Wednesday 30 October 2013

കർണ്ണൻ


നിതാന്തമാം മറവിതൻ കറുത്ത
പുകമറക്കപ്പുറത്തുനിന്നല്ലയോ
കാലത്തിന്റെയാദ്യരോദനം.
പെറ്റുപെരുകുന്നൊരക്ഷരത്തെറ്റു-
പോലോർമ്മകൾ ബാല്യതിന്നങ്കണത്തിൽ...

വറ്റിയ അണ്ണാക്കിലിന്നമ്മിഞ്ഞയില്ലെ-
ന്നറിഞ്ഞിന്നു ഞെട്ടുന്നു, പൊട്ടിക്കരയുന്നു,
ഓതുന്നുയെന്നുടെയമ്മയെന്തേ?

സൂര്യനെ മോഹിച്ചൊരുണ്ണിയെനേടിയ
കുന്തിതൻ ദു:ഖം പുനർജനിക്കുമ്പോഴിന്ന്
സൂത ഗൃഹത്തിലോരുണ്ണി കരയുന്നു!

കാലം മറന്നൊരു കാർമേഘകൂട്ടമായ്
നീണ്ടസ്വപ്നതിൻ ബാക്കിയായ് നീ
 പെയ്തൊഴിയുംബൊളെ ഴുതട്ടെ കർണ്ണാ...
നിന്നാത്മാവിൻ രോദനം.

കാലം നിനക്കേകിയ മുഷിഞ്ഞൊരാ
പൊയ്മുഖമഴിച്ചു വച്ചിട്ടു
ജീവിതത്തിൻ സുതാര്യതയിലൂടെ
നിന്നത്മാവിൻ നഗ്നതയിലേക്ക്
ചൂഴ്ന്നിറങ്ങുന്നുവെൻ
മോക്ഷം തിരയുന്ന തൂലികത്തുമ്പുകൾ...
ഇന്നെൻ മറവിതൻ മാറാലക്കെട്ടിലും
കാണുന്നു കർണ്ണാ ഞാൻ...

ആര്യരക്തത്തിനൂറ്റം കൊടുത്തന്ന്
ദ്രോണഗുരുവും കൈയ്യൊഴിഞ്ഞപ്പോഴും,
പഞ്ചാലമണ്ണിൽ നിന്നശ്രു പടർന്നപ്പോഴും,
കർമ്മബന്ധങ്ങളൊന്നിൽ തളച്ചിട്ടു
കൗരവാദിവീരർ നിൻ ജന്മവും...
ജന്മാന്തരങ്ങളും...

മൃത്യുവിൻ ഗന്ധം തളംകെട്ടി നില്ക്കുന്ന
നിൻ കർമ്മ ഭൂമി തൻ മാറിലി-
ന്നമ്മിഞ്ഞ പോലും രക്തം ചുവക്കുന്നു!


ഭ്രാതൃരക്തത്താൽ തിലകമണിഞ്ഞവർ
മോദമായ്കുന്തിതൻ പാദം വണങ്ങുമ്പോൾ,
ദാനം കൊടുത്തൊരു ദേഹവും പിന്നെ,
നോവുണങ്ങാത്തൊരാത്മാവും മാത്രം,
 കർമ്മ ഭൂമിതൻ മാറിൽ
മയങ്ങിക്കിടക്കുന്നു...

അമ്മിഞ്ഞയന്യമാമുണ്ണികൾ തന്നുടെ
ആർത്ത നാദങ്ങളെങ്ങും മുഴങ്ങുന്നു...
വിങ്ങുന്നമാനസ്സക്കോണിൽ ഞാൻ
കാണുന്നു...
സൂതഗൃഹത്തിലെ കുന്തിസുതനെ...

ആത്മരോദനത്തിന്നുച്ചസ്തലിയി-
ലിന്നുറങ്ങട്ടെ കർണ്ണാ ഞാൻ
നീ മറന്നിട്ട പൊയ്മുഖവുമേന്തി!

1 comment:

  1. 'ദാനം കൊടുത്തൊരു ദേഹവും പിന്നെ,
    നോവുണങ്ങാത്തൊരാത്മാവും മാത്രം'

    അർത്ഥവത്തായ കല്പ്പന..

    ReplyDelete

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...