അശക്തമായ ഒരു നോട്ടം
നിന്നിലേക്കയച്ചിട്ട്
ഞാൻ തളർന്നു വീഴുന്നു...
നീ സൂര്യനായിരുന്നു !
എല്ലാം നിഴലുകളല്ല .
ചിലതെങ്കിലും
നിശയുടെ കാൽപ്പാടുകളാണ്...
ഒരു തരി വെട്ടത്തിൽ പോലും
തെളിഞ്ഞു കാണുന്ന
നമ്മിലെ ഇരുട്ടാണ്...
മനസ്സെന്നല്ല ,
മഷി പുരളാത്തതൊന്നും
നിനക്ക് മനസ്സിലാവില്ലെന്ന്
ഒരാൾ...
നിനക്കിപ്പോഴുമറിയില്ല ,
മൊഴിമറകൾക്കിപ്പുറം നിന്ന്
മനസ്സ് പറയുന്നതെന്തെന്ന്...
മൗനമല്ലത് ,
മനസ്സിലെ മഴയൊരുക്കങ്ങളാണ്...
ആ ഒരാളുടെ നിശ്വാസത്തിന്റെ
ചൂടേറ്റാൽ മാത്രം വിരിയുന്ന
ഒരു പൂവുണ്ട് ഓരോ കവിളിലും...
ആ മിഴിനനവിൽ
പെട്ടന്നുലഞ്ഞു പോവുന്ന
ഒരൊറ്റയിതൾപ്പൂവ്...
മറന്നെന്നു തോന്നുമ്പോൾ
മണ്ണിൽ പെരുവിരലൂന്നിനിന്ന്
നിന്‍റെ പിൻകഴുത്തിൽ
ഓർമ്മകൾ എഴുതി വെക്കണം...
ഒരു സ്വപ്നത്തിന്റെ നിറവിലേക്ക്
നിന്നെയും ചേർത്ത് വെക്കണം...
Friday, 24 November 2017
പതിവുകളുടെ
പങ്കുപറ്റാനെത്തുന്ന
ചില നേരങ്ങളില്ലേ...?
ഏതു തിരക്കിന്നിടയിലേക്കും
ഒരു മൂളിപ്പാട്ടായി...
കൊലുസിന്റെ ചെറു താളമായി..
വിരൽത്തുമ്പിലെ ചെറിയ ചിത്രങ്ങളായി...
അങ്ങനെയങ്ങനെ...
ശിഖിരങ്ങൾ കൊണ്ട് എത്തിപ്പിടിച്ചും
നിഴലുകൾ കൊണ്ട് നീട്ടിവരച്ചും
എത്രയകലങ്ങളെയാണ് നമ്മൾ
പിന്നിലാക്കിയത്...
എന്നിട്ടും ,
ഒരിക്കലും നടന്നെത്താനാവാത്ത
ദൂരങ്ങളെയോർത്താണ്
നമ്മളിന്നും കരയുന്നത്...
വെറുതെ കൊഴിഞ്ഞു തീരുന്നത്...
ശിഖിരങ്ങൾ കൊണ്ട് എത്തിപ്പിടിക്കുമ്പോഴും
വേരുകൾ കൊണ്ട്
കെട്ടിപ്പിടിക്കുമ്പോഴും
ഉടൽദൂരങ്ങളെ ഓർത്തിട്ടാവണം
ഓരോ മരവും
ഇത്രമേൽ കരയുന്നത്...
ഇത്രമേൽ ഇലകൾ പൊഴിച്ചിടുന്നത്...
അതെങ്ങനെയാണ്...
നിന്നെയെഴുതുമ്പോഴൊക്കെയും
പേനത്തുമ്പിലേക്ക് പ്രണയമൊഴുകുന്നതും...
ഓരോ വരിയിലും പ്രാണന്റെ
മിടിപ്പുകളുണ്ടാവുന്നതും...?
ആഗ്രഹിക്കുമ്പോൾ
ആയുസ്സിന്റെ അറ്റത്തും
ആകാശത്തോളം നീളുന്ന
പിടിവള്ളികളുണ്ടാവുമെന്ന്
അവൾ...
ചിലപ്പോൾ ചോദ്യങ്ങളിലേക്ക്
ഉൾവലിഞ്ഞ്...
മറ്റു ചിലപ്പോൾ ഉത്തരങ്ങളിൽ നിന്ന്
ഒഴിഞ്ഞു മാറി...
വീണ്ടെടുക്കാനാവാത്ത ഒരാഴത്തിലേക്ക്
സ്വയം നഷ്ടപ്പെടുന്ന പോലെ...
Wednesday, 8 November 2017
തിരയടങ്ങുന്നേയില്ല...
ഇനിയുമുണ്ട് ,
പറയാൻ
ഒരു കടലോളം കാര്യങ്ങൾ...
വേരുകളിൽ സ്വപ്നങ്ങളൊളിപ്പിച്ചു
നമുക്ക് മണ്ണിലേക്ക് വളരണം..
വേനലും വർഷവും
നമ്മളറിയില്ലായിരിക്കും...
എങ്കിലും ,
അവിടെയിരുന്ന്
ഓർമ്മകളിലെ
ഋതുക്കളെ കുറിച്ച്
ഒന്നിച്ചു പാടണം...
Friday, 3 November 2017
ഹൃദയം അത്രമേലുച്ചത്തിൽ
മിണ്ടിക്കൊണ്ടിരിക്കുമ്പോഴും
മനസ്സിന്റെ താക്കീതുകളെ
മറികടക്കാനാവാതെ
മൗനത്തിലുറഞ്ഞു പോകുന്ന
ചില ശരികളുണ്ട്...
Wednesday, 1 November 2017
ഭാഗ്യമല്ലേ അത്
കണ്ണിമപോലൊരാൾ
കാവലുണ്ടാവുന്നത്...
കരുതലിന്റെ കൈകളായി കൂടെയുണ്ടാവുന്നത്....
Tuesday, 31 October 2017
കൗശലക്കാരിയാണവൾ ! നീപോലുമറിയാതെ
ഓർമ്മപ്പൊത്തിലേക്ക്
ഒളിച്ചു കടത്തുകയാണ്...
ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളെയും...
Sunday, 29 October 2017
വിഭവങ്ങൾ ഏറെയൊന്നും വേണ്ട,
ഒന്നിച്ചൊരു വിരുന്നൊരുക്കണം...
സ്നേഹത്തിന്റെ രുചിക്കൂട്ടുകൾ
മനസ്സ് നിറയുവോളം
ആസ്വദിച്ചുണ്ണണം...
Friday, 27 October 2017
തിരിച്ചറിവോളം പോന്നൊരു
വേദനയില്ല പോലും...
ദഹിക്കാതെ പോയ ചില ചെയ്തികളിങ്ങനെ
തികട്ടി വരും..
നട്ടുച്ചപോലത് നെഞ്ചിൽ
നിന്നു കത്തും..
Thursday, 26 October 2017
ഒരിക്കലും വേർപെടുത്താനാവാത്തവണ്ണം
കടലിനോടിഴുകി ചേർന്നിട്ടും
തിരമാലക്കൈകൾ നീട്ടി
പുഴയെപ്പോഴും
കരയുന്നതെന്തിനാവും...?
Monday, 23 October 2017
ആട്ടിൻ തോലണിഞ്ഞ് കാമം തെരുവിലലയുന്നുണ്ട്.
വെളിച്ചം മുറിഞ്ഞു പോയ
അമാവാസിയിലെപ്പോഴോ
ഞാനും കണ്ടിരിക്കുന്നു..
ഇരതേടിയിറങ്ങിയ
ആ ചുവന്ന കണ്ണുകളെ..
Monday, 16 October 2017
മഴമരങ്ങൾ !
എത്ര പൊഴിഞ്ഞാലും
വേനലൊഴിഞ്ഞാലും
പെയ്തു പെയ്തിങ്ങനെ...
Friday, 13 October 2017
കാത്തിരിപ്പിലേക്ക് വഴുതിവീഴുന്ന
ആ ഇത്തിരി നേരങ്ങളിലാണ്
ഹൃദയമിടിപ്പിനൊപ്പം ചേർന്ന്
സ്നേഹമതിന്റെ പെരുക്കപ്പട്ടിക
ഉറക്കെ ചൊല്ലുന്നത്....
Wednesday, 11 October 2017
ലഹരിയാണത്...
നിന്നെയോർത്തിട്ടങ്ങനെ
ഓരോരോ പാട്ടുകൾ...
Tuesday, 10 October 2017
പനി കട്ടെടുത്ത കുട്ടിക്കുറുമ്പുകൾ..
കിലുക്കാംപെട്ടി കൊഞ്ചലുകൾ...
ഞാനും മഴയോട് കെറുവിച്ചിരിക്കുകയാണ്....
Wednesday, 4 October 2017
എന്‍റെ ഭ്രാന്തുകളുടെ വേഗമറിയില്ല മനസ്സിന്...
മൊഴിമാറ്റം ചെയ്യാൻ വിരലുകൾക്കും...
ചങ്കിൽ തന്നെ പൊലിഞ്ഞു പോകുന്ന
ഉന്മാദത്തിരകളെ പിന്നെ
നീയെങ്ങനെ അറിയാനാണ്...?
Tuesday, 3 October 2017
ഒന്നിച്ചുകാണുന്നൊരു സ്വപ്നത്തിലേക്ക്
ഒരു നിമിഷത്തെ തളച്ചിടണം...
ഒന്നിച്ചുള്ളൊരു നിമിഷത്തിലേക്ക്
ഒരായിരം സ്വപ്നങ്ങളെയും..
Friday, 29 September 2017
അങ്ങകലെ..
കരിമ്പടം പുതച്ച
പടുകിഴവനെ പോലെ
ആകാശം..
ഒരു മഴദൂരമിപ്പുറം
ഭീതിയുടെ കാർമേഘങ്ങൾ
ഉരുണ്ടുകൂടുന്ന
രണ്ടു കുഞ്ഞിക്കണ്ണുകളും...
ഉറങ്ങുമ്പോൾ ,
ആകാശം നിറയെ
ഒരു നൂറു സ്വപ്നങ്ങളായി
നിന്നെ പകുത്തുവയ്ക്കണം...
ഉണരുമ്പോൾ ,
ഒരു കുഞ്ഞുസൂര്യനെയെന്നപോലെ ഉള്ളംകയ്യിൽ കോരിയെടുക്കണം...
Wednesday, 13 September 2017
ചൂണ്ടുവിരലിൽ
വിഷമൊളിപ്പിച്ചവരാണധികവും ...
അവസരം നോക്കി
വിഷം ചീറ്റിയടുക്കും ...
ഒരു ജീവിതത്തിന്റെ
ചലനം നിലക്കും വരേയ്ക്കും
വിഷപ്പല്ലുകൾ ആഴ്ത്തിയിറക്കും ...
രണ്ടു പേർക്ക് ഒരുമിച്ചു മുറിവേൽക്കുന്നത്....
ഒരൊറ്റവേദനയിൽ ഒന്നിച്ചു കരയുന്നത്...
സ്നേഹത്തിന്റെ കരങ്ങൾ
നീട്ടിപ്പിടിച്ചു പരസ്പരം
തുണയാവുന്നത്.....
എത്ര വിചിത്രമാണ്
പ്രണയത്തിലേക്കുള്ള യാത്രകൾ.....
പകർത്തിയെഴുതും മുൻപേ
പരിഭാഷപ്പെടുത്തും മുൻപേ
മനസ്സ് വായിക്കാൻ പഠിച്ചിരിക്കുന്നു...
നിന്നെ വായിക്കാൻ
തുടങ്ങിയതിൽ പിന്നെ
സ്നേഹത്തിന്റെ ഭാഷ
അത്രമേൽ പരിചിതമായിരിക്കുന്നു...
നഷ്ടമാവുന്ന ഓരോ നിമിഷങ്ങളും
അത് തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു..
ഇഷ്ടങ്ങളെ ഇറുകെപ്പിടിച്ചതുകൊണ്ടുമാത്രം
സ്വന്തമാവില്ലെന്നത്...
മനസ്സിന്റെ മൗന സംഭാഷണങ്ങൾക്ക് ചെവികൊടുക്കാതിരിക്കാം..
പക്ഷെ ,
ഹൃദയത്തിൽ പച്ചകുത്തിയ
ഒരിഷ്ടത്തെ എന്തു കാരണങ്ങൾ
കൊണ്ടാണ് മറച്ചു വെക്കാനാവുക..
നിന്‍റെ തണൽച്ചില്ലകളിലെ
ഇലയനക്കങ്ങൾക്ക്
കാതോർത്ത്...
ഉച്ചവെയിലുപോലെ...
എത്ര ജന്മങ്ങളിങ്ങനെ...
മഴയൊന്നു പെയ്തു തോരുമ്പോഴേക്കും
ആകാശത്തിന്റെ നെറുകയിൽ
തഴുകി കടന്നുപോകുന്ന
ആ നിറമുള്ള വിരലുകൾ
ആരുടേതാവും...?
കണ്ണുടക്കിൽ നിന്ന്
തെന്നിമാറുന്ന നോട്ടങ്ങൾ
ഒരുചിരിയിൽ
പുതഞ്ഞു പോകുന്ന
വാക്കുകൾ
അങ്ങനെ,
മൗനം ഉടച്ചുകളയുന്ന
നേരങ്ങൾ
എത്രയുണ്ടെന്നോ
നമുക്കിടയിൽ
ഈ മഴ
എന്തിനാണ്
ഇത്രയും മൂർച്ചയുള്ള മഴത്തുള്ളികളെ
ഉള്ളിൽ കരുതുന്നത്..
ഒന്ന് പെയ്തു തോരുമ്പോഴേക്കും ഓർമ്മകളെ
ഇത്രകണ്ട് മുറിവേൽപ്പിക്കുന്നത്..?
എത്ര പുഴകളിഴചേർത്താലാണ്
ഒരു കടൽ...
എത്ര തിരകൾ ഞൊറിഞ്ഞുടുത്താലാണ്
ഒരു ചേല...
പരിഭവപ്പെയ്ത്തിനൊടുവിൽ
നനഞ്ഞൊട്ടിയൊരാലില പോലെ
നിന്നിലേക്ക് പറ്റിച്ചേർന്നങ്ങനെ
ഒരിത്തിരിനേരം...
ഒരു മിഴിചിമ്മലോളം മാത്രം നീളുന്ന
നിന്‍റെ കുഞ്ഞുറക്കങ്ങളിൽ
പലതായി മുറിഞ്ഞ് മുറിഞ്ഞ്...
എന്‍റെ പകലുകൾ...
കാലത്തിന്റെ
വെള്ളിനൂലുകൾ വീണ
തലവരകളിൽ
അപ്പോഴുമുണ്ടാവും...
കണ്ടിട്ടും
കാണാതെപോയൊരിഷ്ടത്തിന്റെ മഷിയടയാളങ്ങൾ...