Wednesday, 12 September 2018

തീന്മേശക്ക് ചുറ്റുമിരുന്ന്‌
അവർ നിയമങ്ങളോരോന്നായി
രുചിച്ചു നോക്കുകയാണ്.
വല്ലപ്പോഴുമെങ്കിലും
ചില ശരികൾ
ആ തൊണ്ടകളിൽ 
കുരുങ്ങിയേക്കും..
അങ്ങനെയെങ്കിലും ,
എച്ചിൽ പാത്രത്തിലേക്കെന്ന പോലെ
ചില നീതികൾ
നിങ്ങൾക്കു നേരെയും വലിച്ചെറിയപ്പെട്ടേക്കാം...
കാത്തിരിക്കണമെന്നു മാത്രം.
കണ്ടില്ലേ ,
നഷ്ടപ്പെടാൻ തുടങ്ങുമ്പോഴൊക്കെയും
ഇഷ്ടമതിന്റെ ആഴങ്ങളോളം ചെന്ന്
നമ്മളെ വീണ്ടെടുക്കുന്നത്...
ഒറ്റക്കിരിക്കുമ്പോൾ
മനസ്സിലെ മറുപടികൾക്ക് മേലെ   
മൗനങ്ങൾ തുന്നിപ്പിടിപ്പിക്കുന്നു...
ഒന്നിച്ചിരിക്കുമ്പോൾ നമ്മൾ   ഒച്ചയില്ലാത്തയിടങ്ങളായി മാറുന്നു...
മഷിമണമുള്ള
മന്ത്രക്കളങ്ങൾ...
മനസ്സിന് ചുറ്റും
മാന്ത്രിക വിരലുകളാൽ
നിന്‍റെ ജപിച്ചു കെട്ടലുകൾ...
ഓരോ വരിയിലും
നീ നീ എന്നുരുക്കഴിക്കുന്ന
മന്ത്രജപങ്ങൾ...
ഒരൊറ്റ വായനകൊണ്ടുപോലും 
പുസ്തകത്തിലേക്കൊരാളെ
അവാഹിച്ചിരുത്തുന്ന
നിന്‍റെ മന്ത്രവാദങ്ങൾ !