Wednesday, 30 June 2021

 


വാ നമുക്ക്

വസന്തങ്ങൾക്ക് വീടൊരുക്കാം..

വിരിയാനിരിക്കുന്ന 

ഓരോ പൂക്കൾക്കും 

ഓരോ നിറം പറഞ്ഞു വയ്ക്കാം..

നീലയും ചുവപ്പും നിന്റേത്..

വെള്ളയും, മഞ്ഞയും എന്റേത്..

പിന്നെ പർപ്പിളും, പിങ്കും

വയലറ്റും, ഇളം പച്ചയുമെല്ലാം 

നിനക്കുമെനിക്കും പ്രിയപ്പെട്ടതാകയാൽ

അത് നമുക്ക്

പങ്കിട്ടെടുക്കാം...

ശലഭായനങ്ങൾക്കായി

ഒരിടവഴി ഒരുക്കിയിടാം..

അതിന്നിടത് വശം

നിനക്ക്.. വലതെനിക്കും..

നിന്റെയിടത്ത്

ശംഖു പുഷ്പവും

പനിനീരും, ചെമ്പരത്തിയും..

എന്റെയിടത്ത്

നന്ദ്യാർ വട്ടവും, പാരിജാതവും

ജമന്തിയും,സൂര്യകാന്തിപ്പൂവും..

ഹാ 

പിന്നെയൊരു കാര്യം,

വസന്തങ്ങളുടെ

വീട്ടിലിരിക്കുമ്പോൾ

ഒരിക്കൽ പോലും

നീ വേനലിനെ കുറിച്ചു

മിണ്ടിപ്പോവരുത്...

പൊഴിഞ്ഞു വീഴുന്ന

പൂക്കളെ കുറിച്ചും...

മനസ്സിലായോ..










 







Friday, 25 June 2021

തണുതണുത്തൊരു

കാറ്റ്

ഉടലാകെ ഉലച്ചു വീശുന്നു....

ഉള്ളിൽ മഴപ്പാറ്റകളുടെ

കുഞ്ഞിച്ചിറകടികൾ...

ഒരു പനി

പെയ്യാനൊരുങ്ങി

നിൽക്കുന്നത് പോലെ....

 അതു കൊള്ളാം,

അരുതുകളുടെ

ഒരായിരം

കാണാച്ചരടുകളാൽ 

ബന്ധിച്ചിടുക...

എന്നിട്ട്,

ആകാശം

ചൂണ്ടിക്കാണിക്കുക...

 വരികൾക്കുള്ളിൽ

ഒളിച്ചിരുന്ന് ആരോ

ഒച്ചയില്ലാതെ

കരയുന്നത് പോലെ... 

ഓരോ വായനയിലും

ഒരു കുഞ്ഞുപക്ഷി 

നെഞ്ചിലേക്ക്

പിടഞ്ഞു കയറുന്നു... 

ചിറകിട്ടടിക്കുന്നു...

 പേരറിയാ മരങ്ങൾ

കുട വിരിച്ചു പിടിച്ചു 

നിൽക്കുന്നത് പോലുള്ള 

ഒരു കുഞ്ഞിടവഴി...

ഇവിടെ,

ഈ യാത്രയിലിന്നോളം 

ജീവന്റെ മിടിപ്പുകൾ

ഇത്രയേറെ മുഴങ്ങുന്ന

മറ്റൊരിടം കണ്ടിട്ടേയില്ല...

എനിക്കു തോന്നുന്നു,

ഈ നഗരത്തിന്റെ ഹൃദയം

ഇവിടെയാണെന്ന്...

വഴിതെറ്റിയെങ്കിലും

നമ്മളതിന്റെ ഉള്ളിലാണെന്ന്...

 ഒന്നോർത്താൽ

കൊലപാതകം

തന്നെയല്ലേയത്...?

ഉണ്ടായിരുന്നു

എന്നതിനൊരടയാളം 

പോലുമില്ലാത്തവണ്ണം 

ഒരാളെ ജീവിതത്തിൽ നിന്നും 

പടിയിറക്കി വിടുന്നത്... 

ഓർമ്മകളിൽ നിന്ന് പോലും 

മായ്ച്ചുകളയുന്നത്... 

അത്രയും ക്രൂരമായി 

ഒരു സ്വപ്നത്തെ 

ഇല്ലായ്മ ചെയ്യുന്നത്...

 മനസ്സ് വേദനിച്ചുവെന്നും

പറഞ്ഞ്

വാക്കുകളുടെയറ്റം മുറിച്ചിട്ട്

ഒരൊറ്റ പോക്കാണ്...

ആളെ പേടിപ്പിക്കാനായിട്ട്

നിന്റെയൊരോരോ 

പല്ലിവാൽ പിണക്കങ്ങള്...

 മഴക്കൊപ്പമിരുന്ന് 

മടി ആസ്വദിക്കുകയാണ്...

സങ്കല്പത്തിലെ കട്ടൻ

തിളച്ചു മറിയുന്നു..

ഉള്ളിവട

എണ്ണയിൽ

മൊരിഞ്ഞു വരുന്നു...

അതിന്റെയിടവേളകളിൽ 

ഞാനിടക്കിടക്ക് 

മഴയിലേക്കിറങ്ങി

നിൽക്കുക പോലും

ചെയ്യുന്നുണ്ട്...

 നീ കാഴ്ചകളെ കുറിച്ച്

പറയുമ്പോളാണ്

കണ്ണുകളുടെ

കള്ളത്തരങ്ങളെ

കുറിച്ച്

ഞാനാലോചിക്കുക...

ഒരു കണ്ണടച്ചില്ലിന് പോലും 

മാറ്റിയെഴുതാനാവുന്ന

എന്തെല്ലാം 

കൃത്രിമത്വങ്ങളാണ് 

ഈ കണ്ണ്

കാട്ടിക്കൂട്ടുന്നത്...

അതല്ലെങ്കിലും അങ്ങനെയല്ലേ...

കാഴ്ചപ്പാടുകളല്ലേ 

കണ്ണിനെ വഴിതെറ്റിക്കുന്നത്...?

 അവളപ്പോൾ 

മഴയെ കുറിച്ച് പറയും...

അടുക്കളയിലേക്ക്

അനധികൃതമായി

കടന്നു വന്ന

അണ്ണാൻ കുഞ്ഞിനെ കുറിച്ച്...   

കറിയിൽ കിള്ളിയിടുമ്പോൾ

കയ്യിൽ പറ്റിയ

പുതിന മണത്തെ കുറിച്ച്...

അമ്മയിന്നു  പറഞ്ഞ

നാട്ടു വിശേഷങ്ങളെ കുറിച്ച്..

പിന്നെ,

എഴുതി മുഴുമിപ്പിക്കാത്ത

പുതിയ കഥയെ കുറിച്ചും...


 ഒരു മരം നിറയെ

കാറ്റ് വായിച്ചു കൂട്ടിയ 

പച്ചില പുസ്തകങ്ങൾ !

 കനലൊരു തരി

മതിയല്ലോ

കാറ്റിനെന്തറിയാം...

 നിനക്കിപ്പോഴുമറിയില്ല

ഒരു വാക്കിന്റെയും

കൂട്ടുപിടിക്കാതെ

നിന്നോട് മിണ്ടാനെത്തുന്ന

നേരങ്ങളെ കുറിച്ച്...

ഒരു മുടിയിഴ പോലും

ഉലയ്ക്കാതെ

നിന്നെ ചുറ്റി

കടന്നു പോകുന്ന

കാറ്റിനെ കുറിച്ച്...

നിന്റെ 

കണ്ണിൽ പെടാതെ

നിഴൽ പറ്റി നീങ്ങുന്ന

നിനവുകളെ കുറിച്ച് ...

 മനസ്സിന്റെ ഏതറ്റത്തു നിന്ന്

നോക്കിയാലും

തെളിഞ്ഞു കാണാൻ പാകത്തിൽ 

ഒരൊറ്റക്കൽ പ്രതിമ കണക്കെ 

ഒരോർമ്മയിങ്ങനെ...

 കേട്ടത് മാത്രം കേട്ടുകേട്ട് കാതുകളത്രയും

തഴമ്പിച്ചു പോയിരിക്കുന്നു

കണ്ണ് കലങ്ങുന്ന

കാഴ്ചകൾക്ക് നേരെ കണ്ണടച്ചിരിക്കാൻ

നമ്മളും പഠിച്ചുപോയിരിക്കുന്നു

നോക്കൂ

വഴികളോരോന്നായി

ആരോ മായ്ച്ചു കളഞ്ഞിരിക്കുന്നു

പോകാനൊരിടമില്ലാത്ത വണ്ണം

നമ്മൾ നമ്മളിലേക്ക് തന്നെ

ചുരുങ്ങി പോയിരിക്കുന്നു..


 ഉച്ചയൂണും കഴിഞ്ഞ് 

ഉറങ്ങാൻ കിടക്കുമ്പോളതാ  ആകാശത്തൊരമ്മ

വട്ടപ്പാത്രത്തിൽ

സൂര്യനെ വിളമ്പി

വച്ചിരിക്കുന്നു...#halosun 

 ഇടതടവില്ലാതെ 

വാക്കലകളെ

നെയ്തു കൂട്ടുന്ന

ഒരു വർത്തമാനക്കടൽ !

 ഒരു കരയപ്പാടെ

കടലെടുത്ത്

പോകുന്നതല്ല...

കടലിൽ നിന്ന്

കരയിലേക്കവർ 

ചാലു കീറുന്നതാണ്...

കടലിലാണ്ട് പോകും മുന്നേ

ഒരിത്തിരിയിത്തിരിയായി

കരയെ കടത്തിക്കൊണ്ട് പോകുന്നതാണ്...

 മറവികൾക്കുള്ളിലേക്ക്

പിണങ്ങിപ്പോയൊരാളുണ്ട്,

ഇന്ന്  വന്നിട്ട് 

മനസ്സിലേക്കെത്തി നോക്കുന്നു...

എന്നെ മറന്നുവല്ലേയെന്ന് 

പതം പറയുന്നു... 

മനസ്സിലാകാത്ത മട്ടിൽ

ഞാനോ മുഖം തിരിക്കുന്നു...

മനസ്സില്ലാ മനസ്സോടെ

മറവിയഭിനയിക്കുന്നു...

ഋതുമതി

 


ആ ദിവസങ്ങളിൽ 

മുറിവേറ്റ കുഞ്ഞിനെ പോലെ

മനസ്സിരുന്നു

ചിണുങ്ങാൻ തുടങ്ങും...

വെറുതെ വാശിയെടുത്തു

കരയുകയും

അടുത്ത് ചെല്ലുമ്പോൾ 

ആട്ടിപ്പായിക്കുകയും ചെയ്യും..

കണ്ടതൊക്കെ

തച്ചുടക്കുമെന്ന്

ഭീഷണി മുഴക്കും...

ഏത് നിമിഷവും

പൊട്ടിത്തെറിച്ചേക്കാവുന്ന 

ഒരഗ്നി പർവതം കണക്കെ 

വന്യമായി മുരണ്ടുകൊണ്ടിരിക്കും...

അരക്കെട്ടിൽ ചുറ്റിപ്പിടിച്ച്

അലറിക്കരയും...

ചിലപ്പോൾ 

തോന്നും,

ഈ പിടിവാശിക്കുട്ടി 

തന്നെയാണ്

ഉദരഭിത്തിയിൽ ആഞ്ഞു തൊഴിക്കുന്നതെന്നും 

ഉള്ളിൽ മുറിവേൽപ്പിക്കുന്നതെന്നും 

ഉടലാകെ നോവിച്ചു കൊണ്ടൊരു

ചോരപ്പുഴ തന്നെ

ഒഴുക്കുന്നതെന്നും...








Sunday, 13 June 2021

മാഞ്ഞു പോകുന്നവർ

 



വാക്കുകൾ

വഴിതെറ്റിപ്പോവാനായി തന്നെ 

വർത്തമാനങ്ങളുടെ 

ഭൂപടം

മാറ്റി വരയ്ക്കുന്നവരെ

കണ്ടിട്ടില്ലേ 

ഒറ്റവരിയറ്റത്ത്

അവസാനിക്കേണ്ട 

ഒരു യാത്രയെ,

കാടോളം.. കടലോളം..

ആയുസ്സിന്റെ അങ്ങറ്റത്തോളം

കൊണ്ടുചെന്നെത്തിക്കുന്നവർ..

അവരെ സൂക്ഷിക്കണം.

കാരണം,

കാര്യമറിയാതെ കഥ കേട്ടിരിക്കുമ്പോൾ

കാട്ടു വള്ളികളിൽ

കാലുടക്കുന്നതും

കടലലകൾ കൈനീട്ടി

പിടിക്കുന്നതൊന്നും 

നമ്മളറിയില്ല...

വളഞ്ഞുപുളഞ്ഞു പോകുന്ന

വർത്തമാനങ്ങളിൽ

നമുക്കെവിടെയാണ്

വഴിതെറ്റിയതെന്നും...

മടങ്ങാനൊരു

വരിയെത്തിപ്പിടിക്കാൻ

കൈനീട്ടുമ്പോൾ മാത്രമേ 

നമ്മളറിയൂ 

ഒരക്ഷരത്തിന്റെ ഒച്ചപോലും

അരികിലില്ലെന്ന്...

വാക്കുകളൊക്കെയും

കൊള്ളയടിച്ചിട്ട് 

അവരെന്നേ കടന്നു കളഞ്ഞെന്ന്...

ഒന്നിച്ചു 

നടന്നു തീർത്തതെന്ന് കരുതിയ 

വരിവഴികളൊന്നു പോലും

ഭൂപടത്തിലേയില്ലായിരുന്നുവെന്ന്...













































Saturday, 12 June 2021

നിലാ...(ഒരു സ്വപ്നകുറിപ്പ് )

 




എന്റെ കൈത്തണ്ടയിൽ

ചുറ്റിപ്പിടിച്ച് ഒരു കുഞ്ഞിക്കൈ..

ഉറങ്ങുമ്പോഴീയിടെയായി

അതൊരു തോന്നലാണ്...

സ്വപ്നത്തേക്കാളേറെ

സ്വന്തമാണെന്ന് തോന്നിക്കുന്ന 

കുഞ്ഞു സാമീപ്യം...

ചുരുളൻ മുടിയിഴകൾ 

മുഖത്തേക്കിടക്കിടെ

പാറി വീഴുന്നതും..

പാൽമണമുള്ള

ഒരു ശ്വാസക്കാറ്റ്

എന്റെ നെഞ്ചിൽ തട്ടുന്നതും...

അതവൾ തന്നെയാവണം...

നക്ഷത്രപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച

കുഞ്ഞുടുപ്പിന്റെ

ഒരേയൊരവകാശി...

നിലാ യെന്ന്

പേരിട്ടു വിളിക്കാമെന്ന്

നമ്മൾ സ്വപ്നം കണ്ടിരുന്ന..

നിന്നെ പോലെ

കവിതയെഴുതുമെന്നും

അല്ല, നിന്നെ പോലെ

പാട്ടു പാടുമെന്നും..

കുഞ്ഞിലേ കരാട്ടെ

പഠിപ്പിക്കണമെന്ന് നീയും 

അല്ല നൃത്തം പഠിച്ചിട്ട് മതി

അതൊക്കയെന്നു ഞാനും 

പറഞ്ഞിരുന്നവൾ...

കാതു കുത്തേണ്ട

അവൾക്ക് നോവുമെന്ന്

നീ പറഞ്ഞപ്പോൾ..

കാതും കുത്തണ്ട

കല്യാണവും കഴിപ്പിക്കേണ്ട 

എന്ന് ഞാൻ

പറഞ്ഞു ചിരിച്ചതും...

നീയവളെ ബൈക്ക് ഓടിക്കാൻ

പഠിപ്പിക്കാനിരുന്നതല്ലേ..

എന്നെ കൂട്ടാതെ അവളോടൊത്ത്

നിറയെ യാത്രകൾ പോകുമെന്ന്

പറഞ്ഞിരുന്നതും...

അവൾക്കായി കണ്ടുവച്ചിരുന്ന

കുഞ്ഞുടുപ്പുകളോർമ്മയുണ്ടോ...

ഡെനിം ന്റെ

ചെറിയൊരു ഫ്രോക്ക് 

വില ചോദിച്ചു

വച്ചത് പോലുമാണ്...

ഒരു മഞ്ഞപ്പട്ടുപാവാട

തുന്നിക്കൊടുക്കണമെന്ന്

ഞാനെത്ര

കൊതിച്ചിരുന്നുവെന്നോ...

കൊലുസ്സിട്ട കുഞ്ഞിക്കാലുകൾ

ഈ തൊടിയിൽ

ഓടിക്കളിക്കുന്നത് എത്രവട്ടം

മനസ്സിൽ കണ്ടിരിക്കുന്നു...

കണ്ടോ...

കാത്തിരിപ്പിന്റെ നേരങ്ങളിലൊന്നും

കടന്ന് വരാതെ

അവളിപ്പോൾ

സ്വപ്നങ്ങളിൽ വന്ന്

കൊതിപ്പിക്കുകയാണ് 

നിലാ യെന്ന് ഒന്ന്

നീട്ടിവിളിച്ചാൽ

കേൾക്കാത്തൊരിടത്തിരുന്നു

വിളികേൾക്കുകയാണ്...

നിലാ...

നിഴലുപോലെ...

നിലാവ് പോലെ...

എന്റെ സ്വപ്നങ്ങളുടെ

വരണ്ട നെഞ്ചിൽ 

തലചായ്ച്ചുറങ്ങാനെത്തുന്ന 

എന്റെ ചുരുൾമുടികുഞ്ഞ്!