Friday, 30 November 2018

ഒരു മഷിയടയാളം പോലും
അവകാശപ്പെടാനില്ലാതെ
മനസ്സിലെഴുതി വച്ച വരികളാണ്.
എന്നിട്ടും
മിഴിയുടക്കിയ മാത്രയിൽ
നീ മാത്രമതെങ്ങനെയാണ്
വായിച്ചെടുത്ത്...
സ്വന്തമെന്ന പേരിലേക്കെന്നെയും
ചേർത്തു വച്ചത്‌....?

Thursday, 29 November 2018

ശ്വാസം പോലെ !
ഉള്ളുനിറയുമ്പോഴും
പിടച്ചിലാണ്....
ഇല്ലാതിരിക്കുമ്പോഴും...
മുടിയിഴകളിൽ കാറ്റ് 
കുറുമ്പ് കാട്ടും പോലെ...
അരികിൽ വന്നൊരാൾ
മെല്ലെ മനസ്സ് തൊട്ട്
പോകും പോലെ...
അധികം തെളിയാത്ത 
നുണക്കുഴിയിലൊരു ചിരി
വിടരാൻ തുടങ്ങും പോലെ...

Wednesday, 28 November 2018

വിഭ്രാന്തിയുടെ തെരുവ്

നിറങ്ങളില്ലാത്തവരുടെ നഗരം.
വിഭ്രാന്തിയുടെ തെരുവുകൾ...
വെയിൽച്ചുമടേറ്റു തളർന്നു
നടക്കുന്നവരുടെ
നിഴൽരൂപങ്ങളാണ് ചുറ്റും...
തമ്മിൽ തമ്മിൽ മിണ്ടാനൊരു
ഭാഷ പോലുമവർക്കില്ല.
അവനവനിൽ തളച്ചിട്ടിരിക്കുകയാണ്
ഓരോ മനസ്സും..
ഓരോരുത്തരും ,
ഒറ്റക്കൊറ്റക്ക് ഓരോ  പ്രപഞ്ചങ്ങൾ...
ഞാനിവിടെ ഒറ്റക്കിരുന്ന്
എന്തെടുക്കുകയാണ് ?
സങ്കടമതല്ല ,
അതുചോദിക്കാൻ അവരിലൊരാളുടെ
ഭാഷപോലും എനിക്കറിയില്ലല്ലോ...
പറഞ്ഞ് പറഞ്ഞ് പിന്നെയും
പരാതിക്കൂട്ടിലേക്ക് തന്നെയാണ്
ചെന്ന് കയറുന്നത്.
കണ്ടോ ,
പറക്കമുറ്റാത്ത
പരിഭവക്കുഞ്ഞുങ്ങൾക്ക്
കാവലിരിക്കുന്ന
പിടിവാശികളാവുകയാണ്
നമ്മൾ...
വെറുതെ...
ചില്ലകളാണ് ,
ചിറകുകളോളം വരില്ല
എന്ന് നീ...
ചില്ലകളാണ് ,
ചിറകുകളോളം തളരില്ല
എന്ന് ഞാനും !
വായിച്ചു നോക്കൂ...
ഇഷ്ടമെന്ന
ഒരൊറ്റവാക്കിന്റെ
തിളക്കമില്ലേ
ഓരോ വരിയിലും..?
രസമാണത് ,
അടയാളം പോലും
അവശേഷിപ്പിക്കാതെ
പോയൊരാളെ
ആൾക്കൂട്ടത്തിനിടയിൽ നിന്നും
കണ്ടെടുക്കുക...
അറിയാത്തമട്ടിൽ ,
അകലെയൊരല്പം
മാറിയിരുന്നയാളെ
വെറുതെ വായിക്കുക...

Friday, 23 November 2018

ഒരിക്കലെങ്കിലും
സ്നേഹത്തിന്റെ കുപ്പായം
അകംപുറം തിരിച്ചിട്ടു നോക്കിയിട്ടുണ്ടോ...
ചേർത്തുവെക്കലിന്റെ ഒരായിരം
തുന്നൽപ്പാടുകൾ കാണാം അതിൽ.
പലതായ് മുറിഞ്ഞ നമ്മളെയെല്ലാം
എങ്ങനെയൊക്കെയാണ് കാലം
തുന്നി വച്ചിരിക്കുന്നത് അല്ലെ... ?
മനസ്സിനെ മടക്കിയൊതുക്കി
കടലാസ്സു വിമാനങ്ങളുണ്ടാക്കി വെക്കുകയാണ്...
കൈവിരൽത്തുമ്പിൽ നിന്നും
പ്രിയമുള്ളൊരാളുടെ
ഹൃദയത്തോളം മാത്രം പറക്കുന്ന
കുഞ്ഞു വിമാനങ്ങൾ !

Thursday, 22 November 2018

ലോകത്തിന്റെ
രണ്ടറ്റത്തിരുന്നുകൊണ്ട്
നമ്മൾ ഒരേ പാട്ടിനു ചെവിയോർക്കുന്നു...
ഒന്നിച്ചിരിക്കുമ്പോൾ ഒരേ പാട്ടുമൂളുന്നു...
ആ പാട്ടിന്റെ വരികളാവുന്നു...
നമ്മളല്ലാതെ മറ്റാരാണിങ്ങനെയൊക്കെ...
നോക്കൂ ,
നീയില്ലായ്മയിൽ ഈ മരം
എങ്ങനെയുണങ്ങിപ്പോയിരിക്കുന്നുവെന്ന്‌...
ജീവന്‍റെ പച്ചനിറം ഒട്ടും
ബാക്കിവക്കാതെ
നീയെത്രമാത്രം എന്നിൽ നിന്ന് കൊഴിഞ്ഞു പോയിരിക്കുന്നുവെന്ന്...
മെല്ലെ മെല്ലെ മഞ്ഞു പൊഴിച്ചിട്ട്‌ വിരഹം എങ്ങനെയൊരു മരത്തിനെ    വെള്ളപുതപ്പിക്കുന്നുവെന്ന്...
പരാതികളല്ല ,
ഉള്ളിൽ പതിയിരിക്കുന്ന
പ്രണയത്തിന്റെ പിടച്ചിലുകളാണ്...
ഒന്ന് പിണങ്ങുമ്പോഴേക്കും
മുറിവേറ്റു വീഴുന്ന 
മനസ്സിന്റെ ചീളുകളാണ്...
മറക്കണമെന്നോർത്താൽ
മറവിയോളം നീണ്ട
മറ്റൊരുവഴിയുണ്ടാവില്ല വേറെ...
നീ വാക്കാൽ വരച്ചിടുകയും
ഞാൻ നിറം കൊടുക്കുകയുമാവാം...
സ്വപ്‌നങ്ങൾ
അങ്ങനെയൊക്കെയല്ലേ...
മുൻപൊരിക്കലും
നമ്മളിത്രയേറെ
മിണ്ടാതിരുന്നിട്ടില്ല...
പറയാനും കേൾക്കാനും ഒന്നുമില്ലാത്തവണ്ണം
മനസ്സിത്ര ശൂന്യമായിട്ടില്ല...
പിണങ്ങാൻ പോലുമൊരു
കാരണമില്ലാതിരുന്നിട്ടില്ല..
മൗനം മഞ്ഞുപോലെ
ഇത്രമേൽ ഉറഞ്ഞു പോയിട്ടില്ല...
അത്രമേലിഷ്ടം തോന്നുന്ന
ചില നേരങ്ങളിൽ
എന്റേത് മാത്രമെന്ന് പറഞ്ഞ് ഞാനെന്നെ തന്നെ
ചേർത്ത് പിടിക്കാറുണ്ട്...
ഒരാകുലതകൾക്കും
വിട്ടുകൊടുക്കാതെ
ഒരു വെയിൽ ചൂടുപോലുമേൽക്കാതെ
സ്വന്തം കരവലയത്തിലേക്കെന്നെ
ഒളിപ്പിക്കാറുണ്ട്...