ടിവീഴ്ത്തുകയും ചെയ്യും...
പകലുകൾക്ക് കറുത്ത ചായം പൂശിയിട്ടും ഓർമ്മകളെ തച്ചുടച്ചിട്ടും അക്ഷരങ്ങളുടെ നിലാവെട്ടത്തിൽ നിഴലുകൾ കഥ പറഞ്ഞുകൊണ്ടേയിരുന്നു ...
ഒരു തുലാസ്സിന്റെ ഇരുതട്ടിലിരുന്ന് ജീവിതത്തെ അളന്നു നോക്കുന്നവർ... ഏറ്റക്കുറച്ചിലുകളുടെ കണക്കെടുപ്പിൽ ജീവിക്കാൻ മറന്നുപോയവർ...
പിണങ്ങിനിൽക്കുന്ന സ്വപ്നങ്ങളെ തിരികെവിളിക്കണം...
മനസ്സു നിറയെ വിരുന്നൂട്ടണം.. എൻറെ നക്ഷത്രക്കുഞ്ഞുങ്ങൾക്കു കൂട്ടുകൂടാൻ കൂടെനിറുത്തണം... അവരും സ്വപ്‌നങ്ങൾകണ്ടു വളരട്ടെ...
ഇരുൾമോന്തി മയങ്ങുന്ന കറുത്ത ഓർമ്മകൾക്കരികെ പരിഭവമേതുമില്ലാതെ ചുരുണ്ടുകിടന്നു, താളം തെറ്റിയൊരു മനസ്സ്...
അവളുടെ മിഴിത്തുമ്പിലൊരു കാർമേഘം ഒളിഞ്ഞിരിപ്പുണ്ട്... നിന്റെ വിരൽതൊടുമ്പോൾ മാത്രം പെയ്തിറങ്ങുന്ന മഴക്കാലം...
നിന്റെ ആത്മാവിന്റെ ഇരുട്ടുമുറിയിൽ ഏകാന്തതയുടെ പിടച്ചിലാണധികവും. അകക്കണ്ണടച്ച്‌ അന്ധനായവന്റെ ഏറ്റുപറച്ചിലുകളും...
ചലനമറ്റ ഘടികാരക്കാലുകൾക്കു മീതെ സമയത്തിൻറെ മുഖംമൂടി... ഇനി നീ നടന്നടുക്കുംവരെ കാലം കാത്തുനിൽക്കട്ടെ...
നഗരത്തിന്റെ മായക്കാഴ്ച്ചകളിലേക്കാണവൻ പിച്ചവക്കുന്നത്... എന്റെ വിരൽത്തുമ്പിൽ നിന്നും നിന്റെ വഴികളിലേക്കിനി എത്ര ദൂരം...?
ഇലത്തുമ്പിൽ ചാലിച്ചൊരു മഷിക്കൂട്ട് മിഴിനീട്ടിയെഴുതണം...ഒടുവിൽ, നിന്റെ വെയിലിലേക്കൊരു മഴവിൽചിത്രമായി പെയ്തിറങ്ങണം...
മനസ്സുപുഞ്ചിരിക്കുമ്പോൾ വാക്കുകൾക്ക് പൗർണ്ണമിയുടെ തിളക്കം... നമുക്കിടയിൽ വീണ്ടും മൌനം കൂടുകൂട്ടാതിരിക്കട്ടെ...
ഇക്കിളിയിട്ടിട്ടെന്നോണം കുണുങ്ങിച്ചിരിച്ചും കാൽത്തള കിലുക്കിയും മനസ്സുനിറയെ പെയ്യുന്നൊരു കുറുമ്പൻ മഴ...

Thursday 8 January 2015

പലപ്പോഴും ഇന്നലെകൾ വഴിതെറ്റി വന്നുകയറാറുണ്ട്... ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങൾ വിളികേൾക്കാറുണ്ട്...
പരാതിപ്പൂക്കളൊക്കെ കൊഴിക്കണം. മൊട്ടിടുന്നവയും...
മനസ്സുകൾ വഴിമാറി നടക്കുമ്പോൾ നിഴൽവഴികളിൽ പ്രണയം തനിച്ചിരുന്നു കരയുന്നു...
അത്രമേലിഷ്ടം കടമെടുത്ത് നാളിത്ര ജീവിതം പങ്കുവെക്കിൽ, ചെമ്മെ,നിനവുകളെപ്പുണരും മാനസ്സമെ നീയെത്ര മൂഡ !
കാലത്തിന്റെ കുരുതിക്കളങ്ങളിൽ ബലികൊടുക്കേണ്ടിവന്ന സ്വപ്‌നങ്ങൾ... ആത്മാവു പോലും അടക്കം ചെയ്യപ്പെട്ട അവയ്ക്ക്, ആരു ചരിത്രമെഴുതാനാണ്...?
തിരിഞ്ഞു നോക്കുന്നില്ല... ഒരുപക്ഷെ,നിന്റെ കണ്ണിലെ നനവ്‌ എന്നെ തളർത്തിയേക്കാം...

Wednesday 7 January 2015

കുഞ്ഞുമിഴികൾ നനഞ്ഞത്‌ അമ്മയെ പിരിഞ്ഞതിനാലാണോ അതോ...കൊച്ചുചുമലുകൾക്ക് താങ്ങാനാകാത്ത പ്രതീക്ഷകളുടെ ഭാരം തോളിലേറ്റിയതിനാലാണോ?
നിൻറെ വിരൽത്തുമ്പിൽ പിറന്നുവീണ അക്ഷരക്കുഞ്ഞുങ്ങൾ... അവയ്ക്കും മുഖമില്ലായിരുന്നു...നിന്നെപ്പോലെ...
ഇഴയകലുംതോറും ബന്ധങ്ങൾ കൂടുതൽ സുതാര്യമാകുന്നതു പോലെ...
ഇന്നലെകൾ ഒരു ഓർമ്മയായി മാറുവാനെങ്കിലും നാളെകൾ പിറക്കേണ്ടതുണ്ട്...
മനസ്സിന്റെ വാതിലുകൾ കൊട്ടിയടച്ചിട്ട് ശൂന്യതയിൽനിന്നും പ്രണയം സൃഷ്ടിക്കുന്നവർ...
നിലാവു കാത്തിരിക്കുന്ന ഒരു മഴമേഘം... അവളെ അക്ഷരങ്ങളിലേറ്റു വാങ്ങുമ്പോൾ മിഴിനനയുന്നൊരു നക്ഷത്രവും...
ഒരു വിളിപ്പാടകലെ നിന്ന് മനസ്സിലെഴുതിയ ഒരുപാട് ഉത്തരങ്ങളുമായി നീ വരുമായിരിക്കും...
പകുത്തു നൽകാനും പകരംവക്കാനും കഴിയാത്ത മുറിവുകളുടെ തിരുശേഷിപ്പുകളിലെല്ലാം നിന്റെ കയ്യൊപ്പുണ്ടായിരുന്നു...
അവൾ...അക്ഷരങ്ങളുടെ ചിലമ്പിച്ച ശബ്ദങ്ങൾക്ക് വിട്ടുകൊടുക്കാതെ ...മഷിപ്പാടുവീഴാതെ....മിഴികളിൽ നീയൊളിപ്പിച്ചു വച്ചൊരു കവിത...
മൗനത്തിനിടയിൽ വാക്കുകൾ കൂടുകൂട്ടുന്നു....നാമതിനു വെറും കാവൽക്കാരായി മാറുന്നതെന്തേ?
മൗനത്തിന്റെ ചിതയിലെരിഞ്ഞു തീരുംമുൻപ് വാക്കുകൾ കൊണ്ടെന്നെ ക്രൂശിക്കുക...
വീണ്ടും തീരത്തുതന്നെ വന്നടിയാനാണെങ്കിൽ, ഈ കടലിലേക്ക്‌ ഞാനെന്നെ വലിച്ചെറിയില്ല...
കുഞ്ഞു വിരലുകളോട് പരിഭവിച്ച് നോട്ടുബുക്കിൽ ചിതറിക്കിടപ്പുണ്ട് അക്ഷരങ്ങൾ... ആഴമേറിയ അവന്റെ ചിന്തകൾക്ക് മുൻപിൽ അക്ഷരങ്ങൾ മുട്ടുമടക്കുന്നതാവാം.
ചിന്തകളുടെ വേരറുത്തുമാറ്റിയിട്ടാണ് വർണ്ണത്തൂവലുള്ള സ്വപ്‌നങ്ങൾ നീയെന്റെ ചുമലിൽ തുന്നിച്ചേർത്തത് . അതാവും,പറക്കാനാവില്ലെന്നറിഞ്ഞിട്ടും...
ഓർമ്മകളിലേക്ക് ഏതുനിമിഷവും നടന്നടുത്തേക്കാവുന്ന ഒരു ദൂരത്താണ് മറവിയെ നാം ഒളിപ്പിച്ചുവക്കുന്നത്...
ഓർത്തെടുക്കാനും ഓർമ്മപ്പെടുത്താനും ഒന്നും ബാക്കി വെക്കാതെ മടങ്ങണം... ഒരു ധ്യാനം പൊലെ പതുക്കെ നിന്റെ മൌനത്തിലേക്കലിഞ്ഞു ചേരണം...
ആയുർരേഖയെ വിരലുകൾക്കിടയിൽ ചേർത്തുവച്ചു തീ കൊടുത്തു... ഒരുജന്മത്തിന്റെ വിഷപ്പുക പടർത്തി അതെരിഞ്ഞുതീർന്നു...ആയുസ്സെത്താതെ...
മഴയോട് പരിഭവിച്ചിരിക്കുന്ന കുട്ടികൾക്ക്, കടലാസ്സുതോണിയുണ്ടാക്കി കൊടുത്തു . അവരും ,മഴയെ സ്നേഹിക്കാൻ പഠിക്കട്ടെ ...
ഓർമ്മകളുടെ അവസാനഇലയും പൊഴിഞ്ഞ് വേനലിലേക്ക്‌നടന്ന മനസ്സിൽ വീണ്ടും തളിർനാമ്പുകൾ കിളിർത്തിരിക്കുന്നു!കാലം തെറ്റിയാണെങ്കിലും, മഴ അനിവാര്യമാണ്.
കുഞ്ഞുമിഴികൾ നനയുമ്പോഴെല്ലാം വല്ലാതെ അസ്വസ്ഥമാവുന്നു മനസ്സ്...
അരുത് തിരികെനടക്കരുത്,ഇന്നലെയുടെകുഴിമാടങ്ങളിൽ നീ കുഴിച്ചുമൂടിയ സ്വപ്നങ്ങളുണ്ടാകും.മോക്ഷംതേടിയലയുന്ന അവയുടെആത്മാക്കൾ നിന്റെ ജീവനെടുത്തേക്കാം.
വിധി ചിലപ്പോൾ അങ്ങിനെയാണ്, ചുണ്ടോടു ചേർത്തുനിർത്തി ചിറകരിഞ്ഞുകളയും ...
പൊടിപിടിച്ചു പാറിപ്പറന്നൊരു ബാല്യം വഴിവക്കിലിരുന്നു കരയുന്നു! മനസ്സിലുയർന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട്ഞാനും വഴിയാത്രക്കാരിലോരാളായി...
അവളുടെ പിടിവാശികളത്രയും പടവെട്ടിയത്, അവന്റെ നിഴലിനോടായിരുന്നോ...?
കൂട്ടിയും കിഴിച്ചും നീ ചിട്ടപ്പെടുത്തിയ നിയമങ്ങളാൽ എനിക്ക് നഷ്ടമാകുന്നത് കാൽപ്പനികത നിറഞ്ഞ എന്റെ പകൽസ്വപ്നങ്ങളെയാണ് ...
മൗനം മുറിവേൽപ്പിച്ച വാക്കുകൾ സ്വയം ചിതയൊരുക്കി കാത്തിരിക്കുന്നു. നിനക്കു വായിച്ചെടുക്കാൻ കഴിയാത്തവ ഈ മനസ്സിൽ തന്നെ ദഹിച്ചു തീരട്ടെ...
ഒടുവിലവൾ തിരിഞ്ഞുനടന്നു സുഖകരമായൊരു സ്വപ്നം നെഞ്ചിലേറ്റുന്നതുപോലെ മയിൽപ്പീലികൾ ഹൃദയത്തോട് ചേർത്തുവച്ചുകൊണ്ട് . പിൻവിളിക്കായി കാതോർത്ത്
ലഹരിനുരയുന്ന ജീവിതക്കുപ്പികളിൽ പാതികരിഞ്ഞ മനുഷ്യക്കോലങ്ങൾ, തലയറുത്തിട്ടും കുടൽപറിച്ചെറിഞ്ഞും കാലനെ വെല്ലുവിളിക്കുന്നു .
കുഞ്ഞുമിഴികളിൽ ഒരായിരം സ്വപ്‌നങ്ങൾ ചേർത്തുവെക്കാൻ ... നറുമുത്തത്തിൽ ചാലിച്ച മുത്തശ്ശിക്കഥകളുമായി ഒരുരാത്രി കൂടി ...
അവൾ ഏകാന്തതയുടെ തടവുകാരിയും അവൻ സ്വപ്നങ്ങളുടെ രാജകുമാരനും ആയിരുന്നു...!!!
മുറിവേറ്റ മനസ്സുകൾ എന്നും പെയ്തിറങ്ങുന്നത് അമ്മയുടെ സാരിത്തലപ്പിലേക്കാണ് ....
ഇന്നലെയുടെ മരച്ചില്ലകളിൽ വേതാളം പോലെ ചില ഓർമ്മകൾ തലകീഴായി തൂങ്ങിക്കിടക്കും... ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി...
നിന്റെ മൗനം ഒരു കനൽക്കാറ്റായി ആഞ്ഞുവീശുമ്പോൾ ...കണ്ണുകൾ ഇറുകെയടച്ച്, ഞാനെൻറെ ചോദ്യങ്ങളെ ഇരുട്ടിലാക്കും .
എന്റെ പ്രണയം .... ഒരിക്കലുംതുറക്കാത്തപുസ്തകത്തിൽ മയില്പീലിയെന്നോണം ,അത് നീയാകുന്ന ആകാശം കാത്തു കിടന്നു.....
ആത്മാവിന്റെ പൂർണ്ണത തേടിയുള്ള യാത്രയാണ് ഓരോ പ്രണയവും .
ആവർത്തന വിരസതയില്ലാതെ നീയെന്നിലുണരുവോളം...
നിന്റെ ചിന്തകളിൽ ഞാൻ സ്വയം നഷ്ടപ്പെടുവോളം... 
നമുക്കു പ്രണയിക്കാതെയിരിക്കാം ...
ഇനി ഞാനുറങ്ങട്ടെ .... പുലരിയുടെ ആദ്യകിരണമായി നീയെന്നെ തൊട്ടുണർത്തും വരെ ...
നിന്നോടൊപ്പം നടന്ന വഴികളിലെവിടെയോ എന്റെ നിഴലും ഞാൻ മറന്നുവെച്ചു ...!
വേദിയിൽ കാലം കീചക വേഷം കെട്ടിയാടുന്നു ! അണിയറയിൽ കഥയറിയാതെ ഊഴവും കാത്ത് കുറെ മനുഷ്യക്കോലങ്ങൾ ....

Tuesday 6 January 2015

വാക്കുകളിൽ തുടങ്ങി ഒരു മൌനത്തിലവസാനിക്കുന്ന എൻറെ ചിന്തകൾ ... ഒരുപക്ഷെ ,നീ വായിക്കാൻ മടിക്കുന്നതും അവിടെനിന്നാകാം ...
ഇനി നമുക്കൊരു പുഴയായൊഴുകാം. കാത്തിരിക്കുന്ന വേനലിനു കുറുകെ... ഋതുക്കളെ വകഞ്ഞു മാറ്റിക്കൊണ്ട് ...
ഇന്നലെയുടെ മഞ്ഞുരുകി മരവിച്ച മിഴിത്തടം ചുണ്ടോടു ചേർത്തുവച്ച് നീയെനിക്കു പകുത്തു നൽകിയ ശിശിരം ...
നിന്റെ ശരികളിൽ സ്വയം ഉരുകിയും ഉണങ്ങിയും ഞാൻ നീയാകുന്നതുവരെ നിനക്ക് ഞാനൊരു
തെറ്റ് മാത്രമായിരിക്കും ...!
വേരുകളും ശിഖിരങ്ങളും വെട്ടിയൊതുക്കി കാലം നട്ടുവളർത്തിയ കുള്ളൻമരങ്ങൾ...
നമ്മൾ , 
വളർച്ച മുരടിച്ച വടവൃക്ഷങ്ങൾ!
സ്നേഹത്തിന്റെ നനുത്ത തൂവൽസ്പർശം.. ചിറകുമുളക്കാത്ത കിളിക്കൊഞ്ചലുകൾ ... പ്രതീക്ഷകളുടെ സൂര്യരശ്മിയിൽ , മിഴിതുറക്കുന്ന എന്റെ പ്രഭാതങ്ങൾ...
നമ്മോളം വളർന്ന പരിഭവങ്ങളെ കടലിലെറിയാം ... പിടിവാശികൾക്ക് ശേഷക്രിയ ചെയ്യാം ... നമുക്കിനീ കടലോരത്ത് കൈകോർത്തു നടക്കാം ...
നക്ഷത്രക്കുഞ്ഞുങ്ങളെ മാറോടണച്ച് തളർന്നുറങ്ങുന്നു വാനം . പുലരുംവരെ ...ഞാനവർക്ക്‌ നിലാവാവാം ...
ഇന്നലെയോളം ഞാൻ മറന്നിട്ട സ്വപ്നങ്ങളോരോന്നും ഒരുതരിപ്പൊന്നിൽ കോർത്തു നീയണിയിച്ച ജീവിതം ...
ഒരിക്കൽ നിന്റെ നിശ്വാസങ്ങളിൽ തുടുത്തിരുന്ന അവളുടെ കവിളിലൂടെ ഒരുനീർച്ചാലായി നീ ഒഴുകിയിറങ്ങി ...

നന്ദി ... സ്വപ്നങ്ങൾക്കു കൂട്ടിരുന്നതിന് ... നറുപുഞ്ചിരിയായ്‌ എന്നിൽ വിടർന്നതിന് .. മിഴിനീർതുള്ളികളെ ആത്മാവിൽ ഏറ്റുവാങ്ങിയതിന് ...
പാൽമണം മാറാത്ത ഇളം ചുണ്ടിൽ അവളവസാനമായി ഒരുമ്മ കൊടുത്തിരിക്കും ... തിരിഞ്ഞുനടക്കുമ്പോൾ ഒരു പിൻവിളിക്കായി ചെവിയോർത്തിരിക്കും ...!
നിശബ്ദതക്കു കനം ഏറി വന്നപ്പോൾ , തെല്ലോരസ്വസ്തയോടെ നമ്മൾപറഞ്ഞതെല്ലാം സ്നേഹത്തിന്റെ ഭാഷയായിരുന്നു ...
നിശബ്ദമായൊരു പ്രാർഥനയാണ് ജീവിതം . ഒരുപാടു അർദ്ധവിരാമാങ്ങളിലൊടുങ്ങുന്ന എന്തോ ഒന്ന് ...
വൻതിരകളെ അടിത്തട്ടിലൊളി പ്പിച്ച് ശാന്തമായുറങ്ങുന്ന കടൽ പോലെയാണ് നിന്റെ മൌനം ..
ചില പകൽസ്വപ്നങ്ങലങ്ങനെയാണ്‌ അത് ചിറകുവിരിച്ചലയും ... ഭ്രാന്തമായി ... നിന്നിലെനിന്നിൽ നിന്നുമൊരുപാടകലേക്ക് ...
ഇഴയടുപ്പിക്കുന്തോറും അകന്നുപോകുന്ന എന്തോ ഒന്നുണ്ട് നമ്മുടെയിടയിൽ , നിൻറെ വിചാരങ്ങൾക്കും എൻറെ വികാരങ്ങൾക്കുമിടയിലുള്ള എന്തോ ഒന്ന് ....
അവൾക്കു പ്രിയപ്പെട്ട ഏകാന്തതയുടെ കിളിവാതിലിൽ , അവൻറെ പ്രണയം മൌനമായി കാത്തിരുന്നു ...
ഇത്രമേൽ ഹൃദയത്തോട് ചേർത്തുവച്ചിട്ടും , നമ്മൾ തിരിച്ചറിയാതെ പോയതും ഹൃദയത്തിന്റെ ഭാഷയായിരുന്നു ...!
നീ പോലുമറിയാതെ നിൻറെ മനസ്സിന്റെ കിളിവാതിലിൽ തപസ്സിരിക്കാ നാണെനിക്കിഷ്ടം ..
എനിക്കു വീണ്ടും മടങ്ങണം നിൻറെ ഗർഭാ ശ യത്തിൻറെ ഇരുട്ടിലേക്ക് ... പൊക്കിൾകൊടി മുറിയാത്തവണ്ണം സുരക്ഷിതമായി .....
കാര്മേഘസഞ്ജയമൊന്നിലെൻ സത്ത നിലയില്ലാതലയുമ്പോഴുമില്ലെന്നോ, കാത്തുവക്കാനൊരു മഞ്ഞിൻ കണിക പോലും ... ?
ഞാൻ ഞാനകുന്നതാണെ നിക്കിഷ്ടം... ഒരുപക്ഷേ ,നിനക്കിഷ്ടമാല്ലാത്തതും .

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...