Tuesday 30 October 2018

അലമാര

1 .അലസമായി
ഒരു നിമിഷം പോലും
ഉതിർന്നു വീഴാത്തവണ്ണം
എത്ര കൃത്യതയോടെയാണ് നീ
ഓരോ പകലുകളെയും
അടുക്കി വക്കുന്നത്...
എന്നിരുന്നാലും
അനുസരണയില്ലാത്ത
സ്വപ്നങ്ങളുടെ
ചേലത്തുമ്പുകൾ മാത്രം
ഇടയ്ക്കിടെ
വരി തെറ്റിച്ചുകൊണ്ടിരിക്കും..
കറുപ്പിലും വെളുപ്പിലും
നീയടയാളപ്പെടുത്തിയ
അലമാരയിൽ
ആകസ്മികതയുടെ നിറങ്ങൾ
വരച്ചുകൊണ്ടിരിക്കും...

2. ഞാൻ എന്‍റെ നേരങ്ങളെ 
നിനക്കു മുന്നിൽ നിരത്തി വക്കുന്നു.
നീ നാളേക്ക് വേണ്ടി 
എന്‍റെ നേരങ്ങളെ  
അടുക്കി വക്കുന്നു..
അലസമായുതിർന്നു വീഴാൻ തുടങ്ങിയതിനെയൊക്കെയും 
ഒരിക്കൽ കൂടി 
ഒതുക്കി വക്കുന്നു 
എന്‍റെ നേരങ്ങളിൽ ഞാൻ 
പിന്നെയും തടവിലാവുന്നു...
നീയതിന്റെ  കാവൽക്കാരനും.
നീണ്ട സംസാരങ്ങളിൽ,
വാതോരാതെയുള്ള വർത്തമാനങ്ങളിൽ , 
നമ്മൾ ഈ നേരങ്ങളെ 
ചൂഴ്ന്നെടുക്കുന്നു..
പൊടിതട്ടി വക്കുന്നു...
അതെ , 
വൃത്തിയോടെ ഒതുക്കിവച്ച 
അലമാര പോലെ 
എന്തു ഭംഗിയാണ് ജീവിതം !.

No comments:

Post a Comment