Saturday 1 August 2020

സഞ്ചാരി

ഒരു സഞ്ചാരിയുടെ
ഡയറി കുറിപ്പിൽ നിന്ന്
സ്വന്തം മനസ്സിനെ
കണ്ടെടുത്ത ഒരുവളുടെ
കൗതുകമാണെന്നു തന്നെ
കൂട്ടിക്കോളൂ..

പ്രിയ സഞ്ചാരി. .
നീയെവിടെനിന്നാണ്
എന്റെ മനസ്സിന്റെ ഭൂപടം
കൈക്കലാക്കിയത്..?
അതിൽ
ആരുമിന്നോളം കണ്ടിട്ടില്ലാത്ത
ഭൂപ്രദേശങ്ങളെ അടയാളപ്പെടുത്തിയത്..?
ഞാൻ പോലുമറിയാതെ
അതിലൂടെയെല്ലാം സഞ്ചരിച്ചത്  ..?

മരുഭൂമിയുടെ
പുറംതോടണിഞ്ഞ മനസ്സിലും
മഴക്കാടുകളുണ്ടാവുമെന്ന്
നിനക്കാരാണ് പറഞ്ഞു തന്നത്?
വിരസതയുടെ വഴികൾക്കപ്പുറം
സ്വപ്നങ്ങളുടെ
താഴ്‌ വാരങ്ങളുണ്ടാവുമെന്നും
അതിന്നരികെ
പ്രണയമീനുകൾ
പുളഞ്ഞു നീങ്ങുന്ന
കാട്ടരുവികളുണ്ടാവുമെന്നും
നീയെങ്ങനെയാണറിഞ്ഞത്...?

എങ്കിലും,
അവിടെ പച്ചവിരലുകൾ
 കോർത്തു പിടിച്ച്
ആകാശം പണിയുന്ന
മരങ്ങളുണ്ടെന്നും,
അതിലൊക്കെയും
വല്ലപ്പോഴുമൊക്കെ എനിക്ക്
ഒറ്റയ്ക്ക് ചെന്നിരിക്കാൻ
ഏറുമാടങ്ങളുടെന്നും
വായിച്ചപ്പോഴാണ്
കണ്ണ് നിറഞ്ഞത്...
മഞ്ഞ വെയിൽ വീണുകിടക്കുന്ന
നോവുവഴികൾക്കുമപ്പുറം
മനോഹരമായ മറ്റു ചിലതും
മനസ്സ് സൂക്ഷിക്കുന്നുണ്ടെന്ന്
പറഞ്ഞവസാനിപ്പിച്ചപ്പോഴും...

പ്രിയ സഞ്ചാരി...
നന്ദി
വിരസമായ നടപ്പുവഴികളെ
മാറ്റി വരച്ചതിന് ..
സ്വപ്നങ്ങളോളം മനോഹരമായ
മറ്റൊരുലോകം കണ്ടെടുത്തതിന്...
ഒരിഞ്ചു പോലും അവകാശപ്പെടാതെ
അതെനിക്ക് തിരിച്ചു തന്നതിന്...




No comments:

Post a Comment