Thursday, 27 October 2016

അടച്ചിട്ട മുറികൾ


അടച്ചിട്ട മുറികൾക്ക് എളുപ്പം വയസ്സാവും...
അല്ലെങ്കിൽ പിന്നെ,
വല്ലപ്പോഴുമെത്തുന്ന വിരുന്നുകാർക്ക്
വിരുന്നൊരുക്കുമ്പോൾ അത്
വല്ലാത്തൊരുച്ചത്തിൽ  ചുമക്കുന്നതെന്തിനാണ്....?
വരണ്ട കാറ്റിന്റെ  കീഴിൽ
നെഞ്ചു തടവി ക്കൊണ്ട് ഉറക്കമിളക്കുന്നതെന്തിനാണ്..?

പഴകിയ കലണ്ടറിന്റെ  താളുകളിൽ
നോക്കുമ്പോഴെല്ലാം നെടുവീർപ്പിടുന്നുണ്ട്...
ഏതോ ഓർമ്മകളുടെ ചരടുകളിൽ
ഇത്തിരി നേരം ശ്വാസം കുരുങ്ങിക്കിടക്കുന്നപോലെ...
പ്രാണൻ പിടഞ്ഞിട്ടുണ്ടാവും...

പിന്നെ എപ്പോഴാണ് ഈ മുറി
സ്വപ്നങ്ങളിലേക്ക്‌ തല ചായ്ച്ചു മയങ്ങിപ്പോയത്..?

പകലിന്റെ തട്ടം നിറയെ പ്രിയമുള്ളതൊക്കെയും കണിയൊരുക്കി വെക്കണം... എന്നിട്ടൊരിക്കൽ... നിന്നെ വിളിച്ചുണർത്താനെത്തുന്ന ആ പുലരിയാവണം...
ചിത്രങ്ങളിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഓരോ വരികൾക്കും നിന്‍റെ മുഖച്ഛായയാണ്...
കാട്ടുതീ... കാറ്റൊരു കളി പറഞ്ഞാൽ പോലും കത്തിപ്പടരുന്ന കരിയിലകൾ... കാട് കത്തുമ്പോൾ കനവുകൾ എവിടെപ്പോയൊളിക്കും..?
വികൃതിക്കുട്ടികളെപ്പോലെയാണ് ചില സ്വപ്നങ്ങൾ... ഉറക്കത്തിന്റെ വാലറ്റം മുറിച്ചിട്ടിട്ട് മിണ്ടാതെ ഓടിക്കളയും...
കാരണമില്ലാതെ നെഞ്ചു പിടക്കുമ്പോഴെനിക്കറിയാം... കാര്യം പറയാതൊരു കാരണം നിനക്കുള്ളിലിരുന്ന് കരയാതെ കരയുന്നുണ്ടെന്ന്...
നിശബ്ദമായ ഇടവേളകളെ പിണക്കമെന്നും... നടത്തവേഗത്തിന്റെ ഏറ്റക്കുറച്ചിലുകളെ അകൽച്ചയെന്നുമൊക്കെ വിളിക്കുന്ന ഒരാളുണ്ട്...
മനസ്സ് മുറിയുമ്പോൾ മറവി മരുന്നാവണം...
എങ്കിലും... ഓർമ്മകളുടെ ഓരോ അറകളിലും മധുരമിത്തിരി കരുതി വെക്കാറുണ്ട് നോവിന്റെ തേനീച്ചക്കൂട്ടങ്ങൾ..
മാപ്പ്... അക്ഷരങ്ങൾ കൊണ്ട് എത്ര അലങ്കരിച്ചു വച്ചിട്ടും ആവർത്തനങ്ങൾ കൊണ്ട് മുനയൊടിഞ്ഞുപോയ ഒരു വാക്ക്...
തോളിൽ തലചായ്ച്ചുറങ്ങിയും കണ്ണ്‌ തുറക്കുമ്പോഴൊക്കെ സ്വപ്നക്കാഴ്ചകളുടെ ജാലകങ്ങൾ നിന്നിലേക്ക്‌ തുറന്നിട്ടും അരികിൽ അവളെപ്പോഴുമില്ലേ നിഴലുപോലെ..
ആദ്യം ആകാശത്തിലേക്കും ഭൂമിയിലേക്കുമുള്ള വാതിലുകൾ തഴുതിടും... പിന്നെ, അമ്മക്കിളി അവരെയാ ചിറകിലൊളിപ്പിക്കും...
അവൾ പടിയിറങ്ങുമ്പോൾ ജീവൻ നിലയ്ക്കുന്ന ഒരു വീട്...
മനസ്സു തെളിയാൻ കാത്തുനിൽക്കാതെ മഴയിറങ്ങിപ്പോയതെന്തിനാവും.. ?
അവൾ... കൺപീലികളിൽ ഉടക്കി നിൽക്കുന്ന കുഞ്ഞു വേദന... അവനോ.... അക്ഷരങ്ങൾ കൊണ്ട് അരികു തുന്നിയ കൈലേസ്സ്...
ഹൃദയത്തിൽ പ്രണയം പച്ചകുത്തുന്ന പോലെ... സുഖകരമായൊരു നീറ്റൽ... ഇത്തിരിയോളം പോന്നൊരു കുശുമ്പ്...
അക്ഷരങ്ങളിൽ നിന്ന്‌ ആത്‌മാവിലേക്ക് തീ പടരുന്നതെങ്ങനെയാണ്...?
ഇത്രയേറെ വെളിച്ചം പടർത്തി പിന്നെയും ഇങ്ങനെ പുലരാനാണെങ്കിൽ... ഓരോ പിണക്കത്തിലും സ്നേഹം ഏതു കടലാഴത്തിലാവും പോയി ഒളിച്ചിരിക്കുന്നുണ്ടാവുക..?
മുറിവുകളിൽ തളിർത്ത സ്നേഹമാണ്... മണ്ണിൽ വേരുകൾ തിരയരുത്...
കോലരക്കിൻ ചാറുകൊണ്ട് മനസ്സിലാകെ നീ വൃന്ദാവനം വരച്ചിടുമ്പോൾ... കണ്ണാ.... ഈ സ്വപ്നങ്ങൾ വിട്ടു ഞാനെങ്ങനെ ഉണരാനാണ്...?
ഉൾഭയങ്ങളുടെ ഇരുട്ടിൽ കണ്ണ്‌ കബളിക്കപ്പെട്ടതറിയാതെ നീ നിഴലുകളെ പഴി പറഞ്ഞു കൊണ്ടിരുന്നു... ഞാൻ വെളിച്ചത്തെയും...
പനി :- ഒറ്റപ്പെയ്ത്തിൽ സിരകളിലേക്ക് പടർന്നു കയറുന്ന മഴയുടെ ലഹരി...
അവളുടെ നെറ്റിയിലെ കുങ്കുമ തരികൾ നെഞ്ചാകെ പടരുന്നതും... ആകാശം സായന്തങ്ങളുടെ സങ്കീർത്തനങ്ങൾ പാടുന്നതും...
വെയിലൊന്നു തൊടുമ്പോഴേക്കും തണൽ നീട്ടിവിരിച്ചും മഴപ്പെയ്ത്തിൽ ഒറ്റക്കുടയിൽ ചേർത്തുപിടിച്ചും പൂപ്പാത്രങ്ങളിൽ വസന്തം ഒരുക്കിയും ഒരു പെണ്ണ്...
മഷിക്കുപ്പി നിറയെ സങ്കല്പങ്ങളാണ്.... സ്വപ്നങ്ങളുടെ തൂവൽ തൊട്ടെഴുതുമ്പോൾ ഇല്ലാത്ത നിറം തോന്നുന്നതും അതാവാം... മഴവില്ലു പോലെ...
എന്നിട്ടും, ഏതു ജന്മത്തിന്റെ ഓർമ്മപ്പെടുത്തലിനായാണ് കാലം കണക്കുകൾ സൂക്ഷിച്ചു വച്ചത്...? വഴികളിൽ കാൽപ്പാടുകൾ ബാക്കിവച്ചത്...?
തിരക്കുകൾക്കിനിയുമറിയില്ല... സമയത്തിന്റെ ഒഴുക്കിൽ പെട്ടുപോവാതെ തന്നെ നിന്നിലേക്കൊഴുകുന്ന സ്നേഹത്തിന്റെ കൈവരികളെ കുറിച്ച്...
ശാസനകൾക്കുള്ളിലെ വാത്സല്യം അവൻ തിരിച്ചറിയാതെ പോവില്ലായിരിക്കും.... ചേലത്തുമ്പിൽ പിടിച്ചു ചിണുങ്ങിനിൽക്കുന്ന ആ കുഞ്ഞു മനസ്സ് ഞാനും....
നീയും വരുന്നോ..? അക്ഷരങ്ങളിൽ അന്തിചുവപ്പ് പടരും വരെ സ്വപ്നങ്ങളുടെ തീരത്തിരിക്കാൻ..? ഓർമ്മകളുടെ തിരകളെണ്ണാൻ...?
നിമിഷ നേരത്തെ മൗനം കൊണ്ടുപോലും നിശബ്ദതയുടെ ആഴങ്ങളിലേക്കാണ്ടുപോകുന്നതും... ഞാൻ തനിച്ചാവുന്നതും...
വാക്കിനാൽ ഇതെത്ര വട്ടമിങ്ങനെ... വേദനകളുമൊരിക്കൽ മുറിവായി മാറിയാലോ....?
നിലാവ് മെഴുകിയ ഓർമ്മത്തട്ടിൽ പിന്നെയും നോവിന്റെ നിഴലാട്ടങ്ങളോ..? നേരിന്റെ കൈപിടിച്ച് നടക്കുമ്പോഴും നീയെന്തിനാണ് നിഴലുകളെ ഭയക്കുന്നത്..?
എങ്ങനെയാണ് നീ പിന്നെയും അറിയാത്ത ഒരു പാട്ടിന്റെ വരികളാവുന്നത്..? ഞാനതു മൂളുമ്പോഴൊക്കെയും ഏറ്റുപാടുന്നത്..?
പ്രതീക്ഷകൾ അസ്തമിക്കുന്നിടത്താണ് നീയുദിക്കുന്നത്.... എത്രയെരിഞ്ഞാലും ഒളിമങ്ങാത്ത ഒറ്റ നക്ഷത്രം !
നോക്കി നിൽക്കെ നിഴലാവുന്നവർ.. ആരുടെയോ ശബ്ദത്തിന്റെ പ്രതിധ്വനി മാത്രമാവുന്നവർ.. പ്രണയം എന്ന ഒറ്റവാക്കിലേക്ക് കൊള്ളയടിക്കപ്പെടുന്നവർ അവരാണ്.
അല്ലെങ്കിലും , അവളുടെ മിഴി നിറഞ്ഞൊഴുകും വരെ മാത്രമേ ആകാശവും മുഖം കറുപ്പിക്കാറുള്ളൂ...
തീരമെത്ര കൊതിച്ചാലും തിരയെങ്കിൽ മടങ്ങാതെ വയ്യല്ലോ...
പിണങ്ങിയെന്നോ...? സാരമില്ല , ആവർത്തിക്കുമ്പോഴും ആണയിടുമ്പോഴും മധുരം ഏറുന്ന എന്തോ ഒന്നില്ലേ സ്നേഹത്തിന്റെ രുചിക്കൂട്ടിൽ...?

Thursday, 8 September 2016

സ്വപ്നങ്ങളുടെ എത്ര പടവുകൾ കയറണം ജീവിതത്തിലേക്ക്... ജീവിതത്തിന്റെ എത്ര പടവുകൾ പിന്നെയും താണ്ടണം നിന്നിലേക്ക്‌...
ഒറ്റവരികവിതയല്ല... വലിയൊരിഷ്ടത്തിന്റെ ചുരുക്കെഴുത്താണ്... പലപ്പോഴും...
ഒരിക്കൽ, പേമാരിയായി... പ്രളയമായി... പെയ്തു തീരണമെങ്കിൽ, ആകാശം തിരയനക്കങ്ങളില്ലാതെ ഒരു കടൽ ഉള്ളിലൊളിപ്പിച്ചു കാണില്ലേ... ആരും കാണാതെ...
അതെ, അത്രയും ചെറിയൊരിഷ്ടം... തീപ്പൊരിയോളം പോന്നത്...
സ്നേഹം തടവിലാണ്... ബന്ധങ്ങളുടെ കന്മതിലുകൾക്കപ്പുറം കരകാണാക്കടലാണ്... എന്നിട്ടും , സ്വപ്നങ്ങൾ എത്രയോ വട്ടം തടവുചാടിയിട്ടുണ്ട്...
അറിയാതെയെങ്കിലും, ഒരു പേര് ഒരായിരം വട്ടം ഉരുവിട്ട്.... ഒരാളെ മാത്രം ധ്യാനിച്ച്... പ്രണയം , ഇതെത്രമാത്രം തീവ്രമായ മാനസപൂജയാണ്...
ഈറൻമുടിത്തുമ്പിൽ മഴത്തുള്ളികളിത്തിരി കരുതിവെക്കണം.... നീയടുത്തെത്തുമ്പോഴൊക്കെയും നിന്നിൽ മാത്രം പെയ്തു തോരുന്നൊരു മഴയാവണം.....
സ്വപ്നങ്ങളുടെ തണലു തേടിയെത്തും.. പിന്നെയേതോ തിരിച്ചറിവിന്റെ തെളിച്ചത്തിൽ ജീവിതത്തിന്റെ പൊരി വെയിലിലേക്ക്‌ തിരിഞ്ഞു നടക്കും... തനിയെ...
തബല.. ഹൃദയപുടങ്ങളിൽ സ്നേഹത്തിന്റെ വിരൽ വേഗങ്ങൾ... എത്ര മനോഹരമായാണ് സംഗീതത്തിന്റെ ആരോഹണാവരോഹണത്തിൽ രണ്ടു ഹൃദയതാളങ്ങൾ ഒന്നാവുന്നത്..!
സ്നേഹത്തിന്റെ ഇളംവെയിലിനാൽ അവളുടെ നിറകണ്ണിൽ സ്വപ്നങ്ങളുടെ ഏഴുനിറങ്ങളും ചാർത്തിക്കൊടുക്കുക.. പിന്നെയവളെ, നിന്റെയാകാശത്തിലെ മഴവില്ലാക്കുക..
നോവിന്റെ ഉള്ളുരുക്കങ്ങളെ നീ തൊട്ടറിയുന്ന പോലെ...
ഒടുവിൽ... ഈ സ്നേഹത്തിന്റ പുനർജനി താണ്ടി നീയെത്തുമ്പോൾ... കാത്തു നിൽക്കുന്നുണ്ടാവും ഞാനവിടെ... കാലത്തിന്റ അറ്റത്ത്...
പ്രിയമുള്ളൊരാളിന്റെ കണ്ണിൽ സ്വന്തംപ്രതിരൂപം കാണുമ്പോഴാണ് ഒരുപെണ്ണ് ഇക്കാലമത്രയും നുണക്കഥ പറഞ്ഞ മായക്കണ്ണാടിയുടെ പുറകിൽ ഒളിച്ചിരിക്കുക...
ഭ്രാന്തമായി പ്രണയിക്കപ്പെടുക... പിന്നെ... വേദനകളെ പോലും വരികളാക്കുന്ന ആ കവിയുടെ വിരൽത്തുമ്പിലെ ഏറ്റവും മനോഹരമായ കവിതയാവുക....ആഹാ...
പ്രാണന്റെ ഇത്തിരി ചൂടേറ്റുറങ്ങുന്ന കിളിക്കുഞ്ഞുങ്ങൾ.... പ്രാർത്ഥനയുടെ ഏതു ചില്ലയിലാണ് ഞാനാ കൂടൊളിപ്പിക്കേണ്ടത്...?
മനസ്സങ്ങനെയാണ്.. ഇന്നലെയുടെ മുറിവുകളെ ഓർമ്മകൾ കൊണ്ട് കുത്തി നോവിച്ചുകൊണ്ടിരിക്കും... വെറുതെ.. കാലത്തിന് കുറുകെ തുഴഞ്ഞു കൊണ്ടേയിരിക്കും...
നിന്നെയെഴുതാൻ വാക്കുകളുടെ അലങ്കാരമെന്തിനാണ്.... അക്ഷരങ്ങളുടെ നെറുകയിൽ സ്നേഹത്തോടെ ഒരു മയിൽ‌പീലി വച്ചുതന്നാൽ പോരെ ...?
കൈത്തലം കൊണ്ടല്ലല്ലോ.. കുഞ്ഞു കുഞ്ഞു ഉമ്മകൾ കൊണ്ടല്ലേ പനി നോക്കേണ്ടത്....?
അല്ലെങ്കിലും , സ്നേഹത്തിന്റെ അളവുപാത്രത്തിലേക്കാണ് അറിയാതെയെങ്കിലും നമ്മൾ ഹൃദയം കുടഞ്ഞിടുന്നത്...
ഒരു മഴയിൽ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇന്നും മേഘങ്ങളിൽ മാത്രം കൂടുകൂട്ടുന്ന മനസ്സുകളുണ്ട്...
എന്നിട്ടും... മുറിവേറ്റ ഒരു കുഞ്ഞുപക്ഷി കണക്കെ മനസ്സെപ്പോഴും നിന്‍റെ ജനലഴികളിലിരുന്ന്‌ ചിറകിട്ടടിച്ചുകൊണ്ടിരിക്കുകയാണ്... വെറുതെ...
കണ്ണുകളിടയുമ്പോൾ അറിയാതെപോലും തുറക്കരുത് നീയാ മൂന്നാം കണ്ണ്‌... ഭയമാണെനിക്ക് , പ്രണയമെന്നിൽ ആളിക്കത്തിയാലോ...
നെഞ്ചോടു ചേർത്തു പിടിക്കുമ്പോഴും നിനക്ക്‌ ഭയമാണ്... നിമിഷവേഗത്തിൽ മിന്നിമായുന്ന അവളിലെ ഋതുഭേദങ്ങളെ...
അല്ലെങ്കിലും , വിയർപ്പിന്റെ ഉപ്പുകൂട്ടിയല്ലാതെ തിരക്കുകൾ എങ്ങനെ രുചിച്ചു നോക്കാനാണ്....
ചുഴിയിൽ പെട്ടപോലെ... ഈ തിരക്കുകൾ നമ്മളെ എത്ര ആഴങ്ങളിലേക്കാണ് വലിച്ചുകൊണ്ടു പോകുന്നത്....
നീയറിയാറുണ്ടോ... എന്റെ സങ്കടങ്ങളൊക്കെയും കാലൊച്ച പോലുമില്ലാതെ നിന്‍റെ ചാരെ വരുന്നതും.. ആ തോളിൽ ചാഞ്ഞിരുന്ന് ചിണുങ്ങിക്കരയുന്നതും..?
പറയാത്തതൊക്കെയും ഉള്ളിൽ തിളച്ചു പൊങ്ങുമ്പോഴാണോ മൗനത്തിന്റെ മൂടിക ഇത്രമേൽ ഒച്ചയുണ്ടാക്കുന്നത്...?
ആത്‌മാവിന്റെ ലിപികളെ ഉടലിലേക്കു പകർത്തിയെഴുതുമ്പോൾ പലപ്പോഴും അർഥം മാറിപ്പോവാറുണ്ട്... പ്രണയം തെറ്റി വായിക്കപ്പെടാറുമുണ്ട്....
നീ മാത്രം വായിക്കുന്ന മനസ്സിന്റെ വരികളിലെ മഷിപുരളാത്തൊരിഷ്ടമാവണം .. നിന്റെ മാത്രം കവിതയാവണം ...
മടങ്ങിയെത്തുന്ന നേരത്ത് നോവുന്ന കാൽവെള്ളകളിൽ ഉമ്മവെക്കാറുണ്ടോ... സ്നേഹം തണൽ വിരിക്കുന്ന നിന്‍റെ വീട്ടിലേക്കുള്ള വഴികളിപ്പോഴും....?
ഓരോ മഴത്തുള്ളിയും ഓരോരോ ചുംബനങ്ങളാണെങ്കിൽ.... ആകാശത്തിനും ഭൂമിക്കും ഇടയിലെ പ്രണയത്തിന്റെ ഉടമ്പടികൾ തെറ്റിക്കുന്നത് ആരാണ്..?
ചുറ്റും മറവിയുടെ ഒരു മറ തീർത്തിട്ട് ഓർമ്മകളിങ്ങനെ ഒരാളെ മാത്രം ചുറ്റിപ്പറ്റി നടപ്പാണ്...
ദയയുടെ ഒരു കണികപോലും ബാക്കിവെക്കാതെ എന്തിനാവും മേഘങ്ങൾ ചിറകു കുടഞ്ഞതും.. ചൂടുപറ്റിയിരുന്ന തന്റെ മഴക്കുഞ്ഞുങ്ങളെ പടിയിറക്കിവിട്ടതും..?
മാറ്റങ്ങളുടെ മുഴുക്കാപ്പ് എത്രവട്ടം എടുത്തണിഞ്ഞാലും ഉള്ളിന്റെയുള്ളിൽ നമ്മളിന്നും ആവർത്തിക്കപ്പെടുകയല്ലേ...?
ഹൃദയത്തിലേക്കുള്ള വാതിലുകൾ ഓരോന്നായി തഴുതിട്ടിട്ട് ചുംബനങ്ങളുടെ താക്കോൽക്കൂട്ടം അവളെയേൽപ്പിച്ചത് എന്തിനാണ്....?
നിന്നെയെഴുതാനാവാതെ... ഉള്ളിലുറഞ്ഞുകൂടുന്ന ഒരിഷ്ടമുണ്ട്... അല്ലെങ്കിലും , മനസ്സിന്റെ ഭാഷയാണ്... അക്ഷരങ്ങൾക്കെന്തറിയാം...?
വിധി വിലയ്ക്കു വാങ്ങാൻ ആളുള്ളിടത്തോളം നീതിയുടെ കച്ചവടവുമുണ്ടാകും... നിയമത്തിന്റെ താക്കോൽ പഴുതിലൂടെ തന്നെ...

Thursday, 14 July 2016

നിനക്കും തോന്നാറുണ്ടോ.. യാത്ര ചോദിക്കുമ്പോഴെല്ലാം നെഞ്ചിടിപ്പിന്റെ താളം തെറ്റുന്ന പോലെയും.. പ്രാണവേദന ചങ്കിൽ കുരുങ്ങിക്കിടക്കുന്ന പോലെയും.?
മുൻവിധികളോടെ വായനയിലേക്ക് ചേക്കേറിയതു കൊണ്ടല്ലേ.. ആത്‌മാവുകൊണ്ടടയാളപ്പെടുത്തി വച്ചിട്ടും ആ വരികളിൽ നീയൊരിക്കലും നിന്നെ കണ്ടെടുക്കാഞ്ഞത്..
പിന്നെ... വരികളില്ലാതെ എപ്പോഴും മൂളിക്കൊണ്ടു നടക്കുന്ന ആ പാട്ടില്ലേ... ഈണം കൊണ്ടുമാത്രം മനസ്സിൽ ഒരാളെ വരച്ചു തീർക്കുന്ന ആ പാട്ട്...
പരാതി പറയാനും പരിഭവിക്കാനും ഇടക്കെങ്കിലും പിണക്കം നടിക്കാനും.. നീയടുത്തില്ലാത്തപ്പോഴെല്ലാം സ്നേഹമിങ്ങനെ വെറുതെ കെറുവിച്ചുകൊണ്ടിരിക്കും...