Monday 16 November 2020

ഉപ്പിലിട്ടത്

 


എരിവിന്റെയും പുളിയുടെയും 

അനുപാതത്തിലാണ് കാര്യം. 

എരിവൊരിത്തിരി 

മുന്നിൽ നിൽക്കണം... 

തൊട്ടു തൊട്ടില്ലെന്നമട്ടിൽ പുളിയും.  

മുളകുനിറമതിലാകെ പടരണം... 

ഉപ്പോളം വേണ്ടെങ്കിലുമുപ്പൊട്ടും 

കുറയാതെ നോക്കണം.. 

ചുവന്ന ആകാശത്തിലെ 

മേഘക്കെട്ടുകൾ പോലെ 

മേലെ എണ്ണ പരന്നൊഴുകണം... 


തൊട്ടു കൂട്ടാനല്ലേ, 

അതിപ്പോ 

കടും മാങ്ങയായാലെന്താ 

നെല്ലിക്കായായാലെന്താ.. 

അഹ്,

അടപ്പു തുറക്കുന്നതേ 

രുചിമുകുളങ്ങൾ വിടരണം... 

രുചിക്കുന്ന മാത്രയിൽ 

ഓർമ്മകളുടെ കൽഭരണിയിലേക്ക് 

മനസ്സൊഴുകിയിറങ്ങണം...

മറവിയുടെ എണ്ണപ്പാടക്കടിയിൽ

കാലം ഉപ്പിലിട്ടു വച്ച 

ഓർമ്മകളെ കണ്ടെടുക്കണം... 

പിന്നെ, 

പഴകും തോറും രുചിയേറുന്ന 

ഒരിഷ്ടത്തിനോടൊപ്പം 

വയറുനിറച്ചുണ്ണണം !



No comments:

Post a Comment