Wednesday, 15 August 2018

ആകാശത്തിന്റെ
അധികാരങ്ങൾക്ക് താഴെ
എത്ര നിസ്സഹായരാണ്
നമ്മളൊക്കെ...

Tuesday, 14 August 2018

പങ്കുവെക്കലുകളിൽ
പിന്നിലായി പോകുന്നതാണ്...
നേരമില്ലായ്മ എപ്പോഴും
ഒരു നുണയാണ് .

Monday, 13 August 2018

പൊടി ചായ ഇങ്ങനെ
മെല്ലെയൂതി
കുടിക്കുമ്പോഴൊക്കെയും
ഓർമ്മകൾ
ചുരമിറങ്ങി വരാറുണ്ട്...
അമ്മമണമുള്ള
ഒരു കാറ്റ്
എന്നെ പൊതിയാറുണ്ട്...
നിനച്ചിരിക്കാതെ കടന്നു
വരുന്നത് മാത്രമല്ല ,
നിയതിയുടെ ഗതി തന്നെ 
മാറ്റിയെഴുതുന്ന
നിന്നിലെ ഋതുഭേദങ്ങൾ...
ഓർത്തു നോക്കിയിട്ടുണ്ടോ.. 
മറവിയിലേക്കുള്ള
ഓരോ വഴുതിവീഴലിലും
മരിച്ചു പോകുന്ന
പ്രിയ നേരങ്ങളെക്കുറിച്ച്...?
ഒരു മൊഴിയനക്കം
കൊണ്ടുപോലും
പറന്നു പോയേക്കാവുന്ന
പൂമ്പാറ്റയെപ്പോലെ
കുഞ്ഞി ചിറകടികളുമായി 
മനസ്സിൽ നീയെപ്പോഴുമുണ്ട്...
ആ പ്രണയമിപ്പോഴുമുണ്ട്...
ഓരോ മിഴിയുടക്കിനുമുണ്ട്‌
ഒരു ചിരിയഴക് !
അവരോടൊപ്പം
നടക്കുമ്പോൾ 
ആ കരുത്തുറ്റ
കൈകളുടെ കരുതലിൽ
ഈ നഗരം എനിക്കിന്ന് 
ഏറെ അപരിചിതമായി തോന്നി...
എത്ര വളർന്നു പോയിരിക്കുന്നു
എന്‍റെ നക്ഷത്ര കുഞ്ഞുങ്ങൾ !
മനസ്സ്‌ പെയ്യുമ്പോഴൊക്കെയും 
മഴ നനഞ്ഞ പക്ഷികളെപ്പോലെ
ചിറകൊതുക്കി
നമ്മിൽ
നമ്മളിങ്ങനെ...
'പക്ഷെ..'
അത് കഴിഞ്ഞുള്ള
ആ നീണ്ട നിശബ്ദതയുണ്ടല്ലോ...
അവിടെ നിന്നാണ് സ്വപ്‌നങ്ങൾ
ഇറങ്ങിപ്പോകുന്നതും...
നമ്മൾ ഒറ്റയാവുന്നതും...
സ്വാർത്ഥത ഭ്രാന്തോളം വളരുക...
പിന്നെ,
മനസ്സിന്റെ തായ്‌വേരുകളിൽ നിന്ന്‌ 
ഒരു ചില്ല  മെല്ലെയടർത്തി മാറ്റുക...
എന്തെളുപ്പത്തിലാണ്
ബന്ധങ്ങൾ നിഷേധിക്കപ്പെടുന്നത്...
അത്രയും പ്രിയമുള്ളവർ
അന്യരാവുന്നത്...
ഓരോ നോവിലും
ഒറ്റക്കു വിടാതെ
മനസ്സിനോടു ചേർന്നു 
നിൽക്കുന്നതെന്തിനാണ്...
എന്നോടൊപ്പമിങ്ങനെ
മഴനനയുന്നതെന്തിനാണ്...?
പ്രണയം പോലെ
ചുററിവരിയുന്ന
ഈണങ്ങൾ...
അത്രമേൽ 
പ്രാണനെടുക്കുന്ന
ചില പാട്ടുകൾ...
അല്ലെങ്കിലും ,
ജീവിതം എന്നത്
ഒറ്റവരിയിലെ
വായനയല്ലല്ലോ...
എത്രയെത്ര   
കുഞ്ഞനെഴുത്തുകളുടെ
കൂടിച്ചേരലാണ് അത്...

Sunday, 12 August 2018

കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ
തീരാക്കടങ്ങൾ...
കുറുമ്പ് കാട്ടുമ്പോൾ
കണ്ണിമകൾ കോർത്തൊരു
നിൽപ്പ് നിൽക്കും...
കള്ളം പറയുമ്പോൾ
കവിൾച്ചുഴിയിലൊരു 
ചിരി വിടരും...
കണ്ടു കണ്ടമ്മയോ...
വെണ്ണപോലങ്ങനെ
നിന്നുരുകും...
ഓരോ പാട്ടിലും 
ഓർമ്മകളുടെ നിശ്വാസങ്ങളുണ്ട്...
ഇന്നിന്റെ നെഞ്ചിടിപ്പുകളും...
ചിലപ്പോഴൊക്കെ
കടലിന്റെ ഭാഷയിലാവും
നീ കവിതയെഴുതുക...
അല്ലാതെയെങ്ങനെയാണ്
ഓരോ വാക്കിലും
ഓരോ തിരകളുണ്ടാവുന്നത്..?
ഓരോ വായനയിലും
ആത്‌മാവിൽ പ്രണയത്തിന്റെ
വേലിയേറ്റങ്ങളുണ്ടാവുന്നത്‌...?
മഴപ്പെയ്ത്തുകൾ...
ഇടക്കൊരോരോ
ഇലപ്പെയ്ത്തുകൾ...
അങ്ങനെയങ്ങനെ
നോവടയാളങ്ങളോരോന്നായി 
മായ്ച്ചുകളയുന്ന 
മനസ്സിന്റെ മഴക്കാലങ്ങൾ...