Thursday 8 February 2024

 


നാൽപതുകളിലെത്തുമ്പോഴേക്കും അവളുടെ പ്രണയത്തിനു

പാകത വന്നിട്ടുണ്ടാവും..
തിരിച്ച് അതേയളവിൽ
എന്നല്ല, അയാളതറിയണമെന്ന
തരിമ്പും വാശിയില്ലാതെ,
ഉള്ളിൽ സ്നേഹം മുള
പൊട്ടുന്നതും
മനസ്സിലതിന്റെ വേര്
പൊടിയുന്നതും..
തളിരിലകൾ എത്തി നോക്കുന്നതും..
പൂക്കുന്നതും കായ്ക്കുന്നതും
എല്ലാം ഒരു വാത്സല്യത്തോടെ
കാത്തിരിക്കാൻ തുടങ്ങും..
അയാളെ കാണുമ്പോൾ
മനസ്സിൽ മഞ്ഞു വീഴുമെന്നോ ഹൃദത്തിൽ
സ്നേഹ ശലഭങ്ങൾ
ഒന്നിച്ചു ചിറകടിക്കുമെന്നോ
ഉള്ളിൽ കരുതും
പക്ഷെ, നാൽപതുകളിലെത്തുമ്പോഴേക്കും
അവൾ പ്രണയത്തിന്റെ
കണ്ണിലേക്ക്നോക്കി മിണ്ടാൻ പഠിച്ചിരിക്കും..
ലജ്ജയുടെ തുടിപ്പുകൾ
കവിളിൽ നിന്നൊപ്പികളഞ്ഞിട്ട്
ചിരിക്കാൻ പഠിച്ചിരിക്കും...
അപ്പോഴും,
ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ട്
സ്നേഹത്തെ കുറിച്ച്
അവളോട്
പറഞ്ഞുകൊണ്ടേയിരിക്കും..

വീടൊരുക്കുമ്പോഴും
വെറുതെയിരിക്കുമ്പോഴുമെല്ലാം
അയാളെ കുറിച്ചുള്ള
ഓർമ്മകളിൽ പുഞ്ചിരിക്കുകയോ..
പാട്ടു മൂളുകയോ ചെയ്യും...
അലമാരയിൽ നിന്ന്
പരസ്പരം കാണുമെന്നുറപ്പുള്ള
നേരങ്ങളിലേക്കായി
ഉടുപ്പുകൾ മാറ്റി വയ്ക്കും..
ഇനി കാണുമ്പോൾ
കണ്മഷിയോ, കുപ്പിവളകളോ..
കടും നിറത്തിൽ
അയാൾക്ക് പ്രിയപ്പെട്ട
പട്ടുസാരിയോ
ഉടുക്കണമെന്നോർക്കും...
പ്രിയപ്പെട്ടതെന്നയാൾ
പണ്ടു സൂചിപ്പിച്ച ഒരു സാരി
വെറുതെ ചുറ്റി നോക്കും..
കണ്ണാടിയിൽ
തന്റെ പ്രതിബിബം നോക്കി
അയാളുടെ കണ്ണുകളിലെ
പ്രണയത്തെ
വെറുതെ സങ്കൽപ്പിച്ചെടുക്കും..

എന്തേ ഒരു കള്ളച്ചിരിയെന്ന
ചുളിഞ്ഞ നോട്ടത്തെ
ഒരു ചിരികൊണ്ട് മയക്കിയിട്ട്
അവളൊരു മൂളിപ്പാട്ടാവും..
അകലെനിന്നൊരാൾ
പാടി നിറുത്തിയ പാട്ടിന്റെ
നെഞ്ചിലേക്ക് ചേർന്ന്
നിന്നു കൊണ്ട്...
"യേ ദിൽ തും ബിൻ
കഹി ലഗ്താ നഹി
ഹം ക്യാ കരെ..."

No comments:

Post a Comment