Tuesday 3 July 2018

തോറാന

ഇന്ന് തോറാനയാണെന്ന്
അമ്മ പറഞ്ഞാണ് ഞാനും
അറിഞ്ഞത്.

ഇന്ന് അവധിയാണെന്നും 
പേരക്കുട്ടികളിൽ മൂന്നും
ഇന്ന് വീട്ടിലുണ്ടാവുമെന്നും.

പറയും പോലെ,
തോരാമഴയാണെങ്കിൽ  തീർന്നു.

മഴയിലേക്കിറങ്ങാൻ
വാശിപിടിക്കുന്നുണ്ടാവും
കുട്ടിക്കുറുമ്പൻ...
അഴയിൽ ഇനിയും തോരാത്ത
തുണികളുണ്ടാവും .
അടുക്കളത്തോട്ടത്തിൽ
ഈയിടെ മുളച്ച
കുഞ്ഞു വെണ്ടയെ
നോക്കി അമ്മ
നെടുവീർപ്പിടുന്നുണ്ടാവും..

ആറാന ഒഴുകിപ്പോവാനും
മാത്രം പെയ്തു പോയ
തോറാനകളെ  അയവിറക്കി
മുത്തശ്ശി അടുത്തുണ്ടാവും...

എന്‍റെ കുട്ടിക്കാലത്തെ
ഒരു മഴയോർമ്മയിൽ
അമ്മ എന്നെയും
ചേർത്തു പിടിക്കുന്നുണ്ടാവും...

ഇനി വിളിക്കുമ്പോൾ
ഒരു മുത്തശ്ശിക്കഥപോലെ
എന്‍റെ കുഞ്ഞുങ്ങൾക്ക്
അമ്മ അത്
പറഞ്ഞു കൊടുക്കുകയും
ചെയ്യുമായിരിക്കും ...

No comments:

Post a Comment

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...