Tuesday, 30 October 2018

അലമാര

1 .അലസമായി
ഒരു നിമിഷം പോലും
ഉതിർന്നു വീഴാത്തവണ്ണം
എത്ര കൃത്യതയോടെയാണ് നീ
ഓരോ പകലുകളെയും
അടുക്കി വക്കുന്നത്...
എന്നിരുന്നാലും
അനുസരണയില്ലാത്ത
സ്വപ്നങ്ങളുടെ
ചേലത്തുമ്പുകൾ മാത്രം
ഇടയ്ക്കിടെ
വരി തെറ്റിച്ചുകൊണ്ടിരിക്കും..
കറുപ്പിലും വെളുപ്പിലും
നീയടയാളപ്പെടുത്തിയ
അലമാരയിൽ
ആകസ്മികതയുടെ നിറങ്ങൾ
വരച്ചുകൊണ്ടിരിക്കും...

2. ഞാൻ എന്‍റെ നേരങ്ങളെ 
നിനക്കു മുന്നിൽ നിരത്തി വക്കുന്നു.
നീ നാളേക്ക് വേണ്ടി 
എന്‍റെ നേരങ്ങളെ  
അടുക്കി വക്കുന്നു..
അലസമായുതിർന്നു വീഴാൻ തുടങ്ങിയതിനെയൊക്കെയും 
ഒരിക്കൽ കൂടി 
ഒതുക്കി വക്കുന്നു 
എന്‍റെ നേരങ്ങളിൽ ഞാൻ 
പിന്നെയും തടവിലാവുന്നു...
നീയതിന്റെ  കാവൽക്കാരനും.
നീണ്ട സംസാരങ്ങളിൽ,
വാതോരാതെയുള്ള വർത്തമാനങ്ങളിൽ , 
നമ്മൾ ഈ നേരങ്ങളെ 
ചൂഴ്ന്നെടുക്കുന്നു..
പൊടിതട്ടി വക്കുന്നു...
അതെ , 
വൃത്തിയോടെ ഒതുക്കിവച്ച 
അലമാര പോലെ 
എന്തു ഭംഗിയാണ് ജീവിതം !.
കടലറ്റം വരേയ്ക്കും നീളുന്ന കപ്പൽചാലുകൾ പോലെ ,
ഒരായുസ്സിന്റെ അറ്റത്തോളം
നീ വരികൾ വരച്ചിടുക...
തിരകളെടുക്കാത്തൊരിടത്തായി
മണൽകൊട്ടാരങ്ങൾ
പണിതു വക്കുക...
ഒരിക്കൽ
തിരമുറിച്ചു കടന്നുവരുമെന്ന ഒരുറപ്പിനെ കാത്തിരിക്കുക...
അവൾക്കായി
ആ തീരത്ത് കാൽപ്പാടുകൾ
അടയാളപ്പെടുത്തുക...
മൗനം ,
മരിച്ചുപോയ നേരങ്ങളാണ് .
പറയാതെ പോയ ഓരോ വാക്കും
വെള്ള പൂശിയ കുഴിമാടങ്ങളും...
എന്നെ തിരഞ്ഞു വരരുത് .
ഞാനതിലെന്നേ 
അടക്കം ചെയ്യപ്പെട്ടിരിക്കുന്നു...

ഇന്നലെകൾ മടങ്ങിയെത്തുമ്പോൾ

വെറും വാക്ക് കൊണ്ട് പോലും
നീ വരച്ചിടുന്ന സ്വപ്‌നങ്ങൾക്ക്
എന്തു ഭംഗിയാണെന്നോ...
72 ആം പിറന്നാളിന്
മറവിയുടെ ചുളിവുകൾ
വകഞ്ഞു മാറ്റി
കടന്ന്‌ വന്ന
ആ കൂട്ടുകാരിയാണിപ്പോൾ
മനസ്സ്‌ നിറയെ...
മടങ്ങിപ്പോകും മുൻപ്
മരുന്ന് മണക്കുന്ന
മുറിക്കുള്ളിൽ
അവൾ ഒരുക്കി വച്ച
ആ പൂപ്പാത്രവും...

Tuesday, 23 October 2018

കാത്തിരിപ്പിന്റെ
ഓരോ  ഏടുകളിലും
നീയിപ്പോഴും
മയിൽ‌പീലിയാവുന്നു...
ഞാനിപ്പോഴും ,
ഓർമ്മപ്പുസ്തകം
ഇടയ്ക്കിടെ മറിച്ചുനോക്കുന്ന
ആ കൗതുകക്കണ്ണുകളും...

Sunday, 21 October 2018

മഷിയിറ്റിച്ചോരോരോ
മിഴിയെഴുത്തുകൾ...
അലസവേഗങ്ങളിൽ
വിരൽതഴുകിയൊതുക്കിയ  ഓർമ്മയിഴകൾ...
വാക്കിൻ ഉടൽചാർത്തുകൾ...
അങ്ങനെയങ്ങനെ
വരികളോരോന്നായ്
ഞൊറിഞ്ഞുടുത്തുള്ള
അവളൊരുക്കങ്ങൾ !

Saturday, 20 October 2018

എന്നിട്ടും ,
കാലം എന്തിനാണ്
കവിളിലെ ഉപ്പുപാടങ്ങളിലേക്ക്
കടൽ വെള്ളം
കോരിയൊഴിച്ചുകൊണ്ടിരിക്കുന്നത്...?
വരണ്ട ചുണ്ടുകളിലെപ്പോഴും
വേദനയുടെ വേനലാവുന്നത്..?
നമ്മളുമതെ,
ഒറ്റയ്‌ക്കൊറ്റക്ക്‌
ഓരോരോ വാക്കുകൾ...
ഓരോ വാക്കകലങ്ങളിലും 
കൂട്ടിവായിക്കുമ്പോൾ മാത്രം
അർത്ഥം മനസ്സിലാകാനും
മാത്രമുള്ള ശൂന്യനിമിഷങ്ങൾ...
മൗനങ്ങൾ...
ഇനിയൊരാൾക്കും 
കടന്നുവരാനാവാത്ത വിധം
ഹൃദയ വാതിലുകൾ
ചേർത്തടക്കുന്നു...
ഇനിയൊരിക്കലും
മോചിക്കപ്പെടാനാവാത്ത വിധം
ഒരു പ്രണയത്തെ
തടവിലാക്കുന്നു...
ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള
വാക്കുകൾ കൊണ്ട് തന്നെ
ഓർമ്മകളെഴുതി വെക്കണം...
ഓരോ  വാക്കകലങ്ങളിലും
നിന്‍റെ പേരെഴുതി നിറയ്ക്കണം...

Wednesday, 17 October 2018

മഴയൊഴുകാൻ തുടങ്ങിയിരിക്കുന്നു...
ആകാശവഴികളും കടന്ന്‌..
മഴനൂലുകൾ കൊരുത്തിട്ട
കൈവഴികളും താണ്ടി...
മണ്ണിലേക്ക്...
മണ്ണിന്റെ വേരാഴങ്ങളിലേക്ക്...
അതിന്റെ ഇലഞെരമ്പുകളിലേക്ക്...

Tuesday, 16 October 2018

എന്‍റെ അടുക്കളക്കിപ്പോൾ
മൊരിഞ്ഞ ദോശയുടെ
മണമാണ്...
അധികം ഉച്ചത്തിലല്ലാതെ
ഒരു  മൂളിപ്പാട്ടു മൂളുന്നു...
ആ താളത്തിലിങ്ങനെ
അടുത്ത ദോശ ചുട്ടെടുക്കുന്നു...
അധികം കടുപ്പമില്ലാത്തൊരു
കാപ്പി കുടിച്ചുംകൊണ്ടൊരാൾ അടുത്തിരുന്നോരോരോ
കഥകൾ പറയുന്നു...
കൺപീലികൾക്ക്
തൊട്ടുതാഴെ
പടർന്നിറങ്ങിയ
കണ്മഷിക്കറുപ്പ്...
ഓരോ നോട്ടത്തിലും
നിലാവ് പെയ്യുന്ന
നിന്‍റെ
രാമിഴികൾ !

Monday, 15 October 2018

അവൾ പറഞ്ഞതുപോലെ
മനസ്സ് മടുപ്പിന്റെ ഭാഷ
പറഞ്ഞു തുടങ്ങിയിട്ടുണ്ടാവും.
അല്ലാതെ പിന്നെങ്ങനെയാണ്
ഒരൊറ്റവാക്കുകൊണ്ടൊരാൾ
ഒരിഷ്ടത്തെ ഒറ്റുകൊടുക്കുന്നത്...
വെറുതെയൊരോ തോന്നലുകളിൽ
ഇന്നലെകളെ ഇല്ലായ്മ ചെയ്യുന്നത്...
നേരെഴുത്തുകളിൽ നുണകൾ 
ചികഞ്ഞു നോക്കുന്നത്...?

Sunday, 14 October 2018

നിന്‍റെ പരാതികൾക്കെപ്പോഴും 
കനൽ ചൂടാണ്.
എങ്കിലും ,
ഉള്ള് പൊള്ളാൻ
തുടങ്ങുമ്പോഴേക്കും
പനിമരുന്നാവുന്നതും
നീ തന്നെയാണ്   !   
    

Saturday, 13 October 2018

അതും പ്രാർത്ഥനയാണ് !
കേൾക്കാൻ
അപ്പുറത്തൊരാൾ
ഉണ്ടെന്നുള്ള വിശ്വാസത്തിൽ
മനസ്സിങ്ങനെ
മിണ്ടിക്കൊണ്ടിരിക്കുന്നത്...

Thursday, 11 October 2018

ചുമലുകളല്ല ,
ഒരു നുള്ള്
ആകാശമാണെണിതെന്ന്
ഒരാൾ !
പ്രണയത്തിലായിരിക്കുമ്പോൾ മാത്രം
ഭ്രാന്ത് ,
ഒരു പകരുന്ന രോഗമാണ്...
പ്രണയത്തിലായിരിക്കുമ്പോൾ മാത്രം ! 

Wednesday, 10 October 2018

ചിതറിക്കിടക്കുമ്പോൾ
എല്ലാം ഓർമ്മകളാണ് .
അത്രയും പ്രിയമുള്ള ഒരാൾ
വന്നതടുക്കി വെക്കുമ്പോൾ
മാത്രമാണ് കവിതകളാവാറ്  !

Tuesday, 9 October 2018

നിശബ്ദതയുടെ 
രണ്ടറ്റങ്ങൾ പോലെ
രണ്ടുപേരിരിക്കുന്നു...
അവർക്കിടയിലെ
വാക്കടയാളങ്ങളെയെല്ലാം 
മായ്ച്ചു കളഞ്ഞ്
അവസാനത്തെ തിരയും
മടങ്ങിയിരിക്കുന്നു...
ഒരസ്തമയക്കടൽ
മിഴികളിൽ നിന്നും
വഴിപിരിഞ്ഞൊഴുകുന്നു...
ഒരു പകൽ അങ്ങനെയവസാനിക്കുന്നു.













Monday, 8 October 2018

നീയുണരുവോളം
ആകാശജാലകങ്ങൾ
അടഞ്ഞു തന്നെയിരിക്കട്ടെ...
കവിൾച്ചുഴിയിൽ ഉദിക്കാൻ
ഒരു കുഞ്ഞുസൂര്യനെ
ഞാനിന്നും കരുതിവച്ചിട്ടുണ്ട്...
പെണ്ണുടലിലെ ഋതുഭേദങ്ങൾ !
വേനലും വർഷവും വസന്തവും
ശിശിരവുമെല്ലാം
എന്തു ഭംഗിയായാണ്
കാലം അവളിൽ
വരച്ചിടുന്നത്...
ആ ദിവസങ്ങൾക്ക്
അയിത്തം കൽപ്പിക്കും മുൻപ്
ശരത്ക്കാല വൃക്ഷങ്ങളെ
വെറുതെ നോക്കുക...
പെണ്ണുടലിലെ ഋതുഭേദങ്ങളെ തിരിച്ചറിയുക...
പറ്റുമെങ്കിൽ മാത്രം
ഒരു കവിത പോലെ
അവളെ വായിക്കുക...
എത്രയെത്ര
പരിഭവങ്ങളാലാണ് 
ഓരോ  മനസ്സും
തഴുതിട്ടിരിക്കുന്നത്...
എത്രയെത്ര
നിഗൂഢതകളാണ്
ഓരോ മനസ്സും
കാത്തുവക്കുന്നത്...
കിനാചിറകുള്ള തുമ്പികൾ
മെല്ലെ ,
മിഴികളിൽ വന്നുമ്മവച്ചു
പോകുന്ന നേരങ്ങൾ...
വാക്കുകളെ
മുറിച്ചുകളയാനും മാത്രം
മൂർച്ചയുള്ള ചിരിയടയാളങ്ങൾ...
ഓർത്തുനോക്കൂ...
അങ്ങനെയങ്ങനെ
നമ്മൾ കൊന്നുകളഞ്ഞ
വർത്തമാനങ്ങളെപ്പറ്റി...
എഴുതാൻ തുടങ്ങുമ്പോൾ
നിന്റെയാകാശത്തിലേക്കു നീ
മഴവില്ലുകൾ ചാരിവെക്കുന്നു...
മണ്ണിൽ നിന്ന് ഓരോ കഥകൾ
നിന്‍റെ കടലാസിലേക്ക്
നടന്നു കയറുന്നു...
മറ്റൊരു കണ്ണിലെ
നിസ്സഹായാവസ്ഥക്കു മുൻപിൽ
ഒരു മാത്രയെങ്കിലും
നമ്മൾ ദൈവങ്ങളാവാറുണ്ട്...
അറിയാതെയെങ്കിലും ,
നമ്മിലെ പേടികളുടെ
പുഴയാഴങ്ങളെ
മറികടക്കാറുണ്ട്...
നോവെഴുത്തുകൾ...
മുറിവിൽ തൊട്ടെഴുതുന്ന 
നിന്‍റെ കവിതകൾ...
വെയിൽ ചായും പോലെ
മെല്ലെ തോളിൽ
തല ചായ്ച്ചതേയുള്ളൂ....
എത്രയെളുപ്പത്തിലാണ്
ഒരു പകലുറങ്ങിപ്പോയത്....
ഒന്നോർത്താൽ അതെ ,
ഒരല്പനേരം
ഒപ്പം നടന്നിട്ട്‌
ഓർമ്മകളിലേക്ക്
പിൻവാങ്ങുകയല്ലേ
ഓരോ നിമിഷവും...
നമുക്കിടയിൽ
മൗനത്തോളം ഒച്ചവെക്കുന്ന
മറ്റൊന്നുമില്ല .
മിഴിയുടക്കിലോരോന്നിലും
എത്രയെത്ര വാക്കേറ്റങ്ങൾ...
സന്ധി സംഭാഷണങ്ങൾ...
പിന്നെയിടക്കിടക്ക് ,
ഇടംകണ്ണിട്ട് വീഴ്‌ത്തുന്ന
നിന്‍റെ കുറുമ്പുകളും...
ഇഷ്ടം കൊണ്ട് ചെയ്യുന്ന
അപരാധങ്ങൾ...
അടക്കിപ്പിടിക്കലുകൾ...
നിഴൽകൂടുകൾ വിട്ട്
നിറങ്ങളിലേക്കിറങ്ങി വരും...
നീയെന്റെ ചിറകുകളിൽ
ചായം തേക്കും...
അല്പനേരത്തേക്കെങ്കിലും
ഞാൻ പൂമ്പാറ്റയാവും....
സന്തോഷങ്ങളൊന്നും കളഞ്ഞുപോയതല്ല ,
ഒന്നുവിളിച്ചാൽ ഓടിവരാവുന്നൊരിടത്ത്
കാലം അതിനെ ഒളിപ്പിച്ചു വച്ചേക്കുന്നതാണ് ...
പ്രണയമാണോ എന്ന് നീ...
ഒട്ടും അർത്ഥം  ചോരാതെ തന്നെ
പെരുത്തിഷ്ടമെന്ന് ഞാനും !
നീ...
എന്‍റെ ഭ്രാന്തുകളുടെ
കുഞ്ഞോളങ്ങളെയും
നെഞ്ചിലേറ്റി ഒഴുകുന്ന 
ഒരു പുഴ !
അവരോ ...
അമ്മയുടെ പ്രാണനൊളിപ്പിച്ചു
വച്ചിരിക്കുന്ന കുഞ്ഞു ചിപ്പികളും...
പിടിവാശികൾ ഇപ്പോളെന്നെ
പൊള്ളിക്കാറില്ല...
നിന്‍റെ ശരികളിലെ
അല്പത്തരങ്ങൾ ഓർത്താണ്
ഞാനിന്നും ചിരിച്ചത്...
അങ്ങനെയെത്രയെത്ര
വൈകുന്നേരങ്ങൾ...
വരിയറ്റം വരേക്കുമുള്ള
വിരൽ നടത്തങ്ങൾ...
വെറുതെയൊരോരോ
വർത്തമാനങ്ങളിൽ
നടന്നു തീർത്ത
ദൂരങ്ങൾ...
നമ്മൾ യാത്രപറയുന്നിടത്ത് 
വഴിപിരിയുന്ന ഒറ്റവരിപ്പാതകൾ...
കവിതകൾ !
പിണങ്ങുമ്പോഴൊന്ന്
ഇണങ്ങുമ്പോഴൊന്ന്
ആൾക്കൂട്ടത്തിലൊന്ന്
ഒറ്റക്കിരിക്കുമ്പോൾ
വേറൊന്ന്...
ശരിക്കും ,
നമ്മിൽ നമ്മളിതെത്ര പേരാണ് ?