Monday 17 February 2020

കിറുക്കത്തി

പ്രിയ കാമുകാ,
അവളുടെ
കിറുക്കൻ കവിതകൾ പോലെ
അവളുടെ പ്രണയത്തെയും
നീ വെറുതെ വായിച്ചു തള്ളുക
ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ്
അവൾക്ക് നിന്നോട് പ്രണയം
തോന്നുന്നത്..
അഥവാ,
നാല് ദിവസം പ്രണയമില്ലാത്ത
ലോകത്തിലെവിടെയോ
അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി
തിരക്കിലായിരുന്നിരിക്കാം..
അതുമല്ലെങ്കിൽ
പ്രണയം പടികടന്നു
വരുന്നതൊന്നുമറിയാതെ
മറ്റേതോ കിറുക്കിന്റ
വരാന്തയിലിരുന്ന്
ഓരോരോ പകലിന്റെ
കുരുക്കഴിച്ചെടുക്കുകയുമായിരുന്നിരിക്കാം..
ഒന്നുറപ്പാണ്,
വെറുതെയൊരു വാക്കാൽ
കുരുക്കിട്ട് പിടിക്കാനും
മാത്രം ക്രൂരയൊന്നുമല്ല അവൾ.
ഇല്ലെന്നു  പറഞ്ഞ്
ഇടംകണ്ണിലൊരാളെ
ഒളിപ്പിച്ചു വക്കാനുമറിയില്ല
പിന്നെയും വില്ലുപോലെ
വളഞ്ഞു വളഞ്ഞു
നിന്നോളമെത്തുന്ന
കണ്ണുകൾക്കാവട്ടെ
നിന്നെയൊട്ടു
വായിച്ചെടുക്കാനുമറിയില്ല.

പ്രിയ കാമുകാ,
നീ പ്രണയത്താൽ
ചുട്ടു പഴുത്തു നിൽക്കുമ്പോഴാവും
അവൾ തീപൊള്ളലേറ്റതു പോലെ
പിന്തിരിഞ്ഞോടുന്നത്...
നീ പുണരാൻ കൈനീട്ടുമ്പോഴാവും
അവൾ കാറ്റിൽ പെട്ട
കടലാസ്സാവുന്നത്.
തടാകത്തിന്റെ ഒത്തനടുക്കുള്ള
ഒറ്റക്കൽ പ്രതിമകണക്കെ
നിന്നെയവിടെ നിറുത്തി
തുഴഞ്ഞു പോകുന്നത്..

കിറുക്കത്തി !
അവൾക്കു പ്രണയത്തെക്കുറിച്ചൊരു
ചുക്കുമറിയില്ല.
എന്നിട്ടും,
ഈയൊരാഴ്ച്ച
പ്രണയത്തെക്കുറിച്ച്
മൂന്ന് കവിതകളാണ്‌
അവൾ എഴുതിക്കൂട്ടിയത്.
മൂന്നു വട്ടം ആണ്
മുട്ട് കുത്തി നിന്ന്
അവൾ നിന്നോട്
പ്രണയം പറഞ്ഞത്.










No comments:

Post a Comment