Sunday 10 November 2013

രക്തസാക്ഷികൾ



ഈയലുകൽ ചിറകുപൊഴിക്കുമ്പോൾ,
കത്തിയമരുമ്പോൾ ...അകലെ
നിലാവുദിക്കാത്ത ലോകത്ത്
കണ്ണീർമഴ പെയ്യുകയായിരുന്നു.
മുഖങ്ങൾ നഷ്ടപ്പെട്ട യുവത്വത്തിൻ
അടർന്ന ശിഖിരത്തിലൊന്നിൽ
എന്റെയും നിന്റെയും നഖക്ഷതങ്ങൾ!
അതിൽനിന്നുമൊഴുകുന്നതെൻ
ഹൃദയരക്തമാകാതിരുന്നെങ്കിൽ...
ഞാൻ വീണ്ടും സ്വപ്നം കാണുകയാണ്.
ഇരുൾ കനക്കുമ്പോൾ ഞാനെന്നെ
തിരയുന്നു... അല്ലേ?
ശരിയാണ്ഇന്നലെകൾക്കെന്നും
പഴമയുടെ ദുർഗന്ധമാണു്!
അന്ന്,
വാകമരച്ചോട്ടിൽ കണ്ണീരൊഴുകുമ്പോൾ
മനുഷ്യരക്തത്തിന് വിലപറയുന്നൊരാ
പ്രസ്ഥാനക്കളരിയിൽ നാം
മസ്തിഷ്ക്കജ്വരത്താൽ തപിക്കയായിരുന്നു.
ഇന്ന്,
ജീവിതം കരിന്തിരികത്തുമ്പോൾ
മരവിച്ച തലച്ചോറിൻ തണുപ്പിൽ
നാമുറങ്ങുകയാണെന്നോ?
ഹൃദയത്തിൻ നെരിപ്പോടിനുള്ളിൽ
ഓരായിരമീയലുകളുടെ ചരമഗീതങ്ങൾ!
ശ്രുതികൾ പിഴക്കുമ്പോൾഞാനറിഞ്ഞു
ചിറകുകളെന്നേ പൊഴിഞ്ഞു...

അറിയുമോ...
നാം രക്തസാക്ഷികളാവുകയാണ്...
ഹോമാഗ്നിയിലെരിയും മുൻപായി
നമുക്കു തിരിഞ്ഞുനോക്കാം...
മുഖമില്ലാത്ത തലകളെ തിരിച്ചറിയാം!

No comments:

Post a Comment

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...