Thursday 20 February 2020

മഴക്കൂടുകൾ

ആകാശം നിറയെ
കടന്നലുകളോളം പോന്ന
കറുത്ത പക്ഷികൾ.
ഇനിയൊരൊറ്റ പറക്കലാണ്..
ജീവനെടുത്താലുമില്ലെങ്കിലും
മണ്ണിനെയാവോളം
കുത്തി തിണിർപ്പിച്ചിട്ടേ
പിന്നെയൊരു മടക്കമുണ്ടാവൂ..

കടന്നൽക്കൂട്ടിലേക്ക് കല്ലെറിഞ്ഞിട്ട്
കടന്നു കളഞ്ഞ
ആ കുറുമ്പൻ ചെക്കനെയാണ്
ഞാനിപ്പോൾ തിരയുന്നത്..
മഴമൂളുന്നത്.. മണ്ണ് പിടയുന്നത്..
അതിന്റ ഹുങ്കാരത്തിൽ
മരങ്ങളുലയുന്നത്...
അവൻ പേടിച്ചു കാണും
കൗതുകത്തിന്റ
കുഞ്ഞിക്കല്ലെറിഞ്ഞിട്ട്
കറുത്ത മൺകുടത്തിൽ
നിന്നെന്നപോലെ
മഴയൊഴുകി വരുന്നതുംകാത്ത്
അവൻ എവിടെയെങ്കിലും
പാത്തു നിന്നിട്ടുണ്ടാവും
മണ്ണിൽ വീഴും മുന്നേ
ഒരുതുള്ളിയെങ്കിലും
നാവിൽ തൊട്ടെടുക്കാൻ
വായും തുറന്നിത്തിരി നേരം
നോക്കി നിന്നിട്ടുണ്ടാവും..
മഴ പൊതിഞ്ഞ ഏതോ
മരച്ചില്ലയിലിപ്പോൾ
പേടിച്ചരണ്ട് ഇരിക്കുന്നുമുണ്ടാവും..

കുറുമ്പിന്റ
കുഞ്ഞിക്കൈകൾക്കറിയില്ലല്ലോ
ഏതോ പിടിവാശിപ്പുറത്ത്
ആകാശം മഴത്തുള്ളികളെ
ഇങ്ങനെ ചെത്തി കൂർപ്പിച്ചു
വച്ചിരിക്കുന്നു എന്ന്..
ഒറ്റപ്പെയ്ത്തിലൊരായിരം
ജീവനെയത് കുത്തിനോവിക്കുമെന്ന്..
പകപോക്കുമ്പോഴൊക്കെയും
ചില മഴകൾ ഇങ്ങനെയാണെന്ന്...

എന്നാലും,
നിന്ന നിൽപ്പിൽ കടന്നൽ കൂടിന്
കല്ലെറിഞ്ഞു പോയ
ആ കുറുമ്പൻ ചെക്കനെ
ഇന്ന് തന്നെ കണ്ടുപിടിക്കണം..
പറ്റിയാൽ ചെവിയിലൊന്ന് നുള്ളണം..
കാലം മാറിയതും കഥ മാറിയതുമായ
കഥകളോരോന്നും
പറഞ്ഞു കൊടുക്കണം..















No comments:

Post a Comment