Thursday 11 January 2018

പനിയുടലുകളിൽ പ്രണയം എഴുതി വെക്കുന്നത്



പിണങ്ങിയിരിക്കുമ്പോഴാണ്
നമുക്കിടയിലേക്കൊരു പനി
കടന്നു വരാറുള്ളത്.

നമ്മിലുറഞ്ഞുകൂടിയ മൗനത്തിന്റെ
മഞ്ഞുരുകാൻ പോലുന്ന ചൂട്.

ഒരു മൊഴിയകലത്തിൽ നിന്നും
നീയടുത്തു വന്നിരിക്കുന്നു...
ഉഷ്ണമാപിനികളെ
മാറ്റി വച്ചിട്ട്
ഊഷ്‌മാവ്‌ ഉമ്മകൾ കൊണ്ടളക്കുന്നു....
ഇഴയടുപ്പങ്ങളിൽ എഴുന്നുനിൽക്കുന്ന
കുഞ്ഞോർമ്മകളെ പോലും
എരിച്ചു കളയുന്ന ഒരു പനിച്ചൂട് എന്ന്
പതുക്കെ പറയുന്നു...

പനികണ്ണുകളുടെ
തളർന്ന നോട്ടങ്ങൾ...
നനഞ്ഞ കൺപീലികൾ..
വരണ്ട ചുണ്ടുകൾ...
തണ്ടുലഞ്ഞ മുല്ലവള്ളി പോലെ
നിന്നിലേക്ക്‌ വാടിവീഴുന്ന
പിടിവാശികൾ...

പൊള്ളുന്ന നിശ്വാസങ്ങളിൽ
ആ പനിയുമ്മകളിൽ
നമ്മളിതെത്രവട്ടം
ഉരുകിത്തീർന്നിരിക്കുന്നു...
പനിച്ചൂടിൽ പൊള്ളിയടർന്ന
എത്രയെത്ര പിണക്കങ്ങൾ...

എന്നിരുന്നാലും ,
ഒറ്റപ്പുതപ്പിലെക്കിത്തിരി
മഴത്തണുപ്പുകൂടെ
കുടഞ്ഞെറിഞ്ഞിട്ടാണ്
ഓരോ തവണയും പനിയുടെ പടിയിറക്കങ്ങൾ...

      

1 comment:

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...